Monday, February 05, 2018

രണ്ടാം മുണ്ഡകം ഖണ്ഡം 2
രൂപമില്ലാതെയും നാശമില്ലാതെയും ഇരിക്കുന്ന പരമാത്മാവിനെ എങ്ങനെ അറിയണം എന്ന് പറയുന്നു.
ആവിഃ സന്നിഹിതം 
ഗുഹാചാരം നാമ
മഹത്പദമത്രൈതത് 
സമര്‍പ്പിതം
ഏജത് പ്രാണന്നിമിഷച്ച
 യദേതജ്ജാനഥ
സദസദ്‌വരേണ്യം പരം വിജ്ഞാനാദ്
യദ് വരിഷ്ടം പ്രജാനാം
സ്വയം തെളിവായി ഹൃദയഗുഹയില്‍ കുടികൊള്ളുന്ന ബ്രഹ്മം ഇന്ദ്രിയങ്ങളിലൂടെ പ്രകാശിക്കുകയും ഏറ്റവുമടുത്ത് ഇരിക്കുകയും ചെയ്യുന്നു. ചലിക്കുന്നതും ശ്വസിക്കുന്നതും കണ്ണിമയ്ക്കുന്നതുമായി എന്തൊക്കെയുണ്ടോ അവയെല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിതമാണ്. സത്തും അസത്തും എല്ലാവര്‍ക്കും വരേണ്യവും ജനങ്ങളുടെ അറിവിന് അപ്പുറത്തുള്ളതും വരിഷ്ഠവുമായ ബ്രഹ്മത്തെ അറിയൂ.
നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ഏറ്റവും അടുത്തിരിക്കുന്നയാളാണ് ബ്രഹ്മം. വിചാരങ്ങള്‍, വികാരങ്ങള്‍ ഇന്ദ്രിയ ജ്ഞാനങ്ങള്‍ എന്നിവയിലൂടെ വെളിവായി പ്രകാശിക്കുന്നു. ആവിഃ എന്നാല്‍ 'വെളിവ്' എന്നര്‍ത്ഥം. എല്ലാവരുടെയും ലക്ഷ്യസ്ഥാനം ബ്രഹ്മം തന്നെ. ആരക്കാലുകള്‍ രഥചക്രത്തിന്റെ നാഭിയില്‍ ഉറപ്പിക്കപ്പെട്ടതുപോലെ ലോകത്തിലെ സകലതും ബ്രഹ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്രകണ്ട് മഹത്തായതിനാലാണ് മഹത്പദം എന്നു വിശേഷിപ്പിച്ചത്. സ്ഥൂലവും സൂക്ഷ്മവും രൂപമുള്ളതും ഇല്ലാത്തതുമായി എന്തൊക്കെയുണ്ടോ അതെല്ലാം ആ പരമപുരുഷനാണ്. ആളുകളുടെ അറിവിന് അപ്പുറമുള്ള ബ്രഹ്മം സത്തായ ജീവനില്‍ നിന്നും അസത്തായ ജഗത്തില്‍ നിന്നും മേലെയായി വാണരുളുന്നു. എല്ലാ ജീവികള്‍ക്കും ആശ്രയവും എല്ലാറ്റിലും കേമവുമായ എങ്ങും നിറഞ്ഞ ബ്രഹ്മത്തെയാണ് അറിയേണ്ടത്.
യദര്‍ച്ചിമദ്യൗണുഭ്യോളണുച
യസ്മിന്‍ ലോകാനിഹിതാ
 ലോകിനശ്ച
തദേതദക്ഷരം ബ്രഹ്മ പ്രാണസ്തദുവാങ്മനഃ
തദേതത് സത്യം തദമൃതം തദ്‌വേദ്ധവ്യം സോമ്യവിദ്ധി
തെളിഞ്ഞ് വിളങ്ങുന്നതും അണുവിനേക്കാള്‍ അണുവും ലോകങ്ങളും ലോകത്തിലുള്ളവരും നിലനില്‍ക്കുന്നതുമായ ആ അക്ഷരബ്രഹ്മമാണ് ഇത്. പ്രാണനും വാക്കും മനസ്സും ആയത് അതു തന്നെയാണ്. സത്യവും അമൃതവുമായ ബ്രഹ്മത്തില്‍ മനസ്സിനെ ഏകാഗ്രമാക്കി അറിയണം.
ബ്രഹ്മത്തിന്റെ വെളിച്ചമാണ് സൂര്യന്‍ തുടങ്ങിയ ജ്യോതിര്‍ഗോളങ്ങളുടെ വെളിച്ചം. അര്‍ച്ചിമദ് എന്നതുകൊണ്ട് വളരെ ദീപ്തമായത്, പ്രകാശപൂരിതമായത്, വെളിച്ചമേറിയത് എന്നാണ് അര്‍ത്ഥം. ഏറ്റവും ചെറിയ അണുവിനേക്കാള്‍ സൂക്ഷ്മവും ഏറ്റവും വലുതിനേക്കാള്‍ വലുതുമാണ് ബ്രഹ്മം. ഭൂലോകം, സ്വര്‍ലോകമുള്‍പ്പെടെ എല്ലാ ലോകങ്ങളും അവിടെ വസിക്കുന്നവരും ബ്രഹ്മത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. എല്ലാറ്റിനും ആശ്രയമായ ചൈതന്യമാണത്.
പ്രാണനും വാക്കും മനസ്സും ഇന്ദ്രിയങ്ങളുമൊക്കെ ബ്രഹ്മത്തിന്റെതാണ്. സത്യവും അമൃതവുമായ ബ്രഹ്മത്തെയാണ് വേധിക്കേണ്ടത്. വേദ്ധവ്യം എന്നാല്‍ ലക്ഷ്യം നേടുക, അറിയുക, മനസ്സിനെ ഏകാഗ്രമാക്കുക എന്നര്‍ത്ഥം. ആത്മചൈതന്യത്തില്‍ മനസ്സിനെ നല്ലപോലെ ഉറപ്പിക്കണം. തത്, ഏതത് എന്ന വിശേഷണങ്ങള്‍ അറിയപ്പെടാത്ത നിര്‍ഗുണവും അറിയുന്നതായ സഗുണവും ബ്രഹ്മം തന്നെ വ്യക്തമാക്കുന്നു.
എങ്ങനെ വേധിക്കണം എന്നതിനെ പറയുന്നു-
ധനുര്‍ഗൃഹത്വൗപനിഷദം മഹാസ്ത്രം
ശരം ഹ്യുപാസാനിശിതം സന്ദധീത
ആയമ്യ തദ്ഭാവഗതേന ചേതസാ
ലക്ഷ്യം തദേവാക്ഷരം സോമ്യവിദ്ധി
ഉപനിഷത്തുക്കള്‍ പറയുന്നതായ മഹത്തായ ആയുധമായ വില്ലെടുത്ത് ഉപാസനയാല്‍ മൂര്‍ച്ചകൂട്ടിയ ശരം തൊടുത്ത് വലിച്ച് ബ്രഹ്മഭാവത്തിലുറച്ച മനസ്സിനാല്‍ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യത്തെ വേധിക്കണം.
ബ്രഹ്മത്തില്‍ മനസ്സിനെ ഏകാഗ്രമാക്കണം. ഉപനിഷത്ത് പ്രസിദ്ധമായ മഹാവില്ലെടുത്ത് വേണം കുലയ്ക്കാന്‍. ഉപാസനകൊണ്ട് തീക്ഷ്ണമായ ശരം വേണം തൊടുക്കാന്‍. കൊള്ളിക്കേണ്ട ലക്ഷ്യം ബ്രഹ്മമാണ്.
അപ്പോള്‍ എന്തായിരിക്കും വില്ലും ശരവും.
പ്രണവോ ധനുഃ ശരോഹ്യാത്മാ
ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധവ്യം
ശരവത്തന്‍മയോ ഭവേത്
പ്രണവം എന്ന ഓങ്കാരമാണ് വില്ല്. ശരം ജീവാത്മാവാണ്. ലക്ഷ്യം ബ്രഹ്മവും. ഒരു പിഴവും കൂടാതെ  ശ്രദ്ധയോടെ ശരം ലക്ഷ്യത്തില്‍ എയ്ത് കൊള്ളിക്കണം അഥവാ തറച്ചുകയറ്റണം. അപ്പോള്‍ ആ അമ്പ് അതിലേക്കങ്ങ് ഒന്നായിച്ചേരും. ജീവാത്മാവ് ബ്രഹ്മമായിത്തീരും.
ഓങ്കാര ഉപാസനയുടെ അഥവാ പ്രണവോപാസനയുടെ ഫലമാണ് ഈ മന്ത്രത്തില്‍ പറഞ്ഞത്. ജീവാത്മാ-പരമാത്മാ ഐക്യമാണ് വേണ്ടത്. പരമാത്മാവുമായി നമുക്ക് ചേരാനുള്ള ഉത്തമമായ സാധനയാണ് പ്രണവോപാസന. ഓങ്കാരമാകുന്ന വില്ലില്‍ തൊടുത്ത ജീവാത്മാവാകുന്ന അമ്പ് ശരിയായ ലക്ഷ്യമായിട്ടുള്ള  അക്ഷരബ്രഹ്മത്തില്‍ ചെന്നുചേരുന്നു. വിഷയങ്ങളില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിച്ച് ഏകാഗ്രമാക്കി മാറ്റിയാല്‍ മാത്രമേ ജീവന് ബ്രഹ്മ ലക്ഷ്യത്തിലെത്താനാകൂ. വളരെ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ പിഴവില്ലാതെ ലക്ഷ്യത്തെ ഭേദിക്കാന്‍ കഴിയൂ. ബ്രഹ്മത്തില്‍ തുളച്ചുകയറിയ ജീവന്‍ ബ്രഹ്മമായിത്തന്നെ തീരുന്നു. തന്മയീഭവിച്ച് ഒന്നായിമാറുന്നു.

No comments:

Post a Comment