Friday, December 01, 2017

ഏകദേശം ആയിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍പിക്കപ്പെടുന്ന പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തന്‍. നാറാണത്ത് മംഗലത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രാഹ്മണ കുടുംബം എടുത്തു വളര്‍ത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തലൂര്‍ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയില്‍ താമസിച്ചു കൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു. ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വരയിലാണ്.
അഞ്ഞൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനെയുള്ളതുമായ ഒരു വലിയ കുന്നാണ് രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല് എടുത്ത് മലയുടെ താഴ്‌വരയില്‍ നിന്ന് വളരെ പ്രയാസപ്പെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തി കഴിഞ്ഞാല്‍ ആ കല്ല് താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ട വിനോദം. ഇതൊക്കെ കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു. അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണന്‍ എന്നത് നാറാണത്ത് ഭ്രാന്തന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
നിത്യവും മലയുടെ മുകളിലേക്ക് കല്ല് ഉരുട്ടികയറ്റുന്ന തൊഴില്‍ ഭംഗിയായി നിര്‍വ്വഹിച്ചു പോരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടി കൊള്ളുന്ന ദുര്‍ഗാ ദേവി ശ്രദ്ധിച്ചു പോന്നു. എന്നാല്‍ ദേവി അവിടെയുള്ള കാര്യം നാറാണത്ത് ഭ്രാന്തന്‍ അറിഞ്ഞതുമില്ല. ഒരിക്കല്‍ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം.
ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ് രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കം ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിലേറെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ രായിരനെല്ലൂര്‍ മലയില്‍ പൂജയും മറ്റും തുടങ്ങി. നാറാണത്ത് ഭ്രാന്തനെ എടുത്തു വളര്‍ത്തിയെന്നു വിശ്വസിക്കുന്ന നാരായണ മംഗലത്ത് എന്ന ആമയൂര്‍ മനയില്‍ നിന്ന് ഒരു ബ്രാഹ്മണനെയാണ് പൂജയ്ക്കായി നാട്ടുകാര്‍ നിയോഗിച്ചത്.
പിന്നീട് രായിരനെല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം തന്നെ പണികഴിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട് താമസം മാറി. ആ ഇല്ലത്തിന്റെ പേര് നാരായണ മംഗലത്തെ ആമയൂര്‍ മന എന്നാണ്. പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ നട്ടുവട്ടത്തിന് സമീപമാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂര്‍ മല. രണരാഘവനെല്ലൂര്‍ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂര്‍ ആയതെന്ന് വിശ്വാസം. മല കയറ്റത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ എത്താറുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news746250#ixzz504Rjr3gJ

No comments:

Post a Comment