Sunday, December 31, 2017

ഇത്രയും പറഞ്ഞു നാരദമഹര്‍ഷി  വിശേഷദിവസങ്ങളിലും സന്ദര്‍ഭങ്ങളിലും ഗൃഹി അനുഷ്ഠിക്കേണ്ട പുണ്യകര്‍മങ്ങളുടെ വലിയ പട്ടികതന്നെ നിരത്തുന്നു.വര്‍ഷത്തെ രണ്ടായി തിരിക്കുന്ന അയനങ്ങള്‍, അവയെ രണ്ട് പങ്കാക്കുന്ന സംക്രമങ്ങള്‍, മാസംതോറുമുള്ള പക്ഷങ്ങള്‍, അമാവാസിപൗര്‍ണമികള്‍, ഏകാദശിദ്വാദശികള്‍, ഋതുക്കള്‍, പിതൃമരണദിനങ്ങള്‍, ഇങ്ങനെ പോകുന്ന തിരഞ്ഞെടുത്ത പുണ്യവേളകള്‍ തുടര്‍ച്ചയായി ധര്‍മവൃത്തനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ ശ്രദ്ധയും സമര്‍പ്പണബുദ്ധിയും കാലചക്രത്തില്‍ മങ്ങാതെ പ്രകാശിച്ചുകൊണ്ടേയിരിക്കാന്‍, ഇടവിട്ട ഇത്തരം വിശേഷദിനസ്മരണകള്‍ വലിയ പങ്കുവഹിക്കുന്നവയത്രെ!  ഹിമാലയംതൊട്ടു കന്യാകുമാരിവരെ സമുദ്രംതട്ടിനില്ക്കുന്ന ഭാരതഭൂ ഖണ്ഡത്തില്‍ നമ്മുടെ പൂര്‍വികര്‍ എങ്ങനെ ഇവയോരോന്നും പ്രചരിപ്പിച്ചു സമാജാനുഷ്ഠാനമാക്കിത്തീര്‍ത്തുവെന്നത് അദ്ഭുതാവഹംതന്നെ. ഇന്നും ഈ വിശേഷാനുഷ്ഠാനങ്ങളുടെ പേരും മുറയും വേണ്ടത്ര പ്രചാരത്തിലുണ്ട്.
നമ്മുടെ ശാസ്ത്രങ്ങള്‍, അവയിലെ നിര്‍ദേശങ്ങള്‍, വെറും ചരിത്രരേഖകളല്ല, ആവേശോത്സാഹത്തോടെ പിന്തുടര്‍ന്നുവരുന്ന മഹത്തും പ്രബലവുമായ ജീവിതമുറകളാണെന്നു ഗ്രഹിയ്ക്കാന്‍ ആരും വിട്ടുപോകരുത്.മനുഷ്യനു താമസിക്കാന്‍പറ്റിയ സ്ഥലങ്ങളെക്കുറിച്ചു ഭാഗവതം നല്കുന്ന വിവരണവും, അവ ഇന്നും നമ്മുടെ സമാജത്തില്‍ പ്രബലസ്വാധീനം ചെലുത്തിക്കാണുന്നതും പ്രസ്താവ്യമാണ്. പത്തു വീടുകളുണ്ടെങ്കില്‍ അവയ്ക്കുമധ്യേ ഒരു പൊതുദേവഗൃഹം വേണമെന്നു പറയാറുണ്ട്. അത്രയ്ക്ക് ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഭാരതീയരില്‍ ഈശ്വരവിചാരവും ഈശ്വരാഭിമുഖത്വവും. ഈശ്വരവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്ന ഇടങ്ങള്‍ പ്രത്യേകം വാസയോഗ്യമായി കരുതാം.
തപോജ്ഞാനദയാന്വിതരായ ബ്രാഹ്മണര്‍ എവിടെയുണ്ടോ അവിടവും വാസത്തിനു തിരഞ്ഞെടുക്കാവുന്നതാണ്. സാളഗ്രാമാദി പ്രതീകങ്ങള്‍ ലഭ്യമാകുന്നിടവും പവിത്രമത്രെ. പുരാണങ്ങള്‍ പരാമര്‍ശിയ്ക്കുന്ന ഗംഗ തുടങ്ങിയ പുണ്യനദികള്‍ ഒഴുകുന്ന പ്രദേശങ്ങളും ശ്രേയസ്‌കരമാകുന്നു. പുഷ്‌കരാദി തീര്‍ഥങ്ങള്‍, നൈമിഷാരണ്യം, രാമേശ്വരം, പ്രഭാസതീര്‍ഥം, ദ്വാരക, കാശി, മധുര, പമ്പ, ബിന്ദുസരസ്സ്,  ബദരി, അലകനന്ദ, രാമനും സീതയും താമസിച്ച ആശ്രമങ്ങള്‍, മഹേന്ദ്രമലയപര്‍വതപ്രദേശങ്ങള്‍, ശ്രീഹരിയുടെ പ്രസിദ്ധപ്രതിമകളുള്ള സ്ഥലങ്ങള്‍, ഇങ്ങനെ പോകുന്നു മനുഷ്യാധിവാസയോഗ്യതയുള്ള പ്രദേശങ്ങള്‍.
കുട്ടികളില്‍ ആദ്യമേമുതല്‍ ആസ്തികബുദ്ധിയും പൈതൃകപ്രതിപത്തിയും വളരാന്‍ ഈ സ്ഥലങ്ങള്‍ സഹായിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഭക്തജനങ്ങള്‍ ധാരാളം വന്നുകൂടുന്നതിനാല്‍ അവിടങ്ങളിലെ അന്തരീക്ഷവും ഭഗവന്മയമായിരിക്കും. അതിനാല്‍ തത്സ്ഥാനങ്ങള്‍ ധര്‍മാനുഷ്ഠാനത്തിനു പ്രേരകവും പ്രകാശകവുമാകാതെ വയ്യ.ഈശ്വരസ്ഫുരണങ്ങളില്‍ മനുഷ്യന്‍ വിശേഷംഈശ്വരന്‍മാത്രമാണ് തികഞ്ഞ സത്പാത്രം. കാരണം, ചരാചരങ്ങളെല്ലാംതന്നെ ഭഗവത്‌സ്വരൂപമാണ്. ആര്‍, എന്ത് എവിടെ എങ്ങനെ കണ്ടാലും അതൊക്കെ ഒരേ ഈശ്വരന്റെമാത്രം സ്ഫുരണമായതിനാല്‍, സത്പാത്രമായി പരിഗണിയ്ക്കാന്‍ ഭഗവാന്‍മാത്രമേ ഉള്ളു.
ഈശ്വരന്റെ പ്രത്യക്ഷസ്ഫുരണമായ ജഗദ്വസ്തുക്കളില്‍ മനുഷ്യനാണ് ഏറ്റവും വിശേഷപ്പെട്ടത്. മനുഷ്യശരീരത്തില്‍മാത്രമേ പരോക്ഷവും ആന്തരവുമായ പരമാത്മാവിനെക്കുറിച്ച് ആലോചിച്ചുണരാനുള്ള സാധ്യതയുള്ളു.യുധിഷ്ഠിരന്‍ നടത്തിയ രാജസൂയയാഗത്തില്‍ ദേവന്മാരും ഋഷിമാരും സിദ്ധന്മാരും, ബ്രഹ്മാപുത്രന്മാരായ സനകാദികളും സന്നിഹിതരായിരുന്നു; എന്നാലും അഗ്രപൂജയ്ക്ക് ഏറ്റവും യോഗ്യത കൃഷ്ണന്നാണെന്ന് എല്ലാവരും സമ്മതിച്ചു. കാരണം, ഇടയകുലത്തില്‍ വളര്‍ന്ന്, ആത്മതേജസ്സോടെ സര്‍വവിധകര്‍മകുശലതയും കൈക്കലാക്കി, വീരവും പ്രബുദ്ധവുമായി വിശേഷകൃത്യങ്ങള്‍ പലതുംചെയ്ത്, ധര്‍മസ്ഥാപനവും സാധുപരിരക്ഷണ വും നടത്തിയ കൃഷ്ണനിലാണ് സത്പാത്രഭാവം പ്രകാശിച്ചത്.
ഈശ്വരചൈതന്യം അതേപടി ദൃശ്യമല്ല. ആദരസത്കാരം നടത്തണമെങ്കില്‍ അതിനു ദൃശ്യമായ സത്പാത്രം കൂടിയേ തീരൂ. അങ്ങനെവരുമ്പോള്‍ മനുഷ്യന്നുമാത്രമേ ഇതിനര്‍ഹതയുള്ളൂ. രാജസൂയയാഗാവസരത്തില്‍ സന്നിഹിതരായവരില്‍വെച്ച് അന്നു കൃഷ്ണന്‍ തന്നെയായിരുന്നു അഗ്രപൂജയ്ക്ക് അത്യുത്തമമായ പാത്രം.ഈശ്വരീയകര്‍മങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമം മനുഷ്യാരാധനതന്നെ. കുമാരിപൂജ, സുമംഗലിപൂജ, ബ്രാഹ്മണാരാധന, ഗുരുപൂജ, എന്നിങ്ങനെ പലതും ശ്ലാഘ്യവും  അത്യന്തഫലപ്രദവുമായിത്തീരാന്‍ ഇതാണ് കാരണം. ദേവസന്നിധിയില്‍ പരിഹാരകര്‍മങ്ങളും മറ്റും നടക്കുമ്പോള്‍ കാലുകഴു കിച്ചൂട്ടല്‍ മുഖ്യമാണ്.
ദേവനു ചൈതന്യവും അനുഗ്രഹശക്തിയും വര്‍ധിക്കാനാണിത്. മാത്രമല്ല പ്രാണപ്രതിഷ്ഠയടക്കം വിഗ്രഹത്തിന് ഈശ്വരസ്ഥാനം നല്കി വിവിധകലകളും തേജസ്സുമൊക്കെ  പ്രദാനംചെയ്യുന്നതും മനുഷ്യര്‍ ചെയ്യുന്ന തന്ത്രമന്ത്രങ്ങള്‍ മുഖേനയാണല്ലോ. മനുഷ്യന്നുള്ള സ്ഥാനം അപ്പോള്‍ എത്ര മേലെയാണെന്ന് ആലോചിച്ചുനോക്കാതെ വയ്യ. മനുഷ്യരിലും ജ്ഞാനസ്വരൂപിയായ ആത്മാവിന്റെ പ്രകാശം എത്രകണ്ടുണ്ടോ അതനുസരിച്ചായിരിക്കും ആരാധ്യതയും. കൃഷ്ണനെ അഗ്രപൂജയ്ക്കു തിരഞ്ഞെടുത്തത് അങ്ങനെയാണ്.തസ്മാത് പാത്രം ഹി പുരുഷോയാവാനാത്മാ യഥേയതേ (7.14.38)എന്ന പ്രസ്താവന എത്ര പ്രസക്തവും പ്രായോഗികവുമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news761048#ixzz52strWpGw

No comments:

Post a Comment