ശ്രീകൃഷ്ണന്റെ ജ്യേഷ്ഠന്മാരായ ആറു പേരെയും കംസൻ വധിച്ചു . ഏഴാമത്തെ ഗർഭം അലസിയതായി കംസൻ വിചാരിച്ചു . എട്ടാമത്തെ ഗർഭത്തിൽ കൃഷ്ണൻ പിറവിയെടുത്തു . ആ സമയം ശംഖു -ചക്ര-ഗദാ-പദ്മ ധാരിയായി നാല് തൃക്കൈകളോടെ ആണ് അദ്ദേഹം ദേവകിക്കും വസുദേവർക്കും പ്രത്യക്ഷനായത് . അപ്പോൾ ഭഗവാൻ വാസുദേവരോട് ഇങ്ങനെ പറഞ്ഞു .
"മുൻപ് കൃതയുഗത്തിൽ കശ്യപനും അദിതിയുമായിരുന്ന നിങ്ങൾ വിഷ്ണുവാകുന്ന എന്നെ ആരാധിച്ചു . അതനുസരിച്ചു ഞാൻ നിങ്ങളുടെ പുത്രനായി മനുഷ്യശിശുവായി ജനിക്കുവാൻ പോകുകയാണ് . അമ്പാടിയെന്ന ദേശത്ത് നന്ദഗോപരുടെ ഗൃഹത്തിൽ ഒരു പെണ്കുട്ടി ജനിച്ചിട്ടുണ്ട് . താങ്കൾ വേഗം അവിടെയെത്തി ആ കുഞ്ഞിനെ ഇവിടേയ്ക്ക് കൊണ്ട് വന്നിട്ട് പകരം എന്നെ അവിടെയെത്തിക്കുക . ഇത്തരത്തിലായാൽ കംസൻ വിഡ്ഢിയാക്കപ്പെടും ."
തുടർന്ന് ശ്രീകൃഷ്ണന്റെ ദിവ്യതയാൽ കാരാഗൃഹത്തിലെ തടവുകാരും കംസനും ഉറങ്ങുകയും , തകൃതിയായി മഴ പെയ്യുകയും ചെയ്തു . വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിയുകയും , കാരാഗൃഹത്തിന്റെ വാതിൽ ദൈവശക്തികൊണ്ടു തുറക്കുകയും ചെയ്തു . കൃഷ്ണനെയുമെടുത്തു പുറത്തിറങ്ങിയ വസുദേവൻ നിമിഷങ്ങൾ കൊണ്ട് നടന്നു യമുനാ തീരത്തെത്തിയപ്പോൾ നദി വഴി മാറിക്കൊടുത്തു . അനന്തനാഗം കൃഷ്ണന് മഴയേൽക്കാതെ കുടയായി നിന്നു . തുടർന്ന് അംബാഡിയിലെത്തിയ വസുദേവൻ യശോദാദേവിയുടെ കിടപ്പറയിലെത്തി അവിടെക്കിടന്നിരുന്ന ദേവിയുടെ അംശമായ പെണ്ശിശുവിനെ എടുത്തുകൊണ്ടു പോരുകയും പകരം കൃഷ്ണനെ യശോദയുടെ ചാരത്തു കിടത്തുകയും ചെയ്തു . തിരിച്ചെത്തിയ വസുദേവൻ കംസന്റെ കാരാഗൃഹത്തിലെത്തി യശോദയുടെ മകളെ ദേവകിയുടെ അടുക്കൽ കിടത്തി . [ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 3].
തുടർന്നു കൃഷ്ണനെന്ന് കരുതി ദേവകിയുടെ അടുത്തു കിടന്ന പെണ്കുട്ടിയെ കംസൻ വധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ലോകമാതാവായ കാളിയായിരുന്നു അത് . തുടർന്ന് യോഗമായ കൃഷ്ണന്റെ ജന്മവൃത്താന്തം കംസനെ അറിയിച്ചിട്ട് മറഞ്ഞു . കംസൻ ഭയചകിതനായി . തുടർന്നു കൃഷ്ണന്റെ വിവരങ്ങൾ നാരദനിൽ നിന്നും ഏതാണ്ടൊക്കെ മനസ്സിലാക്കിയ കംസൻ , കൃഷ്ണൻ അമ്പാടിയിൽ വളരുന്ന കാര്യം ചാരന്മാരിൽ നിന്നും മനസ്സിലാക്കി . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി അനേകം ദുഷ്ടശക്തികളെ കംസൻ നിയോഗിച്ചു . പൂതന , ശകടാസുരൻ , തൃണാവർത്തന , അഘാസുരൻ , വല്സാസുരൻ , ബകാസുരൻ തുടങ്ങി അനേകരെ അയയ്ച്ചെങ്കിലും കൃഷ്ണൻ അവരെയെല്ലാം കൊന്നു . തുടർന്ന് കംസൻ ചാപപൂജ എന്ന വ്യാജേന കൃഷ്ണനെ ക്ഷണിക്കാൻ അക്രൂരനെ അയച്ചു . ഭക്തനായ അക്രൂരൻ കൃഷ്ണനെ അമ്പാടിയിൽ വന്നു കണ്ടു കംസന്റെ ദുഷ്ടതയെക്കുറിച്ചു അറിയിച്ചു . തുടർന്ന് അക്രൂരനോടോപ്പം കംസന്റെ രാജധാനിയിലെത്തിയ കൃഷ്ണനും ബലരാമനും രജകവധം ,മല്ലന്മാരുടെ വധം , ത്രിവക്രയുടെ കൂനു നിവർത്തുക , ചാപഭഞ്ജനം തുടങ്ങിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി കംസൻ നിയോഗിച്ചിരുന്ന കുവലയാപീഠം എന്ന മദയാനയെ വധിച്ചു .തുടർന്ന് കൃഷ്ണനെയും ബലരാമനെയും കൊല്ലാനായി കംസൻ നിയോഗിച്ച ചാണൂരൻ , മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ നിഷ്പ്രയാസം രാമകൃഷ്ണന്മാർ കൊന്നപ്പോൾ കംസൻ കോപിഷ്ഠനായി നന്ദഗോപനെ ബന്ധിച്ചു കൊണ്ടുവരിക , വസുദേവരെ വധിക്കുക എന്നൊക്കെ അലറി . എന്നിട്ടും ഫലമുണ്ടായില്ല . മരണം കംസനെ സമീപിച്ചുകൊണ്ടിരുന്നു . അടുത്തനിമിഷം കോപത്തോടെ കൃഷ്ണൻ കംസനെ ഒന്ന് നോക്കിയിട്ട് , കംസന്റെ അടുത്തേക്ക് ചാടിയെത്തി . കംസനെ മഞ്ചത്തിൽ നിന്നും താഴെ വീഴ്ത്തിയിട്ട് അയാളുടെ പുറത്തേക്കു കൃഷ്ണൻ ഊക്കിൽ ചാടി . തുടർന്ന് കംസന്റെ ശരീരത്തെ വലിച്ചുകൊണ്ടു നടന്നു . അപ്പോൾത്തന്നെ കംസൻ പ്രാണൻ വെടിഞ്ഞു . ഇത്തരത്തിൽ ഭയഭക്തിയിലൂടെ കംസൻ കൃഷ്ണസാരൂപ്യം നേടി . കൃഷ്ണന്റെ പന്ത്രണ്ടാം വയസ്സിൽ , ഒരു ശിവരാത്രി ദിവസമായിരുന്നു കംസവധം നടന്നത് .[ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 44 ].
No comments:
Post a Comment