Tuesday, January 23, 2018

ചോദ്യം: ഈശ്വരനെ നിരുപാധികമായ ശക്തിവിശേഷമായി കാണണമെന്ന് പറയാറുണ്ടല്ലോ? എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും, ആരാധനയ്ക്കും വേണ്ടി ഈശ്വരനെ വ്യക്തിവിശേഷമായി കാണുന്നത് അനൗചിത്യമാവുമോ?
ഉത്തരം : ഈശ്വരനുണ്ടെന്ന വസ്തുത യുക്തിഭദ്രമായി ബോധ്യപ്പെടണം. അതു മുറയ്ക്കു സംഭവിക്കട്ടെ. എല്ലാ കാര്യങ്ങളും സുവ്യവസ്ഥിതമായി നടക്കുന്നത് കാണുമ്പോള്‍ ഒരു കാര്യകര്‍ത്താവ്  നിയാമകന്‍ ഉണ്ടെന്ന് ഊഹിക്കുന്നത് ന്യായമാണ്. യുക്തി അനുവദിക്കുന്ന കാര്യമാണ്. ഈശ്വരന് ഭാവനാത്മകമായി പല വിശേഷണങ്ങളും നല്‍കി ആരാധിക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയുണ്ട്. ആചാര്യന്മാര്‍ വിഗ്രഹ ആരാധനാ നിര്‍ദ്ദേശം നല്‍കുന്നത് ഈ കാര്യത്തിലുള്ള സമ്മതിയാണ്. എന്നാല്‍ അത്തരം ആവേശങ്ങളില്‍ കുരുങ്ങിക്കിടക്കാതിരിക്കാനുളള ജാഗ്രത പുലര്‍ത്തണം. നാം കല്‍പ്പിച്ച വിശേഷണങ്ങള്‍ കൊണ്ട് ഈശ്വരനെ നിര്‍വ്വചിച്ചു നിര്‍ത്തരുത്.  പരിമിതിയില്ലാത്ത ഈശ്വരന് അതിരുകള്‍ കല്‍പ്പിക്കുന്നത് ഈശ്വരാവബോധത്തെ താത്ത്വിക തലത്തില്‍ വികലമാക്കും എന്ന ഓര്‍മ്മ വേണം. ഈശ്വരാരാധന നല്‍കുന്ന പ്രയോജനങ്ങളെ ഈശ്വരതത്ത്വം അറിയാനുള്ള യോഗ്യതയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. രൂപം പ്രതിനിധാനം ചെയ്യുന്ന തത്ത്വം അപരിമിതമാണെന്ന് ഓര്‍ത്താല്‍ മതി. രാഷ്ട്രപതാക പോലുള്ള ചിഹ്നങ്ങള്‍ അമൂര്‍ത്തമായ രാഷ്ട്രത്തെ ആരാധിക്കാനും സേവിക്കാനും അത്യന്തം ഭാവനാത്മകമായി നാം പ്രയോജനപ്പെടുത്താറുണ്ടല്ലോ?
ഈശ്വരന്‍ എല്ലാ പ്രകട വൈവിധ്യങ്ങള്‍ക്കും പിറകിലെ ഉറവിടവും, ആധാരവും,  സ്രഷ്ടാവും, ജ്ഞാനശക്തിയും, സൃഷ്ടി പ്രകടനങ്ങളുടെ വിലയന സ്ഥാനവുമാണ്. മനുഷ്യന്റെ ചിന്താശേഷി അങ്ങിനെ ഒരു തത്ത്വത്തെ കാലാകാലങ്ങളിലായി അന്വേഷിക്കുന്നു. മഹര്‍ഷീശ്വരന്മാര്‍ ആ ഈശ്വര തത്വത്തെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. അവര്‍ ഭാവനാത്മകമായി തന്ന സൂചനകളെ ആരാധനക്ക് പ്രയോജനപ്പെടുത്തുന്നത് നന്ന്. ഒപ്പം പങ്കുവെക്കപ്പെട്ട താത്വിക  വിശദീകരണങ്ങള്‍ തത്വ ധ്യാനത്തിന് ഉപയോഗിക്കാനും നമുക്ക് ശ്രദ്ധാലുക്കളാവാം.
ആരാധ്യനായ ഈശ്വരന്‍ തന്നെയാണ് നമ്മുടെ ഉള്ളില്‍ (ആരാധകനില്‍ ) ആത്മാവായി പരിലസിക്കുന്നത് എന്ന ഉപനിഷദ് ആശയത്തെ ഭഗവദ് ഗീതയിലും വ്യക്തമാക്കിയിട്ടുണ്ട്. സ്വാത്മാവബോധം ലക്ഷ്യമാക്കി ചരിക്കുന്ന ഒരു സാധകന്‍ ആ യാത്രയില്‍  ആത്മാവിനെ നാമരൂപ രഹിത തത്വമായാണല്ലോ അറിയേണ്ടത്. ' സ്ഥൂല സൂക്ഷ്മ കാരണ ശരീരാദ്വ്യതിരിക്തഃ, പഞ്ച കോശാതീതതഃ, അവസ്ഥാ ത്രയ സാക്ഷീ, സച്ചിദാനന്ദ സ്വരൂപഃ സന്‍ യസ്തിഷ്ഠതി സ ആത്മാ' ( സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളില്‍ നിന്ന് വ്യതിരിക്തവും, പഞ്ചകോശാതീതവും, അവസ്ഥാത്രയങ്ങള്‍ക്ക് സാക്ഷിയും, സച്ചിദാനന്ദസ്വരൂപിയും ആണ് ആത്മാവ്) എന്നിങ്ങനെ തത്വബോധമെന്ന പ്രകരണഗ്രന്ഥത്തില്‍ ശങ്കരഭഗവദ് പാദര്‍ പഠിതാക്കളെ ഉപദേശിക്കുന്നുണ്ട്. ശരീരാദികളിലുള്ള താദാത്മ്യ ബുദ്ധി ജയിക്കാന്‍ വിഗ്രഹാരാധന ചെയ്തു തുടങ്ങാം. ഒടുവില്‍ ജീവേശ്വര ഐക്യബോധത്തിലെത്തുകയെന്നത് ലക്ഷ്യം വെക്കണം. ഭഗവദ് ഗീത 9/11 ല്‍ ഭഗവാന്റെ പരം ഭാവം (ദേശ കാലാദി എല്ലാ പരിമിതികള്‍ക്കും അപ്പുറമുള്ള മാനം) അവഗണിച്ചു ചെയ്യുന്ന ആരാധന ഭഗവന്നിന്ദയായി ചിത്രീകരിച്ചിട്ടുള്ളതും ഈ കാര്യത്തിനനുബന്ധമായി ആലോചിക്കാം.. 
ചോദ്യം: പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകും എന്നത് മുഴുവനായും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.   പ്രാര്‍ത്ഥനകള്‍ ആശ്വാസം തരുമെന്നത് സത്യമാണ്. പ്രാര്‍ത്ഥന ഒന്നും നേടിത്തരുന്നില്ല. പകരം എന്താണോ നടക്കേണ്ടത് അത് നടക്കുക തന്നെ ചെയ്യും, അത് നേരിടാനുള്ള കരുത്തും സ്വസ്ഥതയും പ്രാര്‍ത്ഥന കൊണ്ട് കിട്ടും, എന്നു കരുതിയാല്‍ പോരെ? 
ഉത്തരം : ഭാഗികമായുള്ള വിശ്വാസവുമായി പ്രാര്‍ത്ഥിച്ചോളൂ. ഈശ്വരനെ അംഗീകരിച്ച് സ്‌നേഹിക്കുന്നതിന്റെ നിര്‍വൃതി കൂടുതല്‍ കൂടുതല്‍ ആഴമുള്ളതാവുന്നതും, അനുഭൂതി സമ്പന്നമാവുന്നതും ആസ്വദിക്കാം. ആ സന്തോഷം അനുഭവപ്പെടുന്ന മുറയ്ക്ക് പ്രചരിപ്പിക്കാനും ഉത്സാഹിച്ചോളൂ. ഏറെപ്പേര്‍ക്ക് ഉപകാരമാവട്ടെ.
ഈ ആശ്വാസം പലരുടേയും ആവശ്യമാണ്. 
1.അനിശ്ചിതത്ത്വങ്ങളുടെ തേരോട്ടമായി ലോകത്തെക്കുറിച്ച് ഒരാള്‍  ചിന്തിച്ചു പോയാല്‍ അത് അന്യായമാവില്ല. സംഭവങ്ങളുടെ ഗതിവിഗതികള്‍ അത്രയേറെ സങ്കീര്‍ണ്ണമാണ്. 
 'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങ'ള്‍  കാണാതായിപ്പോവുന്നു!
'മാളികമുകളേറിയ മന്ന'ന്‍ തോളില്‍ മാറാപ്പു പേറേണ്ടി വരുന്നതായി കാണുന്നു!
(പൂന്താനം ഈ വസ്തുതകള്‍ നിരീക്ഷിച്ച് ഇതിനൊക്കെ പിറകില്‍ പ്രിയങ്കരനായ  ഭഗവാന്റെ (ഭവാന്‍) ഭരണ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സമാശ്വസിക്കന്നത് ചിന്തനീയമാണ്.)
ആലോചിക്കുന്നവര്‍ക്ക്  ഇതിനൊക്കെ പിറകില്‍ ഒരു യുക്തി  കല്‍പിക്കാന്‍ കഴിയാതെ വരുന്നത് അസഹനീയമാവും. അപ്രതീക്ഷിത സംഭവങ്ങള്‍ സമ്മാനിക്കുന്ന ദുഃഖഭയ സംഭ്രമ  രോഗ പീഡകള്‍ നേരിടാന്‍ ഒരാലംബനം ഇല്ലെന്നു വന്നാല്‍ ആകെ തകര്‍ന്നു പോവും. ഈശ്വര ചിന്ത ഇവിടെ കൈത്താങ്ങാകുന്നു.
യുക്തിക്കുമതീതനായ ഒരീശ്വരന്റെ പ്രസക്തി പരിചയപ്പെടുത്തി ഭക്തിപൂര്‍വ്വം ആ പരമേശ്വരനെ പല പ്രകാരം ആശ്രയിക്കാന്‍ ആഹ്വാനം ചെയ്ത ആചാര്യന്മാരെ സാദരം  പ്രണമിക്കാം.
2. മനുഷ്യന്റെ വിചാരശേഷി ശാസ്ത്ര ബോധ്യങ്ങളുടെ നിലവറകള്‍ തുറക്കുന്നതും, അവയെ പ്രായോഗികമാക്കുന്നതും  വളരെ വേഗത്തിലാണ്. ഈ കുതിപ്പ് വൈകാരികമായ താളപ്പിഴകളോ (സുനാമി പോലെ !! ), ഒരു തരം ശൂന്യതയോ സമ്മാനിച്ചേക്കാം. ശാശ്വതമായ ഈശ്വര ചിന്തയും ഭക്തിയും ഇവിടെ സന്തുലിതാവസ്ഥ സമ്മാനിക്കുമെന്നത് വസ്തുതയാണ്.
('ഈശ്വരന്‍ പകിട കളിക്കുന്നു' അഥവാ 'ഒരീശ്വന്റെ ആവശ്യം ഞാന്‍ കാണുന്നില്ല ' എന്നിങ്ങനെയൊക്കെ നിരീക്ഷിക്കുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരടക്കം അനുല്ലംഖ്യമായ ഒരു വ്യവസ്ഥയെ പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയുടെ മറുകര കണ്ട ഋഷീശ്വരന്മാര്‍  വ്യവസ്ഥയെ നിയമനംചെയ്യുന്ന ആ തത്വത്തെ ഭാവനാത്മകമായി 'ഈശ്വരന്‍' എന്ന് പരിചയപ്പെടുത്തുന്നു. അത് ശാസ്ത്രകൗതുകത്തേയോ, പുരോഗതിയേയോ നിഷേധിച്ചു കൊണ്ടായിരുന്നില്ല എന്നതും പ്രധാനമാണ്. വൈദീക കാലത്ത് വിവിധ മേഖലകളില്‍ ഉണ്ടായ  ശാസ്ത്രപുരോഗതിയാണതിന് തെളിവ്. ഈശ്വരാരാധനയുടെ പാതയിലൂടെ സഞ്ചരിച്ച് സച്ചിദാനന്ദ ആത്മ സാക്ഷാത്കാരം സാധ്യമാകുന്ന വിധവും അവര്‍ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്. ആത്യന്തികമായി ഇന്നത്തെ ശാസ്ത്രീയ അന്വേഷണങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല )
(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

No comments:

Post a Comment