സനാതനധർമ്മം
Saturday 13 January 2018 2:45 am IST
എന്താണു സനാതനം?. 'സനായ' എന്നതു മൂന്ന് കാലങ്ങളെയും പറയുന്ന അവ്യയമാണ്- ഭൂതം, വര്‍ത്തമാനം, ഭാവി. ''തന'' എന്ന പ്രത്യയം ആ കാലത്തുള്ളത് എന്ന അര്‍ത്ഥത്തിലാണ്. അപ്പോള്‍ സനാതനം എന്നാല്‍ മൂന്നു കാലങ്ങളിലും ഉള്ളത്. ഇത് എന്നും ഉണ്ടായിരുന്നു; ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. ഇതിന് ഉത്പത്തിയില്ല എന്നര്‍ത്ഥം. അതുപോലെതന്നെ ഇതിന് നാശവുമില്ല. അനാദിയും അനന്തവുമാണിത്. നിത്യം, ശാശ്വതം, അവ്യയം എന്നും പര്യായങ്ങള്‍.
ധര്‍മ്മം എന്ന വാക്കിനു ധരിക്കുന്നത് എന്നര്‍ത്ഥം. ധരിക്കുക എന്നാല്‍ നിലനിര്‍ത്തുക. ''ധൃത്ത് ധാരണേ'' എന്ന ധാതുവില്‍നിന്നുണ്ടാകുന്ന പദം. ധാതുവിന്റെ അര്‍ത്ഥമായ ധാരണേ എന്ന ക്രിയയുടെ കര്‍ത്താവ് ധര്‍മ്മം.
മഹാഭാരതത്തില്‍ ധര്‍മ്മത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:
''ധാരണാദ്ധര്‍മിത്യാഹുഃ
ധര്‍മ്മോ ധാരയതേ പ്രജാഃ
യഃ സ്യാദ്ധാരണസംയുക്തഃ
സ ധര്‍മ്മ ഇതി നിശ്ചയഃ'' (മ.ഭാ. ശാന്തി. 100.14)
ധാരണാത് ധര്‍മ്മം ഇതി ആഹൂഃ = ധാരണം ചെയ്യുന്നതുകൊണ്ട് ധര്‍മ്മം എന്നു വിളിക്കുന്നു. ധര്‍മ്മഃ പ്രജാഃ ധാരയതേ = ധര്‍മ്മം പ്രജകളെ ധരിക്കുന്നു. യഃ ധാരണസംയുക്തഃ സ്യാത്= ഏതാണോ ധരിക്കുക എന്ന പ്രവൃത്തി ചെയ്യുന്നത്.
സഃ ധര്‍മ്മഃ ഇതി നിശ്ചയഃ = അതു ധര്‍മ്മം എന്നു നിശ്ചയം.
ആരാണു പ്രജകള്‍? പ്രജനിക്കുന്നവ-പ്രകര്‍ഷേണ ഉണ്ടായിവരുന്നവ. ഇവ എവിടെനിന്നുണ്ടാകുന്നു?
ഒരു മൂലകാരണം ഉത്ക്രമിച്ച്- പരിണമിച്ച്- ഉണ്ടായതാണ് ലോകത്തിലുള്ള എല്ലാ വസ്തുക്കളും. ലോകത്തിന് ജഗത്ത് എന്നു പേരുണ്ട്. ജഗത്ത് എന്നാല്‍ ഗമിച്ചുകൊണ്ടിരിക്കുന്നത്; പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഗമിക്കുക എന്നു പറഞ്ഞാല്‍ ഒരു സ്ഥാനം വിട്ടു വേറെ സ്ഥാനത്തെ പ്രാപിക്കുക എന്നാണര്‍ത്ഥം. ലോകത്തിന് എങ്ങോട്ടും പോകാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഈയര്‍ത്ഥം ഇവിടെ ലോജിക്കില്ല. ഇവിടെ ഗമിക്കുക എന്നതിന് ഒരവസ്ഥയെ വിട്ട് വേറെ അവസ്ഥയെ പ്രാപിക്കുക എന്നര്‍ത്ഥമെടുക്കണം. ഇതാണ് ഉത്ക്രാന്തി (ല്ീഹൗശേീി). ജഗത്തുണ്ടാകുന്നതിന് മുമ്പ് അതിന്റെ കാരണം ഉണ്ടായിരുന്നു. ഈ കാരണത്തെയും അത് ജഗത്തായിത്തീരുന്ന പ്രക്രിയയും പറയുന്നത് ആത്മജ്ഞാനത്തിലെ തത്ത്വമസി പ്രകരണത്തിലാണ്. ഛാന്ദോഗ്യോപനിഷത്ത് ആറും ഏഴും അധ്യായങ്ങളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നതാണ് ഈ പ്രകരണം.
ഈ ജഗത്ത് ആദിയില്‍ സത്തുമാത്രമായിരുന്നു. രണ്ടാമതൊന്നും ഉണ്ടായിരുന്നില്ല എന്ന് അവിടെ പറയുന്നു. സത്ത് എന്ന വാക്കിന് ഉള്ളത് എന്നര്‍ത്ഥം. എന്തുകൊണ്ടാണ് ഇതിന് ഈ പേരിട്ടത്? വേറെ ഒരു പേരും പറയാന്‍ പറ്റാത്തതുകൊണ്ട്. ഏതെങ്കിലും പേരിടണമെങ്കില്‍ ആ പേരിനെ സാധൂകരിക്കുന്ന ധര്‍മ്മം ആ വസ്തുവിലുണ്ടാകണം. ഇവിടെ അങ്ങനെ ഒന്നുമില്ല. അതുകൊണ്ട് അതിന് സത്ത്-ഉണ്‍മ എന്ന് പേരിട്ടു. സത് ജഗത്തായിത്തീരുന്ന പ്രക്രിയ ഉത്ക്രാന്തിയാണ്. ഉത്ക്രാന്തിക്കു ബാഹ്യമായ പ്രേരണയില്ല. പ്രേരിപ്പിക്കാന്‍ ആരും ഒന്നുമില്ലല്ലൊ. അതു സഹജമായ ഇച്ഛകൊണ്ടാണ് ഉത്ക്രമിക്കുന്നത്. ''ഞാന്‍ ഉത്ക്രമിക്കട്ടെ'' എന്ന അതിന്റെ സങ്കല്‍പംകൊണ്ട് ഉത്ക്രാന്തി ആരംഭിക്കുന്നു. സങ്കല്‍പിക്കുമ്പോള്‍ അത് ചിത്ത് എന്ന ബോധമണ്ഡലം ആകുന്നു. അവിടെനനിന്ന് മേല്‍ക്കുമേല്‍ ബോധമണ്ഡലങ്ങള്‍ ഉണ്ടാകുന്നു; ഒപ്പം ശക്തിമണ്ഡലങ്ങളും. ബോധമണ്ഡലം സ്പന്ദിച്ചാണ് ശക്തിമണ്ഡലമാകുന്നത് ശക്തി ഖനീഭവിച്ചു ദ്രവ്യമാകുന്നു.
എന്തെല്ലാമുണ്ടോ അവയെല്ലാം സത്ത് എന്ന ആദ്മബോധത്തിന്റെ പരിണാമമാണ്. ആ നിലക്ക് എല്ലാം ഒന്നാണ്. ഇതാണ് നാനാത്വത്തിലെ ഏകത്വം. പലതില്ല. കാണുന്നവനും കാണപ്പെടുന്നതും ഒന്നുതന്നെ- സത്ത്. ഇതാണു യഥാര്‍ത്ഥമായ അദ്വൈതം.
സത്തില്‍നിന്ന് എന്തെല്ലാം ഉത്ക്രമിച്ചുണ്ടാകുന്നുവോ അവയെല്ലാമാണ് പ്രജകള്‍. അവയെയെല്ലാം നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. എന്താണ് ധര്‍മ്മത്തിന്റെ സ്വരൂപം? ജഗത്തിനു നിലനില്‍പ്പുണ്ടാകുന്നത് അതിന്റെ ഓരോ ഘടകവും മറ്റു ഘടകങ്ങളുടെ ഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. അന്യോന്യം അഹിതം ചെയ്യാന്‍ തുടങ്ങിയാല്‍ സാര്‍വത്രികമായ നിയമം പരസ്പരതയാണ്. ഈ പാരമ്പര്യനിയമത്തെയാണ് ധര്‍മ്മമെന്നു പറയുന്നത്.
ഈ നിയമം എപ്പോഴാണുണ്ടായത്? നിയമം പാലിക്കേണ്ട വസ്തുക്കള്‍ ഉണ്ടായശേഷം അവയെ നിയന്ത്രിക്കാന്‍ ഉണ്ടായതാണോ? അല്ല. പ്രകൃതിനിയമങ്ങളൊന്നും അങ്ങനെയുണ്ടായതല. ഉദാഹരണത്തിന് ചലനനിയമങ്ങള്‍ നോക്കുക. ചലിക്കുന്ന പദാര്‍ത്ഥങ്ങളുണ്ടായിക്കഴിഞ്ഞല്ല ചലനനിയമങ്ങള്‍ ഉണ്ടായത്. അവ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. വസ്തുക്കള്‍ ഉണ്ടാകുമ്പോള്‍ ഈ നിയമങ്ങള്‍ക്കു വിധേയമായിട്ടേ അവയ്ക്കു ചലിക്കാന്‍ പറ്റൂ. ഇനി ആ വസ്തുക്കളില്ലാതായാലും നിയമങ്ങള്‍ ഇല്ലാതാവില്ല. ചലിക്കാന്‍ ഒന്നുമില്ലാതായശേഷവും ചലനനിയമങ്ങള്‍ നിലനില്‍ക്കും. ഇതുപോലെ പാരസ്പര്യനിയമവും. അതു പാലിക്കേണ്ട വസ്തുക്കളുണ്ടായതില്‍പ്പിന്നെ ഉണ്ടായതല്ല. നിയമം അനാദിയായി ഉണ്ട്. വസ്തുക്കളുണ്ടാകുമ്പോള്‍ അവയ്ക്കു നിലനില്‍പ്പു വേണമെങ്കില്‍ ഈ നിയമം അനുസരിച്ചേ പറ്റൂ.
No comments:
Post a Comment