Wednesday, January 24, 2018

മത്പരമഃ സമൃത്കൃഷ്ടവും നാശരഹിതവുമായ കൃഷ്ണലോകത്തില്‍ തന്നെ എത്തിച്ചേര്‍ന്ന് ഭഗവാനോടൊപ്പം വാഴുകയാണ് ജീവിതത്തിന്റെ പരിപൂര്‍ണത എന്ന ഭാവത്തോടെ, ഈ ലോകത്തിലെ സ്ത്രീ, ധനം, പുത്രന്മാര്‍ മുതലായവ നമ്മുടെ കര്‍മ്മത്തിന്റെ ഫലമല്ല എന്ന ഭാവത്തോടെ തന്നെ ജീവിക്കുക. ഭഗവാന്റെ ജ്യോതിരൂപമായ ബ്രഹ്മത്തില്‍ ഒരു അണുവായിത്തീരുന്നതുപോലും-ബ്രഹ്മപ്രാപ്തിപോലും യഥാര്‍ത്ഥ ഭക്തന്‍ വെറുക്കുന്നു. ഈ ഭാവം അഞ്ചാം അധ്യായത്തില്‍ 29ലും 8 ല്‍ 16-ാം ശ്ലോകത്തിലും വിവരിക്കുന്നുണ്ട്.
(3)മദ്ഭക്തഃ - ഭഗവാനെപ്പറ്റി ഭക്തന്മാരുടെ മുഖത്തില്‍നിന്ന് മാത്രം കേള്‍ക്കുക (ശ്രവണം) ഭഗവന്നാമ-കഥകള്‍ കീര്‍ത്തിക്കുക, ഭഗവാന്റെ രൂപങ്ങളും ലീലകളും ധ്യാനിക്കുക, ഭഗവദ് ഭക്തന്മാരെയും ക്ഷേത്രങ്ങളെയും അനാഥരായവരെയും സഹായിക്കുകയും സേവിക്കുകയും ചെയ്യുക, ഭഗവാനെ ശാസ്ത്രവിധി പ്രകാരം പൂജിക്കുക. ഭഗവാനോട് പ്രാര്‍ത്ഥിക്കുക, നമസ്‌കരിക്കുക, അംബരീഷനെപ്പോലെ ഭഗവദ് ക്ഷേത്രങ്ങള്‍ ശുചീകരിക്കുക മുതലായ പരിപാടികളിലൂടെ ഭഗവാനുമായി സനാതന ബന്ധം തുടരുക. ഭഗവാന് സകലതും സമര്‍പ്പിക്കുക-ഇങ്ങനെ ഒമ്പത് ഭക്തി സാധനകളിലൂടെയോ ഏതെങ്കിലും ഒന്നിലൂടെയോ ഭഗവാനെ സേവിക്കാം. 9-ാം അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍ ഭഗവാന്‍ ഈ ഭക്തിമാര്‍ഗ്ഗം അവതരിപ്പിക്കുന്നുണ്ട്.
(4) സംഗവര്‍ജിതഃ
ആദ്യം വിവാഹം കഴിക്കുകയും പുത്രന്മാരുണ്ടാകുകയും ചെയ്താല്‍ അവരോട് സ്‌നേഹം തോന്നും. അവരെ സംരക്ഷിക്കാനും വളര്‍ത്താനുംവേണ്ടി ധനം വേണ്ടിവരും, ആ ധനം ലഭിക്കാന്‍ ലൗകിക കര്‍മ്മങ്ങള്‍- കൃഷി, കച്ചവടം മുതലായവ ചെയ്യേണ്ടിയും വരും. അതിനിടയില്‍ എങ്ങനെ ഭഗവാനെ ഭജിക്കാന്‍ കഴിയും. എങ്ങനെ ഭഗവദ് ഭക്തനാവാന്‍ കഴിയും?
ശ്രീകൃഷ്ണ ഭക്തരല്ലാത്തവരും, കൃഷ്ണനേയും ഭാഗവതത്തേയും ഗീതയേയും ദ്വേഷിക്കുന്നവരും ആയ ഒരു വ്യക്തിയായി പോലും കൂട്ടുകൂടരത്. ഒരിക്കല്‍പ്പോലും കൂട്ടുകൂടരുത്, അവരെ സ്‌നേഹിക്കരുത്; അവര്‍ തരുന്ന വസ്തുക്കള്‍, ആഹാരം പാര്‍പ്പിടം മുതലായവ സ്വീകരിക്കരുത്. നാസ്തികരെയും കാമ്യ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും തത്വചിന്തകന്മാരെയും തീരെ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ശ്രീകൃഷ്ണ ഭക്തി നമുക്ക് വളര്‍ത്തി എടുക്കാന്‍ കഴിയും. ഭാര്യാ പുത്രന്മാരെയും ഭക്തിമാര്‍ഗത്തിലേക്ക്  കൊണ്ടുവരാന്‍ കഴിയും. സുദാമാവ്, (കുചേലന്‍) എന്ന ബ്രാഹ്മണന്‍, ശ്രുതദേവന്‍ എന്ന ബ്രാഹ്മണന്‍, ബഹുളാശ്വന്‍ എന്ന രാജാവ് -മുതലായവര്‍ക്ക് ഭാര്യയും പുത്രന്മാരും ഗൃഹഭരണവും രാജ്യഭരണവും ഉണ്ടായിരുന്നു. എങ്കിലും ഭഗവദ്ഭക്തിയുടെ പരിപൂര്‍ണാവസ്ഥയില്‍ എത്തിയവരുമായിരുന്നു അവര്‍. എല്ലാം ഭഗവദാരാധനയായി ചെയ്തും, ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായ അത്യാവശ്യമായ വസ്തുക്കള്‍ ഭഗവാന് അര്‍പ്പിച്ച്, പ്രസാദമായി മാറ്റിയതിനുശേഷം മാത്രം സ്വീകരിക്കുകയായിരുന്നു.
''യത്കരോഷി, യദശ്‌നാസി 
യജ്ജുഹോഷി, ദദാസിയത്
യത്തപസ്യസി, കൗന്തേയ!
തത്കുരുഷ്വ മദര്‍പ്പണം'' (9-27) എന്ന ശ്ലോകത്തില്‍ ഈ രീതിയാണ് വിവരിച്ചത്.
kanapram

No comments:

Post a Comment