Thursday, January 11, 2018

സമവസ്ഥിതമായ പരംപൊരുളിന്റെ സ്വരൂപത്തിലേക്ക് തിരിയാനും
പരമശാന്തി അനുഭവിക്കാനുമുള്ള അവസരവും സ്വാതന്ത്ര്യവും
എപ്പോഴും ലഭ്യമാണ്.
ശ്രോത്രം ചക്ഷുഃ സ്​പര്‍ശനം ച
രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം
വിഷയാനുപസേവതേ (ഭഗവദ്ഗീത 15/9)
(ഈ ജീവന്‍) ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.
പ്രകൃതിയിലെ വൈരുധ്യാധിഷ്ഠിത ബലങ്ങളുടെ പ്രവര്‍ത്തനഫലമായുള്ള ശീതോഷ്ണാദി പരിതോവസ്ഥകളുമായി ശരീരം ഇടപെടുന്നത് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും സംയുക്തം എന്ന ഉപാധിയിലൂടെയാണെന്ന് വിശദമാക്കുന്നു. എണ്ണമറ്റ രൂപനിര്‍മാണക്ഷേത്രങ്ങളുടെ പ്രത്യക്ഷങ്ങള്‍ ചരാചരങ്ങളായി ക്ഷരപ്രപഞ്ചത്തില്‍ ഉണ്ട്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ഏതു വിധത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്നു നിശ്ചയിക്കുന്നത് രൂപനിര്‍മാണക്ഷേത്രത്തില്‍ (ജീവാത്മാവില്‍) മുദ്രിതങ്ങളായ വാസനകളാണ്. ഈ വാസനകളെ രൂപനിര്‍മാണ ക്ഷേത്രമെന്ന സങ്കീര്‍ണമായ സ്ഥൈതികതരംഗം (static wave)
തന്നില്‍ മുദ്രിതമായ പ്രത്യേക നീക്കുപോക്കുകളായി (specific modulations) ഉള്‍ക്കൊള്ളുന്നു എന്നു കരുതാം.
ഓരോ ജന്മത്തിലും വിഷയങ്ങളുമായുള്ള ഇടപഴകലിന്റെ രീതിക്ക് വഴി കാട്ടുന്നത് ഈ വാസനകളാണ്. ഈ ഇടപഴകലിന്റെ ശേഷിപ്പുകള്‍ പഴയ വാസനകളെ പോഷിപ്പിക്കുകയോ പുതിയ വാസനകള്‍ ഉളവാക്കുകയോ ചെയ്യാം. അപ്പോഴൊക്കെ, രൂപനിര്‍മാണക്ഷേത്രത്തിന് ഈശ്വരനോടുള്ള ആഭിമുഖ്യം നിരന്തരം നിലനില്‍ക്കുന്നുണ്ട്. കാരണം, അത് ഈ തരംഗത്തിന്റെ കാതലും ആധാരവുമായ ഏകീകൃതബലമെന്ന പരംപൊരുളിനോടു താദാത്മ്യപ്പെടാനുള്ള ത്വരയാണ്. ആ ത്വര തിടംവെക്കാനുള്ള സാഹചര്യം ഇല്ലാതെ പോയാല്‍ പരിണാമശ്രേണിയില്‍ പിന്നോട്ടു പോകുന്നു, ഉണ്ടാകുന്തോറും മുന്നോട്ടും.
പാരമ്പര്യശാസ്ത്രത്തിലെ (genetics) പുതിയ അറിവും ഈ ആശയവുമായി കാര്യമായ വ്യത്യാസമില്ല. കാരണം, പരിണാമപരമായ സാധ്യതകളുടെ സാക്ഷാത്കാരം ഇവിടെയും പാരമ്പര്യത്തിലൂടെത്തന്നെയാണ്. പക്ഷേ, ജന്മവാസനയെ നിശ്ചയിക്കുന്നത് പാരമ്പര്യം മാത്രമല്ല എന്നുകൂടി പറയുന്നു. ക്രോമസോമുകള്‍ ഒരു നിശ്ചിതരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇടവരുത്തുന്ന വാസനാസഞ്ചയമായ രൂപനിര്‍മാണക്ഷേത്ര ത്തിലേക്കും അതിനു നിദാനമായ പ്രപഞ്ചജീവനിലേക്കും കൂടി ജനറ്റിക്‌സ് എത്തുന്നു എന്നതാണ് വ്യത്യാസം. ഇങ്ങനെ ഒരു അധികമാനം സങ്കല്പിച്ചാലല്ലാതെ സ്ത്രീപുരുഷ ക്രോമസോമുകളില്‍ ഏതേതു തമ്മില്‍ ചേരണമെന്ന നിശ്ചയത്തിന് ഉപാധി കണ്ടുകിട്ടുകയില്ല.
സമവസ്ഥിതമായ പരംപൊരുളിന്റെ സ്വരൂപത്തിലേക്ക് തിരിയാനും പരമശാന്തി അനുഭവിക്കാനുമുള്ള അവസരവും സ്വാതന്ത്ര്യവും എപ്പോഴും ലഭ്യമാണ്. അങ്ങനെ എങ്കില്‍, പക്ഷേ, എന്തുകൊണ്ടാണ് എല്ലാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തത്?
(തുടരും....)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം

No comments:

Post a Comment