Tuesday, January 02, 2018

ദുർന്നിമിത്തങ്ങൾ കണ്ടു രാമകൃഷ്ണന്മാരും മറ്റു യാദവരും ആപത്തൊഴിയാൻ ഒരു തീര്ഥയാത്ര നടത്തി .ഉപവാസത്തിനായി അവർ പ്രഭാസംഎന്ന പുണ്യപ്രദമായ സമുദ്രതീരത്തെത്തി.ഉപവാസത്തിനായി സമുദ്രതീരത്തെത്തിയ യാദവസംഘം , ശ്രീകൃഷ്ണന്റെയും ബാലരാമന്റെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ തീറ്റിയും കുടിയും ആട്ടവും പാട്ടുമായിക്കഴിഞ്ഞു . ശ്രീകൃഷ്ണനറിയാതെ ധാരാളം മദ്യവും അവർ കൊണ്ടുവന്നിരുന്നു . ഈ മദ്യകുംഭങ്ങൾ ഭക്ഷണസമയത്തു അവർ തുറക്കുകയും മദ്യം ധാരാളമായി വിളംബി ആട്ടവും പാട്ടുമായിക്കഴിയുകയും ചെയ്തു . ലോകനാഥനായ ഭഗവാൻ കൃഷ്ണൻ തങ്ങളുടെ സംരക്ഷണത്തിനായി ഉണ്ടെന്ന ധൈര്യത്തിൽ അവർ ആരെയും വകവയ്ക്കാതെ കുടിച്ചു കൂത്താടി മറിഞ്ഞു .കൃഷ്ണന്റെ മുന്നിൽ വച്ച് ബലരാമനും സാത്യകിയും പ്രദ്യുമ്നനും അനിരുദ്ധനുമെല്ലാം മദ്യപിച്ചു . ആ സമയം നേരത്തെ അവർ ഉൽപ്പാതങ്ങളിലൂടെ ദർശിച്ചിരുന്ന കാലൻ അവരെ സമീപിക്കുകയായിരുന്നു .ആ സമയം മദ്യലഹരിയിലായിരുന്ന വീര്യവാനായ സാത്യകി ചീറിക്കൊണ്ട് അടുത്തു മദ്യപിച്ചുകൊണ്ടിരുന്ന കൃതവർമ്മാവിനെ ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു . " യുദ്ധശിബിരത്തിൽ ചത്തതുപോലെ ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്‌നാദികളെ ദ്രോണപുത്രന്റെ സഹായത്തോടെ രാത്രിയിൽ പോയി വെട്ടിക്കൊന്ന നീചനെക്കുറിച്ചു കേട്ടിട്ടുണ്ടോ ? . നിന്റെ ഈ പ്രവൃത്തി യാദവര് ക്ഷമിക്കില്ല കൃതാവര്മാവേ ". ഈ സമയം പ്രദ്യുമ്നൻ അതിനെ അനുകൂലിച്ചു . ഇത് കേട്ടിട്ട് ചാടിയെഴുന്നേറ്റ കൃതവര്മ്മാവ് സാത്യകിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു . " യുദ്ധക്കളത്തിൽ അർജ്ജുനന്റെ ബാണത്താൽ കയ്യറ്റ് പ്രായോപവേശം ചെയ്യാനിരുന്ന ഭൂരിശ്രവസ്സിനെ ചതിയാൽ തലയറുത്തവനാണീ സാത്യകി . നീ അത്ര വലിയ വീരനാണെങ്കിൽ ഭൂരിശ്രവസ്സു നിന്നെ എടുത്തെറിഞ്ഞു തലവെട്ടാൻ വാളെടുത്തപ്പോൾ കൊന്നൂടായിരുന്നോ ?. അർജ്ജുനനല്ലേ ഭൂരിശ്രവസ്സിന്റെ കൈവെട്ടിയിട്ട് നിന്നെ രക്ഷിച്ചത് ?. നിന്റെ വാക്കുകൾ നന്നായിട്ടുണ്ട് ".കൃതവര്മ്മാവ് ഭൂരിശ്രവസ്സിനെ കൊന്ന കാര്യം പറഞ്ഞപ്പോൾ , സത്രാജിത്തിനെ സ്യമന്തക രത്നത്തിന് വേണ്ടി കൃതവര്മ്മാവ് വധിക്കാൻ കൂട്ടുനിന്ന കാര്യം സാത്യകിയും പറഞ്ഞു . ഇത് കേട്ടപ്പോൾ കൃഷ്ണപത്നിയായ സത്യഭാമ കരഞ്ഞുകൊണ്ട് കൃഷ്ണന്റെ മടിയിൽ വീണു അദ്ദേഹത്തെ പ്രകോപിപ്പിച്ചു . കൃഷ്ണൻ രൂക്ഷമായി കൃതവർമ്മാവിനെ നോക്കി . കോപത്താൽ വിറച്ച സാത്യകി, വാളെടുത്തു ഒറ്റവെട്ടിനു കൃതവർമ്മാവിന്റെ തല തെറിപ്പിച്ചു .കൃതവർമ്മാവിന്റെ ആൾക്കാർ ഓടിക്കൂടി സാത്യകിയെ നേരിട്ടു . സാത്യകിയെ സഹായിക്കാൻ പ്രദ്യുമ്നനും രംഗത്തെത്തി . യാദവന്മാർ രണ്ടു ചേരികളായിത്തിരിഞ്ഞു യുദ്ധം തുടങ്ങി . അവർ ആയുധങ്ങളെടുത്തു അന്യോന്ന്യം യുദ്ധം ചെയ്തു . അത്തരത്തിൽ ഘോരമായ സംഘട്ടനം യാദവന്മാർ തമ്മിൽ നടന്നു . ആ സംഘട്ടനത്തിൽ വച്ച് പ്രദ്യുമ്നനും സാത്യകിയും കൊല്ലപ്പെട്ടു . കൃഷ്ണന് ഇത് സഹിക്കാനായില്ല . അദ്ദേഹം അടുത്തു വളർന്നു നിന്നിരുന്ന കുറെ എരകപ്പുല്ലുകൾ പറിച്ചെടുത്തു . അതുകൊണ്ടു അടുത്തു നിന്നിരുന്ന യാദവന്മാരെ തല്ലിക്കൊന്നു . ഇതുകണ്ട് മറ്റ് യാദവരും , ഇരകപ്പുല്ലുകൾ പറിച്ചെടുത്തു തല്ലു തുടങ്ങി . ഈ എരകപ്പുല്ലുകൾ അത്യധികം ശക്തവും ഇരുമ്പുലക്ക പോലെ ദൃഢവും , മർത്ത്യരുടെ മസ്തകഭേദിയുമായിരുന്നു . യാദവന്മാർ അതെടുത്തു പരസ്പരം തല്ലിക്കൊന്നു . ഒടുവിൽ ആ രംഗത്തു കൃഷ്ണനും ബലരാമനും ബാഭ്രുവും കൃഷ്ണസാരഥിയായ ദാരികനും മാത്രം ശേഷിച്ചു .

No comments:

Post a Comment