Thursday, February 01, 2018

സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഓരോ സസ്യത്തിലും നടക്കുന്നുണ്ട്. അതിനു കാരണമായ ശക്തിയേത് എന്ന ചോദ്യത്തിനുത്തരം ശാസ്ത്രജ്ഞനും ലഭ്യമല്ല. മറ്റ് പലകാര്യങ്ങളും ശാസ്ത്രജ്ഞന് വിവരിക്കാന്‍ സാധിക്കും. ഇവയെല്ലാം ഇത്രയും കൃത്യമായി നിരന്തരം ശരീരത്തിലുല്‍പ്പാദിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയെക്കുറിച്ച് വ്യക്തമാക്കുവാന്‍ ശാസ്ത്രത്തിന് ഒരു പ്രത്യേക പദമില്ല. ഈ ചൈതന്യത്തെ ഭാരതീയര്‍ ബ്രഹ്മചൈതന്യമെന്നു പറഞ്ഞു. ശരീരം എന്ന താല്ക്കാലിക ഭൗതിക ഘടനക്കകത്ത്, പ്രപഞ്ചം ദാനം നല്‍കി നിവസിക്കുന്ന ചൈതന്യം നിരന്തരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ എന്നത് ശരീരം മാത്രമല്ല. അതിനേക്കാള്‍ വലിയ ചൈതന്യമാണ്. ഞാന്‍ ബ്രഹ്മ ചൈതന്യമാണ് എന്ന അര്‍ത്ഥത്തില്‍ അഹം ബ്രഹ്മാസ്മി എന്ന് ഋഷിവര്യന്മാര്‍ പറഞ്ഞു. തത്ത്വമസി (ഛാന്ദോഗ്യ ഉപനിഷത്) എന്ന വരിയുടെ സന്ദേശം, താല്‍ക്കാലിക ശരീരത്തില്‍ ശാശ്വതമായി നില്‍ക്കുന്ന ദിശാബോധവും, പ്രജ്ഞാനവും, വിവേചനവും, ഉളള ആ ചൈതന്യമാണ് ഞാന്‍ എന്ന് ഉത്തരം നല്‍കിയ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. അങ്ങ് ബ്രഹ്മ ചൈതന്യമാണെങ്കില്‍ ഞാനോ? തത് (ബ്രഹ്മ)ത്വം അസി, അതായത് തത്ത്വമസി. നീയും അതേ ബ്രഹ്മചൈതന്യമാണെന്ന് ഗുരു അരുളി ചെയ്തു. എന്റെ ശരീരത്തില്‍ നിലനില്‍ക്കുന്ന അതേ ചൈതന്യത്തിന്റെ നിര്‍ദ്ദേശത്താല്‍ തന്നെ നിന്റെ ശരീരത്തിലും പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ എന്നിലും നിന്നിലും ഉളളതായ ചൈതന്യം ഒന്നാണ്. അഹം എന്ന സ്ഥാനത്ത് ത്വം എന്നും എഴുതുകയോ പറയുകയോ ചെയ്യാമെന്നറിയാവുന്നവരായിരുന്നു ഭാരതീയര്‍. ആ ബ്രഹ്മചൈതന്യത്താലാണ് നിന്റെ ശരീരവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തത് ത്വം അസി എന്നവര്‍ പറഞ്ഞു. ത്വം സ്ത്രീ ത്വം പുമാന്‍ ത്വം കുമാരീ ഉതവാ കുമാരീ ജീര്‍ണോ ദണ്‌ഡേന വഞ്ചസി ത്വം ജാതോഭവസി വിശ്വതോമുഖഃ (ശ്വേതാശ്വേതരോപനിഷത്4:3) നീ സ്ത്രീയാകുന്നു, പുരുഷനാകുന്നു, കുമാരിയും കുമാരനുമാകുന്നു. പഴയ വടിപിടിച്ചു നടക്കുന്ന വൃദ്ധനും നീയാകുന്നു. ഈ പ്രപഞ്ചത്തിന്നാധാരമായ സര്‍വതിന്റേയും ആധാരവും നീയാകുന്നു. ആ നിന്നിലുളള ചൈതന്യം അതെല്ലാത്തിലും ഒന്നുതന്നെയാകുന്നു. അയം ആത്മാ ബ്രഹ്മ: (മുണ്ഡകോപനിഷത്)എന്നതിന്റെ സാരം- എന്നിലും നിന്നിലും ഒരേ ചൈതന്യമാണുളളതെങ്കില്‍ ആ ചൈതന്യത്തിന്, അത് ശരീരത്തിനകത്ത് വര്‍ത്തിക്കുന്നതുകൊണ്ട്, എന്തുപേര് കൊടുക്കണം? ഇഷ്ടമുളള പേരുകൊടുക്കാം. ജീവശക്തി എന്നോ ആത്മാവ് എന്നോ കൊടുക്കാം. അത് വ്യക്തിയുടെ (ജീവിയുടെ) ഭാരം- ഉയരം- നിറം- സ്വഭാവം-ഭാവം-പ്രതികരണം-ആഗ്രഹം- തുടങ്ങിയ എല്ലാ വിചാര- വികാര-ആകൃതി രൂപങ്ങള്‍ക്കതീതമായതിനാല്‍ ഭാരതീയര്‍, ആത്മാവ് അഥവാ ആത്മചൈതന്യം എന്ന പേരു കൊടുത്തു. ബ്രഹ്മചൈതന്യത്തിന്റെ അംശം എന്നറിഞ്ഞുകൊണ്ട്, ശാസ്ത്രത്തിന്നധീനമായിട്ടുളള പരിമിതിയെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ സാധിക്കാത്ത പ്രതിഭാസത്തെ, ഭാരതീയര്‍ അയം ആത്മാ ബ്രഹ്മ എന്നു വര്‍ണിച്ചു. ഈ ആത്മാവ് ബ്രഹ്മ ചൈതന്യം തന്നെയാണെന്ന് പറഞ്ഞു. പരമമായ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തിചൈതന്യം. പരമാത്മാ ചൈതന്യമെന്ന പരബ്രഹ്മചൈതന്യമാണ്. ശരീരം എന്ന കൊച്ചുക്ഷേത്രത്തില്‍ വര്‍ത്തിക്കുന്ന പരമാത്മാചൈതന്യാംശത്തെ ജീവാത്മചൈതന്യമെന്നും പറയുന്നു. കടലില്‍ നിന്നല്പം ജലം ചിരട്ടയില്‍ എടുത്താല്‍ അത് കടല്‍ ജലം തന്നെയാകുന്നതുപോലെ ചെറിയ ശരീരത്തില്‍ വലിയ പ്രപഞ്ചത്തിന്റെ അംശമായതിനാല്‍ അതും പരമാത്മ ചൈതന്യം തന്നെ. ജീവോ ബ്രഹ്മൈ നാപരാ- ജീവചൈതന്യം ബ്രഹ്മചൈതന്യമല്ലാതെ മറ്റൊന്നല്ല! ഈ ജീവാത്മ ചൈതന്യത്തെയും (Soul)അതുപലജന്മത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും വ്യക്തമായ ശാസ്ത്ര തെളിവുകള്‍ പുതിയ പുതിയ അറിവുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആത്മാവിനെക്കുറിച്ചും, ജ്ഞാന-കര്‍മ-ഭക്തി യോഗത്തിലൂടെ ആത്മാവിനുണ്ടാകുന്ന കര്‍മ്മഫലസഹിതയാത്രയും പുനര്‍ജനനത്തെക്കുറിച്ചുമുളള ഗീതയിലെ വരികള്‍ ഇന്നത്തെ ആധുനിക ശാസ്ത്രമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.Brains L. Weiss Fgp-Xnb Many lives many masters, Messages from the masters, Same soul many bodies എന്നീ പുസ്തകങ്ങളിലെ വിവരണങ്ങള്‍ ആത്മാവിനെക്കുറിച്ചുളള അതിത്രനാശയങ്ങള്‍ തരുന്നു. അവ അത്യന്താധുനികവും ആത്മീയതക്കതീതവുമാണുതാനും. ഈ ആത്മചൈതന്യം മനുഷ്യനിലും സഹസ്രജീവജാലങ്ങളിലും എങ്ങിനെ നിലനില്‍ക്കുന്നു എന്നതും അത് പല തട്ടുകളിലൂടെ കടന്നതിനുശേഷം പ്രപഞ്ചചൈതന്യവുമായിട്ടലിഞ്ഞു ചേരുന്നതിനെക്കുറിച്ചുളള വിവരണങ്ങളുമതിലുണ്ട്. ഒരു നിരീശ്വരവാദിയായി (കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ) സൈക്ക്യാട്രി പ്രൊഫസറെഴുതിയ ഈ ഗവേഷണ ഗ്രന്ഥം ഒരു ഭാരതീയന് അത്യത്ഭുതകരമായ ആവേശമുണ്ടാക്കുന്നതാണ്. അതിലെ ആത്മാവിനെക്കുറിച്ചുളള വിവരങ്ങള്‍ കേട്ടാല്‍ അഥവാ വായിച്ചാല്‍ ആത്മാവ് ബ്രഹ്മമാണെന്നും അതുപരമാത്മാവിന്റെ ഭാഗമാണെന്നും അതാണ് ഓരോ ജന്മത്തിലും ശരീരത്തെ തെരഞ്ഞെടുക്കുന്നതെന്നും, അതുതന്നെയാണ് ശരീരത്തിലെ സത്തെന്നും ഈ ഗ്രന്ഥങ്ങളിലൂടെ ചരിച്ചാല്‍ ആധുനിക ശാസ്ത്രപ്രകാരം തന്നെ മനസ്സിലാകും. (ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

No comments:

Post a Comment