ഹവ്യവാഹനനായ അഗ്നിയുടെ ഏഴ് ജ്വാലകളെക്കുറിച്ച് പറയുന്നു
കാളീ കരാളീ ച
മനോജവാ ച
സുലോഹിതാ യാച സുധൂമവര്‍ണ്ണാ
സ്ഫുലിംഗിനീ വിശ്വരുചീ
ച ദേവീ
ലോലായമാനാ ഇതി
സപ്തജിഹ്വാ
കാളീ, കരാളീ, മനോജവ, സുലോഹിത, സുധൂമവര്‍ണ്ണ, സ്ഫുലിംഗിനി, വിശ്വരുചി എന്നിങ്ങനെ ആഹുതികളെ സ്വീകരിക്കുന്ന ഇളകിക്കൊണ്ടിരിക്കുന്ന അഗ്നിയ്ക്ക് ഏഴ് നാവുകള്‍ ഉണ്ട്.
കാളീ എന്നാല്‍ കറുത്തത്. കരാളീ-ഭയങ്കരമായത് മനോജം എന്നാല്‍ മനസ്സിനെപ്പോലെ വേഗതയുള്ളത്. സുലോഹിത നല്ല ചുവന്ന നിറത്തോടുകൂടിയതാണ്. നല്ലപോലെ ചെമ്പിച്ച നിറമുള്ളതാണ് സുധൂമവര്‍ണ്ണ. തീപ്പൊരികളോടുകൂടിയത് സ്ഫുലിംഗിനി. എല്ലായിടത്തും പ്രകാശം നല്‍കി ശോഭിച്ചിരിക്കുന്നത് വിശ്വരുചി. അഗ്നിയുടെ രൂപം, നിറം, കത്തുന്നതിന്റെ വകഭേദം എന്നിവയെ ആസ്പദമാക്കിയാണ് ആചാര്യന്മാര്‍ തരംതിരിച്ചിരിക്കുന്നത്. അഗ്നി നമുക്ക് അഗ്നിദേവനാണ്. അഗ്നിയുടെ സ്വരൂപത്തെപ്പറ്റി വളരെ കൃത്യതയോടെ പഠനം നടത്തിയാണ് ആചാര്യന്മാര്‍ അഗ്നിജ്വാലകളെ ഏഴ് ആയി തിരിച്ചിരിക്കുന്നത്. തീ പലനിറത്തിലും ആളിപടര്‍ന്നുമൊക്കെ കത്തുന്നത്കാണാം. അഗ്നിജ്വാലകളെ നാവുകളായാണ് സാധാരണ പറയുക. ഏഴ് ജ്വാലകളാണ് അര്‍പ്പിക്കുന്ന ഹവിസ്സിനനുസരിച്ച് ഏഴ് ലോകങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഓരോ ജ്വാലയും നല്‍കുന്ന ഫലം വേറെ വേറെയാണ് എന്നും കരുതാവുന്നതാണ്.
സ്വര്‍ഗ്ഗലോകത്തേക്ക് കൊണ്ടുപോകുന്നതിനെ പറയുന്നു
ഏതേഷു യശ്ചരതേ ഭ്രാജമാനേഷു
യഥാകാലം ചാഹുതയോ ഹ്യാദദായന്‍
തം നയന്ത്യേതാഃ സൂര്യസ്യ രശ്മയോ-
യത്ര ദേവാനാം പതിരേകോളധിവാസ
ജ്വലിക്കുന്ന അഗ്നിയുടെ ഈ ഏഴ് നാവുകളില്‍ വിധിപ്രകാരം വേണ്ട സമയത്ത് അഗ്നിഹോത്ര കര്‍മ്മങ്ങളനുഷ്ഠിക്കണം. അങ്ങനെയുള്ളയാളെ ആ ആഹുതികള്‍ തന്നെ സൂര്യരശ്മികളായിത്തീര്‍ന്ന് സ്വര്‍ഗ്ഗലോകത്തേക്ക് എടുത്തുകൊണ്ട്‌പോകും. ദേവന്മാരുടെ നാഥനും എല്ലാവര്‍ക്കും അധിപനുമായ ഇന്ദ്രന്റെ സ്വര്‍ഗ്ഗലോകം അയാള്‍ക്ക് ലഭിക്കും.
അഗ്നിജ്വാലകളാകുന്ന നാവുകളില്‍ കാലംതെറ്റാതെ ഹവിസ്സര്‍പ്പിക്കണം. ഇപ്രകാരം വേണ്ടവിധം കര്‍മ്മം ചെയ്താല്‍ ഊര്‍ദ്ധ്വഗതിയായിരിക്കും. മരണശേഷം ഈ ജീവനെ സൂര്യരശ്മികള്‍ വഴി ഇന്ദ്രലോകത്തേക്ക് കൊണ്ടുപോകുന്നു. അയാള്‍ അഗ്നിയില്‍ അര്‍പ്പിച്ച ആഹുതികളുടെ അഥവാ കര്‍മ്മങ്ങളുടെ ഫലമാണ് ദേവലോകത്ത് എത്തിക്കുന്നത്.
എങ്ങനെ കൊണ്ടുപോകുന്നുവെന്ന് വിവരിക്കുന്നു-
ഏഹ്യേഹീതി തമാഹുതയഃ സുവര്‍ച്ചസഃ
സൂര്യസ്യ രശ്മിഭിര്‍യജമാനം വഹന്തി
പ്രിയാം വായമഭിവദന്ത്യോര്‍ച്ചയന്ത്യഃ
ഏഷഃ വഃ പുണ്യഃ സുകൃതോ ബ്രഹ്മലോകഃ
വളരെ തിളക്കമാര്‍ന്ന ആ ആഹുതികള്‍ യജമാനനെ 'വന്നാലും, വന്നാലും നിങ്ങള്‍ പുണ്യകര്‍മ്മത്തിലൂടെ നേടിയ ബ്രഹ്മലോകത്തേക്ക് വന്നാലും' എന്ന് നല്ല വാക്കുകളെ പറഞ്ഞ് സൂര്യരശ്മികളിലൂടെ ചന്ദ്രലോകത്തിലേക്ക് ആദരവോടെ കൊണ്ടുപോകുന്നു.
കര്‍മ്മാനുഷ്ഠാനത്തില്‍ വീഴ്ച വരുത്താതെ വേണ്ടപോലെ ആഹുതികളര്‍പ്പിച്ച യജമാനനെ സ്വര്‍ലോകത്തേക്ക് വലിയ ആദരവോടെ പ്രിയമുള്ള വാക്കുകള്‍ പറഞ്ഞ് കൊണ്ടുപോകുന്നുവെന്നത് ഒരു സുകൃതിക്ക് ഏറ്റവും വലിയ കാര്യമാണ്. കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകിയവര്‍ക്കുള്ള ബ്രഹ്മലോകം നേരത്തെ പറഞ്ഞ ഇന്ദ്രലോകംതന്നെയാണ്. താന്‍ ചെയ്ത ആഹുതികളുടെ ഫലം അയാളെ സ്വര്‍ഗ്ഗലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു. ഇങ്ങനെയൊക്കെ പുകഴ്ത്തിയതിനു ശേഷം അവയില്‍ വിരക്തി ഉണ്ടാക്കാനായി ഇനി നിന്ദിച്ചുകൊണ്ട് പറയുന്നു. ജ്ഞാനം കൂടാതെയുള്ള കര്‍മ്മം ദുഃഖത്തെ ഉണ്ടാക്കും. അവയില്‍ സാരം ഒന്നുംതന്നെയില്ല എന്ന് വ്യക്തമാക്കുന്നു.
പ്ലാവാ ഹ്യേതേ അദൃഢാ
യജ്ഞരൂപാ
അഷ്ടാദശോക്തമവരം
യേഷുകര്‍മ്മ
ഏതഛ്‌റേയോ യേ/ഭിനന്ദന്തിമൂഢാ
ജരാമൃത്യും തേ പുനരേ
വാപിയന്തി
താഴ്ന്ന നിലവാരത്തിലുള്ള ജ്ഞാനം കൂടാതെയുള്ള കര്‍മ്മത്തെയാണ് പറഞ്ഞത്. 16 ഋത്വിക്കുകളും യജമാനനും പത്‌നിയും ഉള്‍പ്പെടെ 18 പേര്‍ ചേര്‍ന്ന് ചെയ്യുന്ന ഈ യജ്ഞങ്ങളെല്ലാം സംസാരസാഗരത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ളതല്ല. ഉറപ്പില്ലാത്ത വഞ്ചികളെപ്പോലെ നശിക്കുന്നതും ദോഷം ഉണ്ടാക്കുന്നതുമാണ്. അനിത്യമായ അതിനെ കേമമെന്ന് കരുതി അഭിനന്ദിക്കുന്ന മൂഢന്മാര്‍ വീണ്ടും വീണ്ടും ജരാമരണങ്ങളെ പ്രാപിക്കും.
ഇത്തരം യജ്ഞങ്ങളെ വെള്ളത്തിലെ പൊങ്ങുതടിയായോ ഗുണനിലവാരമില്ലാത്ത വള്ളമായോ ആണ് ഉപമിച്ചിരിക്കുന്നത്. സംസാരത്തെ മറികടക്കുക എന്ന ജീവിത ലക്ഷ്യപ്രാപ്തിക്ക് ഈ യജ്ഞങ്ങള്‍ ഒട്ടും സഹായകരമല്ല. യജ്ഞങ്ങളെ ശ്രേയസ്സിനുള്ള സാധനമായി കരുതുന്നവര്‍ ജനനമരണ ചക്രത്തില്‍പ്പെട്ട് കറങ്ങും. അവര്‍ക്ക് മുക്തി ലഭിക്കില്ല. ജീവിതം മുഴുവന്‍ കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകി ജ്ഞാനം നേടാതെ പോകുന്നവര്‍ക്ക് ജനനമരണങ്ങളില്‍ കഷ്ടപ്പെടേണ്ടിവരും. കര്‍മ്മം ചെയ്യുന്നത് ചിത്തശുദ്ധിക്ക് വേണ്ടിയാണ്. അതിനാല്‍ അതുകൊണ്ട് ആത്മവസ്തുവിനെ കിട്ടാന്‍ പോകുന്നില്ല എന്നറിഞ്ഞ് ജ്ഞാനത്തിനായി സാധകര്‍ തയ്യാറാകണം...janmabhumi
No comments:
Post a Comment