Thursday, March 15, 2018

ഹൃദയാന്തര്‍ഭാഗത്തില്‍ ഭഗവാനെ കണ്ട ബ്രഹ്മദേവന്‍, താനാരാണെന്ന തന്റെ അന്വേഷണത്തിനുത്തരമായ, തന്റെ കാരണത്തെ കണ്ടെത്തിയ സന്തോഷത്തില്‍, ആ ചൈതന്യത്തിനെ സ്തുതിച്ചു.
സമസ്ത ജഗത്തിന്റേയും സുഹൃത്തും ഏകനും ആത്മാവും ഐശ്വര്യവുമെല്ലാമായ ഈ ഭഗവാന്റെ അനുകമ്പ കൊണ്ടുമാത്രമേ എനിക്ക് സൃഷ്ടികര്‍മ്മങ്ങള്‍ ചെയ്യാനാകൂ. ആ പരമജ്ഞാനം എന്നില്‍ പ്രകാശിക്കേണമേ. എന്റെ സൃഷ്ടികര്‍മ്മങ്ങളില്‍ എന്റെ കര്‍മവാസനകള്‍ പ്രകാശിക്കാതെ ഭഗവാന്റെ വിക്രമം തന്നെ പ്രകാശിക്കപ്പെടണം. എന്റെ ചേതനയെ വേണ്ടവിധം ചലിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും അങ്ങു തന്നെ ചെയ്യണം. ഞാന്‍ എല്ലാം ഭഗവാനില്‍ തന്നെ സമര്‍പ്പിക്കുന്നു.
ഞാന്‍ സ്വയം ചെയ്യുമ്പോള്‍ തെറ്റുകുറ്റങ്ങള്‍ കൂടുതലായിരിക്കും. എന്നാല്‍ എന്റെ ഓരോ ചലനത്തിന്റെയും പ്രേരകശക്തി അങ്ങുതന്നെയായിവരുമ്പോള്‍ എനിക്ക് ബുദ്ധിഭ്രംശം വരില്ല. ഭഗവാന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എന്നെന്നും എനിക്ക് പ്രേരണയായി ഭവിക്കേണമേ. വേദവാക്കുകള്‍ എന്നില്‍ പ്രകാശിക്കേണമേ.
ഭഗവാന്റെ വേദവാക്കുകള്‍ ഭഗവാനില്‍നിന്നും ശ്രവിക്കേണമെന്ന് ബ്രഹ്മാവിന് ആഗ്രഹമുദിച്ചു. അങ്ങയുടെ മധുരമായ വാക്കുകള്‍ കേള്‍ക്കണമെന്ന് ബ്രഹ്മദേവന്‍ ശ്രീമഹാവിഷ്ണുവിനോട് പ്രാര്‍ത്ഥിച്ചു.
ആ സമയത്ത് ബ്രഹ്മദേവന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയാലോ. ഞാന്‍ ആര് എന്ന് ആലോചിച്ചുതുടങ്ങിയപ്പോള്‍ തന്നെ അഹംബോധം പതഞ്ഞുതുടങ്ങി. അവിടെ സര്‍ഗം ആരംഭിച്ചു. പ്രപഞ്ചം സൃഷ്ടിക്കുവാനുള്ള ഉത്തേജനവും ലഭിച്ചു. അതിനു പാകത്തിന് താന്‍ ആരോ ആണെന്ന തോന്നലും ഉടലെടുത്തു. എന്നാല്‍ തനിക്ക് തന്റെ കാരണസ്ഥാനംപോലും കണ്ടെത്താന്‍ കഴിവില്ലാ എന്ന് കുറെക്കാലത്തെ അന്വേഷണത്തിനുശേഷം പ്രകടമായി. താമരവള്ളിയിലെ നാളങ്ങളില്‍ അന്വേഷിച്ച് കുറേക്കാലം പോയി. മനുഷ്യന് ഒന്നുമറിയാതെ കടന്നുപോകുന്ന ശൈശവവും കളിച്ചു നടന്നു നഷ്ടമാകുന്ന ബാല്യവും അഹങ്കരിച്ചു നടന്ന യൗവ്വനും പോലെ നാലു ദിക്കുംനോക്കി അലഞ്ഞു. 
എന്നാല്‍ ഇതിനിടയില്‍ കുറച്ചുകാലം അന്തര്‍മുഖനായി തപം ചെയ്തു. അപ്പോള്‍ മനസ്സിലായി ഞാന്‍ ആരുമല്ല. എന്നെക്കൊണ്ട് ഒന്നുമാവില്ല. എനിക്ക് സൃഷ്ടി നടത്താന്‍ കഴിവ് പോര. ഞാന്‍ സൃഷ്ടിച്ചാല്‍ ആ സൃഷ്ടി ആ സൃഷ്ടി വികലമായിത്തീര്‍ന്നേക്കാം.
പക്ഷേ തിരിച്ചറിഞ്ഞു. എന്റെ ഹൃദയാന്തര്‍ഭാഗത്തിരിക്കുന്ന ആ ഭഗവാന്‍ എന്റെ കൂടെത്തന്നെയുണ്ട്. ആ ഭഗവാന് എല്ലാമാവും. ആ ഭഗവാനാണ് സൃഷ്ടി നടത്തുന്നതെങ്കില്‍ ഞാനെന്തിനു ഭയപ്പെടണം. ഞാനാണ് സൃഷ്ടിക്കുന്നതെന്ന ബോധം നിലനിന്നാല്‍ സൃഷ്ടി അവതാളത്തിലാകും. വികലമാകും.
അപ്പോള്‍ എന്താണ് ചെയ്യുക. സൃഷ്ടികര്‍മവും കര്‍മവാസനയുമെല്ലാം ഭഗവാനിലേക്ക് അര്‍പ്പിച്ച് ചെയ്യുക. ഞാനാണ് സൃഷ്ടിക്കുന്നത് എന്ന ഭാവം ഉപേക്ഷിക്കുക. എല്ലാം ചെയ്യുന്നത് ഭഗവാന്‍ തന്നെ എന്നുറപ്പിക്കുക.
ഉള്ളിലിരിക്കുന്ന ഭഗവാനെ കണ്ടതോടെ ആ ഭഗവാനെ കണ്ടുകൊണ്ടിരിക്കാന്‍ ഒരു വാസന. ആ വാസന വളര്‍ന്നുവന്നു. അതുവരെ ഭഗവാനെ ഒന്നുകാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹം മാത്രമായിരുന്നു. കണ്ടുകഴിഞ്ഞപ്പോള്‍ എപ്പോഴും കാണാന്‍ മോഹം. എന്നും കൂടെ പ്രകാശിക്കുന്നു എന്ന ബോധ്യപ്പെട്ടപ്പോല്‍ ആ ഭഗവാനുമായി സംസാരിക്കണമെന്നു മോഹം. ഭഗവാന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മോഹം. മോഹങ്ങള്‍  വളര്‍ന്നുകൊണ്ടേയിരുന്നു. ഇതും മായാവൈഭവം.
അതാണ് മനസ്സ്. കാമുകീകാമുകന്മാരുടെ മനസ്സുപോലെ. ആദ്യം പറയും ഒരു ദിവസമാണെങ്കിലും ഒരുമിച്ചു കഴിഞ്ഞാല്‍ മതിയെന്ന്. എന്നാല്‍  മൂന്നുദിവസം ഒരുമിച്ചു കഴിഞ്ഞാല്‍ തനിക്ക് രണ്ടുദിവസം ബോണസു കിട്ടിയെന്നു കണക്കാക്കില്ല. ഒരുയുഗം മുഴുവന്‍ ഇതുപോലെ ഒരുമിച്ചു കഴിയണം എന്നാകും.
ആദ്യം പറയും പട്ടിണിയായാലും കൂടെയുണ്ടായാല്‍ മതിയെന്ന്. പിന്നീട് ഭാവം മാറും. എനിക്കിങ്ങനെ പട്ടിണി കിടന്നു ചാകാനാവില്ല എന്നാകും. പിന്നെ മോഹങ്ങള്‍ പലതും ഏറിയേറിവരും. ഇതിനിടയില്‍ ഭഗവാനെ മറന്നുപോകാനും ഇടവരും.
ഹൃദയഗുഹയിലിരുന്ന് ഭഗവാന്‍ ബ്രഹ്മദേവനെ പ്രചോദിപ്പിച്ചു. ബ്രഹ്മദേവന്റെ ആഗ്രഹം പോലെ ഭഗവാന്‍ ബ്രഹ്മദേവനോടു സംസാരിച്ചു. ആവശ്യമായ ആ ജ്ഞാനവചസുകള്‍ എന്തെല്ലാമായിരുന്നു?..janmabhumi

No comments:

Post a Comment