പരമാത്മ സ്വരൂപത്തെ അറിയാം
സ്വാമി ധ്രുവചൈതന്യ
Series No: ഉപനിഷത്തിലൂടെ 48
Wednesday 17 January 2018 2:30 am IST
സൂര്യന്റെ പേരക്കുട്ടിയായ ഗാര്‍ഗ്യന്റെ ചോദ്യങ്ങളും അതിനുള്ള പിപ്പലാദമുനിയുടെ ഉത്തരവുമാണ് നാലാം പ്രശ്‌നത്തില്‍.
അഥ ഹൈനം സൗര്യായണീ
ഗാര്‍ഗ്യഃ പ്രപച്ഛ
ഭഗവന്‍ ഏതസ്മിന്‍ പുരുഷേ കാനിസ്വപന്തി?
കാന്യസ്മിന്‍ ജാഗ്രതി? കതര ഏഷ ദേവഃ സ്വപ്നാന്‍ പലൂതി?
കസൈ്യതത് സുഖം ഭവതി? കസ്മിന്‍
നു സര്‍വ്വേ
സമ്പ്രതിഷ്ഠിതാ ഭവന്തീതി
സൗര്യായണിയായ ഗര്‍ഗ്യന്‍ ഗുരുവിനോട് ചോദിച്ചു അല്ലയോ ഭഗവാനേ മനുഷ്യന്‍ ഉറങ്ങുമ്പോള്‍ ഏതൊക്കെ കരണങ്ങളാണ് പ്രവര്‍ത്തിക്കാതിരിക്കുന്നത് (ഉറങ്ങുന്നത്)? ഏതെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് (ഉണര്‍ന്നിരിക്കുന്നത്)? ഏത് ദേവനാണ് സ്വപ്നങ്ങളെ കാണുന്നത്? ആര്‍ക്കാണ് സുഖം ഉണ്ടാകുന്നത്? ആരിലാണ് സ്ഥിതിചെയ്യുന്നത് (ലയിച്ചിരിക്കുന്നത്)?
ആദ്യ മൂന്ന് പ്രശ്‌നങ്ങളില്‍ പ്രപഞ്ചത്തെപ്പറ്റിയുള്ള കാര്യങ്ങളെ വിവരിച്ചു. ഇനി പരമാത്മ സ്വരൂപത്തെ വിവരിക്കുകയാണ് അടുത്ത മൂന്ന് പ്രശ്‌നങ്ങളില്‍. ദ്വൈതത്തില്‍ നിന്നും അദ്വൈതത്തിലേക്ക് ശിഷ്യരെ ക്രമത്തില്‍ ഉയര്‍ത്തലാണ് ഇവിടെ. അഗ്നിയില്‍നിന്നുമുണ്ടാകുന്ന തീപ്പൊരികള്‍ അതില്‍ത്തന്നെ എരിഞ്ഞടങ്ങുന്നതുപോലെ എല്ലാം പരമാത്മാവില്‍ നിന്ന് ഉണ്ടായി അതില്‍ തന്നെ ലയിക്കുന്നു. അങ്ങനെ അക്ഷരബ്രഹ്മ ലക്ഷണത്തേയും അത് അറിയാനായി ജാഗ്രത്. സ്വപ്ന, സുഷുപ്തി അവസ്ഥകളെപ്പറ്റിയുള്ള വിചാരവും ചെയ്യുന്നു. എല്ലാറ്റിനും ആധാരമായ പരമാത്മാതത്ത്വത്തെ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്തുകയാണ് ഇവിടെ.
തസ്‌മൈ സഹോവാച യഥാഗര്‍ഗ്ഗ്യ
മരീചയോര്‍ക്കസ്യാസ്തം ഗച്ഛതഃ സര്‍വ്വാ
ഏതസ്മിന്‍ തേജോമണ്ഡല ഏകീഭവന്തി സാപുനഃ
പുനരുദയതഃ പ്രചാരന്ത്യേവം
ഹവൈ തത്‌സര്‍വ്വം
പരേ ദേവേ മനസ്യേകീഭവതി
തേന തര്‍ഹ്യേഷ
പുരുഷോ ന ശൃണോതി നപശ്യതി
നജിഘ്രതി
ന രസയതേ നസ്പൃശതേ
നാ ഭിവദതേ നാദത്തേ
നാനന്ദയതേ ന വിസുജതേ നേയായതേ സ്വപിതീത്യചക്ഷതേ
പിപ്പലാദമുനി ഗാര്‍ഗ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ രശ്മികള്‍ എല്ലാം സൂര്യന്റെ തേജോമണ്ഡലത്തില്‍ ഒന്നായി ചേരുന്നു. ഉദിക്കുമ്പോള്‍ വീണ്ടും ഉണ്ടായി എങ്ങും വ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ ഉറങ്ങുന്ന സമയത്ത് ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളും മനസ്സില്‍ ലയിച്ച് ഒന്നായിത്തീരുന്നു. ഉണരുമ്പോള്‍ മനസ്സില്‍നിന്ന് ഉണ്ടായി എല്ലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പ്രത്യേകമായ നിലനില്‍പ്പില്ല. അതിനാല്‍ നാം ഉറങ്ങുമ്പോള്‍ കേള്‍ക്കുകയോ കാണുകയോ മണക്കുകയോ രുചിക്കുകയോ സ്പര്‍ശിക്കുകയോ സംസാരിക്കുകയോ എടുക്കുകയോ ആനന്ദിക്കുകയോ വിസര്‍ജ്ജിക്കുകയോ പോവുകയോ ഒന്നും ചെയ്യുന്നില്ല. ഇങ്ങനെയുള്ള അവസ്ഥയെയാണ് 'ഉറങ്ങുന്നു' എന്ന് ആളുകള്‍ പറയുന്നത്.
സുഷുപ്തി അഥവാ ഗാഢനിദ്ര അല്ലെങ്കില്‍ ഉറക്കം എന്നിങ്ങനെ നമ്മള്‍ വിശേഷിപ്പിക്കുന്ന അവസ്ഥയെയാണ് ഇവിടെ വിവരിച്ചത്. ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ ലയിച്ച് ഈ ലോകത്തെക്കുറിച്ചുള്ള അനുഭവം ഇല്ലാതെയിരിക്കുന്ന സ്ഥിതിവിശേഷമാണ് സുഷുപ്തി. അസ്തമയവേളയില്‍ സൂര്യരശ്മികള്‍ എല്ലാം സൂര്യനില്‍തന്നെ ലയിച്ചുപോകുന്നതുപോലെയാണിത്. ഉദിക്കുമ്പോള്‍ അവ വീണ്ടും പ്രസരിക്കുന്നതുപോലെ നാം ഉണരുമ്പോള്‍ ഇന്ദ്രിയ മനസ്സുകളും പ്രവര്‍ത്തനക്ഷമമാകും. ഇന്ദ്രിയങ്ങളും മനസ്സും ഉണര്‍ന്ന് വിഷയങ്ങളെ പ്രകാശിപ്പിക്കുമ്പോള്‍ ജാഗ്രത്ത് എന്നുപറയുന്നു. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിച്ചാലും മനസ്സില്‍ ഇളക്കമുണ്ടായി ഓളം തല്ലുമ്പോള്‍ അതിനെ സ്വപ്നം എന്നും പറയുന്നു.
പ്രാണാഗ്നയ ഏവൈതസ്മിന്‍
പുരേജാഗ്രതി
ഗാര്‍ഹപത്യോ ഹവാ ഏഷോപാനോ
വ്യാനോന്വാഹാര്യപചനോയദ്
ഗാര്‍ഹപത്യാത്
പ്രണീയതേ പ്രണനാദാഹവനീയഃ പ്രാണഃ
നാം ഉറങ്ങുമ്പോള്‍ ശരീരമാകുന്ന പുരത്തില്‍ ഉണര്‍ന്നിരിക്കുന്നത് പ്രാണവായുക്കളായ അഗ്നികളാണ്.
അപാനവായു ഗാര്‍ഹപത്യഅഗ്നിയുടെയും വ്യാനന്‍ ദക്ഷിണാഗ്നിയുടെയും സ്ഥാനമുള്ളവയാണ്. അപാനവായുവില്‍ നിന്ന് വേര്‍പെട്ടുപോകുന്നുവെന്ന കാരണത്താല്‍ പ്രാണന്‍ ഗാര്‍ഹപത്യ അഗ്നിയില്‍ നിന്നും വേര്‍പെടുത്തിയെടുക്കുന്ന ആഹവനീയാഗ്നിയാകുന്നു. ഇതിനെ ദക്ഷിണാഗ്നി എന്നും പറയുന്നു.
അഗ്നിയ്ക്ക് വായുവിനോടുള്ള സാമ്യത കണക്കിലെടുത്താണ് പഞ്ചപ്രാണങ്ങളെ അഗ്നികള്‍ എന്നുവിളിച്ചത്. ഇവയ്ക്ക് സാമ്യം യാഗത്തിനുപയോഗിക്കുന്ന അഗ്നികളെപ്പോലെയാണ്. അഗ്നിഹോത്രികള്‍ കെടാതെ സൂക്ഷിക്കുന്ന പരിശുദ്ധമായ അഗ്നിയാണ് ഗാര്‍ഹപത്യന്‍. ഈ ഗാര്‍ഹപത്യ അഗ്നിയില്‍നിന്ന് ഹോമദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ആഹവനീയന്‍ എന്ന ഒരു അഗ്നിയെ വേര്‍പെടുത്തി എടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കാറുണ്ട്. അതുകൊണ്ട് ഇത് ആഹവനീയാഗ്നിക്ക് സമമാണ്. ഹൃദയത്തിന്റെ വലതു (ദക്ഷിണ) വശത്തെ തുളയിലൂടെ പുറത്തുപോകുന്നതിനാല്‍ വ്യാനനെ ദക്ഷിണാഗ്നിയായി പറയാം.
ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ ലയിച്ചിരിക്കുന്ന സമയത്ത് പ്രാണവായുക്കളാണ് ഈ ശരീരത്തില്‍ ഉണര്‍ന്നിരിക്കുന്നത് എന്ന് ഇവിടെ വ്യക്തമാക്കുന്നു. ഗാര്‍ഗ്യന്റെ രണ്ടാം ചോദ്യത്തിന്റെ ഉത്തരമാണിത്.
No comments:
Post a Comment