Saturday, January 20, 2018

ഹരേ കൃഷ്ണ
ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ ജനനസമയം ലോകത്തിനു വളരെയേറെ സ്വസ്ഥതയുണ്ടാവുകയും , ഗ്രഹങ്ങളുടെ നില കൃത്യമാവുകയും ചെയ്തു . ആ സമയം അസുരന്മാരുടെ മനസ്സുകളിൽ വലുതായ ഭയവും ഉൽഭൂതമായി . അദ്ദേഹത്തിൻറെ ലീലകളെ ഗോപാലങ്ങൾ എന്ന് പണ്ഡിതന്മാർ സംബോധന ചെയ്തിരിക്കുന്നു . ഇതനുസരിച്ചു ,ദേവകീപുത്ര ഗോപാലം, ലീലാഗോപാലം , യശോദാ ഗോപാലം , നന്ദഗോപ ഗോപാലം , പൂതനാമോക്ഷ ഗോപാലം , ശകടഭഞ്ജക ഗോപാലം , തൃണാവർത്ത ഗോപാലം , വിദ്യാരാജഗോപാലം , ഗോവർദ്ധന ഗോപാലം , ദാമോദര ഗോപാലം , കാളിയമർദ്ദന ഗോപാലം , വിപ്രഗോപാലം , സന്താന ഗോപാലം , മദനഗോപാലം ,കംസാരി ഗോപാലം , കുചേല ഗോപാലം ,പാർത്ഥസാരഥി ഗോപാലം എന്നിങ്ങനെ 196 ലീലകളെപ്പറ്റി ഭഗവതത്തിലും , ഹരിവംശത്തിലും വർണ്ണിച്ചിരിക്കുന്നു .
ഇവയിൽ പ്രസക്തമായ ഒന്നുരണ്ടെണ്ണം താഴെ പറയുന്നു .
വിദ്യാരാജഗോപാലം
കംസവധ ശേഷം , സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനെത്തിയ രാമകൃഷ്ണന്മാർ , നാല് വേദവും ആറു ശാസ്ത്രവും , പതിനെട്ടു പുരാണങ്ങളും , അറുപത്തിനാല് കലകളും , ധനുർവേദവും , ആയോധന വിദ്യകളും വെറും 64 ദിവസം കൊണ്ട് പഠിച്ചു തീർത്തു . ഓരോ ശാസ്ത്രങ്ങൾ മുനി ചൊല്ലിക്കൊടുക്കേണ്ട താമസമേയുണ്ടായുള്ളൂ . ഇതുകണ്ട് മുനി അത്ഭുതപ്പെടുകയും ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ തരുവാനായി കൃഷ്ണനോട് യാചിക്കുകയും ചെയ്തു . കൃഷ്ണൻ ദിവ്യശക്തിയാൽ മരിച്ച മകനെ ഗുരുവിനു നൽകി . ഇത്തരത്തിൽ സർവ്വതരം വിദ്യയുടെയും രാജനാകയാൽ കൃഷ്ണന് സിദ്ധിച്ച നാമമാണ് വിദ്യാരാജഗോപാലൻ . വിദ്യാരാജഗോപാലൻ പണ്ഡിതന്മാരുടെ ഉപാസനാമൂർത്തിയാണ് . ഗോപാലമന്ത്രങ്ങളിൽ രാജാവാണ് വിദ്യാരാജഗോപാലമന്ത്രം .

No comments:

Post a Comment