Sunday, January 28, 2018

ഭാരതത്തിലെ ഹിന്ദുക്കളുടെ പൂര്‍വികര്‍ വിദേശങ്ങളിലെ പല പ്രദേശങ്ങളില്‍ നിന്നും വന്ന് കുടിയേറിപ്പാര്‍ത്തവരല്ല തികച്ചും ഇന്നാട്ടുകാര്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം, അനിഷേധ്യമായ തെളിവുകളുടെ വെളിച്ചത്തില്‍, ഈ വസ്തുത പണ്ഡിതലോകം കൂടുതല്‍ കൂടുതല്‍ അംഗീകരിച്ചു വരുകയാണ്. ഷെല്‍ഡണ്‍ പൊള്ളോക്ക്, വെന്ഡി ഡോണിജര്‍, ആസ്‌കോ പര്‍പോള തുടങ്ങിയ സ്ഥാപിതതാല്‍പ്പര്യക്കാരായ ചുരുക്കം ചില വിദേശപണ്ഡിതരും ഇവിടുത്തെ ഇടതുപക്ഷസൈദ്ധാന്തികരും മാത്രമാണ് കൊളോണിയല്‍കാലത്തെ വംശവെറി നിറഞ്ഞ ആംഗ്‌ളോ-ജര്‍മ്മന്‍ പണ്ഡിതരുടെ കപോലകല്‍പ്പിതങ്ങളാണെന്നു തെളിഞ്ഞ നിലപാടുകളെ ഇന്നും അന്ധമായി ആവര്‍ത്തിക്കുന്നത്.
അപ്പോള്‍ നമ്മുടെ പൂര്‍വചരിത്രമെന്ത്? അതറിയാന്‍ നമുക്ക് ആര്‍ക്കിയോളജിയെ (പുരാവസ്തുശാസ്ത്രം) ആശ്രയിക്കേണ്ടിയിരിക്കുന്നു. മനുഷ്യസമൂഹങ്ങളുടെ പുരാതനചരിത്രം അറിയാന്‍ ഈ ശാസ്ത്രം കൂടിയേ തീരൂ. എന്താണ് പുരാവസ്തുശാസ്ത്രം ? പൂര്‍വികസമൂഹങ്ങള്‍ പാര്‍ത്തിരുന്ന പ്രദേശങ്ങളില്‍ അവരുടെയും വളര്‍ത്തുമൃഗങ്ങളുടെയും അതുപോലെ അവരുപയോഗിച്ചിരുന്ന പാത്രങ്ങള്‍, ആയുധങ്ങള്‍, കളിക്കോപ്പുകള്‍, അലങ്കാരവസ്തുക്കള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുന്നുണ്ടാകും. അവയെ വളരെ ശ്രദ്ധയോടെ ഉത്ഖനനം  ചെയ്‌തെടുക്കുന്നു. ആന്ത്രോപ്പോളജി, എത്‌നോളജി, ജിയോഗ്രഫി, ജിയോളജി, ലിങ്ഗ്വിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്റ്റ്രി, സ്റ്റാറ്റിക്‌സ്, പാലിയോഎക്കോളജി, പാലിയോന്‍ടോളജി, പാലിയോസുവോളജി, പാലിയോഎത്‌നോബോട്ടണി, പാലിയോബോട്ടണി, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ചരിത്രം, കലകളും അവയുടെ ചരിത്രവും, സാഹിത്യം, ജനറ്റിക്‌സ് തുടങ്ങിയ ഇതരശാസ്ത്രങ്ങളുടെ സഹായത്തോടെ സൂക്ഷ്മമായി പഠിക്കുന്നു. അതുവഴി ആ സമൂഹങ്ങളുടെ ജീവിതരീതി, ഭക്ഷണക്രമം, വസ്ത്രധാരണരീതി, ആഭരണാദി അലങ്കാരങ്ങള്‍, ആശയവിനിമയരീതികള്‍, ആചാരാനുഷ്ഠാനങ്ങള്‍, സംസ്‌കാരം, ഇതരസമൂഹങ്ങളോടുള്ള ബന്ധം തുടങ്ങിയവയെ മനസ്സിലാക്കി അവയുടെ ചരിത്രത്തെ ആര്‍ക്കിയോളജി പുനസ്സൃഷ്ടിക്കാന്‍ സഹായിക്കുന്നു. 
ഉത്ഖനനം ചെയ്യുന്നതിനായി കുഴിക്കുന്ന കുഴിയെ പല തലങ്ങളായി വിഭജിച്ച് (സ്റ്റ്രാറ്റിഫിക്കേഷന്‍) കാലഘട്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നു. ഇതനുസരിച്ച് താഴോട്ടു താഴോട്ടുള്ള തലങ്ങള്‍ പിന്നോട്ടുപിന്നോട്ടുള്ള കാലത്തെ സൂചിപ്പിക്കുന്നു. പാലിയോലിത്തിക് (ആദിമശിലായുഗം- തുടക്കം ഏതാണ്ട് 750,000 വര്‍ഷങ്ങള്‍ക്കു മുമ്പ്), മെസോലിത്തിക് (മധ്യശിലായുഗം), നിയോലിത്തിക് (നവീനശിലായുഗം), ബ്രോണ്‌സ് യുഗം (3000-1000 ബി. സി. ഇ), അയണ്‍ യുഗം എന്നിങ്ങനെ കാലത്തെ ഇതില്‍ തരം തിരിച്ചിരിക്കുന്നു. 
ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്താണത്രെ പുരാവസ്തുഗവേഷണം ഭാരതത്തില്‍ ഔദ്യോഗികമായി തുടങ്ങിയത്. 1784-ല്‍ കല്‍ക്കട്ടയില്‍ ഏഷ്യാറ്റിക് സൊസൈറ്റി തടങ്ങിയത് ഇത്തരം പഠനങ്ങള്‍ക്ക് ആക്കം കൂട്ടി. ജോണ്‍ മാര്‍ഷല്‍ (1902-44), മോര്‍ട്ടിമര്‍ വീലര്‍ (1944-48) എന്നിവര്‍ ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ ശേഷവും വിപുലമായ തോതില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പുരാവസ്തുഗവേഷണം ഇവിടെ നടന്നിട്ടില്ല. ഇതുമൂലം നമ്മുടെ പൂര്‍വചരിത്രത്തെ അസന്ദിഗ്ധമായ തരത്തില്‍ നമുക്ക് അറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതു ഖേദകരമായ വസ്തുതയാണ്.
അതിന് രണ്ട് പ്രധാനകാരണങ്ങള്‍ ഉള്ളതായി ദിലീപ് കെ. ചക്രബര്‍ത്തി പറയുന്നു. അതില്‍ പുരാതന ഇന്ത്യയെ നോക്കികാണാനുപയോഗിക്കുന്ന വംശ- ഭാഷാ- സംസ്‌കാരങ്ങളിലൂന്നിയ പാരമ്പര്യ ചട്ടക്കൂടാണ് ഒന്നാമത്തേത്. ഇത് കൂടിയേ തീരൂ എന്നു കരുതുന്ന ഒരാള്‍ക്ക് ആര്യന്‍, ദ്രവീഡിയന്‍ എന്നീ കല്‍പനകളും ആവശ്യമാണെന്നു വരും. ആര്യന്‍മാര്‍ യഥാര്‍ത്ഥത്തിലുള്ളവരാണെന്നു കരുതുമ്പോള്‍ ഭൂമിശാസ്ത്രപരവും കാലഘട്ടപരവുമായി വേദസാഹിത്യത്തിന് ബന്ധമുണ്ടെന്നു വരും. അപ്പോള്‍ വൈദികകാലഘട്ടം, വൈദികപുരാവസ്തുശാസ്ത്രം, ആര്യന്‍ ആര്‍ക്കിയോളജി എന്നെല്ലാം ചിന്തിക്കണം. വംശീയമാനങ്ങളുള്ള ഇത്തരം സമീപനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും പുരാവസ്തുനിഘണ്ഡുവില്‍ നിന്നും ഈ പദാവലികള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. കാലഹരണപ്പെട്ട ഈ കാഴ്ച്ചപ്പാടിനെ സ്വദേശത്തും വിദേശത്തുമുള്ള ചില പണ്ഡിതര്‍ ഇന്നും കൊണ്ടുനടക്കുന്നു. തന്‍മൂലം പുരാതന ഭാരതത്തിന്റെ അടിത്തട്ടു മുതല്‍ വസ്തുനിഷ്ഠമായ ഒരു ചിത്രം വരയാനോ അംഗീകാരം നേടാനോ കഴിയുന്നില്ല.
മറ്റൊന്ന് തുടക്കം മുതല്‍ ഇന്നും പുരാവസ്തുശാസ്ത്രം ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലൊന്നാണ് എന്നതാണ്. അത് സ്ഥാനീയവും കേന്ദ്രീയവും ആയ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. ഈ ശാസ്ത്രത്തിന്റെ മാറുന്ന മാനങ്ങള്‍ കാണാനോ മാറ്റത്തിനനുസരിച്ച് സ്വയം മാറാനോ ആ സ്ഥാപനഭരണക്കാര്‍ക്ക് കഴിയുന്നില്ല. ഈ ശാസ്ത്രം ഇന്ന് അക്കാഡമിക് തലത്തിലുള്ള ഒരു വിഷയമായത് അവര്‍ കാണുന്നില്ല. തലപ്പത്തുള്ളവരുടെ കാഴ്ച്ചപ്പാടും പ്രതിബദ്ധതയും അനുസരിച്ചല്ലേ ഇത്തരം സംവിധാനത്തില്‍ കാര്യങ്ങള്‍ നടക്കൂ. നാട്ടിലെ വിദ്യാസമ്പന്നരില്‍ ഈ ശാസ്ത്രത്തെക്കുറിച്ച് അവബോധം കൂടി വരുന്നു എന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്നു എന്ന് ചക്രവര്‍ത്തി ആശ്വസിക്കുന്നു.
എങ്കിലും നാടിന്റെ നാനാഭാഗത്തും നടത്തിയ ഉത്ഖനനങ്ങള്‍ വഴി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപ് കെ. ചക്രവര്‍ത്തിയുടെ കൂടെ നമ്മുടെ വിദൂരഭൂതകാലത്തിലേക്ക് നമുക്കൊന്നു സഞ്ചരിക്കാം.

No comments:

Post a Comment