Tuesday, February 27, 2018

മരണത്തെക്കുറിച്ചു ഓർക്കാൻ തന്നെ മിക്കവർക്കും ഭയമാണ് എന്നാൽ, നമ്മൾ  ജനിക്കുന്നതോടൊപ്പം മരണത്തിനും ജന്മം നൽകുകയാണെന്ന യാഥാർത്ഥ്യം നമ്മൾ  വിസ്മരിക്കുന്നു. നിഴൽപോലെ നമ്മളെ പിന്തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല.
ഇന്നു നമ്മൾ  ഞാനെന്നു കരുതുന്ന ശരീരത്തേയും, ബന്ധുക്കളേയും, സ്വത്തുക്കളും, എല്ലാം ഒരിക്കൽ മരണം അപഹരിക്കും. മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടെന്നുള്ളതാണ് സത്യം. ഈ സത്യം നിരന്തരമോർത്താൽ,  ജീവിതത്തെ ശരിയായ പാതയിൽ  നയിക്കാൻ നമുക്കു കഴിയും.
ഒരു കഥ ഓർക്കുന്നു. ഒരിക്കൽ  യുധിഷ്ഠിരമഹാരാജാവിന്റെ അടുക്കൽ, ഒരു ബ്രാഹ്മണൻ, തന്റെ മകളുടെ കല്യാണാവശ്യത്തിനായി ധനം ആവശ്യപ്പെട്ടു. തിരക്കിലായിരുന്ന രാജാവ് ബ്രാഹ്മണനോട് അടുത്തദിവസം വരാൻ പറഞ്ഞു. ഇതു കേട്ടുകൊണ്ടുനിന്ന ഭീമൻ,  കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു നിങ്ങൾ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ലാദിക്കുക. താമസിയാതെ കൊട്ടാരം മുഴുവൻ  ആഹ്ലാദതിമിർപ്പിൽമുങ്ങി.
എവിടെയും കൊട്ടും കുരവയും മാത്രം. ഇതെല്ലാം കേട്ട് യുധിഷ്ഠിരൻ  അതിശയിച്ചു. ഇതെന്താണ്? സാധാരണ, മറ്റു രാജ്യങ്ങൾ കീഴടക്കി വരുമ്പോൾ മാത്രമാണു ഇതുപോലെ ആഹ്ലാദ പ്രകടനങ്ങൾ നടത്തി കാണാറുള്ളത്. ഇപ്പോൾ,  അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിത്? അപ്പോൾ അവിടെ ഉണ്ടായിരുന്നവർ  പറഞ്ഞു, ഭീമസേനന്റെ നിർദ്ദേശമാണിത്. ഉടനെ യുധിഷ്ഠിരൻ  ഭീമനെ വിളിച്ച് കാര്യം അന്വേഷിച്ചു. ഭീമൻപറഞ്ഞു ഇതു ഞങ്ങളുടെ സന്തോഷമാണ്. ഇത്രമാത്രം സന്തോഷിക്കുവാൻ  എന്തുണ്ടായി? അങ്ങ് മരണത്തെ ജയിച്ചിരിക്കുന്നു എന്ന് ഞാൻ ഇന്നാണു മനസ്സിലാക്കിയത്. അതിന്റെ സന്തോഷമാണ്.
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമന്റെ മുഖത്തേക്കു നോക്കി. ഭീമൻ പറഞ്ഞു, അങ്ങ് ആ ബ്രാഹ്മണനോടു പറയുന്നതു ഞാൻ  കേട്ടു, ഭിക്ഷ സ്വീകരിക്കുവാൻ  നാളെ വരുവാൻ.  നാളത്തെ ദിവസം നമ്മൾ ഉണ്ടാകുമോ എന്നതിന് ഒരു ഉറപ്പുമില്ല. പക്ഷേ അങ്ങേയ്ക്കു മരണത്തെ അകറ്റി നിർത്താൻ കഴിയും എന്നുള്ളതു കൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാൻ ഇത്ര ധൈര്യത്തോടെ പറയുവാൻ സാധിച്ചത്.
അപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം യുധിഷ്ഠിരൻ  മനസ്സിലാക്കിയത്. മരണം ഏതു നിമിഷവും കൂടെയുണ്ട്, അതുകൊണ്ട് ഈ നിമിഷം ചെയ്യേണ്ടത്, ഈ നിമിഷം തന്നെ ചെയ്യണം എന്ന കാര്യം യുധിഷ്ഠിരൻ  വിസ്മരിച്ചുപോയിരുന്നു. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോൾ, അത് അകത്തേക്കെടുക്കുവാൻ കഴിയുമോ എന്നുള്ളതിന് യാതൊരുറപ്പുമില്ല. ഇപ്പോൾ ചെയ്യേണ്ട കർമ്മം ഈ നിമിഷം തന്നെ ചെയ്യണം. ഈ ഒരു മനഃസ്ഥിതിയാണ് നമുക്കു വേണ്ടത്, ഈ ഒരു ദൃഢ നിശ്ചയമാണ് നമ്മൾ  ഉണർത്തിയെടുക്കേണ്ടത്.
ഈ ലോകത്ത് ജീവിക്കുമ്പോൾ  ഭൗതികമായ പല ലക്ഷ്യങ്ങൾക്കു പിന്നാലെ പരക്കം പായുകയാണ് നമ്മൾ. എന്നാൽ അതൊന്നും കൂടെ വരികയില്ല, ശാശ്വത സുഖം തരികയില്ല എന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ,  ഭൗതികമായ എല്ലാം നശ്വരമാണെന്ന് നമ്മെ പഠിപ്പിക്കുന്നതിലൂടെ അനശ്വരതയെക്കുറിച്ച് അന്വേഷിക്കാനും മരണം നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ മരണം നമ്മുടെ ഏറ്റവും വലിയ ഗുരു.

ശാശ്വതമേത് നശ്വരമേത്‌ എന്ന് തിരിച്ചറിഞ്ഞ് വിവേകപൂർവ്വം ജീവിക്കുക. കർത്തവ്യങ്ങൾ  ബന്ധമില്ലാതെ അനുഷ്ഠിക്കുക. അപ്പോൾ നശ്വരമായ ഒന്നിന്റെയും വേർപാട് നമ്മെ തളർത്തുകയില്ല. ശാശ്വതമായ ശാന്തി കൂടെ ഉണ്ടാകുകയും ചെയ്യും.
hindusamskaram

No comments:

Post a Comment