മായയും അവിദ്യയും
അദ്വൈത വേദാന്തത്തിലെ വിവാദപരവും അതേസമയം ആകര്‍ഷകവുമായ ഒരു സംഗതിയാണ് മായാവാദം. 'മായ' എന്ന പദം വേദോപനിഷത്തുകളില്‍ ചിലയിടങ്ങളിലെല്ലാം കാണാന്‍ കഴിയുമെങ്കിലും അതിനെ അത്ഭുതകരമായ സിദ്ധാന്തമായി രൂപപ്പെടുത്തിയത് ഗൌഡപാദാചാര്യരും ശങ്കരാചാര്യരും ആണ്. മായയാണ് പ്രപഞ്ചത്തിന്റെ ആദികാരണം. അതിന് സാംഖ്യയോഗദര്‍ശനങ്ങളിലെ പ്രകൃതിയുമായി സാമ്യമുണ്ട്. മായ പ്രകൃതിയെപ്പോലെ തന്നെ ഭൌതികവും ജഡവുമാണ്. എന്നാല്‍ മായയും പ്രകൃതിയും തമ്മില്‍ ചില വ്യത്യാസങ്ങളും ഇല്ലാതില്ല. ഒന്നാമതായി മായ പ്രകൃതിയെപ്പോലെ ഒരു സ്വതന്ത്രതത്ത്വമല്ല; കാരണം അത് ഈശ്വരനെ ആശ്രയിച്ചിരിക്കുന്നു. അത് ഈശ്വരന്റെ ശക്തിമാത്രമാണ്. അത് നാമങ്ങളുടെയും രൂപങ്ങളുടെയും അവ്യക്തബീജങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ ബീജങ്ങള്‍ പിന്നീട് തന്‍മാത്രകളും ഭൂതങ്ങളുമായി പരിണമിക്കുന്നു. രണ്ടാമതായി മായയെ സത്തെന്നോ അസത്തെന്നോ പറയുക വയ്യ; എന്നാല്‍ പ്രകൃതിയാകട്ടെ സാംഖ്യസങ്കല്പമനുസരിച്ച് പൂര്‍ണമായും സത്താണ്. മായയില്‍ നിന്നുണ്ടാകുന്ന വസ്തുക്കള്‍ക്കും പാരമാര്‍ഥികസത്ത അവകാശപ്പെട്ടുകൂടാ, കാരണം അവ ജഡമാണ്. അതുകൊണ്ട് അവയ്ക്ക് സ്വതന്ത്രമായി നിലനില്പില്ല; നിലനില്പിന് അവ ബ്രഹ്മത്തെ ആശ്രയിക്കുന്നു. മായയുടെ കാര്യങ്ങള്‍ അസത്താണെന്നും പറയുകവയ്യ, കാരണം അവ അനുഭവപ്പെടുന്നവയാണ്. 'മുയല്‍ക്കൊമ്പ്' പോലേ അവ വെറും വാക്കുകള്‍ മാത്രമല്ല. ഇങ്ങനെ സത്തെന്നോ അസത്തെന്നോ പറയുവാന്‍ വയ്യാത്തവയാണ് പ്രാപഞ്ചികവസ്തുക്കള്‍. അതുകൊണ്ടാണ് അവയെ 'മിഥ്യ' എന്നു വിളിക്കുന്നത്. ഇതേ സ്വഭാവം തന്നെയാണ് അവയുടെയെല്ലാം കാരണമായ മായയിലും കണ്ടുവരുന്നത്. മായ സത്തില്‍നിന്നും അസത്തില്‍നിന്നും ഭിന്നമാണ്. മായയ്ക്കും മായയില്‍ നിന്ന് ഉദ്ഭവിക്കുന്ന വസ്തുക്കള്‍ക്കും പ്രാപഞ്ചികസത്ത ഉണ്ട്. വ്യാവഹാരികതലത്തില്‍ അവ തികച്ചും യാഥാര്‍ഥ്യങ്ങളാണ്. പാരമാര്‍ഥികസത്തയായ ബ്രഹ്മവുമായി തുലനം ചെയ്യുമ്പോള്‍ മാത്രമേ അവയുടെ മിഥ്യാത്വം വെളിപ്പെടുന്നുള്ളു. അതായത് മായയുടെ സത്യത ആപേക്ഷികമാണ് എന്നു സാരം.
മായ അനാദിയും വിദ്യകൊണ്ട് ഒഴിവാക്കാവുന്നതുമാണ്. അതിന് ആവരണം, വിക്ഷേപം എന്നിങ്ങനെ രണ്ടു വ്യാപാരങ്ങള്‍ ഉണ്ട്. അത് യാഥാര്‍ഥ്യത്തെ മറയ്ക്കുകയും (ആവരണം) തത്സ്ഥാനത്ത് അയഥാര്‍ഥമായ ഒന്നിനെ പ്രകാശിപ്പിക്കുകയും (വിക്ഷേപം) ചെയ്യുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളോടുകൂടിയതാണ് മായ. ഭേദപ്രതീതി ഉണ്ടാകുന്നത് മായകൊണ്ടാണ്. അപരിമേയനായ ആത്മാവ് പരിമിതജീവനായി തോന്നുന്നതും മായയുടെ ശക്തികൊണ്ടാണ്.
അദ്വൈതത്തില്‍ മായയ്ക്കു തുല്യമായ ഒരു സങ്കല്പമാണ് 'അവിദ്യ' എന്നത്. ശങ്കരാചാര്യര്‍ തന്റെ കൃതികളില്‍ മായ, അവിദ്യ എന്നീ പദങ്ങള്‍ ഒരേ അര്‍ഥത്തിലാണ് ഉപയോഗിച്ചുകാണുന്നത്. എന്നാല്‍ അദ്ദേഹത്തിനുശേഷം വന്ന അദ്വൈതികള്‍ മായയേയും അവിദ്യയേയും വേര്‍തിരിച്ചുനിര്‍ത്തുകയാണ് ചെയ്തത്. അവര്‍ മായയെ പ്രാപഞ്ചിക വിഭ്രാന്തിക്ക് ഹേതുവായി സങ്കല്പിച്ചപ്പോള്‍ അവിദ്യയെ സാധാരണ ഭ്രമങ്ങള്‍ക്ക് ഹേതുവായിട്ടാണ് കണക്കാക്കിയത്. കൂടാതെ മായയെ ഭാവാത്മകമായും അവിദ്യയെ നിഷേധാത്മകമായും കരുതിപ്പോന്നു. മായയില്‍ പ്രതിബിംബിക്കുന്ന ബ്രഹ്മമാണ് ഈശ്വരനെങ്കില്‍ അവിദ്യയില്‍ പ്രതിബിംബിക്കുന്ന ബ്രഹ്മമാണ് ജീവന്‍. അതിനാല്‍ വിദ്യകൊണ്ട് അവിദ്യയെ നശിപ്പിക്കാമെങ്കിലും ഈശ്വരന്റെ സഹജസ്വഭാവം എന്ന നിലയ്ക്ക് മായയെ അവിദ്യയെപ്പോലെ നശിപ്പിക്കുക സാധ്യമല്ല. ഇവയ്ക്കു പുറമേ മായ സത്വഗുണപ്രധാനമാണ്. എന്നാല്‍ അവിദ്യയാകട്ടെ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളും ചേര്‍ന്നതാണ്.
അദ്വൈത മതപ്രകാരം പ്രപഞ്ചം സഗുണബ്രഹ്മത്തിന്റെ 'പരിണാമം' അല്ല, വിവര്‍ത്തനമാണ്. അതായത് ബ്രഹ്മം പ്രപഞ്ചമായി രൂപാന്തരപ്പെടുകയല്ല ചെയ്യുന്നത്, തെറ്റിദ്ധരിക്കപ്പെടുകയാണ്. ബ്രഹ്മത്തിന് ഒരിക്കലും ഒരു മാറ്റവും സംഭവിക്കുന്നില്ല. അത് സൂര്യനെപ്പോലെ എന്നും പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. അദ്വൈതിയുടെ കാരണതാവാദത്തെ 'സത്കാരണവാദം' എന്നു വിളിക്കുകയായിരിക്കും നല്ലത്. എന്തുകൊണ്ടെന്നാല്‍ കാരണത്തിന് അദ്വൈതത്തില്‍ കാര്യത്തെ അപേക്ഷിച്ച് കൂടുതല്‍ പ്രാധാന്യമുണ്ട്. കൂടാതെ കാരണതാവാദത്തെത്തന്നെ അദ്വൈതം വ്യാവഹാരികതലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തിയിരിക്കയാണ്. പാരമാര്‍ഥികതലത്തില്‍ അതിന് പ്രസക്തി ഇല്ല.
No comments:
Post a Comment