Friday, February 23, 2018

മൂന്നാം പാദത്തെയും മൂന്നാം മാത്രയേയും ഫലത്തേയും പറയുന്നു-
സുഷുപ്തസ്ഥാനഃ പ്രാജ്ഞോ മകാരസ്തൃതീയാമാത്രാ
മിതേരപീതേര്‍വ്വാ മിനോതി ഹവാ ശുഭം
സര്‍വ്വമപീതിശ്ച ഭവതിയ ഏവം വേദ
സുഷുപ്ത സ്ഥാനത്തോടുകൂടിയ പ്രാജ്ഞന്‍ മിതിയാലോ (അളവിനാല്‍) അപീതിയാലോ (ഏകീഭാവത്തില്‍) മൂന്നാമത്തെ മാത്രയായ 'മ'കാരമാകുന്നു. ഇപ്രകാരം അറിയുന്നയാള്‍ ഈ ലോകത്തിന്റെ പരമാര്‍ത്ഥത്തെ അറിയുന്നു. ജഗത്തിന് കാരണമായ ആത്മാവായി ഏകീഭവിക്കുന്നു.
ഗാഢനിദ്രയായ സുഷുപ്തത്തിലെ പ്രാജ്ഞനാണ് ഓങ്കാരത്തിന്റെ മൂന്നാം മാത്രയായ മകാരം. അളക്കുക, ഏകീഭവിക്കുക എന്നിവയാണ് പ്രാജ്ഞനും മകാരവും തമ്മിലുള്ള സാമാന്യധര്‍മം. ഇവ തമ്മില്‍ ഭേദമില്ല.ധാന്യമോ മറ്റോ അളവുപാത്രം  കൊണ്ട് അളക്കുന്നതുപോലെ പ്രളയത്തിലും ഉല്‍പ്പത്തിലും പ്രവേശിക്കലും പുറത്തുപോകലും കൊണ്ട് വിശ്വനും തൈജസനും പ്രാജ്ഞനാല്‍ അളക്കപ്പെടുന്നതുപോലെ തോന്നും. അതുപോലെ ഓങ്കാരം ചൊല്ലുമ്പോള്‍ സമാപനത്തിലും വീണ്ടും പ്രയോഗിക്കുമ്പോഴും അകാരവും ഉകാരവും മകാരത്തില്‍ പ്രവേശിച്ച് പുറത്തുവരുന്നതുപോലെയിരിക്കും. ഇതാണ് മിതി അഥവാ അളക്കല്‍. രണ്ടാമത്തെ സാമ്യതയായ അപ്രീതി അഥവാ ഏകീഭാവവവും ഒരുപോലെ തന്നെ ഓങ്കാരം ഉച്ചരിക്കുമ്പോള്‍ അകാരവും ഉകാരവും ഒടുവിലെ അക്ഷരമായ മകാരത്തില്‍ ഒന്നായിത്തീരുന്നതുപോലെയാകുന്നു. അതുപോലെ വിശ്വനും തൈജസനും സുഷുപ്താവസ്ഥയായ പ്രാജ്ഞനില്‍ ഒന്നായി ചേര്‍ന്നിരിക്കുന്നു. രണ്ടുതരത്തിലും സാമന്യത വരുന്നതിനാല്‍ അഭേദം പറയാം.
ഈ അഭേദം അറിഞ്ഞ് ഉപാസിക്കുന്നവര്‍ക്ക് ലോകത്തെ മുഴുവന്‍ അളക്കാന്‍ കഴിയും. ലോകത്തിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയുമെന്നര്‍ത്ഥം. ജഗത്തിന്റെ കാരണമായിരിക്കുന്ന സഗുണ ആത്മാവുമായി ഒന്നായിചേരുകയും ചെയ്യുന്നു.
ഓങ്കാരത്തിന്റെ ഓരോ മാത്രയേയും ആത്മാവിന്റെ ഓരോ പാദമായി അറിയുന്നതിന് പ്രത്യേകം ഫലം പറഞ്ഞത് പ്രധാനമായ ബ്രഹ്മധ്യാനത്തിന് സാധനമായ ഓങ്കാരത്തെ സ്തുതിക്കാന്‍ വേണ്ടിയാണ്.
മാണ്ഡൂക്യകാരികയിലെ ആഗമപ്രകരത്തില്‍ ഇനി 11 ശ്ലോകങ്ങളിലൂടെ മൂന്ന് അവസ്ഥകളെയും പാദങ്ങളെയും മാത്രകളെയും വിചിന്തനം ചെയ്ത് അവ തമ്മിലുള്ള സാമാന്യഭാവത്തെ ഉറപ്പിക്കുന്നു. രണ്ടാമത്തെ പ്രകരണമായ വൈതഥ്യത്തില്‍ 38 കാരികാ ശ്ലോകങ്ങളാണുള്ളത്. വൈതഥ്യം എന്നാല്‍ അസത്യത്വം എന്നാണ്. മൂന്നാം പ്രകരണമായ അദ്വൈതത്തില്‍ 48 ശ്ലോകങ്ങള്‍. അദ്വൈത സ്ഥാപനം അഥവാ രണ്ടല്ലാതെ ഒന്നായതിനെ ഉറപ്പിക്കലാണ് ഇവിടെ. നാലാം പ്രകരണമായ അലാതശാന്തി പ്രകരണത്തില്‍ 100 ശ്ലോകങ്ങളാണ് ഉള്ളത്.
നാലാമത്തെ പാദം, നാലാം മാത്ര, ഫലം എന്നിവയെ പറയുന്നു-
അമാത്രശ്ചതുര്‍ത്ഥോളവ്യവഹാര്യഃ 
പ്രപഞ്ചോപശമഃ
ശിവോളദ്വൈത ഏവമോങ്കാര ആത്മൈവ
സംവിശിത്യാത്മനാത്മാനം യ ഏവം വേദ
യ ഏവം വേദ
മാത്രയില്ലാത്തതായ ഓങ്കാരം വ്യവഹരിക്കാന്‍ കഴിയാത്തതും പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയതും ശിവവും അദ്വൈതവും ആയ നാലാമത്തെ പാദമാകുന്നു. ഇപ്രകാരം ഓങ്കാരം ആത്മാവ് തന്നെയാകുന്നു. ഇങ്ങനെ അറിയുന്നയാള്‍ തന്റെ ആത്മാവുകൊണ്ട് പാരമാര്‍ത്ഥികമായ ആത്മാവില്‍ ചേരുന്നു.
'ഓം' എന്ന് ജപിക്കുമ്പോള്‍ അ, ഉ, മ് എന്ന മൂന്ന് മാത്രകള്‍ ചേര്‍ന്ന് ലയിക്കുന്ന അഖണ്ഡ ശബ്ദത്തെ അമാത്ര എന്നുപറയുന്നു. മാത്രകളൊന്നും ഇല്ലാത്തതിനാലാണ് അമാത്ര എന്ന് വിളിക്കുന്നത്. ഇതിനെ നാലാംപാദമായ തുരീയത്തിനോട് താദാത്മ്യം പറഞ്ഞിരിക്കുന്നു. തുരീയത്തില്‍ മറ്റ് മൂന്ന് പാദങ്ങളും ലയിച്ച് പൂര്‍ണമായിത്തീരുന്നു. മൂന്ന് മാത്രകളും ലയിച്ച് പൂര്‍ണ അക്ഷരമായ 'ഓം' ആയി മാറുന്നു. അഭിധാനം, അഭിധേയം എന്നിവയായ വാക്കും അര്‍ത്ഥവും ഇവിടെ ഇല്ലാതെ പോകുന്നതിനാല്‍ ഇത് വ്യവഹാരത്തിന് വിഷയമല്ല. അജ്ഞാനത്തിന്റെ കണികപോലും ഇവിടെയില്ലാത്തതിനാല്‍ അജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന പ്രപഞ്ചവും ഉണ്ടാകുകയില്ല. അതുകൊണ്ട് തന്നെ രണ്ടില്ലാത്തതായ അദ്വൈതവും ആനന്ദസ്വരൂപവും ശുദ്ധമായ ശിവവും ആകുന്നു. ഇപ്രകാരം ഓങ്കാരവും ആത്മാവും തമ്മില്‍ വ്യത്യാസമില്ല എന്നറിഞ്ഞ് ഓങ്കാരോപാസന ചെയ്യുന്നവര്‍ തന്റെ ജീവാത്മാവിനെ പരമാത്മാവില്‍ ചേര്‍ക്കുന്നു. അജ്ഞാനത്തിന്റെ ബീജം കൂടി ഇല്ലാതായി പോകുന്നതിനാല്‍ വീണ്ടും ജന്മമെടുക്കുക എന്നതുമില്ല. അതിനാല്‍ തുരീയത്തിന്റെ പ്രതീകമായ അമാത്രയായ ഓങ്കാരത്തെ ഉപാസിച്ച് പരമാത്മാവിലെത്തണം.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍

No comments:

Post a Comment