Friday, February 02, 2018

പ്രത്യയാനന്ദ നിശ്ചയ: യ:
പ്രത്യയ പദത്തിന് ബുദ്ധി അഥവാ അന്ത: കരണമെന്നർത്ഥം. അന്ത: കരണവും പ്രപഞ്ച വിഷയങ്ങളും തമ്മിൽ യോജിക്കുമ്പോൾ അനുഭവപ്പെടുന്ന ആനന്ദമാണ് ലൗകി കാനന്ദം. ഈ ആനന്ദാനുഭവത്തെ തന്നെ വിശകലനം ചെയ്താൽ ബോധസ്വരൂപമായ ബ്രഹ്മം ആനന്ദമാണെന്ന് കണ്ടെത്താൻ കഴിയും . വിഷയാനന്ദങ്ങളെല്ലാം വാസ്തവത്തിൽ ബ്രഹ്മാനന്ദങ്ങൾ തന്നെയാണ്. ആനന്ദം ബ്രഹ്മത്തിന്റെ മാത്രം സ്വരൂപമാണ്. അപ്പോൾ ആനന്ദമേ തായാലും അതു ബ്രഹ്മാനന്ദമാകാനല്ലേ പറ്റൂ. ബ്രഹ്മാനന്ദാനുഭവത്തിന്റെ നിയമം എവിടെയും ഒന്നു തന്നെയാണ്. സങ്കൽപങ്ങൾ കുറഞ്ഞ് ഏകാഗ്ര പെടുന്ന ചിത്തം ആനന്ദം അനുഭവിക്കും. ഇതെങ്ങനെ? ചിത്തവും ബോധപ്രതിബിംബവും ചേർന്നതാണ് ജീവൻ. അഖണ്ഡ ബോധ സ്വരൂപമായ ബ്രഹ്മം സദാ നിശ്ചലമാണ് . ചിത്തത്തിലെ ബോധപ്രതിബിംബമായ ജീവനാകട്ടെ അതിനാശ്രയമായ ചിത്തത്തിന്റെ മാ ററ ങ്ങളനുസരിച്ച് മാറുന്നതായി തോന്നും. ഒരു ജലപാത്രത്തിലെ സൂര്യപ്രതിബിംബം ജലത്തിന്റെ മാറ്റത്തിനനുസരണമായി മാറുന്നതു പോലെ. ജലം ചലിച്ചാൽ സൂര്യപ്രതിബിംബവും ചലിക്കും. ജലം കലങ്ങിയാൽ പ്രതിബിംബവും കലങ്ങും. ജലം ശുദ്ധമായാൽ പ്രതിബിംബവും ശുദ്ധമാകും. ഇതു പോലെ ചിത്തം ചലിച്ചാൽ ബോധപ്രതിബിംബമായ ജീവനും ചലിക്കുന്നതായി തോന്നും. ചിത്ത ചലനം കുറച്ച് ഏകാഗ്ര പെട്ട് ശുദ്ധമായാൽ ജീവനും ശുദ്ധമാകുന്നതായി തോന്നും . വസ്തുത ഇതായതു കൊണ്ട് ഒരാൾക്ക് ബോധത്തിന്റെ സ്വരൂപമായ ആനന്ദമനുഭവിക്കാൻ ഒരേ ഒരു മാർഗമേയുള്ളൂ . ചിത്തത്തിന്റെ ചഞ്ചലത കുറച്ച് ഏകാഗ്രത നേടുക. ലൗകിക തലത്തിൽ മനുഷ്യർ കൃത്രിമങ്ങളായ ഉപായങ്ങളെ ആശ്രയിച്ച് അൽപ്പനേരം ചിത്തത്തിന്റെ ഏകാഗ്രത നേടി ക്ഷണികമായ ആനന്ദം അനുഭവിക്കുന്നു. ഉപായം വിട്ടുമാറുമ്പോൾ ആനന്ദവും നഷ്ടമാകുന്നു. ഒരാൾ പാട്ടുകേട്ട് സുഖിക്കുന്നു എന്നു കരുതുക. ജഡ ശബ്ദ രൂപമായ പാട്ടിൽ സുഖമൊന്നുമിരിപ്പില്ല. പാട്ട് ശ്രോതാ വിന്റെ മനസ്സിനെ അൽപ്പ മൊന്നേ കാ ഗ്രപ്പെടുത്താനുള്ള ഉപായം മാത്രം. ഏകാഗ്രപ്പെട്ട ചിത്തത്തിൽ ബോധം അതിന്റെ ആനന്ദ സ്വരൂപം പ്രകടമാക്കുന്നു. പാട്ടു തീർന്നു;ഏകാഗ്രത പോയി, ആനന്ദവും തീർന്നു . ആഗ്രഹ നിവൃത്തിയിലെ ആനന്ദാനുഭവത്തിന്റെയും രഹസ്യമിതു തന്നെ . ആഗ്രഹമുള്ളപ്പോൾ ചിത്തം ചഞ്ചലം . ആഗ്രഹം നിറവേറുമ്പോൾ അൽപ്പനേരത്തേക്കു ചഞ്ചലത മാറി ആനന്ദം; പുതിയ ആഗ്രഹങ്ങൾ വന്നു കയറുന്നതോടെ ആനന്ദം നഷ്ടമാകുന്നു. ബുദ്ധിയിലെ ആനന്ദാനുഭവത്തിന്റെ നിയമം എവിടെയും ഇതാണ്. അപ്പോൾ ബോധം സദാ ആനന്ദ സ്വരൂപമാണ് ; ബുദ്ധിയുടെ ചഞ്ചലതയാണ് ആനന്ദാനുഭവത്തെ നഷ്ടമാക്കുന്നത്. ഈ നിയമമനുസരിച്ച് ഒരാൾക്ക് അഭ്യാസം കൊണ്ട് ബുദ്ധിയെ സദാ ഏകാഗ്രപ്പെടുത്തി നിറുത്താമെങ്കിൽ സദാ ആനന്ദമനുഭവിക്കാൻ കഴിയുമെന്ന് തീർച്ചയാണല്ലോ. സത്യബുദ്ധിയും വിഷയവിരക്തിയും ഉറപ്പു വരുന്ന ഒരാൾക്കു ബുദ്ധിയുടെ ഈ അചഞ്ചലമായ ഏകാഗ്രത അനായാസം കൈവരിക്കാൻ കഴിയും; തുടർന്നു നിരന്തരാനന്ദവും അനുഭവിക്കാൻ കഴിയും. ഇതാണത്മാനന്ദാനുഭവം . ഈ രഹസ്യങ്ങളൊക്കെ വെളിപ്പെടുത്തി കൊണ്ടാണു സിദ്ധന്മാർ 'പ്രത്യയാനന്ദ നിശ്ചയ ' നായ ആത്മാവിനെ ഞങ്ങൾ ഉപാസിക്കുന്നു എന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
വസിഷ്ഠൻ തുടർന്നു: 'ഒരേ ബോധവസ്തുവിൽ പലതുണ്ടെന്ന തോന്നലാണു ചിത്തത്തെ സദാ ചഞ്ചലമാക്കുന്ന ഘടകം. വിചാരം ചെയ്തു സത്യമറിയുന്ന ഒരാൾക്കു ദ്രഷ്ടാവ്, ദർശനം, ദൃശ്യം എന്നിങ്ങനെ പലതായി കാണപ്പെടുന്നതെല്ലാം ഒരേ ബോധം തന്നെയെന്നു തെളിയും. സിദ്ധന്മാരുടെ ഗീതയിൽ കൂടി ഈ തത്വ രഹസ്യവും ജനകൻ കേൾക്കാനിടയായി.
(വാസിഷ്ഠ സുധ - യോഗവാസിഷ്ഠ സാരം - പ്രൊ. ബാലകൃഷ്ണൻ നായർ )

No comments:

Post a Comment