Saturday, December 02, 2017

നൃസിംഹാവതാരം

വെട്ടുമിടിക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ!
കഷ്ടം! നടുങ്ങുമാറട്ടഹാസത്തൊടും
വട്ടത്തൂൺ മദ്ധ്യം പിളർന്നു നൃസിംഹമായ്,
പുഷ്ട്യാതിഭീഷണാത്യുഗ്രഭയങ്കരം
മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിക്കും വണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-
ടോടിയടുത്തു ചെന്നീടുമസുരനെ-
ക്കൂടെത്തുടര്‍ന്നു ചെറുത്തുതടുത്തള-
വാടലൊഴിഞ്ഞു തന്‍‌വാളും പരിചയും
കൈക്കൊണ്ടു ദാനവനും ചെറുത്തീടിനാന്‍‌.
മുഷ്കരന്മാര്‍തമ്മിലെത്തിയെതിര്‍ത്തുടന്‍‌
വിക്രമശക്ത്യാ കലഹിച്ച വൈഭവ-
ശക്തിവികൃതികള്‍‌ ചൊല്ലരുതേതുമേ.
കണ്ടുനില്‍ക്കും സകലാശാനിവാസിക‌-
ളിണ്ടല്‍‌പൂണ്ടാര്‍‌ ഭയംകൊണ്ടനേകം വിധം
കൊണ്ടാടിവാഴ്ത്തിസ്തുതിച്ചാര്‍‌ മുനികളും;
കുണ്ഠതയെന്നിയേ നിന്നു വിരിഞ്ചനും.
പണ്ടിവണ്ണം കണ്ടതില്ലിനിയെന്തിനു-
കൊണ്ടിവിടത്തില്‍ വരുന്നുള്ളതെന്നുള്ളതും
സമ്പ്രതി ചെമ്മേ തിരിക്കരുതാഞ്ഞവര്‍‌
തമ്പുരാന്‍ തന്‍ പദം കൂപ്പിനില്‍ക്കും വിധൌ
സന്ധ്യാസമയേ സകല ജഗന്മയ-
നന്ധനാം ദാനവനെപ്പിടിപെട്ടുടന്‍‌
ചിന്താവശേന പുരദ്വാരമദ്ധ്യദേ-
ശാന്താര്‍ദ്ദിശികൊണ്ടു ചെന്നങ്ങിരുന്നുടന്‍‌
തന്റെ മടിയില്‍‌ മലര്‍ത്തിക്കിടത്തി വീ-
രന്റെ കരങ്ങളും കാലും ശരീരവും
കമ്പം വരുത്താതെ രണ്ട്തൃക്കൈകളാല്‍‌
വമ്പോടമര്‍ത്തും പദങ്ങളാലും രുഷാ
പിന്‍പു തൃക്കൈയിണതന്‍ നഖരങ്ങളാല്‍‌
സമ്പ്രതി ദാനവന്‍‌മാറിടം നീളവേ
കീറിപ്പിളര്‍ന്നുടനേറെച്ചിരിച്ചവന്‍‌
തേറും പ്രകാരമരുള്‍‌ചെയ്തനന്തരം
ശോണിതം വന്നുയരുന്നതില്‍ നിന്നുടന്‍‌
വാരിയെടുത്തു വളര്‍‌കുടല്‍മാലകള്‍‌
ചാരുതിരുമാറിലങ്ങണിഞ്ഞീടിനാന്‍.
ഘോരനാദേന പ്രപഞ്ചം കുലുക്കിയ-
ന്നേരം ചുഴന്നുവന്നീടുമസുരരെ
വേനലാലേറ്റമുണങ്ങിവറണ്ടെഴും
കാനനം ചൂഴെപ്പിടിപെട്ടു പാവകന്‍‌
താനുടനാശു ദഹിക്കുന്നവണ്ണമ‌-
ദാനവരാതി ദഹിച്ചുതുടങ്ങിനാന്‍;
ശേഷിച്ചവര്‍‌ പാഞ്ഞുപോയൊളിച്ചീടിനാര്‍;
ഭീഷണാകാരരോഷ പ്രവൃദ്ധ്യാ മഹാ-
ഘോരപരാക്രമ വേഗങ്ങള്‍‌ കണ്ടുടന്‍‌
പാരം വിറച്ചരണ്ടു ജഗദ്വാസികള്‍.
കാരുണ്യവാരിധി കാമഫലപ്രദന്‍‌
കാരണന്‍‌ താനതു കണ്ടൂ ശമത്തെയും
പാരാതെ പൂണ്ടു സിംഹാസനമേറിയ-
ങ്ങാരൂഢമോദാലിരുന്നരുളീടിനാന്‍.
അങ്ങനെ നാഥനെക്കണ്ടു പേടിക്കയാ-
ലങ്ങാരുമേയണയാഞ്ഞോരനന്തരം
ബ്രഹ്മനും ശ്രീമഹാദേവനുമിന്ദ്രനും
നിര്‍മ്മലന്മാരമരന്മാരൃഷികളും
കിന്നരചാരണകിം പുരുഷാപ്സര:-
പന്നഗഭൂതപ്രജാപതിവര്‍ഗ്ഗവും
യക്ഷവിദ്യാധരസിദ്ധമനുക്കളും
രക്ഷസ്സുകളുമഗ്ഗദ്ധര്‍വസംഘവും
പ്രേതപിശാചവേതാളഗണങ്ങളും
ഭൂതങ്ങളും വിഷ്ണുപാര്‍ഷദാദ്യന്മാരും
നാനാജനങ്ങളും ഭീതരായങ്ങുനി-
ത്യാനന്ദരൂപനെ നോക്കരുതായ്കയാല്‍‌
പാദാംബുജം കണ്ടു ദൂരാല്‍‌ നമസ്കരി-
ച്ചാദിപുരുഷനെ വാഴ്ത്തിത്തുടങ്ങിനാര്‍‌-
“നാഥ! നമസ്തേ നമസ്തേ നമോസ്തുതേ
പാഥോജനേത്ര! പരം പുരുഷപ്രഭോ!
കാരുണ്യവാരിധേ! കാമഫലപ്രദ!
കാരണപൂരുഷ! നിത്യം നമോസ്തുതേ.
ലോകായ ലോകനാഥായ ലോകാത്മനേ
ലോകൈകദേശിക! ലോകോദരാമൃത
ലോകസ്വരൂപ ലോകസ്വതാകരണ!
ലോകൈകസര്‍‌വനിലീനായ തേ നമഃ
മീനായ് പ്രളയപയോധിതന്നില്‍‌ നീ-
താനാദികാലേ കളിച്ചുനടന്നൊരു
ദാനവനെക്കൊന്നു വേദങ്ങള്‍‌വീണ്ടു സ-
മ്മാനേന പങ്കജജോനിക്കു നല്‍‌കിയ
ഭൂമീശ!സത്യവ്രതാനുഹ്രഹ പര!
കാമദ! കാരുണ്യരാശേ! നമോസ്തു തേ.
പാലാഴിയിലങ്ങുതാഴും ഗിരീന്ദ്രനെ
ചാലേ പരിചോടു കൂര്‍മ്മമായ് നിന്നുടന്‍‌
നേരേ വിരവോടുയര്‍ത്തിബ്ഭയം തീര്‍ത്ത
കാരുണ്യവാരിധേ! പാഹി നമോസ്തുതേ.
പാ തിരയ്ക്കുംവണ്ണമാശു ധരിത്രിയെ-
ക്കാതില്‍ തിരിച്ചിട്ടു കൊണ്ടങ്ങുപോയഹോ!
പാതാളലോകമകം പുക്കൊളിച്ചൊരു
ദൈതേയവീരനെപ്പന്നിയായഞ്ജസാ
കൊന്നുകളഞ്ഞു ധരിത്രിയേയും കൊണ്ടു
വന്നു തല്‍‌സ്ഥാനത്തിരുത്തി നിരന്തരം
ഖിന്നതതീര്‍ത്തു സകലപ്രജകളെ-
ത്തന്നിലിരുത്തിബ്ഭരിച്ചരുളീടിന
പന്നഗേദ്രോത്തമതല്പഹ! ദൈവമേ!
വന്ദാമഹേ വയം, വന്ദാമഹേ വയം.
ഇന്നതികശ്മലനായൊരുമ്പെട്ടു തല്‍‌
നന്ദനനെയും ജഗദ്വാസികളെയും
അന്നന്നുപദ്രവിച്ചീടുമസുരനെ-
ക്കൊന്നീടുവാന്‍ നരസിംഹമായിങ്ങനെ
പാരം ഭയങ്കര വേഷനാദൈരിഹ
ഘോരതരമവന്‍ മാറിടം നീളവേ
കീറിക്കളഞ്ഞു കുടല്‍‌മാലയും മുഹു-
രേറെത്തിളച്ചുവരുന്ന രുധിരവും
വാരിയണിഞ്ഞു ഭയങ്കരനായിരു-
ന്നോരു ഭയാനകാകാര! നമോസ്തു തേ.
നാരായണ! ഹരേ! നാരായണ! ഹരേ!
കാരുണ്യവാരിധേ! പാഹി നമോസ്തു തേ.
മേലിലിനിയുമന്നന്നിതുപോലെ തല്‍‌-
കാലഭേദത്തിങ്കലോരോരോ ദുഷ്ടരെ
കാലാലയം പ്രതി ചേര്‍ത്തു ജഗത്ത്രയ-
പാലനം ചെയ്യുന്ന കാരുണ്യവാരിധേ!
കാലസ്വരൂപ! കാമപ്രദ! ദൈവമേ!
പാലയ പാലയ നിത്യം നമോസ്തു തേ.”
ഏവമെല്ലാരുമതിശയഭക്തിചേര്‍‌-
ന്നാവോളമേറെ സ്തുതിച്ചുനില്‍ക്കും വിധൌ,
ഭേദഭാവംപുനരൊന്നുകാണായ്കയാ-
ലാദരാലങ്ങൊരു ഭൂതരണയാതെ
ഭീതി കലര്‍ന്നു നില്‍ക്കും ജനസംസദി
ധാതാവിനാലതിപ്രേരിതയായ്‌ മുദാ
ശ്രീദേവിതാനതിസാരസ്യരീതിപൂ-
ണ്ടാദരപൂര്‍വമടുത്തുചെന്നന്തരാ
നേരേ തിരുമുഖത്തൊന്നു കടാക്ഷിച്ച-
നേരം ഭയപ്പെട്ടകന്നുനിന്നു തുലോം.
ധാതാവുതാനും ഭയപ്പെട്ടുടന്‍‌ ജഗ-
ന്മാതാവുതന്നെയുമാശ്വസിപ്പിച്ചുടന്‍‌
നല്ലതിന്നിനിയെന്തെന്നു ചിന്തിച്ചു
മെല്ലെ വിളിച്ചു പ്രഹ്ലാദനെത്തന്നെയും
മുമ്പില്‍‌ നിര്‍ത്തിബ്ബഹുമാനിച്ചരുള്‍‌ ചെയ്തി-
“തന്‍‌പോടിതെല്ലാമിവണ്ണമായ്‌ വന്നിതു;
തമ്പുരാന്‍‌ തന്‍‌ കളിയായതിതൊക്കെയും
കമ്പമൊഴിഞ്ഞിനി വൈകാതെ ചെന്നു നീ
നാരസിംഹാകൃതിപൂണ്ട ദേവന്‍‌ തന്റെ
ചാരത്തുചെന്നു വന്ദിച്ചിനി സാദരം.
ദൈത്യാരിതന്നുടെ കോപമശേഷവും
തീര്‍ത്തു ജഗത്ത്രയം പാലിക്കവേണമേ.”
എന്നരുള്‍‌ ചെയ്ത നേരത്തു പ്രഹ്ലാദനും
നന്നായ്‌ത്തൊഴുതുതൊഴുതു വിനീതനായ്‌
ഘോരനരസിംഹശ്രീപാദപങ്കജേ
പാരാതെ ചെന്നു നമസ്ക്കരിച്ചീടിനാന്‍‌
വീണു നമസ്കരിച്ചോരു ഭക്താഢ്യനെ
ക്ഷോണീവരനെഴുന്നേല്‍‌പിച്ചു സാദരം
ചിത്തവിശുദ്ധിയോടാശു മുകുന്ദനെ
ഭക്ത്യാ നമസ്ക്കരിച്ചഞ്ജലിയും ചെയ്തു
നില്‍ക്കുന്നതുകണ്ടു കാരുണ്യമുള്‍‌ക്കനി-
ഞ്ഞഗ്രേ മൃദുസ്മിതവക്ത്രനാമീശ്വരന്‍‌
തൃക്കൈകള്‍‌കൊണ്ടവന്‍ തന്നെയടുപ്പിച്ചു
വക്ഷസിചേര്‍‌ത്തു പുണര്‍‌ന്നു പുണര്‍‌ന്നുടന്‍‌
മൂര്‍ദ്ധിനിമുകര്‍ന്നളവേറിന ഭക്തിയാം-
വാര്‍ദ്ധിയില്‍‌ വീണു മുഴികിക്കിടപ്പവന്‍‌
ബ്രഹ്മാദികള്‍‌ക്കുമറിയരുതാതൊരു
നിര്‍മ്മലമൂര്‍ത്തിയെ നന്നായ്‌ സ്തുതിച്ചിതു:-
തുഞ്ചത്തെഴുത്തച്ഛന്‍

No comments:

Post a Comment