Thursday, March 01, 2018

സുരേന്ദ്രനാഥ് ദാസ്ഗുപ്ത ദര്‍ശനങ്ങളുടെ മറ്റൊരു പൊതുസമീപനത്തെയും വിവരിക്കുന്നു. ഈ ലോകം ദു:ഖപൂര്‍ണ്ണമാണ് എന്ന വിശ്വാസത്തിന് എല്ലാ ഹിന്ദുദര്‍ശനങ്ങളും ഒരുപോലെ ഊന്നല്‍ നല്‍കുന്നില്ല. എങ്കിലും ആ വിശ്വാസം പങ്കിടുന്നുണ്ട്. സാംഖ്യ, യോഗ, ബൗദ്ധദര്‍ശനങ്ങള്‍ അതിനു വലിയ പ്രാധാന്യം നല്‍കുന്നു. സുഖ ദു:ഖാനുഭവങ്ങളുടെ ആ മുറിച്ചുമാറ്റാനാകാത്ത ശൃംഖലയ്ക്ക് സമാധാനപരമായ ഒരു പര്യവസാനം അടുത്തൊന്നും കാണുന്നില്ല എന്നു മാത്രമല്ല കര്‍മ്മം, പുനര്‍ജന്മം, ദു:ഖം എന്നീ വലകളില്‍ കൂടുതല്‍ കൂടുതല്‍ കുരുക്കുകയുമാണ് ഇവ  ചെയ്യുന്നത്. സുഖം എന്നത് ഈ ചങ്ങലയെ നിലനിര്‍ത്താനുതകുന്ന ഒരു തോന്നല്‍ മാത്രമാണ്. അത് സത്യത്തില്‍ ദു:ഖജനകമാണ്. സുഖം നഷ്ടപ്പെടുമ്പോള്‍, സുഖതൃഷ്ണ തോന്നുമ്പോള്‍, നമുക്ക് വേദന അനുഭവപ്പെടുന്നു. സുഖം അത്രയേറെ വേദനയുമായി ബന്ധപ്പെട്ടതായിരിക്കേ അത് വേദന മാത്രമാണ്. സുഖം തേടുമ്പോള്‍ നാം സത്യത്തില്‍ കബളിപ്പിക്കപ്പെടുകയാണ്. കാരണം തീര്‍ച്ചയായും അതു നമ്മെ ദു:ഖത്തിലേക്കു നയിക്കുന്നു. നമ്മുടെ എല്ലാ അനുഭവങ്ങളും അന്തസ്സത്തയില്‍ ദു:ഖപൂര്‍ണ്ണമോ, ദു:ഖജനകങ്ങളോ ആണ്. ഈ പ്രപഞ്ചപ്രക്രിയയുടെ അടിസ്ഥാനസത്യം ദു:ഖമാണ്. 
ഒരു സാധാരണ വ്യക്തിക്ക് സുഖം തരുന്നതെന്നു തോന്നുന്ന കാര്യം അകക്കണ്ണു തെളിഞ്ഞ ഒരു വിവേകശാലിയ്ക്ക്, ഒരു യോഗിക്ക്, ദു:ഖജനകമാണെന്ന സത്യം കാണാന്‍ കഴിയും. അറിവു കൂടുന്തോറും ദു:ഖം കൂടുതല്‍ ദു:സഹമാകും; ലൗകികാനുഭവങ്ങളില്‍ കൂടുതല്‍ വിരക്തി തോന്നും. ഒരു യോഗി നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെയാണ്. കണ്ണില്‍ ഒരു ചെറിയ കരടു വീണാല്‍ മതി അത് ആകെ അസ്വസ്ഥമാകും. അതേപോലെ നേരിയ ദു:ഖം പോലും യോഗിക്ക് അസഹ്യമായി തോന്നും. 
വരുന്ന ഓരോരോ ദു:ഖത്തിനും അപ്പപ്പോള്‍ പരിഹാരം കാണുന്നതു വഴി ലൗകികാനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന ഈ ദു:ഖത്തെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധ്യമല്ല. കാരണം, ഒന്നിനു പിമ്പേ മറ്റൊന്ന് എന്ന തരത്തില്‍ അവ തുടരും. ഒരു പ്രവൃത്തിയും ചെയ്യാതിരിക്കുന്നതുകൊണ്ടോ, ആത്മഹത്യ ചെയ്യുന്നതുകൊണ്ടോ ഇതൊഴിവാക്കാനാകുകയില്ല. നമ്മുടെ ജന്മസ്വഭാവം നമ്മെ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതനാക്കും. ആത്മഹത്യ നമ്മെ ദു:ഖത്തിന്റെയും പുനര്‍ജന്മത്തിന്റേതുമായ അടുത്ത ജീവിതത്തിലേക്കാണ് നയിക്കുക.
എല്ലാ ദു:ഖങ്ങളേയും എന്നന്നേക്കുമായി വേരോടെ പിഴുതുമാറ്റാന്‍ ശരിയായ അറിവും ധാര്‍മ്മികജീവിതവും മാത്രമാണ് പോംവഴി. ആത്മാവ് ലൗകികാനുഭവങ്ങളുമായും ലൗകികസുഖങ്ങളുമായും വേര്‍പിരിക്കാനാകാത്തവിധം ഇഴചേര്‍ന്നതാണ് എന്ന നമ്മുടെ അജ്ഞാനമാണ് പ്രവൃത്തിയിലേക്കു നമ്മെ നയിക്കുന്നത്; സുഖാസ്വാദനത്തിനുള്ള മോഹം നമ്മിലുണര്‍ത്തുന്നത്. ഇതു തന്നെയാണ് നമ്മെ മറ്റു വികാരവിക്ഷോഭങ്ങളിലേക്കും കര്‍മ്മങ്ങളിലേക്കും നയിക്കുന്നതും. 
ധാര്‍മികമായി ഉന്നത നിലവാരത്തില്‍ എത്തുമ്പോള്‍ ജീവിതത്തിലെ അനുഭവങ്ങളില്‍ പൂര്‍ണ്ണമായും വിരക്തി ഉണ്ടാകും. എല്ലാത്തരം ജീവിതവ്യാപാരങ്ങളിലും, ശരീരം, മനസ്സ്, വാക്ക് എന്നിവ വഴി, ഇടപെടുന്നതില്‍ നിന്നും വിരമിക്കും. മനസ്സ് അത്തരത്തില്‍ പരിശുദ്ധമാകുമ്പോള്‍ ആത്മതത്ത്വം അതിന്റെ സഹജമായ ശോഭയോടെ തെളിയും. അതിന്റെ ശരിയായ സ്വഭാവത്തെപ്പറ്റി ബോധ്യം വരും. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും മോഹം, അജ്ഞാനം എന്നിവയുമായി ആത്മാവിനു ബന്ധം ഉണ്ടാകുകയില്ല. ഈ അവസ്ഥയില്‍, പ്രവൃത്തി, വികാരം, ചിന്ത എന്നിവയുടെ ഉറവിടമായ ചിത്തത്തില്‍ നിന്നും അത് പൂര്‍ണ്ണമായും വേര്‍പെടുന്നു. അത്തരത്തില്‍ മുക്തനായ ആത്മാവ് എല്ലാ ശോകങ്ങളേയും എന്നന്നേക്കുമായും ജയിക്കുന്നു.
ഇവിടെ പക്ഷേ, മറ്റൊരു കാര്യം ശ്രദ്ധിക്കണം. ഈ മുക്താവസ്ഥ, നിരാശ ബാധിച്ച ഒരുവന് ലൗകിക കാര്യങ്ങളോടെല്ലാം തോന്നുന്ന പൊതുഅനിഷ്ടം അല്ല. മറിച്ച്, ഈ അവസ്ഥ, ഏറ്റവും ശുഭമായ ഒന്നാണെന്ന തിരിച്ചറിവിലൂടെ കൈവന്നതാണ്. ജീവിതത്തിലെ കടമകളില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടമല്ല അത്. അവയെ ശരിയായ അര്‍ത്ഥത്തില്‍ അറിഞ്ഞ് ഉള്‍ക്കൊണ്ട് നിറവേറ്റുന്നതു വഴി അവയ്ക്കതീതനാകുക എന്നതാണ് ഉദ്ദേശ്യം.
ധാര്‍മ്മികമായി ഔന്നത്യം കൈവരിക്കുമ്പോഴേ, ലൗകികവും അലൗകിക (സ്വര്‍ഗം) വും ആയ എല്ലാ സുഖങ്ങളും ഏതൊന്നിന്റെ മുമ്പില്‍ തുച്ഛമെന്നു മാത്രമല്ല ദു:ഖജനകങ്ങളും ഒഴിവാക്കപ്പെടേണ്ടതും കൂടിയാണെന്നു മനസ്സിലാകൂ, ആ ആത്മസാക്ഷാത്കാരം കരഗതമാകൂ. അത്തരത്തില്‍ മാനസികപക്വത വരുമ്പൊഴേ മുക്തിക്കു വേണ്ടി ശ്രമിക്കാനാകൂ. മേല്‍പ്പറഞ്ഞ ഭാവാത്മകമായ മുക്തിയാണ് ജീവിതലക്ഷ്യം എന്ന ബോധ്യം വരാന്‍, ഓരോ ദര്‍ശനവും സ്വീകരിക്കുന്ന, ലോകത്തോടുള്ള നിരാശ നിറഞ്ഞ സമീപനങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇതിനു കാരണം, ഓരോ ദര്‍ശനത്തിന്റെയും തന്ത്രയുക്തി വ്യത്യസ്തമാണ് എന്നതാണ്.
 ഇന്ത്യന്‍ തത്ത്വചിന്ത, അതിന്റെ സങ്കീര്‍ണ്ണമായ നാഗരികതയുടെ പല പ്രതിഭാസങ്ങള്‍ എന്നിവ യുക്തിബദ്ധമായി മനസ്സിലാക്കാന്‍, ആത്മസാക്ഷാത്കാരത്തിലൂടെ ലഭ്യമാകുന്ന സ്വസ്ഥതയും അനുഗൃഹീതത്ത്വവും നേടാനുള്ള ആത്മാര്‍ത്ഥമായ ദാഹം, അനിവാര്യമാണെന്നാണ് തന്റെ നിഗമനമെന്ന് പണ്ഡിതാഗ്രേസരനായ സുരേന്ദ്രനാഥ് ദാസ്ഗുപ്ത വെളിവാക്കുന്നു. സ്വതവേ നാം ദു:ഖാതീതരും  അനുഗൃഹീതരും ആണെന്ന ഉറപ്പു കൈവന്നാല്‍ നമ്മുടെ ചുറ്റും കാണുന്ന ദു:ഖം നമ്മെ ഒട്ടും ഭയപ്പെടുത്തുകയില്ല. തുടക്കത്തിലെ നിരാശയുടെ കാഴ്ചപ്പാട,് അപ്പോള്‍, ആത്മവിശ്വാസത്തിനും മുക്തിയെന്ന ഭാവാത്മകമായ പരമപുരുഷാര്‍ത്ഥത്തിനും വഴിമാറിക്കൊടുക്കുന്ന   തരത്തില്‍ ശുഭമായി പര്യവസാനിക്കുന്നു..vamanan.

No comments:

Post a Comment