നമ്മുടെ ഈ കാലഘട്ടത്തില്‍ വിജ്ഞാനരംഗത്തും ദാര്‍ശനികരംഗത്തും സാഹിത്യരംഗത്തും സംഭവിച്ച കുഴപ്പം എന്താണെന്നോ? പാശ്ചാത്യശാസ്ത്രം പഠിച്ചിട്ട് അതിലൂടെ ഭാരതീയദര്‍ശനങ്ങളെ നോക്കിക്കാണാന്‍ ശ്രമിച്ചു. എന്നാല്‍ നോക്കൂ പാശ്ചാത്യര്‍ എന്താണ് ചെയ്യുന്നത്? അവര്‍ അവരുടെ ദര്‍ശനങ്ങളില്‍ നിന്നു കൊണ്ടു ഭാരതീയ ദര്‍ശനങ്ങളെക്കൂടി സ്വീകരിക്കുന്നു. എന്നു പറയുമ്പോള്‍ രണ്ടിന്‍റെയും ആവശ്യം രണ്ടാണ് എന്നാണ്. രണ്ടും മനുഷ്യന് ആവശ്യമുണ്ട് എന്നു തന്നെയാണ് അര്‍ത്ഥം. അതുകൊണ്ടാണ് പാശ്ചാത്യവും ഭാരതീയവും ഒരുപോലെ പഠിക്കുവാന്‍ സ്വാമിവിവേകാനന്ദനും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും ലോകത്തോട് പറഞ്ഞത്. പാശ്ചാത്യര്‍ക്ക് അത് മനസ്സിലായി. ഭാരതീയരില്‍ പലര്‍ക്കും അത് മനസ്സിലായില്ല. കാര്യം മനസ്സിലാക്കാത്ത ചില ആദ്ധ്യാത്മികബുദ്ധിജീവികളും ചില ഭൗതികവാദികളും എന്തു ചെയ്തു? പാശ്ചാത്യദര്‍ശനം കൊണ്ട് പൗരസ്ത്യദര്‍ശനത്തെ പഠിക്കുവാന്‍ ശ്രമിച്ചു. അതിന്‍റെ ഫലമായി അവര്‍ക്ക് ഒന്നും ശരിയായി മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല കാടുകയറിയ വ്യാഖ്യാനങ്ങള്‍ കൊണ്ട് വായനക്കാരെ വഴിതെറ്റിക്കുകയും ചെയ്തു.
ദര്‍ശനങ്ങളെ ദര്‍ശനങ്ങളുടെ വഴിക്കും ശാസ്ത്രത്തെ ശാസ്ത്രത്തിന്‍റെ വഴിക്കും പഠിച്ച് മനസ്സിലാക്കുകയും ജീവിതത്തില്‍ അതാതിന്‍റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഓരോ ശാസ്ത്രവും ഓരോ ദര്‍ശനവും അതാതിന്‍റെ വഴിക്ക് പ്രസക്തമാണ്. നമുക്കും നമ്മുടെ മക്കള്‍ക്കും അവ രണ്ടും ശരിയായി മനസ്സിലാക്കി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കണം. അതിനു നമ്മെ സഹായിക്കുന്ന ഗുരുക്കന്മാരെ നമുക്ക് ലഭിക്കട്ടെ. പാശ്ചാത്യര്‍ ഒരിക്കലും ഭാരതീയ ദര്‍ശനങ്ങളില്‍ അടിമകളല്ല. അതിനാല്‍ അവര്‍ സ്വന്തം നാടിന്‍റെ ദര്‍ശനങ്ങളിലെ നന്മകളെ തള്ളിപ്പറയില്ല. എന്നാല്‍ ഭാരതീയ ദര്‍ശനങ്ങളിലെ സാദ്ധ്യതകളെ അവര്‍ മനസ്സിലാക്കി സ്വീകരിക്കുന്നുമുണ്ട്. എന്നാല്‍ ഭാരതത്തിലെ ചില ജനങ്ങളുടെ സ്ഥിതി നേരെ മറിച്ചാണ്. അവര്‍ ഇന്നും പാശ്ചാത്യദര്‍ശനങ്ങളില്‍ അടിമകളാണ്. എന്നിട്ട് പൗരസ്ത്യദര്‍ശനങ്ങളെ പഠിക്കുകയോ ആചരിക്കുകയോ ചെയ്യാതെ തള്ളിപ്പറയുന്നു. ഓം.
krishnakumar
No comments:
Post a Comment