Friday, February 02, 2018

സ്വയം നഷ്ടപ്പെട്ടുവെന്ന്‌ ഒരാള്‍ക്ക്‌ തോന്നുന്നത്‌ അയാള്‍ക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്‌. പുറത്ത്‌ പലതും തേടിനടക്കുന്ന തിരക്കിലാണ്‌ നമ്മള്‍. പക്ഷേ അതൊക്കെ തേടുന്ന നമ്മളെ കാണാന്‍ നമുക്ക്‌ കഴിയുന്നുമില്ല. ഞാനാരാണ്‌? നമ്മള്‍ തേടുന്നു. പക്ഷേ തേടുന്നയാള്‍ ആരാണ്‌? 'ഞാന്‍ ആത്മീയത ഇഷ്ടപ്പെടുന്ന ആളല്ല' എന്ന്‌ നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്കറിയാമോ ആത്മീയത എന്താണെന്ന്‌? ആത്മാവിനെ തേടുന്നതാണ്‌ ആത്മീയത. നിങ്ങള്‍ വെറും ശരീരം മാത്രമല്ല; ശരീരത്തെ ജീവസുറ്റതാക്കുന്ന ആത്മാവുമാണ്‌. അത്‌ കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ നഷ്ടമാകും. നഷ്ടപ്പെട്ടവനെന്ന്‌ തോന്നുന്നത്‌ ഒരു രീതിയില്‍ നല്ലതാണ്‌.
നിങ്ങള്‍ സ്വയം കണ്ടെത്തണമെന്നാണ്‌ ഈ നഷ്ടബോധം നിങ്ങളോട്‌ പറയുന്നത്‌. ഞാന്‍ പഞ്ചേന്ദ്രിയസുഖങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല എന്ന്‌ പറയുന്നതുകൊണ്ട്‌ നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? നമുക്ക്‌ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്‌. ആത്മീയത ഇഷ്ടപ്പെടുന്നയാളും പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിക്കുന്നു... ഉണ്ണുമ്പോള്‍, നടക്കുമ്പോള്‍, പാട്ടുകേള്‍ക്കുമ്പോള്‍. പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ ജീവിച്ചാല്‍ മാത്രം പോര. അവ സൃഷ്ടിച്ച്‌ ജീവന്‍ നല്‍കിയവനെയും അറിയണം. നിങ്ങളുടെ നഷ്ടബോധം നിങ്ങളോട്‌ പറയാനാഗ്രഹിക്കുന്നത്‌ ഒരു നല്ല കാര്യമാണ്‌. ഇതേക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കുക. അപ്പോള്‍ ചില സന്ദേശങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും. അത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌. അതിനെ കൂടുതല്‍ അറിയുക.
നിങ്ങളുടെ മനസ്സിന്‌ സന്തോഷമില്ലാത്തതുകൊണ്ടാണ്‌ നിങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ദുരാഗ്രഹം ഒരു മിഥ്യസൃഷ്ടിച്ചിട്ട്‌ ഭാവിയാണ്‌ വര്‍ത്തമാനകാലത്തേക്കാള്‍ നല്ലതെന്ന്‌ നിങ്ങളോട്‌ പറയുന്നു. ഭൂതകാലം അങ്ങനെയായിരുന്നു, ഇങ്ങനെയായിരിക്കണമായിരുന്നു എന്നൊക്കെ നിങ്ങളുടെ മനസ്സിലെ മിഥ്യ പറയുന്നു. ഇത്തരത്തിലുള്ള മനസ്സുകൊണ്ട്‌ കൂടുതലൊന്നും നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയുകയുമില്ല. വൃത്തികെട്ടം വസ്ത്രം ധരിച്ചിട്ട്‌ പനീര്‍പ്പൂവിന്റെ സുഗന്ധം പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ.
സന്തോഷത്തെ കാണാന്‍ നിങ്ങളുടെ മനസ്സ്‌ പരിശീലിച്ചിട്ടില്ല. ഒന്നിനും സമ്മതിക്കാത്ത മനസ്സുമായി കഴിയുമ്പോള്‍ നിങ്ങളുടെ ഓരോ നരച്ചമുടിയും നിങ്ങളുടെ കവിളിലെ ഓരോ ചുളിവും ദുഃഖത്തിന്റെ ഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌. ഇത്തരം ചിന്താഗതി മാറ്റണം.
എല്ലാത്തിനേയും സ്വര്‍ഗതുല്യമാക്കി മാറ്റാനുള്ള രഹസ്യതാക്കോല്‍ ഒരു ബുദ്ധിമാന്റെ കൈയിലുണ്ട്‌. അയാളുടെ പക്കല്‍ അസ്വസ്ഥതയെ വിവേകമാക്കിയും നിരാശയെ ആശയാക്കിയും മാറ്റാനുള്ള സിദ്ധൗഷധമുണ്ട്‌. ഓരോ അവസരത്തെയും വളര്‍ച്ചയുടെ ഏണിപ്പടികളായി അയാള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ബുദ്ധിയില്ലാത്ത മനുഷ്യന്റെ കൈയില്‍ സ്വര്‍ഗത്തെ നരകമാക്കാനുള്ള താക്കോലാണുള്ളത്‌. എവിടെ പോകുന്നുവോ അവിടെയെല്ലാം അയാള്‍ നരകം സൃഷ്ടിക്കുന്നു. അയാള്‍ക്ക്‌ നരകത്തിലേക്ക്‌ പോകേണ്ട ആവശ്യമില്ല. അയാള്‍ പോകുന്നിടമെല്ലാം നരകമായി മാറുന്നു.
നിങ്ങളിലെ ഊര്‍ജ്ജം സ്വര്‍ഗമാണോ നരകമാണോ സൃഷ്ടിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. അപ്പോള്‍ നിങ്ങള്‍ ബുദ്ധിമാനാണോ അല്ലയോ എന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവും. നിങ്ങള്‍ സൃഷ്ടിക്കുന്നതെന്തോ അതിനനുസരിച്ചാണ്‌ അത്‌ മനസ്സിലാക്കേണ്ടത്‌.
-സ്വാമി സുഖബോധാനന്ദ

No comments:

Post a Comment