ഇന്‍ഡസ് അഥവാ ഹാരപ്പന്‍ മുദ്രകളെക്കുറിച്ച് ഈ നാഗരികതയെ കണ്ടെത്തും മുമ്പു തന്നെ അറിയാമായിരുന്നു. 1920-21 കാലത്ത്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പണ്ഡിറ്റ് ദയാറാം സാഹ്‌നി ഹാരപ്പയില്‍ (ഇത് ഇന്ന് പാക്കിസ്ഥാനിലാണ്) ഉത്ഖനനം നടത്തിതുടങ്ങിയപ്പോഴാണ് ഈ നാഗരികതയുടെ പ്രാധാന്യം മനസ്സിലായത്. അടുത്ത വര്‍ഷം രാഖാല്‍ ദാസ് ബാനര്‍ജിയുടെ നേതൃത്വത്തില്‍ സിന്ധിലെ മോഹന്‍ജദാരോയിലും ഉത്ഖനനം നടന്നു. ഇന്ത്യയിലെ പുരാവസ്തുവിദഗ്ധര്‍, കാലപ്പഴക്കത്തില്‍ ഈജിപ്റ്റ്, മെസപ്പൊട്ടേമിയ, ഏലം (തെക്കു- പടിഞ്ഞാറെ ഇറാന്‍) നാഗരികതകളുമായി താരതമ്യം ചെയ്യാവുന്ന, ഒരു നാഗരികതയെ കണ്ടെത്തിയതായി ഇലസ്റ്റ്രേറ്റഡ് ലണ്ടന്‍ ന്യൂസില്‍ 1924-ല്‍ വാര്‍ത്ത വന്നു.
ഈ നാഗരികതയുടെ കാലത്തെ മൂന്നു ഘട്ടങ്ങളായിട്ട് വിഭജിച്ചിരിക്കുന്നു- ആദ്യഘട്ടം, പൂര്‍ണ്ണമായി വികാസം പ്രാപിച്ച ഘട്ടം, പിന്നീടുള്ള കാലം. മോഹന്‍ജദാരോ, ചന്‍ഹുദാരോ, ഹാരപ്പാ, കാളീബംഗന്‍, ബാനാവലീ, ലോഥല്‍, സുര്‍കോടദാ, ധോളാവീരാ, കുണ്ടസി എന്നീ സ്ഥലങ്ങളില്‍ നടത്തിയ ഖനനങ്ങളുടെ വിശദവിവരങ്ങള്‍ ചക്രബര്‍ത്തിയുടെ പുസ്തകത്തില്‍ കാണാം. കോട്ടകള്‍, കെട്ടിടങ്ങളുടെ ഘടനയും വിന്യാസവും തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ കാണപ്പെടുന്നു. സാങ്കേതിക കാര്യങ്ങളെ സംബന്ധിച്ച് വേണ്ടത്ര പരിജ്ഞാനം നിര്‍മ്മാതാക്കള്‍ക്കുണ്ടായിരുന്നു. ജലസംഭരണം, വിതരണം മുതലായവയില്‍ കാര്യമായ കഴിവ് അവര്‍ക്കുണ്ടായിരുന്നു. കെട്ടിടങ്ങള്‍ പണിയുന്നതിനാവശ്യമായ വസ്തുക്കളുടെ ഗുണനിലവാരം, കൃത്യമായ കണക്കുകള്‍ തുടങ്ങിയവയില്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. ഈ നാഗരികത പടുത്തുയര്‍ത്തിയ നമ്മുടെ പൂര്‍വികരുടെ ശാസ്ത്രാവബോധം അല്‍ഭുതാവഹമാണ്. ജ്യോമെറ്റ്രി, വാനശാസ്ത്രം (അസ്റ്റ്രോണമി) തുടങ്ങിയ ശാസ്ത്രശാഖകളില്‍ അവര്‍ക്കു പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേബീപ്രസാദ് ചട്ടോപാധ്യായ എഴുതിയ സയിന്‍സ് ആന്‍ഡ് ഫിലോസഫി ഇന്‍ ഏന്‍ഷ്യന്റ് ഇന്‍ഡ്യ, മാത്തമാറ്റിക്‌സ് ഓഫ് ദി ഹാരപ്പന്‍സ് മുതലായവ വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. വേദത്തിലെ ശുല്‍ബസൂത്രങ്ങള്‍, ശ്രീചക്രഗണിതം എന്നിവയുടെ വേരുകള്‍ ഈ നാഗരികതയിലാണ്.
ആ നാഗരികതയില്‍ ഉപയോഗിച്ചിരുന്ന നിരവധി മുദ്രകള്‍ (സീല്‍) കണ്ടുകിട്ടിയിട്ടുണ്ട്. അവയില്‍ ഒറ്റക്കൊമ്പുള്ള ഒരുതരം മൃഗം (യുണിക്കോണ്‍), ബ്രാഹ്മണിക്കാള, കൊമ്പുള്ള കടുവ, മുതല, മുയല്‍, മാന്‍ തടങ്ങിയ പലതരം മൃഗങ്ങളുടെ രൂപങ്ങള്‍ ഇവയില്‍ കാണാം. മറ്റൊരു പ്രാചീനനാഗരികതകളിലും കാണാന്‍ കഴിയാത്ത സവിശേഷതകള്‍ നിറഞ്ഞതാണ് ഈ മുദ്രകള്‍ എന്നാണ് മക്കായ് എന്ന പണ്ഡിതന്റെ അഭിപ്രായം. സൈന്ധവലിപികള്‍ ഇന്നും വായിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വലത്തുനിന്ന് എടത്തോട്ട് എഴുതുന്ന സമ്പ്രദായമാണ് കൂടുതലും നിലവിലിരുന്നത്. പലതരം പാത്രങ്ങള്‍, ശിലകള്‍, ലോഹങ്ങള്‍ എന്നിവ കൊണ്ടുള്ള സാമഗ്രികള്‍ വന്‍തോതില്‍ നിര്‍മ്മിച്ചിരുന്നു. പലതരം കൊത്തുപണികള്‍ അവര്‍ ടെയ്തിരുന്നു. സ്വര്‍ണ്ണം, വെള്ളി മുതലായവ കൊണ്ടുള്ള വള, മാല മുതലായവ നിര്‍മ്മിച്ചിരുന്നു. തൂക്കം അിറയാനുള്ള കട്ടികള്‍, അളക്കാനുള്ള സ്‌കെയ്‌ലുകള്‍ എന്നിവ ഉപയോഗിച്ചിരുന്നു. അക്കാലത്തെ പലതരം കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെപ്പറ്റിയും വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. കച്ചവടം വിപുലമായ തോതില്‍ നടത്തിയിരുന്നു. ഇന്ത്യയ്ക്കകത്തും അതുപോലെ പുറത്തും ഉള്ള വിവിധസ്ഥലങ്ങളിലേക്ക് വ്യാപാരാവശ്യത്തിനും മറ്റുമായി രൂപം കൊണ്ട സഞ്ചാരപഥങ്ങളെപ്പറ്റി നമുക്കിന്നറിയാം. മക്രന്‍ തീരം, ഗുജറാത്ത് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വഴി ഗള്‍ഫ് നാടുകള്‍, മെസപ്പൊട്ടേമിയ മുതലായവയുമായും ആ പൂര്‍വികര്‍ ബന്ധപ്പെട്ടിരുന്നു.
അവര്‍ പിന്തുടര്‍ന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഒരു ഏകദേശധാരണ പുരാവസ്തുശാസ്ത്ര പണ്ഡിതര്‍ക്ക് ഇന്നുണ്ട്. ഹോമകുണ്ഡങ്ങള്‍, ശിവലിംഗങ്ങള്‍, സപ്തമാതൃക്കള്‍ മുതലായ ദേവീരൂപങ്ങള്‍, യോഗാസനസ്ഥിതിയിലുള്ള രൂപങ്ങള്‍, വൃക്ഷാരാധനയുടെ പ്രാഗ്രുപങ്ങള്‍ എന്നിവ കാളീബംഗന്‍, ലോഥല്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കാളീബംഗനില്‍ നിന്നും ശിവലിംഗം കണ്ടെടുത്തതോടെ ശൈവസമ്പ്രദായം സൈന്ധവപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു എന്ന കാര്യത്തില്‍ ഉറപ്പായി. പുരാവസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആധുനികഹിന്ദുക്കളുടെ പാരമ്പര്യമതം അഥവാ സനാതനധര്‍മ്മം രൂപപ്പെടുന്നതില്‍ സിന്ധു-സരസ്വതീ നാഗരികതയ്ക്കും സംസ്‌കാരത്തിനും വലിയ പങ്കുണ്ടെന്നു ദിലീപ് കെ. ചക്രബര്‍ത്തി പറയുന്നു.
ഈ സിന്ധു-സരസ്വതീ അഥവാ ഹാരപ്പന്‍ നാഗരികത വളര്‍ന്നു വികസിച്ച പ്രദേശങ്ങള്‍ ക്കു പുറമേയുള്ള കാശ്മീര്‍, ലഡാക്ക്, ആധുനികപാക്കിസ്ഥാനിലെ നോര്‍ത്ത്-വെസ്റ്റേണ്‍ ഫ്രോന്ടിയര്‍ പ്രോവിന്‍സ്, ഉത്തരപ്രദേശിലെ കുമാവൂണ്‍-ഗര്‍ഹ്വാള്‍ പ്രദേശം, ഡല്‍ഹി-ആരവല്ലി-കാംബേ പ്രദേശം, ദക്ഷിണഇന്ത്യ എന്നീ ഭൂഭാഗങ്ങളിലെ പൂര്‍വികജനജീവിതം ഏതുതരത്തിലായിരുന്നു എന്നും നമുക്കു നോക്കാം.
മേല്‍ക്കൊടുത്ത പ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ഉത്ഖനന-പഠനങ്ങള്‍ വെളിവാക്കുന്നത് ആധുനികഗ്രാമീണഭാരതത്തിന്റെ അനുക്രമമായ പിറവിയേയാണ്. കൃഷിസ്ഥലങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, കൃഷിയ്ക്ക് കന്നുകാലികളെ ആശ്രയിക്കല്‍, വിളവെടുപ്പ് രീതി, കരകൗശലത്തൊഴിലുകള്‍, അസംസ്‌കൃതവസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും കൈമാറ്റ - വ്യാപാരവ്യവസ്ഥകള്‍, യാത്രാപഥങ്ങള്‍ തുടങ്ങിയ ജീവിതത്തിന്റെ ഭൗതിക തലങ്ങളില്‍ രാജ്യമെമ്പാടും തുടര്‍ച്ചയും സാദൃശ്യവും കാണപ്പെടുന്നു. ഹരിയാന-അപ്പര്‍ഗംഗാ പ്രദേശങ്ങള്‍, ഗുജറാത്ത്, കേരളം, തെക്കന്‍തമിഴ്‌നാട് എന്നിവയെ മാള്‍വാ, ഡെക്കാന്‍ വഴിയുള്ള പാതകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. ഹോമകുണ്ഡങ്ങള്‍, ശിവലിംഗങ്ങള്‍ തുടങ്ങിയ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉത്ഖനനത്തില്‍ സാര്‍വത്രികമായി കാണപ്പെട്ടു. അതായത് ആചാരാനുഷ്ഠാനങ്ങളിലും ഒരു പൊതുപാരമ്പര്യം ഇന്ത്യയില്‍ ക്രമേണ ഉരുത്തിരിഞ്ഞു എന്നു കാണാം. തമിഴ്‌നാട്ടിലെ കീഴടി എന്ന സ്ഥലത്ത് ഈ അടുത്തകാലത്തു നടത്തിയ ഉത്ഖനനത്തില്‍ ഹാരപ്പന്‍ നാഗരികതയോടു സാദൃശ്യമുള്ള ഒരു നാഗരികത കണ്ടെത്തിയത് ഈ നിഗമനത്തിന് ഉപോത്ബലകമാണ്. മണ്‍സൂണ്‍ കാറ്റിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കടല്‍സഞ്ചാരം ഹാരപ്പന്‍ നാഗരികത മുതല്‍ ഇവിടെ പതിവായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.(Sila Tripati and L.V. Raut, Historical Notes, Monsoon Wind and Maritime Trade: a case study of historical evidence from Orissa, India). ഈ വഴിയും ഇന്ത്യയുടെ തന്നെ വിദൂര ഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ ബന്ധപ്പെടാന്‍ സഹായിച്ചു എന്നു കരുതാം.
കാലക്രമേണ ഭാരതത്തിന്റെ നാനാഭാഗങ്ങളിലുമായി വനം, ഗ്രാമം എന്നിവ കൂടാതെ പട്ടണങ്ങളും (പുരം) രൂപപ്പെടാന്‍ തുടങ്ങി. ഈ വനഗ്രാമപുരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഭരണസംവിധാനങ്ങള്‍ ഉണ്ടായി. പ്രധാനമായും രാജഭരണം, ഗണതന്ത്രം എന്നിങ്ങനെ രണ്ടുതരം ഭരണക്രമങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നമ്മുടെ പ്രാചീന സാഹിത്യങ്ങളില്‍ കാണാം. പിന്നീട് മൗര്യസാമ്രാജ്യം, വിജയനഗരസാമ്രാജ്യം തുടങ്ങിയ സാമ്രാജ്യങ്ങള്‍ സ്ഥാപിതമായി. വിദേശികളായ മുഗളന്‍മാരും മറ്റും നമ്മെ ആക്രമിച്ചു കീഴടക്കി ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഭരണം ഒഴിഞ്ഞു പോകുന്നതുവരെ ഏതാണ്ട് പതിനൊന്നിലധികം നൂറ്റാണ്ടുകള്‍ നാം അടിമകളാക്കപ്പെട്ടു. സാമൂഹ്യഘടനകള്‍ മാറിമറിഞ്ഞു. വിഷ്ണുപുരാണത്തിലും പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലും മറ്റും പാടിപ്പുകഴ്ത്തുന്ന നമ്മുടെ ഭാരതം പല രാജനൈതികഖണ്ഡങ്ങളാക്കപ്പെട്ടു.
എന്നാല്‍, പ്രതികൂലങ്ങളായ, മാറി മാറി വന്ന ഈ രാജനൈതികസാഹചര്യങ്ങളേയും അതിന്റെ അനുബന്ധമായി കയറിവന്ന ദുര്‍വാസനകളേയും ദുഷിച്ച സംസ്‌കാരങ്ങളേയും നമ്മുടെ ആധ്യാത്മിക കാഴ്ച്ചപ്പാടും, സംസ്‌കാരവും, ആചാരാനുഷ്ഠാനങ്ങളും അതിജീവിച്ചു എന്നത് സാമൂഹ്യശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നു. ..vamanan
No comments:
Post a Comment