Tuesday, March 27, 2018

കചന്‍  ചോദ്യം ആവര്‍ത്തിച്ചു. പിതാവെ ഞാന്‍ എല്ലാം ഉപേക്ഷിച്ചിട്ടും ആത്മശാന്തി ലഭിക്കുന്നില്ല. എന്താണ് കാരണം? ബൃഹസ്പതി പറഞ്ഞു മകനെ നീ എല്ലാം ത്യജിച്ചു എന്ന് പറഞ്ഞതു കൊണ്ടോ ഭാവിച്ചതുകൊണ്ടോ ഫലമില്ല. എല്ലാമെന്നു പറയുന്നത് മനസ്സാണെന്നാണ് വിദ്വാന്മാര്‍ പറയുന്നത്. സര്‍വ്വത്യാഗം എന്നു പറയുന്നത് മനസ്സിന്റെ ത്യാഗമാണ്. ഇതുകേട്ട കചന്‍ ചിത്തത്തില്‍ സ്വരൂപം എപ്രകാരമെന്ന് ചോദിച്ചു. ചിത്തമെന്നത് അവനവന്റെ അഹങ്കാരമല്ലെന്നും ജന്തുക്കളുടെ ഉള്ളിലുള്ള ഞാനെന്ന ഭാവമാണ് അഹങ്കാരമെന്നും അതിനെ ത്യജിച്ച് മനസ്സിന്റെ നിര്‍മലഭാവം വരിക്കലാണ് സര്‍വത്യാഗമെന്നും ബൃഹസ്പതി മകനോട് വിവരിച്ചു. ഇതുകേട്ട കചന്‍ അഹങ്കാരത്യാഗം ദുഃസ്സാധ്യമായ ഒന്നാകയാല്‍ അതു സാധിക്കാനുള്ള എളുപ്പവഴി പറഞ്ഞു തരണമെന്നപേക്ഷിച്ചു. ബൃഹസ്പതി പറഞ്ഞു. മകനെ വളരെ എളുപ്പമായ ഒരു കാര്യം മഹാവിഷമമെന്ന് നീ പറഞ്ഞതു കേട്ട് ഞാന്‍ അദ്ഭുതപ്പെടുന്നു. കണ്ണടച്ചു തുറക്കുന്നതിലും എളുപ്പമാണ് അഹങ്കാരത്യാഗം. ആദ്യന്തരഹിതവും ഏകവും നിര്‍മലവുമായ ചിന്മാത്രം തന്നെ സര്‍വത്ര സാക്ഷിയായി വിളങ്ങുന്നു എന്ന് ഹൃദയത്തിലുറപ്പിച്ച് ധ്യാനിച്ചുകൊണ്ട് ശാന്തനായി സ്ഥിതിചെയ്യുമ്പോള്‍ മിഥ്യാരൂപമായ അഹങ്കാരം താനെ ഒഴിഞ്ഞുപോകും. സ്വച്ഛമായ ചിത്തുതന്നെ സര്‍വത്ര പരിലസിക്കുമ്പോള്‍ പിന്നെ അഹങ്കാരത്തിന് എവിടെയാണ് സ്ഥാനം? ഞാന്‍ നീ എന്നിങ്ങനെയുള്ള അര്‍ഥമില്ലാത്ത പ്രത്യയത്തെ നീ ഉപേക്ഷിക്കുക. അത് തുച്ഛവും പരിമിതാകാരവും ദിക്കാദി വ്യവച്ഛേദങ്ങള്‍ക്ക് അധീനവുമാണ് നീ സ്വച്ഛവും വിസ്തൃതവും സര്‍വ്വാര്‍ഥവും ഏകാര്‍ഥവുമായ നിര്‍മ്മല ചിന്മാത്രമാണെന്നും അറിയുക. ഇങ്ങനെ പരമവും അനുപമവുമായ ഉപദേശം സിദ്ധിച്ച് അന്തഃക്കരണശുദ്ധി ലഭിച്ച കചന്‍ ജീവന്മുക്ത പരമപദത്തെ പ്രാപിച്ചു. അതുകൊണ്ട് രാമാ കചനെപ്പോലെ നീയും നിര്‍മദനും നിരഹങ്കാരനും സകലബന്ധങ്ങളുമറ്റ പ്രശാന്തമനസ്‌കനായി നിര്‍വികാരാവസ്ഥയില്‍ വര്‍ത്തിക്കുക. അഹങ്കാരം അസദ്രൂപമാണെന്ന് മനസ്സിലാക്കിയാല്‍ പിന്നെ അതിനെ ആശ്രയിക്കുകയോ ത്യജിക്കുകയോ ചെയ്യേണ്ടതില്ല. അഹങ്കാരം എന്ന ഒന്ന് ഇല്ലെന്നുതന്നെ വിശ്വസിക്കുക. അഹങ്കാരത്തിന്റെ സ്വരൂപം ഒന്നു കൂടി വ്യക്തമാക്കാം. ഇക്കാണുന്ന ജഗത്തെല്ലാം ഏതൊരു ചിദാകാശത്തിലാണോ ഉദയം ചെയ്തിരിക്കുന്നത് സര്‍ഗാദിയില്‍ അത് അവസ്തുവായി ശൂന്യമായി സ്ഥിതിചെയ്യുന്നു. നിശ്ചലവായുവില്‍ ചലനമുണ്ടാകുന്നതു പോലെ ആദ്യമായി അതില്‍ നിന്ന് അഹങ്കാരമുണ്ടാകുന്നു. അനാത്മാവായ അഹങ്കാരം ചിദാകാശരൂപമായ ആത്മാവിന്റെ രക്ഷണത്തിനായി പലവിധത്തിലുള്ള മോഹങ്ങളുണ്ടാക്കുകയും ആ മോഹങ്ങള്‍ നശിച്ചാലും വീണ്ടും വീണ്ടും മോഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ശിവവും ശുഭവുമായ ആത്മാവിനെ മനസ്സിലാക്കുന്നത് എളുപ്പമല്ല. ദേഹങ്ങള്‍ സശിച്ചാലും ആത്മാവ് സ്വതന്ത്രനും നിസ്സംഗനുമായി നിലകൊള്ളുന്നു. ആകാശത്തേക്കാള്‍ സൂക്ഷ്മവും അണുവില്‍ അണുവുമായ ആത്മാവ് സ്വതസിദ്ധമായ അനുഭവ രൂപത്വം കാരണം ഒരിക്കലും നശിക്കാതെ നിത്യവര്‍ത്തിയായി നിലകൊള്ളുന്നു. ആത്മാവ് ഒരിടത്തും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ജഗത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നത് ഏകവും നിത്യവുമായ ബ്രഹ്മമാണ് കുമാരാ! ആ ആത്മാവ് ഏകവും ആദിമധ്യാന്തങ്ങള്‍ ഇല്ലാത്തതുമാണെന്നറിഞ്ഞ് സര്‍വാപത്തുക്കളുടെയും കാരണമായ അഹങ്കാരത്തെ ത്യജിച്ച് ജ്ഞാനപദത്തിലെത്തി ജീവന്മുക്താവസ്ഥയെ പ്രാപിക്കുക. ആത്മതത്വത്തിന്റെ വിസ്മൃതി നിമിത്തമാണ് ജഗത്ത് സ്ഥിതിയെ പ്രാപിച്ചിരിക്കുന്നത്. കയറിനെ പാമ്പെന്ന് കരുതി തെറ്റിദ്ധരിക്കുന്നതുപോലെ ആത്മതത്വത്തെ കണ്ടറിയുന്നതുവരെ തോന്നപ്പെടുന്ന ഒരു ഭ്രമം മാത്രമാണ് ജഗത്ത്. സൂര്യനും കിരണങ്ങളും വേറെ വേറെയാണെന്നും സ്വര്‍ണ്ണത്തില്‍ നിന്നും ഭിന്നമാണ് സ്വര്‍ണ്ണാഭരണങ്ങളെന്നും ധരിക്കുന്നവന് ഒരിക്കലും ഭേദഭാവന നശിക്കുന്നില്ല. മറിച്ച് ആദിത്യനും കിരണങ്ങളും ഒന്നുതന്നെയാണെന്നും, സ്വര്‍ണ്ണവും സ്വര്‍ണ്ണാഭരണങ്ങളും വേറെവേറെയല്ലെന്നും ഏകഭാവനയുള്ള അഭേദബുദ്ധി ആര്‍ക്കുണ്ടോ അവനെയാണ് നിര്‍വികല്പന്‍ എന്നുപറയുന്നത്.,അതുകൊണ്ട് രാമ, സകല നാനാത്വങ്ങളും ഉപേക്ഷിച്ച് ശുഭചിന്മാത്രത്തില്‍ സ്ഥിതിചെയ്യുന്ന സംവിത്തത്വത്തില്‍ സമാഹിതനായി സ്ഥിതനായി ബന്ധമോക്ഷ വിചാരങ്ങളെ ബലാല്‍ക്കാരേണ അകറ്റി മഹാകര്‍ത്താവും മഹാഭോക്താവും മഹാത്യാഗിയുമായിരിക്കുക. സര്‍വശങ്കകളേയും പരിത്യജിച്ച് ശാശ്വതമായ ധൈര്യത്തെ അവലംബിക്കുക. രാമന്‍ പറഞ്ഞു. മഹാപ്രഭോ, മഹാകര്‍ത്താവെന്നും, മഹാഭോക്താവെന്നും മഹാത്യാഗിയെന്നും അങ്ങ്, ഇപ്പോള്‍ പറഞ്ഞതിന്റെ പൊരുള്‍ പറഞ്ഞുതന്നാലും. രാമാ, ഈ മഹാവാക്യങ്ങളുടെ അര്‍ത്ഥം സാക്ഷാല്‍ ശ്രീപരമേശ്വരന്‍ തന്റെ ഭക്തനായ ഭൃംഗീരന് പണ്ട് ഉപദേശിച്ചിട്ടുണ്ട്. രാഗദ്വേഷങ്ങളും ധര്‍മ്മകര്‍മ്മങ്ങളും സുഖദുഃഖങ്ങളും ഫലാഫലങ്ങളും നോക്കാതെ പ്രവര്‍ത്തിക്കുന്നവനാണ് മഹാകര്‍ത്താവ്. മൗനിയായും അഹംഭാവമത്സരാദികളില്ലാതേയും മനക്ഷോഭമുണ്ടാക്കാതെയും കര്‍ത്തവ്യങ്ങളനുഷ്ഠിക്കുന്നവനും മഹാകര്‍ത്താവാണ്. ഒന്നിലും സ്‌നേഹമോ അഭിലാഷമോ കൂടാതെ സമവും സ്വച്ഛവുമായ ബുദ്ധിയോടുകൂടി ഉദ്വേഗവും ആനന്ദവുമില്ലാതെ മോദമോ ഖേദമോ പ്രകടിപ്പിക്കാതെ ജനനമരണ ജീവിതങ്ങളില്‍ ആപത്തിലും സമ്പത്തിലും ഭാവഭേദങ്ങളില്ലാതെ തുല്യമനസ്സായി വര്‍ത്തിക്കുന്നവനും മഹാകര്‍ത്താവാണ്. ഒന്നിനേയും ദ്വേഷിക്കാതെ ഒന്നുംതന്നെ ആഗ്രഹിക്കാതെ കിട്ടുന്നതെല്ലാം ഭക്ഷിക്കുന്നവന്‍മഹാ ഭോക്താവാകുന്നു. സുഖം, ദുഃഖം, ക്രിയായോഗങ്ങള്‍ ഭ്രമിപ്പിക്കുന്ന ഭാവ-അഭാവങ്ങള്‍ ഇതെല്ലാം ഒട്ടും മനക്ഷോഭമില്ലാതെ ശാന്തനായി അനുഭവിക്കുന്നവനും മഹാഭോക്താവാണ്. ജരാമരണങ്ങള്‍, ആപത്ത്, രാജ്യലാഭം, ദാരിദ്ര്യം മുതലായവയെ ഒരുപോലെ രമ്യമായി കരുതി സ്വീകരിക്കുന്നവനും, ഭക്ഷ്യവസ്തുക്കള്‍ എരിവോ പുളിയോ കയ്‌പ്പോ, ചവര്‍പ്പോ മധുരമോ ഉത്തമമോ അധമമോ ആയാലും സമഭാവനയോടെ സ്വീകരിക്കുന്നവനും രസമുള്ളതായാലും അല്ലാത്തതായാലും സുഖമുള്ളതോ അല്ലാത്തതുമായ വസ്തുക്കളെ ഒരുപോലെ ഭാവിച്ചുഭജിക്കുന്നവനും മഹാഭോക്താവാകുന്നു. ഇന്നത് ഭോജ്യം ഇന്നത് വര്‍ജ്യം എന്നുള്ള വികല്പവും അഭിലാഷവുമില്ലാത്ത ആപത്തും സമ്പത്തും ആനന്ദവും ദുഃഖവും മോഹവുമെല്ലാ സമബുദ്ധ്യാ സ്വീകരിക്കുന്ന സാധു ഹൃദയനും മഹാഭോക്താവാകുന്നു. ധര്‍മ്മ-അധര്‍മ്മങ്ങള്‍ സുഖദുഃഖങ്ങള്‍ ജനനമരണങ്ങള്‍ തുടങ്ങിയവയെല്ലാം ബുദ്ധികൊണ്ട് പരിത്യജിച്ച് സകല ആഗ്രഹങ്ങളും പ്രതീക്ഷകളും നിശ്ചയങ്ങളും ഉപേക്ഷിക്കുന്നവനും, മനസ്സിന്റെ മനനാഭിലാഷങ്ങളെ നിരസിച്ചവനും ഇക്കാണപ്പെട്ട ദൃശ്യകല നിശ്ശേഷം പരിത്യജിച്ച് ആത്മാവില്‍ തന്നെ രമിച്ചിരിക്കുന്നവനാണ് മഹാത്യാഗി.അതുകൊണ്ട് രാമാ, നീയും ഈ ദൃഷ്ടിയെ അവലംബിച്ച്‌ശോകഹീനനായിത്തീരുക. വിമലവും അനന്തവും ആദ്യവുമായ ബ്രഹ്മംമാത്രം സത്യമെന്നും മറ്റുള്ള കലാകലനങ്ങളും കാലവുമെല്ലാം അസത്യമെന്നും ഭാവന ചെയ്ത് നിത്യനിര്‍മ്മല ശാന്തവൃത്തിയും നിരഞ്ജനനുമായി പരമപദം പ്രാപിക്കുക.    ..janmabhumi    

No comments:

Post a Comment