Saturday, February 24, 2018

എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും ഈശ്വരനാണെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ തെറ്റുകള്‍ക്കുള്ള ശിക്ഷ നമുക്ക് അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ചില മക്കള്‍ ചോദിക്കാറുണ്ട്. മനുഷ്യന്‍ 'ഞാനെ'ന്ന ഭാവത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന് മനുഷ്യന്‍ തന്നെയാണ് ഉത്തരവാദി. 'ഞാന്‍ ചെയ്യുന്നു' എന്ന ഭാവമുള്ളിടത്തോളം അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുക തന്നെ വേണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉള്ളില്‍നിന്നും ഉയരുന്ന വിവേകത്തിന്റെ ശബ്ദം ഗൗനിക്കാന്‍ നമ്മള്‍ പലപ്പോഴും കൂട്ടാക്കാറില്ല. അപ്പോള്‍ അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടിവരുന്നു. 
അറിവില്ലായ്മകൊണ്ടോ, മനഃപൂര്‍വ്വമല്ലാതെയോ ചെയ്തുപോയ തെറ്റുകള്‍ ഭഗവാന്‍ ക്ഷമിക്കും. എന്നാല്‍ അറിഞ്ഞുകൊണ്ടു തെറ്റുചെയ്താല്‍, ഒരു പരിധി കഴിഞ്ഞാല്‍ ഈശ്വരന്‍ ക്ഷമിക്കില്ല. ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടിത്തന്നെവരും. കൊച്ചുകുട്ടി 'ആച്ഛാ, ആമ്മാ' എന്നുവിളിക്കും. അച്ഛനുമമ്മയ്ക്കുമറിയാം, അതു തങ്ങളെ വിളിക്കുകയാണെന്ന്. അവര്‍ അതുകേട്ടു ചിരിക്കും. എന്നാല്‍ കുട്ടി കുറച്ചുകൂടി വലുതായിക്കഴിഞ്ഞശേഷം ഇതുപോലെ വിളിച്ചാല്‍ അവര്‍ ചിരിക്കില്ല, ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്ത് അവനെ തിരുത്താന്‍ ശ്രമിക്കും. മാതാപിതാക്കള്‍ മക്കളെ ശിക്ഷിച്ചാല്‍ തന്നെ ആ ശിക്ഷയും കരുണയാണ്. കാരണം അത് അവന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ്. ഭക്തന്റെ ചെറിയ തെറ്റിനുകൂടി ഭഗവാന്‍ ശിക്ഷ നല്‍കിയെന്നിരിക്കും. ഭക്തനോടുള്ള അമിതമായ കാരുണ്യംകൊണ്ടു ഭക്തനെ രക്ഷിക്കാന്‍ വേണ്ടിയാണത്. അന്ധകാരത്തില്‍ വഴി കാട്ടുന്ന ദീപം പോലെയാണ് ആ ശിക്ഷ. 
ഒരു കുട്ടി അടുത്തുള്ള പറമ്പിലേക്കു കടക്കാന്‍ കമ്പിവേലി ചാടുക പതിവായിരുന്നു. ഇതുകണ്ട് ഒരു ദിവസം അവന്റെ അമ്മ ഉപദേശിച്ചു. ''മോനേ, കാലു തെറ്റിയാല്‍ കമ്പിയില്‍ തട്ടും, ദേഹം മുറിയും. അതുകൊണ്ടു മോന്‍ അതുവഴി പോകരുത്. അല്‍പം കൂടുതല്‍ നടക്കേണ്ടി വന്നാലും, ശരിയായ വഴിയില്‍ക്കൂടി മാത്രമേ പോകാവൂ.'' ''എനിക്കിതുവരെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ'' എന്നുപറഞ്ഞുകൊണ്ടു കുട്ടി അമ്മയുടെ വാക്ക് അനുസരിക്കാതെ പഴയ രീതി തുടര്‍ന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വേലി ചാടാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ കാല്‍ വഴുതി താഴെ വീണു. വേലിയിലെ മുള്ളുകമ്പിയില്‍ തട്ടി കാലു മുറിഞ്ഞു. കരഞ്ഞുകൊണ്ടു് അമ്മയുടെ അടുക്കല്‍ ചെന്നു. അമ്മ സ്‌നേഹപൂര്‍വ്വം തലോടി ആശ്വസിപ്പിച്ചു മരുന്നുവച്ചുകൊടുത്തു. മേലാല്‍ അതുവഴി പോകരുതെന്ന് ഒന്നുകൂടി ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ മുറിവു ഭേദമായിക്കഴിഞ്ഞപ്പോള്‍ കുട്ടി വീണ്ടും അനുസരണക്കേടു കാട്ടി. നേരായ വഴിയെ പോകാതെ വീണ്ടും കമ്പിവേലി ചാടി. അപ്പോഴും കാലു തെറ്റി മുള്ളുകമ്പിയില്‍ തട്ടി ദേഹം മുറിഞ്ഞു. കുട്ടി കരഞ്ഞുകൊണ്ടു് അമ്മയുടെ അടുത്തു ചെന്നു. അമ്മ മരുന്നു വച്ചുകൊടുക്കുന്നതിനു മുമ്പായി രണ്ടടികൂടി നല്‍കി. ആദ്യതവണ തന്നെ വേദന നന്നായി അറിഞ്ഞിരുന്നുവെങ്കില്‍ പിന്നീടു തെറ്റാവര്‍ത്തിക്കില്ലായിരുന്നു. രണ്ടാമത് അടികൂടി നല്‍കിയത് കുട്ടിയോടുള്ള ദേഷ്യം കൊണ്ടല്ല. അവനോടുള്ള സ്‌നേഹം കൊണ്ടാണ്. അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ്. അതുപോലെ ഈശ്വരന്‍ നമുക്കു നല്‍കുന്ന ശിക്ഷ,  അവിടുത്തേക്കു നമ്മളോടുള്ള കാരുണ്യമാണ്. നമ്മെ തെറ്റില്‍നിന്നു പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ്. 
ചില പെന്‍സിലിന്റെ ഒരറ്റത്ത് റബ്ബറും കാണും. എഴുതിയത് തെറ്റിയാല്‍ ഉടനെ മായ്ച്ച് വീണ്ടും എഴുതാം. എന്നാല്‍ വീണ്ടുംവീണ്ടും അവിടെ തെറ്റെഴുതി മായ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പേപ്പര്‍ കീറിപ്പോകും. ഒരു തെറ്റുപറ്റിയാല്‍ അതില്‍ പശ്ചാത്തപിക്കണം. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയമുണ്ടാകണം. എങ്കില്‍ ഈശ്വരന്‍ നമ്മുടെ തെറ്റുകള്‍ ക്ഷമിക്കും. മറിച്ച്, അവിവേകം കൊണ്ട് തെറ്റു തുടര്‍ന്നാല്‍ അതിന്റെ ഫലം അനുഭവിക്കുക തന്നെ വേണം. 
ചില സാഹചര്യങ്ങളില്‍ തെറ്റേത് ശരിയേത് ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് തീരുമാനിക്കാന്‍ നമുക്ക് പ്രയാസമായിരിക്കും. അപ്പോള്‍ സത്യദര്‍ശിയായ ഒരു ഗുരുവിനെ ആശ്രയിക്കണം. നമുക്ക് വേണ്ടതെന്താണെന്ന് അവര്‍ ഉപദേശിക്കും. ഗുരുവിന്റെ അഭാവത്തില്‍ ശാസ്ത്രങ്ങളെ ആശ്രയിക്കണം. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ വായിയ്ക്കണം. പൂര്‍വ്വികരായ ഗുരുക്കന്മാരുടെ വാക്കുകള്‍ തന്നെയാണ് പിന്നീട് ശാസ്ത്രങ്ങളായിത്തീരുന്നത്. അതിലൂടെ ജീവിതത്തിന്റെ ലക്ഷ്യമെന്തെന്നും എങ്ങനെ ജീവിതം നയിക്കണമെന്നും മനസ്സിലാക്കി നമ്മള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകണം.
 janmabhumi

No comments:

Post a Comment