Wednesday, January 17, 2018

മഹാബലിയെ പുകഴ്ത്തിക്കൊണ്ട് ബ്രഹ്മാവിനോടായി വാമനമൂർത്തിയായ ഭഗവാൻ വീണ്ടും പറയുകയാണ്, ഇവന്റെ ധനം മുഴുവൻ ക്ഷയിച്ചു. ഉണ്ടായിരുന്ന സ്വർഗ്ഗാധിപത്യവും ഇന്ദ്രപദവിയും നശിച്ചു. ശത്രുക്കളായ ദേവന്മാർ വാക്കുകളെക്കൊണ്ട് നിന്ദിച്ചു. അസഹ്യമായ വരുണ പാശത്താൽ ബന്ധനസ്ഥനാക്കപ്പെട്ടു. മറ്റുള്ള അസുരന്മാരും ഇവനെ ഉപേഷിച്ച് പോയി. പോരാത്തതിന് കുലഗുരുവായ ശുക്രാചാര്യരും ശപിച്ചു, തിരസ്കരിച്ചു, ഇത്രയൊക്കെ ആയിട്ടും ഇവൻ സത്യത്തിൽ തന്നെ മുറുകെ പിടിച്ചു കൊണ്ട്, സത്യപരിപാലനത്തിനായി എന്റെ മൂന്നാമത്തെ പാദത്തെ തന്റെ ശിരസ്സിൽ വെച്ച് പറഞ്ഞ വാക്കിനെ സത്യമാക്കാൻ ഉള്ള അപേക്ഷയുമായി എന്റെ മുന്നിൽ നില്ക്കുന്നു!!.
ഇത്തരത്തിലുള്ള പല വിധമായ തന്റെ മായാ പരീക്ഷണങളിൽ നിന്ന് പുറത്ത് കടന്ന് സത്യത്തെ കടപിടിച്ചു നിന്നത് കൊണ്ട് ഭഗവാൻ സ്വയം പറഞ്ഞു ജയിക്കാൻ അതിപ്രയാസമായ എന്റെ മായയെ ഇവൻ ജയിച്ചിരിക്കുന്നു എന്ന്.
ഭഗവാൻ കൊടുക്കാൻ അല്പം മടിയുള്ള കൂട്ടത്തിലാണ്. അത്ര വേഗമൊന്നും ആർക്കും ഒന്നും കൊടുക്കില്ല. പക്ഷേ കൊടുക്കണം എന്ന് തീരുമാനിച്ചാൽ പിന്നെ എന്ത്, എത്ര എന്നൊന്നുമില്ല. അതാണ് ഭഗവാന്റെ ഭക്തവാത്സല്യം. അതുകൊണ്ടാണല്ലോ ഭട്ടതിരിപ്പാട് പറഞ്ഞത് *വിചിത്രരൂപ തവഖല്വനുഗ്രഹ* എന്ന്. ഭഗവാന്റെ അനുഗ്രഹം വിചിത്രം തന്നെ....
അതിനു ശേഷം ഭഗവാൻ ബലിയെ മഹാബലിയാക്കി അനുഗ്രഹിക്കുന്നു..

No comments:

Post a Comment