Sunday, December 03, 2017

ധനുമാസത്തിലെ തിരുവാതിര. പരമശിവന്റെ ജന്മദിനം ഓംനമഃശിവായ . ഹര മഹാദേവ,,, ധനുമാസത്തിലെ തിരുവാതിര, ഭഗവാൻ ശ്രീ പരമേശ്വരൻറെ അവതാരനാളാണ് ധനുമാസത്തിലെ തിരുവാതിര. പാർവതീ പരിണയം നടന്നതും ധനുമാസത്തിലെ തിരുവാതിര നാളിലാണ്‌. അതിനാൽതന്നെ സുമംഗലികളായ സ്ത്രീകൾ നെടുതാലിഭാഗ്യത്തിനും, കന്യകമാർ ഉത്തമനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമാണ് തിരുവാതിര വ്രതമനുഷ്ഠിക്കുന്നത്. ദാക്ഷായണീ വിരഹത്താൽ ഉഗ്ര തപസ്സനുഷ്ടിച്ചുകൊണ്ടിരുന്ന ശിവനു നേർക്ക്‌ കാമദേവൻ മലർശരമെയ്തു. ഇതിൽ കുപിതനായ ഭഗവാൻ കാമദേവനെ ഭസ്മീകരിച്ചു. കാമദേവന്റെ ഭാര്യയായ രതീ ദേവി തപസ്സുചെയ്തു കാമനെ പുനർജ്ജ്നിപ്പിച്ചതിന്‍റെ സന്തോഷത്താല്‍ സ്ത്രീകൾ ആടിപ്പാടി . വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര'യായും ആഘോഷിക്കുന്നു .

രേവതി മുതൽ തിരുവാതിര വരെയുള്ള നാളുകളിലാണ്‌ തിരുവാതിര വ്രതം ആചരിക്കുന്നത്. അതിരാവിലെ ഉള്ള തുടിച്ചുകുളിയാണ് ഈ ദിവസങ്ങളിലെ പ്രഥമ ചടങ്ങ്.ഇത് ഗംഗാ ദേവിയെ ഉണർത്തുകയാണെന്നാണ് വിശ്വാസം. പാട്ടുപാടി വെള്ളത്തിൽ കൈ തള്ളിവേണം കുളിക്കാൻ. കുളികഴിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. മകയിരം നാളിലും തിരുവാതിര നാളിലും വ്രതമനുഷ്ടിക്കണം. അരിഭക്ഷണം പാടേ ഉപേക്ഷിക്കണം. മകയിരം നാളിൽ മക്കൾക്ക്‌ വേണ്ടിയും തിരുവാതിര നാളിൽ ഭർത്താവിനു വേണ്ടിയുമാണ് വ്രതം നോൽക്കേണ്ടത്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം. ധര്‍മ്മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മ്മങ്ങള്‍ ചെയ്യാതെ ഇരിക്കുക. സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനും, കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്.

മകയിരം നാളിൽ വൈകീട്ടു എട്ടങ്ങാടി ചുട്ടെടുക്കുക എന്ന ചടങ്ങുണ്ട്. നേന്ത്രക്കായ, എട്ടുതരം കിഴങ്ങുകൾ, എട്ടുതരം ധാന്യങ്ങൾ എന്നിവ ചുട്ടെടുക്കുന്നു. ഇതിലേക്ക് ശർക്കര പാവ് കാച്ചിയതും, തേങ്ങക്കൊത്തും, തേനും, എള്ളും ചേർത്തു വേവിച്ചുവച്ച കിഴങ്ങുകളും ചേർത്ത് യോജിപ്പിച്ചാൽ എട്ടങ്ങാടിയായി. സുമംഗലികളായ സ്ത്രീകളാകും ഇത് പാകം ചെയ്യുക. അന്നുവൈകിട്ട് തിരുവാതിരക്കളിക്ക് ശേഷം എല്ലാവർക്കും എട്ടങ്ങാടി നൽകും. പിറ്റേന്നാൾ തിരുവാതിര തുടങ്ങുന്ന ദിവസമാണ് ഉറക്കമൊഴിയേണ്ടത്. ചില സ്ഥലങ്ങളില്‍ മകയിരം നാളിലും ഉറക്കമൊഴിയാറുണ്ട്. തിരുവാതിരപ്പിറ്റേന്ന് രാവിലെ കുളിച്ചു ദശപുഷ്പം ചൂടി ഇലക്കുറിയും ചാന്തും തൊട്ടുവേണം ക്ഷേത്രദർശനം നടത്താൻ. ഇതോടെ തിരുനോമ്പിന്‍റെ ചടങ്ങുകൾ അവസാനിക്കുന്നു.
കടപ്പാട്  ഭക്തി  ചിന്തകളും

No comments:

Post a Comment