കാഴ്ചയുടെയോ കേള്‍വിയുടെയോ അടിസ്ഥാനത്തില്‍ എപ്പോഴെങ്കിലും ഓര്‍മയില്‍ തങ്ങിയിട്ടുള്ള സംഗതികളായിരിക്കും ഒരാള്‍ സ്വപ്‌നത്തില്‍ ദര്‍ശിക്കാനിടവരുന്നത്. ഒരു സംഗതിയെപ്പറ്റി കേട്ടറിവുമാത്രമേ ഉള്ളൂവെങ്കില്‍പ്പോലും ചിലപ്പോള്‍ അത് ദൃശ്യാനുഭവമായി വരാറുണ്ട്. ഇതില്‍നിന്ന് ഈ ഞാന്‍ എന്ന മനസ്സ് ഓര്‍മയുടെ അടിസ്ഥാനത്തില്‍ ത്രിപുടിയുള്ള അനുഭവങ്ങളായി സ്വയം വിഘടിക്കാന്‍ കഴിവുണ്ടെന്ന് തെളിയുന്നു. ജന്മാന്തരത്തില്‍ സഞ്ചയിച്ച ഓര്‍മകളുടെ (വാസന, തൃഷ്ണ) അടിസ്ഥാനത്തില്‍ അനുഭവയുക്തിക്കുതകുന്ന ഒരു ശരീരം ഈ ജന്മത്തില്‍ ഭ്രമാത്മകമായിട്ടു പൊന്തിവന്നതാണെന്നറിയണം. കര്‍മങ്ങളിലൂടെ ദാര്‍ഢ്യപ്പെടുന്നതിന്റെ സ്വഭാവവും തോതും അനുസരിച്ചാണ് ഓര്‍മകള്‍ സഞ്ചയിക്കപ്പെടുന്നതെന്നും അപ്രകാരം സഞ്ചയിക്കപ്പെടുന്ന ഓര്‍മകളാണ് തുടര്‍ന്നുള്ള ജന്മങ്ങളിലെ ലോകാനുഭവങ്ങളെന്ന് പ്രമാണത്തിന്റെ വെളിച്ചത്തില്‍ വിചാരം ചെയ്തറിയേണ്ടതാണ്. അതുപോലെ സ്വപ്‌നാവസ്ഥയിലെ ത്രുപുടിയുള്ള അനുഭവം വൃഷ്ടിമനസ്സില്‍ ഒതുങ്ങുന്നതെങ്ങനെയാണോ അതേ തത്ത്വമനുസരിച്ചുതന്നെയാണ് ജാഗ്രദാവസ്ഥയിലെ ത്രിപുടിയുള്ള അനുഭവങ്ങളും സ്ഥൂലശരീരമെന്ന നിലയില്‍ പെരുകിഭവിച്ചിട്ടുള്ള ഈ ഞാന്‍ എന്ന വൃഷ്ടി മനസ്സില്‍ ഒതുങ്ങുന്നത് എന്നറിയണം. അതായത് ജാഗ്രത്തിലെ ഭോക്താവ്, ഭോഗ്യം എന്ന ത്രിപുടി ഈ സ്ഥൂലശരീരവും മനസ്സും ആണെന്ന് സാരം. മനസ്സിന്റെ പെരുകിഭവിക്കലാണ് ഈ ശരീരമെന്നത് ഓര്‍മവേണം. ഇപ്രകാരം ജാഗ്രദാവസ്ഥയിലേ ലോകാനുഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വെളിപ്പെടുത്തുന്ന സ്വപ്‌നാവസ്ഥയ്ക്കും അതോടൊപ്പം ജാഗ്രദാവസ്ഥയ്ക്കും ഒരുപോലെ നിദാനമായി വര്‍ത്തിക്കുന്ന ഈ ഞാന്‍ എന്ന മനസ്സ് തന്നെയാണ് സുഷുപ്ത്യവസ്ഥയ്ക്കും നിദാനമായി ഭവിക്കുന്നത്. ത്രിപുടിയായി വിഘടിക്കാനുള്ള കഴിവ് സ്വയം ശമിപ്പിച്ച് ഉള്ളിലൊതുക്കിക്കൊണ്ട് കാരണഭാവത്തിലും വര്‍ത്തിക്കാന്‍ കഴിയുമെന്ന മനസ്സിന്റെ സ്വഭാവമാണ് സുഷുപ്ത്യവസ്ഥയിലൂടെ ദ്യോതിപ്പിക്കപ്പെടുന്നത്. വേറൊരു രീതിയില്‍പ്പറഞ്ഞാല്‍ മനസ്സിന്റെ അറിയായ്മ എന്ന പ്രകടരൂപമാണ് സുഷുപ്ത്യവസ്ഥയില്‍ വെളിപ്പെടുന്നത്. സ്വയം പെരുകാനും തിരയിളകി ചലിക്കാനും കഴിവുള്ള കാനല്‍ജലം പ്രസ്തുത കഴിവ് പിന്‍വലിച്ച് ഉള്ളിലൊതുക്കിക്കൊണ്ട് മരുഭൂമിയെന്ന അധിഷ്ഠാനത്തില്‍ എപ്രകാരമാണോ അമര്‍ന്നു മറിയുന്നത് അപ്രകാരം ഇവിടെ ഈ ഞാന്‍ (മനസ്സ്) സുഷുപ്ത്യവസ്ഥയില്‍ ബോധാധിഷ്ഠാനത്തില്‍ അമര്‍ന്നുമറയുന്നു എന്നു പറയാവുന്നതാണ്. ഈ രീതിയില്‍ തെളിഞ്ഞു മറഞ്ഞും സ്ഥൂലസൂക്ഷ്മകാരണഭാവങ്ങളില്‍ വര്‍ത്തിക്കുന്ന ഈ ഞാന്‍ ഉള്ളതാണെന്നോ ഇല്ലാത്തതാണെന്നോ നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത ഒരു പ്രതിഭാസം തന്നെയാണ്. ഉള്ളതാണെന്ന് പറയണമെങ്കില്‍ എങ്ങോ പോയി മറഞ്ഞ്, അനുഭവദശകള്‍ മൂന്നിലും ഒരേ രീതിയില്‍ ഈ ഞാന്‍ വര്‍ത്തിക്കുമായിരുന്നു. ഇല്ലാത്തതാണെന്ന് പറയണമെങ്കില്‍ എങ്ങോ പോയി മറഞ്ഞ്, സുഷുപ്ത്യവസ്ഥയ്ക്ക് നിദാനമായി വര്‍ത്തിച്ച ഈ ഞാന്‍ ജാഗ്രദവസ്ഥയില്‍ വീണ്ടും പ്രത്യക്ഷപ്പെടാതിരിക്കണമായിരുന്നു! ഒരു പ്രതിഭാസമായി ഇങ്ങനെ അനുഭവപ്പെടുന്ന ഈ ഞാന്‍ അല്ല യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ഈ പ്രതിഭാസത്തിന് വിലസാന്‍ ഇടമരുളുന്നതും സര്‍വാധിഷ്ഠനമായി വര്‍ത്തിക്കുന്നതുമായ അഖണ്ഡബോധമാണ് യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ഇക്കാര്യം ശ്രുതിയുക്ത്യനുഭവങ്ങളെന്ന പ്രമാണത്തിന്റെ വെളിച്ചത്തില്‍ ജാഗ്രദ്‌സ്വപ്‌ന സുഷുപ്ത്യനുഭവങ്ങളെ താരതമ്യപ്പെടുത്തിയും ശാസ്ത്രീയമായി വിശകലനം ചെയ്തു പരിശോധിച്ചും ബോധ്യപ്പെടുന്നതിനെയാണ് സ്വയം അറിയല്‍ എന്നു പറയുന്നത്. മനുഷ്യജന്മത്തിലെത്തുന്ന ജീവനു മാത്രമേ ഇപ്രകാരം ആത്മയാഥാര്‍ത്ഥ്യം ഉണര്‍ന്നറിയാനുള്ള അര്‍ഹത ലഭിക്കുന്നുള്ളൂവെന്ന് വേദാന്തം തുടര്‍ന്ന് വെളിപ്പെടുത്തുന്നുമുണ്ട്. മനുഷ്യജന്മത്തിന്റെ വൈശിഷ്യവും അതുതന്നെ. സ്വരൂപത്തെ യഥാര്‍ഹം അറിയുന്നില്ലെങ്കില്‍ അതാണ് അറിയായ്മ (അജ്ഞാനം). അപരിച്ഛിന്നമായ സ്വരൂപത്തെ മറന്നിട്ട് ഭേദചിന്തയിലൂന്നിയ കര്‍ത്തൃഭാവത്തിന്റെ പൊന്തിവരവാണ് അറിയായ്മയുടെ വേറൊരു രീതിയിലുള്ള പ്രകടനരൂപം. ഇതുതന്നെയാണ് കല്‍പിതമായ ജീവന്‍. ലോകവ്യവഹാരത്തില്‍ ഒരു പദാര്‍ത്ഥത്തെ അറിയാതിരിക്കുന്ന ജീവന്റെ അറിയായ്മയല്ല വേദാന്തത്തിലെ ശ്രേയോമാര്‍ഗത്തിലെ അറിയായ്മ. ഒരു മുമുക്ഷു ഇക്കാര്യം പ്രത്യേകം വേര്‍തിരിച്ചറിഞ്ഞിരിക്കണം. ശ്രേയോമാര്‍ഗത്തിലെ അറിയായ്മ എന്നത് സ്വരൂപത്തിന്റെ ഭാഗമാണ്. സ്വരൂപമാണ് ശക്തനും ശക്തിയും ഒന്നെന്നു പറയുന്നതുപോലെ അതേസമയം സ്വരൂപം നിത്യശുദ്ധബുദ്ധമുക്തമായിത്തന്നെ വര്‍ധിക്കുകയും ചെയ്യുന്നു. ഇക്കാര്യമാണ് മുമുക്ഷു ശാസ്ത്രീയമായി അറിയാനുള്ളത്. ഇത് അറിയാത്തതിന്‍മേല്‍ വച്ച് സംഭവിക്കുന്നതാണ് ഭ്രമാത്മകമായ ഈ സ്ഥൂലശരീരവും അതിന് മൂലഹേതുവായി ഭവിച്ച ജീവനും എന്ന വസ്തുത ജീവനുതന്നെ ബോധ്യപ്പെടണം. ഞാന്‍ ബ്രഹ്മമല്ലെന്ന ഉറച്ച സങ്കല്‍പം നിമിത്തം മനസ്സ് ബന്ധത്തിലകപ്പെടുന്നു. ഞാന്‍ ബ്രഹ്മമാണെന്ന ഉറച്ച സങ്കല്‍പംകൊണ്ട് മനസ്സ് ബന്ധത്തില്‍നിന്നും മോചിതമാവുന്നു. ഇതാണ് നിയമമെന്നു യോഗവാസിഷ്ഠം വെളിപ്പെടുത്തുന്നു. നാഹം ബ്രഹ്മേതി സങ്കല്‍പാത് സുദൃഢാത് ബദ്ധ്യതേ മനഃ സര്‍വം ബ്രഹ്മേതി സങ്കല്‍പാത് സുദൃഢാന്മുച്യതേ മനഃ ആത്മയാഥാര്‍ത്ഥ്യം അതിന്റെ പൂര്‍ണസ്ഥിതിയില്‍ എപ്പോഴാണോ കല്‍പിതമായ ജീവന് വെളിപ്പെടുത്തുന്നത് അപ്പോള്‍ മരുവിലമര്‍ന്ന മരീചി നീരുപോല്‍ ഈ കല്‍പിതം അഖണ്ഡബോധമെന്ന അധിഷ്ഠാനത്തില്‍ത്തന്നെ മാഞ്ഞുമറയുമെന്ന് ശ്രീനാരായണഗുരുദേവന്‍ ആത്മോപദേശകശതകമെന്ന കൃതിയില്‍ പ്രസ്താവിക്കുന്നുണ്ട്. നിദ്രയെന്ന അറിയായ്മ തുടരുന്നിടത്തോളം സ്വപ്‌നം നീണ്ടുനില്‍ക്കും. നിദ്ര എപ്പോള്‍ പൊലിയുമോ അപ്പോള്‍ സ്വപ്‌നവും തീരുന്നു. അതുപോലെ നിത്യശുദ്ധബുദ്ധമുക്തമായ ആത്മചൈതന്യമെന്ന ബോധം മാത്രമേ ഇവിടെയുള്ളൂവെന്ന് ശാസ്ത്രീയമായി അറിഞ്ഞ് തീര്‍ച്ചപ്പെടുത്തുന്നതുവരെ പ്രപഞ്ചാനുഭവത്തിന് മൂലഹേതുവായി ഭവിച്ചിട്ടുള്ള കര്‍ത്തൃഭാവത്തോടുകൂടിയ ജീവന്‍ സജീവമായി അനുഭവപ്പെടും. പ്രസ്തുത ജീവന്‍ തന്നെയാണ് സ്വയം ഭ്രമാത്മകമായി വികസിച്ച് സ്ഥൂലശരീരമാകുന്നതും തുടര്‍ന്ന് ലോകവ്യവഹാരത്തില്‍ മുഴുകി വര്‍ത്തിക്കുന്നതും. നിര്‍വികല്‍പ്പമെന്ന ജ്ഞാനസൂര്യന്‍ ഉദയം ചെയ്യുന്നതോടെ കല്‍പിതജീവന് പ്രസക്തിയില്ലാതെയാവുകയും ചെയ്യും. സ്വരൂപം ജ്ഞാനമല്ലേ! അതില്‍ എങ്ങനെ അജ്ഞാനം സംഭവിക്കും. അത് സാധ്യമല്ല തന്നെ. അതുപോലെ പരമകാരണമെന്ന നിലയില്‍ വര്‍ത്തിക്കുന്ന അധിഷ്ഠാനം നിരപേക്ഷമായിരിക്കും. നിരപേക്ഷതയില്‍ എങ്ങനെ കര്‍തൃഭാവത്തോടുകൂടിയ ആപേക്ഷികഭാവം പൊന്തും! അതും സത്യമല്ല. ഇവിടെ നിരപേക്ഷത അവ്യയമായി സര്‍വദാ വിളങ്ങുന്നു. അഖണ്ഡമായി വര്‍ത്തിക്കുന്ന നിരപേക്ഷമായ ബോധം മാത്രമേ ഇവിടെയുള്ളൂ എന്ന സത്യം അറിയണം. അതുതന്നെയാണ് മോക്ഷസ്ഥിതി എന്നു പറയപ്പെടുന്നത്...janmabhumi
No comments:
Post a Comment