Monday, January 29, 2018

ശ്രീരാമന്‍ നല്‍കിയ ബലത്തില്‍ സുഗ്രീവന്‍ കിഷ്‌കിന്ധാ പുരദ്വാരത്തിലെത്തി. വലിയ സിംഹനാദംപോലെ രണ്ടാമതും ബാലിയെ യുദ്ധത്തിനു വിളിച്ചു. ബാലി ആദ്യമൊന്നു വിസ്മയിച്ചു. പിന്നെ കടുത്ത ശത്രുതയോടെ കച്ചകെട്ടിയിറങ്ങി. ആ സമയത്ത് ഭാര്യ താര അടുത്തുനിറുത്തിക്കൊണ്ട് പറഞ്ഞു. ''ഒരു സംശയവും കൂടാതെ അങ്ങ് യുദ്ധത്തിനു പുറപ്പെട്ടതെന്ത്? ഒരിക്കല്‍ പരാജയപ്പെട്ടുപോയ സുഗ്രീവന്‍ വീണ്ടും വന്നതിനര്‍ത്ഥം അവന്റെ പിന്നില്‍ ഏറ്റവും ശക്തനായ ഒരു മിത്രമുണ്ടെന്നാണ്.'' ഇതുകേട്ട് ബാലി പറഞ്ഞു ''താരെ, നീ കൈമാറ്റ്. നീ ശങ്കിക്കേണ്ട കാര്യമില്ല. എന്നോടാര്‍ക്കും ശത്രുതയുണ്ടാകാനോ അയാള്‍ സുഗ്രീവന്റെ മിത്രമാകാനോ ഒരു കാരണവുമില്ല. അഥവാ സുഗ്രീവന് അങ്ങനെയൊരു ബന്ധുവുണ്ടെങ്കില്‍ അയാളും വധിക്കപ്പെടേണ്ടവനാണ്. വീട്ടുമുറ്റത്തു വന്നു ശത്രു പോരിനു വിളിക്കുമ്പോള്‍ ശൂരന്‍ അടങ്ങിയിരിക്കുമോ? അങ്ങനെയിരിക്കുന്നവര്‍ ഭീരുവല്ലേ? നീ ധൈര്യത്തോടെയിരിക്ക് ഞാന്‍ ശത്രുവിനെകൊന്നിട്ട് വേഗം വരും.'' ഇതുകേട്ട് താര വീണ്ടും പറഞ്ഞു. ''നമ്മുടെ പുത്രന്‍ അംഗദന്‍ വനത്തില്‍ വേട്ടയാടാന്‍ പോയപ്പോള്‍ ചാരന്മാര്‍ അവനോടു പറഞ്ഞതാണിത്. ദശരഥപുത്രനായ രാമന്‍ ഭാര്യ സീതയോടും അനുജന്‍ ലക്ഷ്മണനോടുമൊപ്പം പിതാവിന്റെ കല്പനപ്രകാരം തപസുചെയ്യാന്‍ ദണ്ഡകാരണ്യത്തില്‍ വന്നു. ദുഷ്ടനായ രാവണരാക്ഷസന്‍ സീതയെ കട്ടുകൊണ്ടുപോയി. സീതയെ തിരക്കിനടന്ന രാമനും ലക്ഷ്മണനും ഋശ്യമൂകത്തില്‍വച്ച് സുഗ്രീവനെ കണ്ടുമുട്ടി. അവര്‍ തമ്മില്‍ സഖ്യംചെയ്തു. ബാലിയെക്കൊന്ന് രാജ്യം സുഗ്രീവനു കൊടുക്കാമെന്ന് രാമന്‍ ഏറ്റു. പകരം സുഗ്രീവന്‍ സീതയെ വീണ്ടെടുക്കാന്‍ സഹായിക്കും. ഇതാണ് അംഗദന്‍ അറിഞ്ഞത്. പ്രസിദ്ധനും യുദ്ധത്തില്‍ നിര്‍ദ്ദയമായി പെരുമാറുന്നവനും സജ്ജനങ്ങള്‍ക്ക് ശരണദനും കീര്‍ത്തിമാനും ഉത്കൃഷ്ടമായ ബ്രഹ്മജ്ഞാനവും ലോകപരിചയവുമുള്ള രാമനാണ് സുഗ്രീവന് സഹായിയായി വന്നിരിക്കുന്നത്. ഗുണഗണങ്ങളുടെ വിളനിലമായ രാമനോടു വിരോധം വേണ്ട അങ്ങ് രാമന്റെ സ്‌നേഹം സമ്പാദിക്കൂ. സുഗ്രീവന് മാപ്പുനല്‍കി യുവരാജാവാക്കൂ. സുഗ്രീവന്‍ അങ്ങയുടെ അടുത്ത ബന്ധുവാണ്. അതിനു മാറ്റമില്ല. ഞാന്‍ അപേക്ഷിക്കുന്നു. ഈ ഹിതമായ വാക്ക് അനുസരിക്കൂ. അംഗദനേയും രാജ്യത്തേയും കുലത്തേയും രക്ഷിക്കൂ.'' എന്നുപറഞ്ഞ് താര ബാലിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. പക്ഷേ ബാലി ഉപദേശം കേള്‍ക്കുന്ന ആളല്ല. 'ആപത്തടുക്കുമ്പോള്‍ ശോഭിക്കയില്ലെടോ സജ്ജനഭാഷിതം' എന്നല്ലേ പ്രമാണം. ബാലി താരയോടു പറയുന്നു ''സ്ത്രീസ്വഭാവം കൊണ്ടാണ് നീ ദുഃഖിക്കുന്നത്. രാമലക്ഷ്മണന്മാരാണു വന്നതെങ്കില്‍ അവരെന്നോടാണു ചേരേണ്ടത്. രാമന്‍ സാക്ഷാല്‍ മഹാവിഷ്ണുവാണ്. എന്നോളം രാമഭക്തി മറ്റാര്‍ക്കുമില്ല. ഭഗവാന് പക്ഷഭേദമില്ല. നീ ദുഃഖിക്കാതിരിക്ക്. ഞാന്‍ യുദ്ധം ജയിച്ചുവരാം.'' ഇങ്ങനെ പറഞ്ഞ് ബാലി വീണ്ടും യുദ്ധത്തിനൊരുങ്ങി. ഇവിടെ ഒരു കാര്യം'' സൂചിപ്പിച്ചോട്ടെ. ബാലിയെപ്പോലെ നമ്മളുമൊക്കെ പറയാറുണ്ട്. ഞാനാണ് ഏറ്റവും വലിയ ഭക്തനെന്ന്. എന്നോളം ഭക്തി മറ്റാര്‍ക്കുമില്ലെന്ന്. പക്ഷേ ഈശ്വരന്‍ അതംഗീകരിച്ചിട്ടുണ്ടോ? ഈശ്വരനു പ്രിയപ്പെട്ട ഭക്തനാണെങ്കില്‍ സുഗ്രീവനെപ്പോലെ സമ്പൂര്‍ണമായ ശരണാഗതിയടയണം. എങ്കിലേ ഈശ്വരന്‍ നമ്മുടെകൂടെ നില്‍ക്കൂ. വലിയ ഭക്തനാണെന്നൊക്കെ പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖമുണ്ട്. ഈശ്വരന്‍കൂടി അതംഗീകരിച്ചുതരണം. അതല്ലെങ്കില്‍ ബാലിയെ വേണ്ടേ സഹായിക്കാന്‍.

No comments:

Post a Comment