Thursday, January 25, 2018

ഇന്ത്യന്‍ ചരിത്രത്തിന്റെ ആദ്യകാലത്തെ വിദ്യാര്‍ത്ഥികളായിരുന്ന ആംഗ്ലോ-ജര്‍മ്മന്‍പണ്ഡിതരെ ആര്യന്‍വംശം, ആര്യന്‍ആക്രമണം എന്നിവയോട് അനുകൂലമായ മുന്‍വിധിയോടെ സമീപിക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയത് രണ്ടു സമ്മര്‍ദ്ദങ്ങളാണ്. ഒന്നാമത്തേത് ഖൈബര്‍, കാരക്കോറം ചുരങ്ങളിലൂടെ നടന്നിരു ജനങ്ങളുടെ വരവും പോക്കുമായിരുന്നു. രണ്ടാമത്തേത് ടുറേനിയക്കാര്‍, ഗ്രീക്കുകാര്‍, ടാര്‍ടാറുകള്‍, സ്‌കിതിയക്കാര്‍, പാര്‍ത്തിയക്കാര്‍, കുഷാണന്‍മാര്‍ (Yueh-Chi, അറബികള്‍, പഠാണികള്‍, മുഗളന്‍മാര്‍ തുടങ്ങിയ നിരവധി വിദേശീയഅക്രമിക്കൂട്ടങ്ങളുടെ ഒന്നിനു പുറകേ ഒന്നായുള്ള തള്ളിക്കയറ്റങ്ങള്‍ ആയിരുന്നു. ഇവ രണ്ടും മുന്‍കാലങ്ങളിലും ഇതേപോലെ വൈദേശികവര്‍ഗ്ഗങ്ങള്‍ കടന്നു വന്നുണ്ടാകാമെന്ന സ്വയംപ്രേരിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. ആര്യന്‍, ദസ്യു എന്ന രണ്ടു വിഭാഗങ്ങളെയും അവര്‍ തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പോരുകളെയുംപറ്റി ഋഗ്വേദത്തില്‍ കാണുന്ന പരാമര്‍ശങ്ങള്‍ ഇതിന് അനിഷേധ്യമായ തെളിവുകളാകുകയും ചെയ്തു.
മറ്റൊരു വസ്തുത പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ത്യയുടെ ചരിത്രത്തിന് ലിഖിതരൂപം ഉണ്ടായത്. അപ്പോള്‍ ഇന്ത്യ ഒരു അടിമരാജ്യമായിരുന്നു. ഈ അടിമത്തം പതിനൊന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയതാണ്. ഏതാണ്ട് ആറാം സഹസ്രാബ്ദം തൊട്ട് സര്‍ഗ്ഗശക്തി നഷ്ടപ്പെട്ട രാജ്യം എന്ന നിലയ്ക്ക്, തങ്ങള്‍ കണ്ടെത്തിയ വളരെ വലുതും തനിമയാര്‍തുമായ ബൗദ്ധികസ്വത്തിന്റെ കര്‍ത്തൃത്വം വിദേശത്തു വേരുള്ള തികച്ചും വ്യത്യസ്തരായ ജനതയ്ക്കു നല്‍കണമെന്ന നിര്‍ബന്ധവും ആ പണ്ഡിതര്‍ക്കുണ്ടായി. 
      അസാധാരണമായ, വൈദേശികമായ, എന്തിനും, മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കും, സ്വന്തം നാട്ടിലുള്ളവയേക്കാള്‍ മേന്മ കല്‍പ്പിക്കുന്നവരും തങ്ങളുടെ ഉന്നതപദവിയെക്കുറിച്ച് ബോധവാന്‍മാരുമായ ഇന്ത്യന്‍ സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍  ഉടനെ തന്നെ ആര്യന്‍മാരും അവരുടെ ആക്രമണവും എന്ന കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തു. അതുവഴി വൈയ്യക്തികവും ഭീഷണവുമായ വേര്‍തിരിവുകള്‍ക്കു വിധേയരായവരും ദീനരും ആത്മാഭിമാനം നഷ്ടപ്പെട്ടവരുമായ കീഴ്ത്തട്ടിലുള്ള മറ്റുകൂടപ്പിറപ്പുകളില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തരാകുകയും സമൂഹത്തില്‍ കൂടുതല്‍ ഔന്നത്യം കൈവരിക്കുകയുമായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ഉദ്ദേശ്യം. അടിമത്തവും ഔന്നത്യചിന്തയും പാകപ്പെടുത്തിയ ഇന്ത്യന്‍ മനസ്ഥിതി ആയിരുന്നു മുഴുവന്‍ സമൂഹത്തെയും ഗ്രസിച്ച ആര്യന്‍രോഗത്തിന്റെ പ്രധാനകാരണം. പ്രദേശത്തിന്റെയോ, ദേശത്തിന്റെയോ, രാജ്യത്തിന്റെ തന്നെയോ വെളിയില്‍ നിന്നു വന്നവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടാത്ത ഒരു ജാതിയോ, സമൂഹമോ ഇന്ത്യയിലില്ല എത് സാമൂഹ്യനരവംശശാസ്ത്ര (സോഷ്യല്‍ ആന്ത്രോപ്പോളജി) ത്തിന് ഇന്നും ഉത്തരംകിട്ടാത്ത പ്രഹേളികയാണ്. 
   ഭാവനാസൃഷ്ടി മാത്രമായ, ആര്യന്മാരോടുള്ള തങ്ങളുടെ താദാത്മ്യത്തെക്കുറിച്ച് അന്വേഷിക്കാനും അവരെ ഇന്ത്യയിലേക്ക് ഓടിക്കാനും വംശ (റെയ്‌സ്)വെറി പൂണ്ട പാശ്ചാത്യപണ്ഡിതന്‍മാരെ പ്രേരിപ്പിച്ച മറ്റൊരു പ്രധാനഘടകം അവരുടെ ഉള്ളില്‍ വേരൂന്നി ഉറങ്ങിക്കിടന്നതോ ഉപബോധത്തില്‍ ഊട്ടിവളര്‍ത്തപ്പെട്ടതോ ആയ അപകര്‍ഷ ബോധമാണ്. മെഡോ ടെയ്‌ലര്‍ പറയുന്നു- ഇന്നു 'വളരെ പരിഷ്‌കൃതമായ' യൂറോപ്പ് പ്രാകൃതത്വത്തിന്റെയും അജ്ഞതയുടെയും ഇരുട്ടില്‍ ആണ്ടു കിടന്നപ്പോള്‍, അവിടുത്തെ ജനത ദേഹംമുഴുവന്‍ ചായം പൂശി വൃത്തികെട്ടവരായി നടന്നപ്പോള്‍, അന്ന് ഇന്ത്യ അറിവിന്റെ കൊടുമുടിയേറിയിരുന്നു. അവിടുത്തെ ചിന്തകര്‍ ഗ്രീക്ക് ചിന്തകരുമായി മാറ്റുരച്ചു. അവിടത്തെ ജനങ്ങള്‍ ലോകത്തിലെ ഏറ്റവും സുന്ദരവും മൃദുലവുമായ നിര്‍മ്മിതികള്‍ സൃഷ്ടിച്ചു. അവരുടെ സാമൂഹ്യവ്യവസ്ഥിതിയുടെ രേഖകള്‍ പരിശോധിച്ചാല്‍ പരസ്പരസംരക്ഷണം, വസ്തുവകസംരക്ഷണം മുതലായ കാര്യങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള വിസ്തൃതമായ നിയമ-നയതന്ത്രസംഹിതകള്‍ നിലവിലിരുന്നു എന്നു കാണാം. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഈവക കാര്യങ്ങള്‍ വളരെക്കാലം അപരിചിതങ്ങളായിരുല്ലോ. ദൈവനിയോഗത്താല്‍ നമ്മള്‍, ബ്രിട്ടീഷുകാര്‍ പുരാതനഇന്ത്യക്കാര്‍ നേടിയിരുന്ന പുരോഗതിയെ മറികടന്നുവെങ്കിലും അവര്‍ കാത്തുസൂക്ഷിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ നമ്മുടെ പ്രശംസയും സഹതാപവും ഒട്ടും കുറവില്ലാതെ അര്‍ഹിക്കുന്നു.
      ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു കാരണം വൈദികസാഹിത്യം പഠിച്ച ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതരെ അതിന്റെ പൗരാണികതയും ബൗദ്ധികമായ മേന്മയും കണക്കറ്റ് ആകര്‍ഷിച്ചു എതാണ്. അതിന്റെ അവതാരകരുടെ പിന്‍തലമുറക്കാരാകാന്‍ അവര്‍ വെമ്പല്‍കൊണ്ടു. അവരുടെ അറിവിന്റെ കഴിവുപയോഗിച്ച് ആദിമആര്യന്‍മാരെന്നു വെറുതെ സങ്കല്‍പ്പിച്ച കൂട്ടരുടെ ഒരു ശാഖ യുറോപ്പിലേക്കു കുടിയേറി എന്നത് ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ ചരിത്രപരമായ പശ്ചാത്തലം അവര്‍ സമര്‍ഥമായി ഒരുക്കി. 
vamanan

No comments:

Post a Comment