Sunday, December 24, 2017

മത്സരവേദിയില്‍നിന്നു കൃഷ്ണനും ബലരാമനും നേരെ ചെന്നത് തടവറയിലേക്കാണ്-ഉഗ്രസേന മഹാരാജാവിനെയും തങ്ങളുടെ മാതാപിതാക്കളെയും ബന്ധനത്തില്‍ നിന്നു മോചിപ്പിക്കാന്‍.
ആദ്യം ചെന്നത് മാതാപിതാക്കളുടെ അരികിലേക്കാണ്. അവരെ ബന്ധനത്തില്‍നിന്നു മോചിപ്പിച്ചു; കൃഷ്ണനും രാമനും അവരെ സാഷ്ടാംഗം നമസ്‌കരിച്ചു: മാതരം പിതരം ചൈവ മോചയിത്വാ ച ബന്ധനാത്കൃഷ്ണരാമൗ വവന്ദാതെ ശിരസാളസ്പൃശ്യ പാദയോഃ’ഒന്നു ചോദിച്ചോട്ടെ?”ആവാല്ലോ’ ‘മല്ല മുഖ്യന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍, വസുദേവരെ വധിക്കന്‍ കംസന്‍ കല്‍പന നല്‍കി, ഇല്ലേ? വസുദേവസ്തു ദുര്‍മേധാ ഹന്യതാ മശ്വസത്തമഃ എന്നല്ലേ കല്‍പപിച്ചത്? അതിന്റര്‍ത്ഥം, വസുദേവന്‍ ആ സദസ്സിലുണ്ട് എന്നല്ലേ? പിന്നെ എന്തിനാണ് കൃഷ്ണനും രാമനും അദ്ദേഹത്തെ കാണാന്‍ തടവറയിലെത്തിയത്?’പ്രത്യക്ഷത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.
പക്ഷേ, ശ്രദ്ധിച്ചു നോക്കുമ്പോള്‍, പ്രസക്തിയില്ലാതാവും”അതെങ്ങനെ?”വസുദേവരെ കൊല്ലാന്‍ കല്‍പിക്കുമ്പോള്‍, വസുദേവര്‍ സദസ്സിലുണ്ട് എന്ന് വ്യക്തമാക്കുന്നില്ല. അതുമാത്രമല്ലാ കല്‍പനയില്‍, ഉഗ്രസേനനെ കൊല്ലാന്‍കൂടി പറയുന്നുണ്ട്. ഉഗ്രസേനഃ പിതാ ചാപി സാനുഗഃ പരപക്ഷഗഃ എന്നാണു കല്‍പന. അപ്പോള്‍പ്പിന്നെ, ഉഗ്രസേനനും സദസ്സിലുണ്ട് എന്നു വിവക്ഷിക്കാമോ?”എന്നുവെച്ചാല്‍?”വിശദാക്കാം. കുവലയാപീഡവധം കഴിഞ്ഞ് രാമകൃഷ്ണന്മാര്‍ മല്ലരംഗത്തേക്ക് വരുന്നതിനെ വര്‍ണിക്കുന്നയിടത്ത്, കൃഷ്ണന്‍ മന്നന്മാര്‍ക്ക് ഇടിമിന്നലായും ഗോപര്‍ക്ക് സ്വജനമായും ദുഷ്ടരാജാക്കന്മാര്‍ക്ക് ശാസിക്കുന്നവനായും ദേവകീവസുദേവന്മാര്‍ക്ക് സ്വന്തം ഉണ്ണിയായും കംസനു അന്തകനായും തോന്നിയെന്നു പറയുന്നുണ്ട്”ഉവ്വ്.
സ്വപിത്രോഃ ശിശുഃ എന്നാണ് പ്രയോഗം, അല്ലേ? സപ്താഹങ്ങളില്‍ വിവരിച്ചുകേട്ടിട്ടുണ്ട്.”പിത്രോഃ എന്നു ദ്വിവചനമാണ് പ്രയോഗിച്ചിരിക്കുന്നതെന്നു കാണുന്നു. അപ്പോള്‍ അവിടെ മാതാപിതാക്കളായി രണ്ടുപേര്‍ ഉണ്ടെന്നുവരുന്നു. പക്ഷേ, അവിടെ നന്ദഗോപര്‍ മാത്രമല്ലേയുള്ളൂ? യശോദ വൃന്ദാവനത്തിലല്ലേ?”എന്നുവെച്ചാല്‍, അവിടെ ദേവകിയും വസുദേവരും ഉണ്ടെന്നാണോ?”അതും പ്രശ്‌നമാണ്. സ്വപിത്രോഃ എന്നല്ലേ പറഞ്ഞിരിക്കുന്നത്. സ്വ എന്നു എടുത്തുപറഞ്ഞിരിക്കുന്നു. അച്ഛനമ്മമാര്‍ എന്ന അര്‍ത്ഥത്തില്‍ പിത്രോഃ എന്നുപറഞ്ഞാല്‍പ്പോരേ? സ്വന്തം എന്ന അര്‍ത്ഥംവരുന്ന സ്വ എന്തിന്?’ ‘അപ്പോള്‍പ്പിന്നെ?”വ്യാഖ്യാതാക്കള്‍ അങ്ങനെ വിട്ടുകൊടുക്കുമോ? ശ്രീധരാചാര്യ സ്വാമികളാണ് അവസാനം ഒരു പോംവഴി കാണുന്നത്. കാരാഗൃഹം സമീപത്താണല്ലോ.
അവിടെയിരുന്ന് ദേവകീ വസുദേവന്മാര്‍ രംഗ സംഭവങ്ങള്‍ ഊഹിച്ചറിയുന്ന എന്നാവാമെന്ന് അദ്ദേഹം ഒരു നിവൃത്തി കണ്ടു’ ‘ഹാവൂ. രക്ഷപ്പെട്ടു, അല്ലേ?”രക്ഷപ്പെടാന്‍ ഏറ്റവും നല്ല വഴി വിഷ്ണുപുരാണത്തെ ആശ്രയിക്കയാണ്. അവിടെ രംഗവിവരണം നടത്തുമ്പോള്‍ സദസ്സില്‍ വസുദേവരും ദേവകിയും നന്ദഗോപര്‍ക്കൊപ്പം സാന്നിദ്ധ്യം കുറിക്കുന്നുണ്ട്.നന്ദഗോപാദയോ ഗോപാഃ മഞ്ചേഷ്വന്വേഷ്വവസ്ഥിതഅക്രൂര വസുദേവൗ ച മഞ്ചപ്രാന്തേഷ്വവസ്ഥിതൗനാഗരീയോഷിതാം മധ്യേ ദേവകീ പുത്രഗൃദ്ധിനീഅന്തകാലേ ച പുത്രസ്യ ദ്രക്ഷ്യാമി രുചിരാമുഖംഎന്നുവച്ചാല്‍, നന്ദഗോപര്‍ മുതലായ ഗോപന്മാര്‍ മറ്റു മഞ്ചങ്ങളില്‍ ഇരുന്നു.
അക്രൂരനും വസുദേവരും  മഞ്ചത്തിന്റെ സമീപത്തായി സ്ഥിതിചെയ്തു. പുത്രന്റെ ക്ഷേമത്തെ ആഗ്രഹിച്ചുകൊണ്ടിരുന്ന ദേവകി, പട്ടണപ്പെണ്ണുങ്ങളുടെ മധ്യത്തില്‍ ഇരുന്നിരുന്നു-അവസാനകാലത്തിലെങ്കിലും മകന്റെ മനോഹരമായ മുഖം കാണാമല്ലോ എന്നോര്‍ത്തുകൊണ്ട്. പുത്രഗൃദ്ധിനിയെന്നതിനു പുത്രക്ഷേമാ ഭികാംക്ഷിണി എന്നാണ് വ്യാഖ്യാനം-‘വിഷ്ണുപുരാണത്തിലപ്പോള്‍ അച്ഛനേയും അമ്മയേയും കാണാന്‍ കാരാഗൃഹത്തിലേക്ക് പോവുന്നില്ല, അല്ലേ?”പക്ഷേ, നമുക്ക് പോവാതിരിക്കാനാവില്ല.
വര്‍ണനയിലെ ലാളിത്യംകൊണ്ട് ഗാഥ ആ രംഗത്തെ അത്രമാത്രം ഹൃദ്യവും ചേതോഹരവുമാക്കുന്നുണ്ട്, ഇല്ലേ?”ഉവ്വ് എന്നു പ്രത്യേകം പറയണോ?’ചങ്ങലപൂണ്ടുള്ളോരച്ഛനുമമ്മയ്ക്കുംമംഗലം നല്‍കുവാന്‍ ചെന്നു മുന്നന്‍പാവനമായൊരുപാണിതലം കൊണ്ടുപാരിച്ച ബന്ധത്തെപ്പൊക്കി നിന്നാന്‍ബന്ധമഴിഞ്ഞുള്ളൊരച്ഛനുമമ്മയുംഎന്തിതെന്നിങ്ങനെ ചിന്തിച്ചുള്ളില്‍വിശ്വത്തിന്‍ കാരണമായി വിളങ്ങുന്നവിഷ്ണുവെന്നിങ്ങനെ തോന്നീതപ്പോള്‍എന്നതുകണ്ടൊരു കൊണ്ടല്‍നേര്‍വര്‍ണന്താന്‍തന്നുടെ മായയെപ്പൂണ്ടനേരംഎന്നുടെ പൈതല്‍ താന്‍ എന്നതേനണ്ണീട്ടുപിന്നെപ്പിടിച്ചങ്ങു പൂണ്ടുകൊണ്ടാര്‍’വിഷ്ണുപുരാണത്തില്‍ ഭഗവാന്‍ ഇവ്വണ്ണമുള്ള കുസൃതിക്കൊന്നുമൊരുങ്ങുന്നില്ല, അല്ലേ?”ഇല്ല. അവിടെ അന്തരീക്ഷം ഗൗരവമിയന്നിരുന്നു.
മരണഭീതിയോടെയാണെങ്കിലും കംസന്‍ എല്ലായ്‌പ്പോഴും കൃഷ്ണനെ സ്മരിക്കയായിരുന്നല്ലോ. ഭഗവാനെ കണ്ടുകൊണ്ടു കണ്ണടയ്ക്കാനും കഴിഞ്ഞുവല്ലോ. അതിനാല്‍, കംസന്‍   മുക്തനായി. അവ്വിധം കംസനെ മുക്തിലോകത്തെത്തിച്ച ഭഗവാനായാണ് കൃഷ്ണനവിടെ നിലകൊള്ളുന്നത്. അവിടുന്ന് നേരെ ചെന്നു; സഭാവേദിയില്‍, അലങ്കരിച്ച പീഠത്തില്‍ വെച്ചിരുന്ന ശംഖ് കയ്യിലെടുത്ത്, ഉറക്കെയൂതി-‘അതു ജയഭേരിയായിരുന്നു. അധര്‍മ്മത്തിന്റെ കഴുത്തറുത്തവാള്‍ ഒരു കയ്യിലും, യുഗധര്‍മത്തിന്റെ  കാഹളം മുഴക്കുന്ന ജയശംഖം മറുകയ്യിലുമായി നിലകൊണ്ട കൃഷ്ണന്‍, കാണികളുടെ കണ്ണിലും കരളിലും ആഹ്ലാദക്കുളിരുണര്‍ത്തി.മാത്രനേരം ധ്യാനം പൂണ്ട കൃഷ്ണന്‍, ധ്യാനത്തില്‍ നിന്നുണര്‍ന്നനേരം കയ്യിലെ വാള്‍ ദൂരെയ്‌ക്കെറിഞ്ഞു; ശംഖ് പീഠത്തില്‍വച്ചു.
രക്ഷാവലയത്തില്‍നിന്നിരുന്ന വസുദേവരുടെ അരികിലേക്ക് ചെന്നു; ആ കാലടികളില്‍ ശിരസ്സു ചേര്‍ത്തു.വസുദേവര്‍ക്കു വികാരം അടക്കാനായില്ല. വിറപൂണ്ട കൈകളാല്‍ കൃഷ്ണനെ ചുമലില്‍പ്പിടിച്ചുയര്‍ത്തി; തേങ്ങലില്‍ ഉയര്‍ന്നുതാഴുന്ന നെഞ്ചത്ത് അടക്കിപ്പിടിച്ചു; ചുരുള്‍മുടി വീണുകിടന്ന ആ ചുമലില്‍ മുഖമമര്‍ത്തി.അക്രൂരന്‍ തിരക്കിട്ട് അവിടേയ്‌ക്കെത്തി. കൂടെ ദേവകിയുണ്ടായിരുന്നു.’അമ്മേ’- കൃഷ്ണന്‍ ദേവകിയുടെ കരവലയത്തിലേക്ക് ഓടിച്ചെന്നു; അമ്മയെ വാരിപ്പുണര്‍ന്ന് നെഞ്ചത്തടക്കി. ദേവകി ഉരുക്കഴിച്ചിരുന്ന മന്ത്രം കൃഷ്ണന്റെ നെഞ്ചില്‍ മുട്ടി വിളിക്കുന്നുണ്ടായിരുന്നു: എന്റെ കൃഷ്ണന്‍, എന്റെ ദൈവം…’എന്റെ കാതിലും ആ മന്ത്രം മുട്ടിവിളിക്കുന്നു’ മുത്തശ്ശിയുടെ ശബ്ദം ഇടറി: ‘എന്റെ കൃഷ്ണന്‍. എന്റെ ദൈവം’-‘മണ്ഡലകാലം മാത്രമല്ലാ, എല്ലാ കാലവും, എല്ലാ സമയവും, എല്ലാ മനസ്സുകളേയും ആ മന്ത്രം വിളിച്ചുണര്‍ത്താന്‍ പോരട്ടെ: എന്റെ കൃഷ്ണന്‍. എന്റെ ദൈവം’ മുത്തശ്ശന്റെ ശബ്ദം പതിഞ്ഞുയര്‍ന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news758339#ixzz52E8nt6w3

No comments:

Post a Comment