ഭൗതിക പ്രപഞ്ചത്തിലെ സുഖാനുഭവത്തില്‍ വൈരാഗ്യം ഉണ്ടാവുക തന്നെ വേണം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാവുകയുള്ളൂ. വൈരാഗ്യം എന്നാല്‍ പ്രീതി, സന്തോഷം തീരെ ഇല്ലായ്മയാണ്. ഒരു വ്യക്തിയോട് അല്ലെങ്കില്‍ ഒരു വസ്തുവിനോട് നമുക്ക് ആ വ്യക്തിയുടെ അല്ലെങ്കില്‍ ആ വസ്തുവിന്റെ സ്വഭാവത്തിലെ ദോഷത്തെക്കുറിച്ച് ജ്ഞാനം ഉണ്ടാവണം. ഭൗതിക ജീവിതത്തിലെ പ്രധാന ഘടകമായ ശരീരത്തിന്റെ ദോഷത്തെയാണ് ഈ പദത്തില്‍ സൂചിപ്പിക്കുന്നത്.
ജന്മം- നമ്മുടെ ശരീരം അമ്മയുടെ ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവരുന്നതിന് മുന്‍പ് തന്നെ ദുഃഖം ആരംഭിക്കുന്നു. ഒമ്പതുമാസം പിണ്ഡാകൃതിയില്‍ സ്ഥിതിചെയ്യുന്നതും മലത്തില്‍ കൃമികളുടെ കടിയേറ്റു കിടക്കുന്നതും ജഠരാഗ്നിയില്‍ വേവുന്നതും, ജരായു എന്ന നേരിയ ചര്‍മ്മത്തില്‍ കുടുങ്ങുന്നതും ജനിക്കുമ്പോള്‍ പ്രസവ വായുവിന്റെ സമ്മര്‍ദ്ദം, യോനി യന്ത്രത്തിന്റെ പീഡനം എല്ലാം മഹാദുഃഖമാണ്. ഈ ദുഃഖത്തിന്റെ വിവരണം, ശ്രീമദ് ഭാഗവതം തൃതീയ സ്‌കന്ധം 31-ാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമായ ശ്രീ കപിലമഹായോഗി അമ്മയായ ദേവഹൂതി ദേവിക്ക് നല്‍കുന്നതായി കാണാം. ഈ ദുഃഖാനുഭവങ്ങള്‍ ജനനത്തിനുശേഷം നാം മറന്നുപോകരുത്. ജനനമില്ലാത്ത അവസ്ഥയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം, അനുദര്‍ശനം.
മൃത്യു- മരണ സമയത്ത് സര്‍വ്വനാഡികളുടെയും കര്‍ഷണം-വലിവ്-മര്‍മ്മങ്ങളിലെ വേദന, ഊര്‍ധശ്വാസം, താപം, എല്ലാം ദുഃഖം തന്നെ. മലവും മൂത്രവിസര്‍ജനങ്ങള്‍ ദോഷങ്ങളാണ്. മരണത്തിനുശേഷം, നരകവാസം, പീഡകള്‍, അവയും ദുഃഖം തന്നെ. നാം അതും ഭാഗവതാദി പുരാണങ്ങളില്‍ വിവരിച്ചതും നാം അംഗീകരിക്കുന്നില്ല; അന്ധവിശ്വാസമായി കരുതുന്നു. അതാണ് ദോഷം.
ജരാ- ദേഹത്തിന്റെ വൃദ്ധാവസ്ഥ: ശരീരവും കരചരണാദികളും ശിഥിലങ്ങളാകുന്നു; നടത്തം മെല്ലെയാവുന്നു, ചെവി കേള്‍ക്കാതാകുന്നു, വാക്കുകള്‍ ഇടറുന്നു, എഴുന്നേല്‍ക്കുമ്പോള്‍ വീണുപോകുന്നു; സ്വജനങ്ങള്‍ പരിഭവിക്കുന്നു; ഭാര്യാ പുത്രാദികള്‍ ശകാരിക്കുന്നു. എല്ലാം ദുഃഖം തന്നെ. കണ്ടാലും കേട്ടാലും അനുഭവിച്ചാലും നാം പഠിക്കുന്നില്ല. ചെവിക്കു കേള്‍വി ശക്തിയുള്ളപ്പോള്‍ ഭാഗവത ഗീതാദികള്‍ കേള്‍ക്കാനോ കണ്ണുകള്‍ക്ക് കാഴ്ച ശക്തിയുള്ളപ്പോള്‍ തന്നെ ക്ഷേത്ര-വിഗ്രഹങ്ങള്‍ കാണാനോ നാക്കിനു ശക്തിയുള്ളപ്പോള്‍ തന്നെ നാമസങ്കീര്‍ത്തനം ചെയ്തു ശീലിക്കാനോ നാം തയ്യാറാവുന്നില്ല. കുട്ടികളെ ഭക്തി മാര്‍ഗത്തില്‍ കൊണ്ടുവരാനോ നാം ഒരുങ്ങുന്നില്ല. ഈ ദോഷവും നാം അറിയണം.
വ്യാധി- ജ്വരം, അതിസാരം, ഛര്‍ദ്ദി മുതലായ രോഗങ്ങള്‍ വന്നുപെട്ടു ദേഹം അനങ്ങാന്‍ പോലും വയ്യാതാവുന്നു; വൈദ്യന്‍ നിര്‍ദ്ദേശിച്ച കയ്പും ചവര്‍പ്പുമുള്ള കഷായങ്ങളും ഗുളികകളും കഴിക്കേണ്ടിവരുന്നു. ദേഹത്തിന്റെ ദുര്‍ഗന്ധം, കിടക്കയില്‍ തന്നെ മലമൂത്രാദികള്‍ വിസര്‍ജിക്കുക നിമിത്തമുണ്ടാവുന്ന നാറ്റം എല്ലാം ദോഷം തന്നെ. ഇതും നാം അറിയണം. ഇങ്ങനെ ജന്മമൃത്യു-ജരാ-വ്യാധികളിലെ ദുഃഖങ്ങളും ദോഷങ്ങളും വീണ്ടുംവീണ്ടും ചിന്തിച്ച് വിവേകികളായിത്തീര്‍ന്ന പുണ്യശീലന്മാര്‍ക്ക് തീവ്രവൈരാഗ്യവും ഭഗവത്പദ പ്രാപ്തിക്കുള്ള ആഗ്രഹവും ഉണ്ടാവും. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് 'ജ്ഞാനം' എന്ന വിഷയത്തില്‍ ഉള്‍പ്പെടുത്തീയിട്ടുള്ളത്..janmabhumi
No comments:
Post a Comment