Tuesday, February 27, 2018

അസക്തി: പുത്രന്മാര്‍, ഭാര്യ, ഗൃഹം മുതലായ ലൗകിക സുഖ സാധനങ്ങളില്‍-അത്യന്ത സ്‌നേഹം ഇല്ലാതിരിക്കുക എന്നതാണ് അസക്തി.
 അനഭിഷ്വംഗ:- പുത്രന്മാര്‍, ഭാര്യ, ഗൃഹം, ബന്ധുക്കള്‍, നാട്ടുകാര്‍ മുതലായവര്‍ എന്റെ സ്വന്തമാണ് എന്ന ഭാവം ഇല്ലാതെയും ശത്രുത ഇല്ലാതെയും ഇരിക്കുക.
നിത്യം സമചിത്തത്വം
ഇഷ്ടപ്പെട്ട വസ്തുക്കളോ, ആളുകളോ അടുത്തുവന്നാല്‍ സന്തോഷമുണ്ടാകും. ഇഷ്ടമില്ലാത്ത വസ്തുക്കളോ ആളുകളോ വന്നുചേര്‍ന്നാല്‍ നമുക്ക് സങ്കടവും ഉണ്ടാകും. ഇത്തരം സന്തോഷവും സങ്കടവും ഒരിക്കലും ഇല്ലാതിരിക്കുക. എപ്പോഴും സമത്വഭാവന നിലനിര്‍ത്തുകയാണ് വേണ്ടത്. ഗൃഹത്തോടും ഭാര്യാ പുത്രാദികളോടും വിരക്തിയുണ്ടാവണം എന്നു പറയുമ്പോള്‍, അവരോട് ക്രൂരമായും തീക്ഷ്ണമായും പെരുമാറണം എന്ന്  വ്യാഖ്യാനിക്കരുത്. അവരോടുള്ള സ്‌നേഹം ആദ്ധ്യാത്മിക പുരോഗതിക്ക് തടസ്സമായിത്തീരുകയാണെങ്കില്‍ ആ സ്‌നേഹം ഉപേക്ഷിക്കണം എന്നാണ്. ഒരു ഉത്തമഭക്തന് ഗൃഹാന്തരീക്ഷം, ഭഗവന്നാമം ജപിച്ചും കീര്‍ത്തിച്ചും ഭഗവാനെ പൂജിച്ചും ഭക്തി ചര്‍ച്ചകള്‍ ചെയ്തും അനുകൂലമാക്കാന്‍ കഴിയും. ഭാര്യാപുത്രാദികളെ ഭഗവദ്ഭജനത്താല്‍ പങ്കാളികളാക്കാന്‍ കഴിയും.
മയി അനന്യയോഗേന ഭക്തിഃ
സര്‍വേശ്വരനും സര്‍വാത്മാവും ഭഗവാനുമായ എന്നില്‍- ഈ കൃഷ്ണനില്‍- ഭക്തിയുണ്ടാവണം. അതായത് സ്‌നേഹമുണ്ടാവണം. ആ സ്‌നേഹം എങ്ങനെയുള്ളതായിരിക്കണം?
''അനന്യയോഗേനഃ'' എന്താണ് ആ വാക്കിന്റെ അര്‍ത്ഥം? ശ്രീശങ്കരാചാര്യര്‍ വിവരിക്കുന്നത് നാം പ്രത്യേകം ശ്രദ്ധിക്കണം.
''അപൃഥക് സമാധിനാ- ന അന്യഃ ഭഗവതോ വാസുദേവാല്‍ പരഃ അസ്തി (ഭഗവാനായ വസുദേവ പുത്രനില്‍നിന്ന് ഉത്കൃഷ്ടനായിട്ടോ, വേറിട്ടോ ഒരു ദേവനും ഇല്ല)
(''അതഃ സ ഏവ നോ ഗതിഃ'' (അതിനാല്‍ ആ ഭഗവാന്‍ തന്നെയാണ് നമുക്ക് ശരണം'')
''ഇതി ഏവം നിശ്ചിതാ ബുദ്ധിഃ'' (ഇപ്രകാരം തന്നെ തീരുമാനമെടുത്ത ബുദ്ധി) അനന്യയോഗഃ (അതാണ് അനന്യയോഗം- ആ ബുദ്ധിയോടെ ഭജിക്കുക, സേവിക്കുക. മാത്രമല്ല, ആ ഭക്തി.)
''അവ്യഭിചാരിണീ-യാവണം
ഒരിക്കലും ലക്ഷ്യം ഭഗവാനില്‍നിന്ന് മാറി, സ്വര്‍ഗാദി ദിവ്യസുഖങ്ങളോ ലൗകിക സുഖങ്ങളോ ആകരുത്. ഇത്തരത്തിലുള്ള ഭക്തിയാണ് നാം വളര്‍ത്തേണ്ടത്.
വിവിക്ത ദേശസേവിത്വം
ഭഗവാനില്‍ അന്യയോഗയുക്തവും അവ്യഭിചാരിണിയുമായ ഭക്തി വളരണമെങ്കില്‍ ഭക്തന്‍ താമസിക്കുന്ന ദേശം, പരിശുദ്ധവും പരിസരം ഭഗവദ് ഭജനത്തിന് സഹായകവും ആയിരിക്കണം. വൃന്ദാവനം പോലെ ഭഗവാനുമായി ബന്ധപ്പെട്ട വനങ്ങള്‍, കാളിന്ദി നദിപോലെ പരിപാവനമായ നദികളുടെ തീരങ്ങള്‍, ഗോവര്‍ധനം പോലെയുള്ള പര്‍വതങ്ങള്‍, മഥുര, ദ്വാരകപോലെയുള്ള ക്ഷേത്ര പരിസരങ്ങള്‍- ഇവയായിരിക്കണം. ശ്മശാനംപോലെയുള്ള അശുദ്ധമായ സ്ഥലങ്ങള്‍, വ്യാഘ്രം സിംഹം മുതലായ ക്രൂരജന്തുക്കളുടെ ശല്യം ഉള്ള വനങ്ങള്‍, ബഹുജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങള്‍ മുതലായവ ഒഴിവാക്കുക തന്നെ വേണം.
ശ്രീബുദ്ധന്‍, ശ്രീശങ്കരാചാര്യര്‍, ശ്രീചൈതന്യ മഹാപ്രഭു, ശ്രീരാമകൃഷ്ണ പരമഹംസന്‍ മുതലായ ജ്ഞാനികളും ഭക്തന്മാരും തങ്ങളുടെ യോഗാനുഷ്ഠാനങ്ങള്‍ക്ക് തിരഞ്ഞെടുത്തതും മേല്‍പ്പറഞ്ഞവിധം, ഭഗവച്ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളാണ്. അവരെത്തന്നെയാണ് നമ്മളും മാതൃകകളായി സ്വീകരിക്കേണ്ടത്.
kanapram

No comments:

Post a Comment