Tuesday, January 23, 2018

സൃഷ്ടികളെക്കുറിച്ച് പ്രതിപാദി ക്കുന്നു
സ പ്രാണമസുജത, പ്രാണാച്ഛ്രദ്ധാം ഖം വായുര്‍
ജ്യോതിരാപഃ പൃഥിവീന്ദ്രിയം മനഃ അന്നമന്നാദ്
വീര്യം തപോ മന്ത്രാഃ കര്‍മ്മ ലോകാ ലോകേഷുചനാമച.

പുരുഷന്‍ പ്രാണനെ സൃഷ്ടിച്ചു. പ്രാണനില്‍നിന്ന് ശ്രദ്ധയേയും ആകാശത്തേയും വായുവിനേയും ജ്യോതിസ്സിനേയും ജലത്തേയും ഭൂമിയേയും ഇന്ദ്രിയങ്ങളേയും മനസ്സിനേയും അന്നത്തേയും അന്നത്തില്‍നിന്ന് വീര്യത്തേയും തപസ്സിനേയും മന്ത്രങ്ങളേയും കര്‍മ്മത്തേയും ലോകങ്ങളേയും ലോകങ്ങളില്‍നിന്ന് നാമത്തേയും സൃഷ്ടിച്ചു.
16 കലകളുടെ ഉദ്ഭത്തെപ്പറ്റിയാണ് പറഞ്ഞത്. പുരുഷന്‍ ആലോചിച്ച് എല്ലാ ജീവികള്‍ക്കും ആധാരമായ സമഷ്ടി പ്രാണനെ ആദ്യം സൃഷ്ടിച്ചു. സമഷ്ടി പ്രാണനെയാണ് ഹിരണ്യഗര്‍ഭന്‍ എന്ന് വിളിക്കുന്നത്. പ്രാണനില്‍നിന്ന് നന്മകള്‍ക്ക് കാരണമായ ശ്രദ്ധയെ ഉണ്ടാക്കി. പിന്നെ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചമഹാഭൂതങ്ങളേയും അവയെ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമായി ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങ്ങളേയും സൃഷ്ടിച്ചു. അന്തഃകരണമാക്കുന്ന മനസ്സിനേയും ശരീരപോഷണത്തിനുള്ള അന്നത്തേയും പിന്നീടുണ്ടാക്കി. നെല്ല്, യവം തുടങ്ങിയ ധ്യാനങ്ങളേയും മറ്റുമാണ് അന്നമെന്ന് പറഞ്ഞത്. അന്നത്തില്‍നിന്ന് എല്ലാ പ്രവൃത്തികള്‍ക്കും സാധനമായ ബലമാകുന്ന വീര്യത്തേയും സൃഷ്ടിച്ചു. പിന്നെ വിശുദ്ധി സാധനാരൂപമായ തപസ്സിനേയും ഉപാസനയ്ക്കുവേണ്ടി ഋക്, യജ്ജുസ്സ് സാമാദി മന്ത്രങ്ങളേയും അഗ്നിഹോത്രാദി  കര്‍മ്മങ്ങളേയും കര്‍മ്മഫലം അനുഭവിക്കാനുള്ള ലോകങ്ങളേയും അവിടെയുള്ള ജീവികള്‍ക്ക് നാമങ്ങളേയും ഉണ്ടാക്കി. ഇപ്രകാരം അവിദ്യാ തുടങ്ങിയ ദോഷബീജങ്ങളെ സാധനമാക്കിയാണ് 16 കലകള്‍ ഉണ്ടായത്. ചേതനനായ ആത്മാവില്‍നിന്ന് അചേതനങ്ങളായ വസ്തുക്കള്‍ ഉണ്ടാവില്ല. അവ ഉണ്ടായെന്ന് തോന്നുന്നത് അവിദ്യകൊണ്ടാണ്. അറിവില്ലായ്മ കാരണം നമുക്ക് ഉണ്ടെന്ന് തോന്നുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിക്രമമാണിവിടെ പറയുന്നത്. ഈ കലകളെല്ലാം ഉണ്ടായി നിലനിന്ന് ലയിക്കുന്നത് ഒരേയൊരു ചൈതന്യത്തില്‍തന്നെയാണ്.
സയഥേമാനദ്യഃ സ്യന്ദമാനാഃ സമുദ്രായണ്യഃ
സമുദ്രം പ്രാപ്യാസ്തം ഗച്ഛന്തി, ഭി ദേതേ
താസാം നാമരൂപേ സമുദ്ര ഇത്യേവം പ്രോച്യതേ
ഏവമേവാസ്യ പരിദ്രഷ്ടു രിമാഃ ഷോഡശ കലാഃ
പുരുഷായണാഃ പുരുഷം പ്രാപ്യാസ്തം
ഗച്ഛന്തി, ഭിദ്യേതേ ചാസാം നാമരൂപേ
പുരുഷ ഇത്യേവം പ്രോച്യതേ സ ഏഷോ-
അവംകലോ അമൃതോ ഭവതി തദേഷശ്ലോകഃ
സമുദ്രം ലക്ഷ്യമാക്കി ഒഴുകുന്ന നദികള്‍ സമുദ്രത്തില്‍ ചെന്നുചേര്‍ന്ന് മറയുന്നു. അവയുടെ പേരും രൂപവും ഒക്കെ നശിച്ച് സമുദ്രം എന്നുവിളിക്കുന്നു. ഇതുപോലെ സര്‍വ്വസാക്ഷിയായ പുരുഷന്റെ 16 കലകള്‍ പുരുഷനെ പ്രാപിച്ച് അസ്തമിക്കുന്നു (മറയുന്നു). ഈ കലകളുടെ നാമവും രൂപവും നശിച്ച് പുരുഷന്‍ എന്ന് പറയുന്നു. അങ്ങനെയുള്ള ഈ പുരുഷനെ കലകളില്ലാത്തവനായും അമൃതനായും ഇരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു ശ്ലോകമുണ്ട്.
പല പേരുകളിലും പലനിറങ്ങളോടുകൂടിയ വെള്ളമുള്ളവയുമായ നദികള്‍ സമുദ്രത്തില്‍ പോകുമ്പോള്‍ പിന്നെ സമുദ്രം മാത്രമാകുന്നു. നദികളുടെ പേരും നിറവും ശുദ്ധജലം എന്ന അവസ്ഥയും ഒക്കെ മാറുന്നു. 16 കലകള്‍ പുരുഷനില്‍ ലയിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. നാമരൂപാദികളൊക്കെ നശിച്ചാലും നശിക്കാതെ ശേഷിക്കുന്നതിനെയാണ് പുരുഷന്‍ എന്ന് പറയുന്നത്. അറിവുള്ളയാള്‍ തന്റെ അറിവുകൊണ്ട് അവിദ്യാ കാമകര്‍മ്മങ്ങളില്‍നിന്ന് ഉണ്ടായ പ്രാണന്‍ തുടങ്ങിയ കലകളെ ലയിപ്പിക്കുമ്പോള്‍ അകലനായും കലകള്‍ ഇല്ലാതാകുമ്പോള്‍ അതു മൂലമുള്ള മൃത്യു ഇല്ലാത്തതിനാല്‍ അമൃതനായും മാറുന്നു.
ശ്ലോകത്തെ പറയുന്നു-
അരാ ഇവ രഥനാഭൗ കലായസ്മിന്‍ പ്രതിഷ്ഠിതാഃ
അ വേദ്യം പുരുഷം വേദ യഥാമാവോ മൃത്യുഃ പരിവ്യഥാ ഇതി
രഥചക്രത്തിന്റെ നാഭിയില്‍ (കുടത്തില്‍)ആരക്കാലുകള്‍ എന്നപോലെ പ്രാണന്‍ തുടങ്ങിയ 16 കലകള്‍ ആശ്രയിച്ചുനില്‍ക്കുന്ന പുരുഷനെ അറിയണം. അങ്ങനെ അറിഞ്ഞാല്‍ മരണം നിങ്ങളെ ദുഃഖിപ്പിക്കില്ല. പരമപുരുഷനെ അറിഞ്ഞാല്‍ അമൃതത്വം വേണമെന്നതിനാല്‍ മരണംകൊണ്ടുള്ള ദുഃഖമുണ്ടാകുകയില്ല. 
താന്‍ ഹോ വാച ഏതാവ ദേവാഹമേതത്
പരാബ്രഹ്മവേദ നാതഃ പരമസ്തീതി
പിപ്പലാദമുനി ശിഷ്യരോട് പറഞ്ഞു. പരബ്രഹ്മത്തെക്കുറിച്ച് ഞാന്‍ ഇത്രയേ അറിയുന്നുള്ളൂ. ഇതില്‍ കൂടുതലായി ഒന്നും അറിയേണ്ടതില്ല. വലിയ ജ്ഞാനിയായ അദ്ദേഹത്തിന്റെ അറിവിന്റെ വിനയവും ഇനി അറിയാന്‍ ഒന്നുമില്ലെന്നതിന്റെ പൂര്‍ണതയും ഇവിടെ കാണാം. ഇനിയും അറിയാന്‍ ഉണ്ടാകുമോ എന്ന ശങ്ക തീര്‍ക്കാനും ശിഷ്യര്‍ക്ക് വേണ്ട ഉത്തരം ലഭിച്ചു എന്ന കൃതാര്‍ത്ഥത ഉണ്ടാകാനും വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്.
ആത്മജ്ഞാനം നേടിയാല്‍ പിന്നെ അറിയേണ്ടതായിട്ട് പിന്നെ ഒന്നും ഉണ്ടാകില്ല. എല്ലാമറിഞ്ഞവനായിത്തീര്‍ന്നു. 
തേവര്‍ച്ചയന്തസ്ത്വം ഹിനഃ പിതാ
യോളസ്മാകമവിദ്യായാഃ പരംപാരം താരയസീതി
നമഃ പരമ ഋഷിഭ്യോ നമഃ പരമ ഋഷിഭ്യഃ
ശിഷ്യന്മാര്‍ ഗുരുവിനെ പൂജിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങളെ അജ്ഞാനത്തിന്റെ മറുകര കടത്തി തന്ന അങ്ങ് ഞങ്ങളുടെ പിതാവാണ്. പരമഋഷികള്‍ക്ക് നമസ്‌കാരം, പരമഋഷികള്‍ക്ക് നമസ്‌കാരം.
ഗുരൂപദേശം കേട്ട് അറിയേണ്ടതെല്ലാം സന്തുഷ്ടരായ ശിഷ്യര്‍ ഗുരുവിന്റെ പാദങ്ങളില്‍ പൂക്കളര്‍പ്പിച്ച് നമസ്‌കരിച്ചു. അജ്ഞാന സമുദ്രത്തെ വിദ്യയാകുന്ന പൊങ്ങുതടികൊണ്ട് കടത്തി മോക്ഷമെന്ന മറുകരയില്‍ എത്തിച്ചതുകൊണ്ടാണ് അച്ഛനെന്ന് വിശേഷിപ്പിച്ചത്. ജന്മം നല്‍കിയതുകൊണ്ട് അച്ഛനും ലോകത്തില്‍ അഭയം തരുന്നതിനാല്‍ ഗുരുവും പൂജ്യനാണ്. ഒരുപക്ഷേ അച്ഛനേക്കാള്‍ ശ്രേഷ്ഠനാകും ഗുരു.  ആദ്ധ്യാത്മികമായ അനശ്വരശരീരം ഗുരുവാണ് തരുന്നത്. ഗുരുവിനോട് എത്ര നന്ദി പറഞ്ഞാലാണ് തീരുക. അങ്ങനെയുള്ള ബ്രഹ്മവിദ്യയെ പ്രചരിപ്പിക്കുന്ന  പരമഋഷികള്‍ക്ക് നമസ്‌കാരം വീണ്ടും വീണ്ടും..
നമഃ പരമ ഋഷിഭ്യഃ എന്ന് രണ്ട് തവണ പറഞ്ഞത് ആദരത്തേയും ഉപനിഷത്തിന്റെ സമാപനത്തേയും കാണിക്കാനാണ്.
'ഓം ഭദ്രാം കര്‍ണ്ണേഭി. എന്ന ശാന്തി മന്ത്രംതന്നെയാണ് ഈ ഉപനിഷത്തിന്റെ സമാപനത്തിലും ഉള്ളത്.'

(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ 

No comments:

Post a Comment