Tuesday, December 05, 2017

അറിവിന്റെ ദേവതയായാണ് നാം സരസ്വതിയെ കണക്കാക്കുന്നത്. ശബ്ദവും അര്‍ഥവും തമ്മിലുള്ള ബന്ധവും അവയെ എങ്ങനെ പ്രയോഗിക്കണമെന്ന അറിവും നമുക്ക് പ്രദാനം ചെയ്യുന്ന വാണീദേവിയാണ് സരസ്വതിയെന്ന് വൈയാകരണന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാക്കിന്റെ പര്യായമാണ് സരസ്വതീ എന്ന് യാസ്‌കാചാര്യന്‍ തന്റെ നിഘണ്ടുവിലും (1.11ല്‍) പറഞ്ഞിട്ടുണ്ട്. ഇത് ഈശ്വരീയ ശക്തിയാണ്. ഇള, സരസ്വതി, ഭാരതി എന്നിങ്ങനെ മൂന്ന് ദേവതകള്‍ വേദങ്ങളില്‍ കടന്നുവരുന്നുണ്ട്. ഇള ദിവ്യജ്ഞാനമാണ്, ദിവ്യവാണിയാണ് സരസ്വതി, ദിവ്യസംസ്‌കാരമാണ് ഭാരതി. നമ്മള്‍ ഓരോരുത്തരിലും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ഈ ശക്തികളെ തിരിച്ചറിയുന്നതിനുള്ള സാധനയാണ് നാം നവരാത്രിദിനങ്ങളില്‍ അനുഷ്ഠിക്കാറുള്ളത്.
സരസ്വതീദേവതയെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസ്സായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഉത്തമവും ശാന്തിദായകവുമായ സത്യവാണിയുടെ പ്രേരകയും നല്ല ചിന്തകളുടെ ജനയത്രിയുമാണ് സരസ്വതീദേവി എന്നവിടെ കാണാം.1 ഋഗ്വേദത്തിലെ സാരസ്വതസൂക്തത്തില്‍ കടന്നുവരുന്ന ‘യജ്ഞം’ എന്ന വാക്ക് ശ്രേഷ്ഠമായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.2 കര്‍മനിഷ്ഠരെ ശ്രേഷ്ഠതമമായ കര്‍മത്തിനായി പ്രേരിപ്പിക്കുന്നതിലൂടെയാണ് സരസ്വതി ഉപാസകരെ പവിത്രരാക്കുന്നതെന്നും ഋഗ്വേദമോതുന്നു.3 അത്തരം ശ്രേഷ്ഠകര്‍മങ്ങളിലൂടെ ഈ ലോകത്തില്‍ വന്‍നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉപാസകന് സാധിക്കുന്നു. അങ്ങനെ അറിവ് പുരോഗതിയുടെ മാര്‍ഗത്തെ സുഗമമാക്കണമെന്ന് വേദം നമ്മെ ഉപദേശിക്കുന്നു.
നമ്മുടെ പൂര്‍വികര്‍ സരസ്വതീദേവതയ്ക്ക് നല്‍കിയ രൂപത്തില്‍ അനേകം ഉപാസനാരഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സരസ്വതിയുടെ കൈയിലെ വീണയും, സ്ഫടികമാലയും, വാഹനമായ ഹംസവുമെല്ലാം ഇത്തരത്തില്‍ അനേകം ഗൂഢാര്‍ഥങ്ങളെ പ്രതീകവല്‍കരിക്കുന്നതാണ്. അവയെന്തെന്ന് നമുക്കൊന്നു നോക്കാം.
വീണ: ഉപാസനയുടെ ദിവ്യലോകങ്ങളെ പ്രതീകവല്‍കരിക്കുന്നതാണ് സരസ്വതിയുടെ കൈയിലെ വീണ. ഋഗ്വേദത്തിന്റെ ശാംഖായന ആരണ്യകത്തിലുള്ള പ്രസ്താവന ഇങ്ങനെയാണ്.
”അഥേയം ദൈവീവീണാ ഭവതി, തദനുകൃതിരസൗ മാനുഷീവീണാ ഭവതി”
മനുഷ്യശരീരത്തിന്റെ തലയ്ക്ക് സമാനമാണ് വീണയുടെ ശിരോഭാഗം. അതിനൊരു പിന്‍വശമുണ്ട്. മനുഷ്യന് നട്ടെല്ലും. വീണയ്ക്ക് ഉദരമുണ്ട് മനുഷ്യനുള്ളതുപോലെ. മുഖവും മൂക്കും കണ്ണും ഉള്ളതുപോലെ വീണയ്ക്ക് സുഷിരങ്ങളുണ്ട്. കമ്പികള്‍ക്ക് സമാനമായി നട്ടെല്ലിനുള്ളിലുള്ള ഇഡ, സുഷുമ്‌ന, പിംഗളനാഡികളും. ശരീരത്തിലെ ഏഴു നാഡീകേന്ദ്രങ്ങള്‍ യഥാക്രമം, സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളാണ്. അതായത് ഉപാസക ശരീരത്തെയും ഉപാസനയുടെ തലങ്ങളെയുമാണ് സരസ്വതീ വീണ പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരനായാല്‍പോലും ഈ രീതിയില്‍ സരസ്വതിയെ ഉപാസിക്കുമ്പോള്‍ അയാളില്‍ ദൈവീവീണ പ്രവര്‍ത്തനമാരംഭിക്കുന്നു. അവന്റെ വാക്കുകള്‍ ദൈവീവാക് ആയി പരിണമിക്കുന്നു. വാക്കും പ്രവൃത്തിയുമെല്ലാം സാരസ്വത സംഗീതമായി മാറുന്നു.
സ്ഫടികമാല: മന്ത്രസാധന ചെയ്യുമ്പോള്‍ പ്രപഞ്ചമൊന്നാകെ വ്യാപിച്ചിരിക്കുന്ന മന്ത്രത്തെയാണ് ഉപാസകന്‍ കാണാന്‍ പരിശ്രമിക്കുന്നത്. ഋഗ്വേദത്തിലും (1.164.39) യജുര്‍വേദത്തിലും (23.62) നമുക്ക് ഈ അക്ഷരങ്ങളുടെയും മന്ത്രങ്ങളുടേയും വ്യാപനശീലത്തെക്കുറിച്ച് പഠിക്കാം. മന്ത്രസാധനയിലൂടെ ഈ പ്രപഞ്ചമാതാവായ ആദിശക്തിയെ അഥവാ പരാശക്തിയെ അനുഭവിക്കുകയാണ് സാധകന്‍ ചെയ്യുന്നത്. ഈ അനുഭവത്തിനായി പ്രപഞ്ചത്തില്‍ പരിലസിക്കുന്ന നാദത്തെ വിനിയോഗിക്കാം. നാദാടിസ്ഥാനമായ സ്വരങ്ങളെ ഉപാസിക്കാം. എന്നാല്‍ അക്ഷരങ്ങളാല്‍ അടുക്കിയ മന്ത്രങ്ങളെയും ഉപാസിക്കാമെന്നാണ് സരസ്വതിയുടെ കൈയ്യിലുള്ള സ്ഫടികമാല നല്‍കുന്ന സന്ദേശം.
ഈ പ്രപഞ്ചത്തിലൊന്നാകെയുള്ള ധ്വനി തന്റെ ഉള്ളില്‍ത്തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് ഉപാസന. പ്രപഞ്ചമൊന്നാകെ ഒരു ഛന്ദസ്സാണെന്ന് വേദം പറയുന്നു. ‘ഛന്ദോമയം ജഗത്’. അതില്‍ അക്ഷരങ്ങളാല്‍ അടുക്കിയ ഒരു ഛന്ദസ്സ് ഭൂമിയാണെങ്കില്‍ അതേപോലുള്ള ഛന്ദസ്സുകളാണ് സൂര്യനും നക്ഷത്രങ്ങളുമെല്ലാം. അത്തരത്തിലുള്ള ഒരു ചെറിയ ഛന്ദസ്സാണ് നമ്മുടെ ശരീരം. ആ ശരീരം സ്വയം ഒരു മന്ത്രവുമാണ്. ആ മന്ത്രത്തെ താളാത്മകമാക്കി മാറ്റിയാല്‍ രഹസ്യമായ ഈ പ്രപഞ്ചത്തിലുള്ള പലതും നമ്മുടെ ഉള്ളത്തില്‍ തെളിഞ്ഞുകാണും.
ഹംസം: പല ദേവികള്‍ക്കും കൂടെ ഹംസങ്ങളുടെ ചിത്രം കാണാറുണ്ട്. സരസ്വതിയുടെ വാഹനം ഹംസമാണെന്ന് പല ഗ്രന്ഥങ്ങളിലും എഴുതിക്കാണാം. പക്ഷേ എന്താണ് ഹംസം? ഹംസം പ്രത്യേക ജീവിയാണോ? ഹംസശബ്ദം വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ക്ഷേമരാജന്‍ ശിവസൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയപ്പോള്‍ ഇതിനെക്കുറിച്ച് സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
സകാരേണ ബഹിര്‍യാതി ഹകാരേണ വിശേത്പുനഃ
ഹംസഹംസേത്യമും മന്ത്രം ജീവോ ജപതി നിത്യശഃ.
ഷട്-ശതാനി ദിവാ രാത്രൗ സഹസ്രാണ്യേകവിംശതിഃ. (ശിവസൂത്രഭാഷ്യം 3.27)
അര്‍ഥം: ശ്വാസം പുറത്തേക്ക് തള്ളുമ്പോള്‍ ‘സ’ എന്ന ശബ്ദവും അകത്തേക്ക് വലിക്കുമ്പോള്‍ ‘ഹ’ എന്ന ശബ്ദവും ഉണ്ടാകുന്നു. അതുകൊണ്ട് പ്രായോഗികമായി സാധാരണക്കാരന്‍ ഹംസമന്ത്രം ജപിച്ചുകൊണ്ടേയിരിക്കുന്നു. ഇരവും പകലും ഒരു മനുഷ്യന്‍ 21,600 പ്രാവശ്യം ഇങ്ങനെ ജപിക്കുന്നുണ്ട്.
എല്ലാ ജീവജാലങ്ങളും ഹംസജപം ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ പ്രത്യേക പ്രയത്‌നമൊന്നും ആവശ്യമില്ലാതെതന്നെ ചെയ്യുന്നതായത് കൊണ്ട് ഈ ജപത്തെ ‘അജപാജപം’ എന്നു വിളിക്കുന്നു. ഹംസം ശ്വാസ-പ്രശ്വാസങ്ങളാകുന്ന പ്രാണാപാനന്മാരാണ്. യജുര്‍വേദത്തില്‍ 20-ാം അധ്യായത്തില്‍ ‘അശ്വിസരസ്വതീന്ദ്രഃ’ ദേവതയായുള്ള നിരവധി മന്ത്രങ്ങളുണ്ട്. ഇവിടെ അശ്വിനാ എന്നാല്‍ പ്രാണാപാനന്മാര്‍ എന്നര്‍ഥം. ജ്ഞാനാധിദേവതയായ സരസ്വതിയെ ഉപാസിക്കുന്നവര്‍ പ്രാണാപാനന്മാരെ നിയന്ത്രിച്ചു നിറുത്തണമെന്ന് ഈ മന്ത്രങ്ങളിലൊക്കെ പറയുന്നതു കാണാം. ഇങ്ങനെ പ്രാണാപാനന്മാരെ സ്വായത്തമാക്കിയാല്‍ സൂക്ഷ്മ ബുദ്ധിയും നിഗൂഢജ്ഞാനങ്ങളും സ്വാഭാവികമായും ഉണ്ടാകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് സരസ്വതീദേവി.
മന്ത്രസാധനയ്ക്ക് ആവശ്യമായ ഹംസം, സ്ഫടികമാല, വീണ എന്നിവ യഥാക്രമം പ്രാണാപാന നിയന്ത്രണം, മന്ത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള ജപം, ഇഡ-പിംഗള- സുഷുമ്‌ന നാഡികളിലൂടെയുള്ള പ്രാണഗതി എന്നിവയെ കുറിക്കുന്നതാണെന്നു ചുരുക്കം.
……………………………………………………………………….
1. ‘ചോദയിത്രീ സൂനൃതാനാം ചേതന്തീ സുമതീനാം’ (ഋഗ്വേദം 1.3.11)
2. ‘യജ്ഞോ വൈ ശ്രേഷ്ഠതമം കര്‍മ’ (ശതപഥബ്രാഹ്മണം)
3. ‘പാവകാ നഃ സരസ്വതീ….യജ്ഞം വഷ്ടു ധിയാവസുഃ’ (ഋഗ്വേദം 1.3.10)


ജന്മഭൂമി: http://www.janmabhumidaily.com/news748345#ixzz50QmAlQQm

No comments:

Post a Comment