സത്യമേവ ജയതേനാനൃതം
സത്യേന പന്ഥാ വിതതോ ദേവയാനഃ
യേനാ ക്രമന്തി ഋഷേയാ ഹ്യാപ്തകാമാഃ
യത്ര തത് സത്യസ്യ പരമം നിധാനം
സത്യം തന്നെ ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യത്താല്‍ ദേവയാനമെന്ന വഴി വിസ്തീര്‍ണമായിരിക്കുന്നു. അതിലൂടെയാണ് ആഗ്രഹങ്ങളെല്ലാം നേടിയ (അടങ്ങിയ) ഋഷിമാര്‍ സഞ്ചരിക്കുന്നത്, എത്തിച്ചേരുന്നത്. ആസ്ഥാനം സത്യത്തിന്റെ പരമമായ നിധിയാകുന്നു.
ആത്മദര്‍ശനത്തിനുള്ള സാധനങ്ങളില്‍ സത്യമാണ് ഏറ്റവും പ്രധാനമായത് എന്ന് ഇവിടെ വ്യക്തമാക്കുന്നു. സത്യം പാലിക്കുന്നവര്‍ക്കുമാത്രമേ ശരിയായ വിജയമുള്ളൂ. അനൃതം അഥവാ അസത്യത്തിന് ജയവുമില്ല നിലനില്‍പ്പുമില്ല. സത്യവാദികള്‍ക്കാണ് ജയം. അസത്യവാദികള്‍ക്ക് ഒരിക്കലും ജയമുണ്ടാകുകയില്ല. ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ മാറാതെ നില്‍ക്കുന്നതാണ് സത്യം. ഇന്നലെയും ഇന്നും നാളേയും അതിന് യാതൊരു മാറ്റവുമില്ല. അസത്യം എന്നും മാറി മറഞ്ഞുകൊണ്ടിരിക്കും. സത്യം എന്നതിന്റെ ഏറ്റവും വലിയ അര്‍ത്ഥം ബ്രഹ്മം എന്നുതന്നെയാണ്. സത്യത്തെ മുറുകെ പിടിച്ചവര്‍ക്കു മാത്രമേ ദേവയാന മാര്‍ഗ്ഗത്തിലൂടെ പോയി ഋഷികള്‍ എത്തിച്ചേര്‍ന്ന പരമസത്യത്തെ പ്രാപിക്കാനും കഴിയൂ. മാര്‍ഗ്ഗവും ലക്ഷ്യവും സത്യം തന്നെയാണ്, അല്ലാതെ മറ്റൊന്നല്ല.
No comments:
Post a Comment