Thursday, February 01, 2018

മുണ്ഡകോപനിഷത്ത്-8
ഉത്കൃഷ്ട ഗതിയെത്തരുന്ന വിദ്യയുടെ  മാഹാത്മ്യത്തെ വിവരിക്കുന്നു.
തപശ്രദ്ധേ യേ ഹ്യുപവ സന്ത്യരണ്യേ
ശാന്താവിദ്വാംസോ ഭൈക്ഷ്യചര്യാം ചരന്തഃ
സൂര്യദ്വാരേണ തേ വിരജാഃ പ്രയാന്തി
യത്രാമൃതഃ സപുരുഷോ ഹ്യവ്യയാത്മാ
ശാന്തന്മാരും വിദ്വാന്മാരുമായവര്‍ കാട്ടില്‍ താമസിച്ച് തപസ്സോടും ശ്രദ്ധയോടും കൂടി കഴിഞ്ഞ് ഭിക്ഷാടനം നടത്തി പുണ്യപാപങ്ങളില്ലാതെ വിരജന്മാരായിത്തീര്‍ന്ന് സൂര്യമാര്‍ഗ്ഗത്തിലൂടെ അവ്യയനായ പുരുഷനില്‍ പ്രവേശിക്കുന്നു.
മുന്‍മന്ത്രങ്ങളില്‍ പറഞ്ഞതില്‍നിന്ന് വിപരീതമായി ജീവിക്കുന്നവരെയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ഇന്ദ്രിയങ്ങളെ നന്നായി അടക്കിയവരാണ് ശാന്തന്മാര്‍. അറിവ് നേടുന്നതിനാല്‍ വിദ്വാന്മാരുമായി. അവര്‍ സ്വന്തമായി ഒന്നും കൈവശം വച്ചിരിക്കാത്തതിനാല്‍ ഭിക്ഷയെടുത്താണ് ജീവിതം. ഇത്തരത്തിലുള്ള സന്ന്യാസിമാരും വാനപ്രസ്ഥരും ഗൃഹസ്ഥരും തങ്ങളുടെ ആശ്രമത്തിന് വിധിച്ച കര്‍മ്മങ്ങളെ ചെയ്തും ഹിരണ്യഗര്‍ഭ ഉപാസനയെ ചെയ്തും പാപപുണ്യങ്ങള്‍ ക്ഷയിച്ച വിരാജന്മാരാകുന്നു. ഉള്ളില്‍ രജസ്സ് ഇല്ലാത്തവരാണ് വിരജന്മാര്‍. സൂര്യലോകം വഴി ഉത്തരായണത്തിലൂടെ സഞ്ചരിക്കുന്ന ഇവര്‍ ഹിരണ്യഗര്‍ഭന്റെ സത്യലോകത്തില്‍ എത്തുന്നു. അമൃതവും അവ്യയവുമാണിവിടം. മരണത്തിനപ്പുറവും സംസാരമുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതുമാണ് ഹിരണ്യഗര്‍ഭലോകം.
അരണ്യേ എന്ന് പറഞ്ഞതുകൊണ്ട് കാട്ടില്‍ എന്നോ ഏകാന്തത്തില്‍നിന്നോ അര്‍ത്ഥമെടുക്കാം. തപസ്സിലും ശ്രദ്ധയിലും മുഴുകിക്കഴിയുന്ന ഇവര്‍ കിട്ടുന്ന അന്നംകൊണ്ട് ആനന്ദത്തോടെ ജീവിക്കുന്നവരാണ്. ഇവര്‍ക്ക് ഉത്തരായണത്തിലൂടെയുള്ള ക്രമമുക്തി കിട്ടും. കല്‍പാന്തത്തില്‍ ജ്ഞാനംനേടി മുക്തിയെ നേടാം. തപസ്സ് എന്നതുകൊണ്ട് ഓരോ ആശ്രമത്തിലും ചെയ്യേണ്ട കര്‍മവും ശ്രദ്ധ എന്നാല്‍ ഹിരണ്യഗര്‍ഭ ഉപാസനയുമാണ്. പുണ്യപാപങ്ങള്‍ തീര്‍ന്ന് വിരജനായാലും ബ്രഹ്മജ്ഞാനം നേടാത്തതിനാല്‍ സദ്യോമുക്തിലഭിക്കില്ല. അതുകൊണ്ട് ഇക്കൂട്ടര്‍ക്ക് ക്രമമുക്തി മാത്രം. ചന്ദ്രലോകത്ത് പോയി തിരിച്ചുവരുന്നവരേക്കാളും സ്വര്‍ഗസുഖങ്ങളനുഭവിച്ച് ഹീനയോനിയില്‍  പോയി വീഴുന്നവരേക്കാളും എത്രയോ മേലെയാണ് കര്‍മ്മവും ഉപാസനയും ചേര്‍ന്ന് ചെയ്യുന്നവരുടേതെന്ന് ഇവിടെ സ്ഥാപിക്കുന്നു.
എന്നാല്‍ ഇതുതന്നെയാണ് യഥാര്‍ത്ഥമോക്ഷം എന്നു കരുതുന്നുവെങ്കില്‍ ശരിയല്ല. മേല്‍പ്പറഞ്ഞത് ശ്രുതിവാക്യങ്ങള്‍ക്ക് വിപരീതമാണെന്നുള്ളതിനാല്‍ മോക്ഷം എന്ന് പറയാനാകില്ല. അപരവിദ്യകൊണ്ട് നേടുന്നത് മുക്തിയാകാന്‍ തരമില്ല. ബ്രഹ്മലോകം വരെയുള്ള ഗതിയെ സത്ത്വഗുണ പ്രധാനമായ ഉത്തമഗതിയെന്ന് കരുതണം. പരമാത്മാസാക്ഷാത്കരം തന്നെയാണ് ഓരോ ജീവനും വേണ്ടത്.
പരമാത്മാവിനെ സാക്ഷാത്കരിക്കാനുള്ള പരബ്രഹ്മവിദ്യയ്ക്ക് അധികാരി ആരെന്ന് ഇനി പറയുന്നു.
പരീക്ഷ്യ ലോകാന്‍ കര്‍മചിതാന്‍ ബ്രാഹ്മണോ
നിര്‍വ്വേദമായാന്നാസ്ത്യകൃതഃ കൃതേന
തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത്
സമിത് പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം
കര്‍മ്മങ്ങളാല്‍ നേടിയ ലോകങ്ങളെയൊക്കെ പരീക്ഷിച്ചു നോക്കി ബ്രാഹ്മണന്‍ അവയുടെയൊക്കെ നിസ്സാരതയും അനിത്യതയും മനസ്സിലാക്കി. പരമപദം നേടാന്‍ ഇതിനാല്‍ കഴിയില്ലെന്നറിഞ്ഞ് വിരക്തനായി അതിനെ അറിയാനായി കൈയില്‍ ചമതക്കെട്ടുമായി ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ വേണ്ടപോലെ സമീപിക്കണം.
അപരവിദ്യയുമായി ബന്ധപ്പെട്ട കര്‍മ്മാനുഷ്ഠാനങ്ങളിലും അതേത്തുടര്‍ന്ന് കിട്ടുന്ന ലോകങ്ങളിലും  വിരക്തി വന്നയാള്‍ക്കു മാത്രമേ പരബ്രഹ്മവിദ്യയ്ക്ക് അധികാരമുള്ളൂ. കര്‍മ്മാനുഷ്ഠാനംകൊണ്ട് നേടുന്ന ബ്രഹ്മാവിന്റെ ഉള്‍പ്പെടെയുള്ള സകലലോകങ്ങളും സംസാരഗതി തന്നെയാണ്. വിത്തും മുളയുംപോലെ പരസ്പരം സംസാരഗതിതന്നെയാണ്. വാഴപ്പിണ്ടിപോലെ നിസ്സാരമാണത്. ഇന്ദ്രജാലം, മരീചിക, ആകാശത്തെ ഗന്ധര്‍വനഗരം എന്നിവയെപ്പോലെ വാസ്തവമല്ലാത്തതുമാണ്. സ്വപ്‌നം, വെള്ളക്കുമിള, നര എന്നിവ കണക്ക് ക്ഷണംതോറും നശിക്കുന്നതുമാണ്. അവിദ്യ, കാമം എന്നിവയാലുണ്ടാകുന്ന കര്‍മ്മങ്ങളിലൂടെ കിട്ടുന്ന ഈ ലോകങ്ങള്‍ വെറും പാഴ് തന്നെ. ഇതിനെ പരീക്ഷിച്ചറിഞ്ഞ് അതില്‍ സാരമില്ലെന്ന് മനസ്സിലാക്കുന്ന ബ്രാഹ്മണന്‍ നേരിനെ അറിയാന്‍ ഗുരുവിനടുത്ത് എത്തുന്നു. ബ്രാഹ്മണന്‍ ജാതിയെയല്ല കുറിക്കുന്നത്; മാനസികവും, ബുദ്ധിപരവും ആദ്ധ്യാത്മികവുമായി ഉയര്‍ന്ന തരത്തില്‍ നില്‍ക്കുന്നവരാണ്. ബ്രഹ്മത്തെ അറിയുന്നവനോ അതിനായി പ്രയത്‌നം ചെയ്യുന്നവനോ ആണ് ബ്രാഹ്മണന്‍. ചമതകെട്ട് അറിവാകുന്ന അഗ്നിയുടെ പ്രതീകമാണ്. ഒപ്പം വിനയത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റേയും. ഗുരുവിനെ വെറും കയ്യോടെ പോയി കാണരുത് എന്നാണ്. ഗുരു ഗോത്രിയനും ബ്രഹ്മനിഷ്ഠനുമാകണം. വിധിപ്രകാരം മറ്റൊരു ഗുരുവില്‍നിന്ന് പഠിച്ച് അറിവ് നേടിയയാളും ബ്രഹ്മജ്ഞാനത്തില്‍ ഉറച്ച നിഷ്ഠയുള്ളയാളും ആകണമെന്ന് സാരം.
ശിഷ്യനെത്തിയാല്‍ ഗുരു എന്തു ചെയ്യണം
തസ്‌മൈ സ വിദ്വാനുപസന്നായ സമ്യക്
പ്രശാന്ത ചിത്തായ ശമാന്വിതായ
യേനാക്ഷരം പുരുഷം വേദ സത്യം
പ്രോവാച താം തത്ത്വതോ ബ്രഹ്മവിദ്യാം
വിദ്വാനായ ഗുരു തന്റെ അടുത്ത് വിനയത്തോടെ വന്ന് പ്രശാന്ത മനസ്സും ശമാദി ഗുണങ്ങളുമുള്ള ശിഷ്യന് നാശമില്ലാത്തതും സത്യവുമായ അക്ഷരബ്രഹ്മത്തെ അറിയാന്‍ സഹായിക്കുന്ന ബ്രഹ്മവിദ്യ വേണ്ടപോലെ പറഞ്ഞുകൊടുക്കണം.
തന്റെ അടുത്ത് വിജ്ഞാനദാഹവുമായി എത്തുന്ന മിടുക്കനായ ശിഷ്യനെ സംസാരസാഗരത്തില്‍നിന്ന് കരകയറ്റേണ്ടത് ഗുരുവിന്റെ ചുമതലയാണ്. ശിഷ്യന്‍ യോഗ്യതയുള്ളവനും സദ്ഗുണങ്ങളുള്ളവനുമെന്ന് ഗുരുവിന് ബോധ്യപ്പെട്ടാല്‍ വിദ്യ പകര്‍ന്നുകൊടുക്കും. ശാന്തമായ മനസ്സുള്ളവനും ഇന്ദ്രിയമനസ്സുകളെ അടക്കിയവനുമായ ശിഷ്യന്‍ വിരക്തനായി എന്ന് ഗുരുവിന് ഉറപ്പായാല്‍ പിന്നെ ആത്മതത്വത്തെ ഉപദേശിച്ചുകൊടുക്കും. അവിദ്യയുടെ കഷ്ട സമുദ്രത്തില്‍നിന്നും ആത്മാനന്ദത്തിന്റെ സാഗരത്തിലേക്ക് ബ്രഹ്മജ്ഞാനിയായ ഗുരു ശിഷ്യനെ നയിക്കും. അത് അക്ഷരവും പുരുഷവും സത്യവുമായ ആ പരമപദം തന്നെയാണ്. ഇതോടെ മുണ്ഡകോപനിഷത്തിലെ രണ്ടാം ഖണ്ഡവും ഒന്നാം മുണ്ഡകവും 

No comments:

Post a Comment