Saturday, February 24, 2018

ജീവന്‍മുക്തി

അദ്വൈതപക്ഷത്തില്‍ മോക്ഷപ്രാപ്തി മരണാനന്തരം മാത്രം ഉണ്ടാകുന്ന ഒന്നായിക്കൊള്ളണമെന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സാധകന്‍ മുക്തനായി എന്നു വരാം. അങ്ങനെയുള്ളവനെയാണ് ജീവന്‍മുക്തന്‍ എന്നു വിളിക്കുന്നത്. ജിവന്‍മുക്തി എന്ന സങ്കല്പം അദ്വൈതത്തെ സംബന്ധിച്ചിടത്തോളം തികച്ചും യുക്ത്യധിഷ്ഠിതമാണ്. ജ്ഞാനം ഒന്നുമാത്രമാണ് മോക്ഷസാധനമെങ്കില്‍ ജ്ഞാനസമ്പാദനം മോക്ഷദായകമാണെന്നു വരുന്നു. ജ്ഞാനസമ്പാദനം ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാധ്യമായതുകൊണ്ട് മോക്ഷപ്രാപ്തിയും അപ്പോള്‍ത്തന്നെ സാധ്യമാകണം. ജീവന്‍മുക്തന്‍ കര്‍ത്താവാണെന്നും ഭോക്താവാണെന്നുമുള്ള ചിന്ത കൈവെടിയുന്നു. ഒരു ജീവന്‍മുക്തന്റെ ജീവിതം രണ്ടുതലത്തിലാകാം. ഒന്നുകില്‍ സമാധിയില്‍ ലയിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു. അല്ലെങ്കില്‍ വ്യുത്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വ്യുത്ഥാനസമയത്ത് പ്രപഞ്ചനാനാത്വം അനുഭവപ്പെടുമെങ്കിലും ജീവന്‍മുക്തന്‍ അതുകൊണ്ട് വഞ്ചിതനാകുന്നില്ല. കാരണം അയാള്‍ അദ്വൈതസത്യത്തെ സാക്ഷാത്കരിച്ചവനാണെന്നതുതന്നെ. സുഖദുഃഖങ്ങള്‍ അദ്ദേഹത്തിന് വന്നുചേരുമെങ്കിലും ദ്വന്ദ്വാതീതനായ അദ്ദേഹം അവയ്ക്കുപരിയായി വര്‍ത്തിക്കുന്നു. അദ്ദേഹം സര്‍വകര്‍മ പരിത്യാഗിയായിക്കൊള്ളണമെന്നില്ല. എന്നാല്‍, ചെയ്യുന്ന കര്‍മങ്ങള്‍ സ്വാര്‍ഥോദ്ദേശ്യത്തോടുകൂടിയവയോ മറ്റുള്ളവരോടുള്ള കടമ നിറവേറ്റാന്‍ വേണ്ടിയോ ആയിരിക്കുകയില്ല. എല്ലാത്തിനേയും സമഭാവനയോടുകൂടി അദ്ദേഹം നോക്കിക്കാണുന്നു. സദ്ഗുണങ്ങള്‍ അദ്ദേഹത്തിന് സ്വതഃസിദ്ധമാണ്. അവശേഷിക്കുന്ന പ്രാരബ്ധകര്‍മം മുഴുവന്‍ അനുഭവിച്ചുതീരാന്‍ അദ്ദേഹം കാത്തുനില്ക്കുന്നു. ദേഹവിയോഗത്തിനുശേഷം അദ്ദേഹത്തിനു വിദേഹമുക്തി ലഭിക്കുന്നു.

No comments:

Post a Comment