Saturday, March 31, 2018

ജ്യോതിഷത്തില്‍ പന്ത്രണ്ടു ഭാവങ്ങളെകുറിച്ചും ഓരോ ഭാവംകൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അഞ്ചാംഭാവം ഒന്‍പതാം ഭാവം ലഗ്നം എന്നിവയ്ക്ക് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ സവിശേഷമായ പങ്കുണ്ട്. ഇതില്‍ത്തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതയെ നിര്‍ണ്ണയിക്കുന്നതിനെയാണ് ബി. വി. രാമനെപ്പോലുള്ളവര്‍ അംഗീകരിച്ചിട്ടുള്ളത്. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട് വെളിപ്പെടുന്നു. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം അഞ്ചില്‍ നോക്കുന്ന ഗൃഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആവ്യക്തിയുടെ ഇഷ്ടദേവതയെകുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ് ബലമെന്ന് സൂക്ഷ്മപ്പെടുത്തി അതിന്റെ അഞ്ചാം ഭാവംകൊണ്ട് ചിന്തചിക്കുന്നതാണ് ഉത്തമം. അതുപോലെ ഒന്‍പതാം ഭാവത്തേയും ലഗ്നത്തേയും കൂടി പരിശോധിക്കേണ്ടതാണ്. ഒരുവ്യക്തിയുടെ ആത്മീയതയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്നു ഭാവങ്ങളേയും സ്വാധീനിക്കുന്ന ഗ്രഹങ്ങളേയും ഏറ്റവും ബലമുള്ള ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന് ആ ഗ്രഹവുമായി യോഗമോ പരസ്പര ദൃഷിടിയോ മറ്റുതരത്തിലുള്ള പരസ്പര ബന്ധമോ വന്നാല്‍ ഇഷ്ടദേവത അതുതന്നെയെന്ന് തീര്‍ച്ചപ്പെടുത്താവുന്നതാണ്. ലഗ്നാധിപന്‍ അഞ്ചിലും അഞ്ചാം ഭാവാധിപനോടോപ്പം നില്‍ക്കുന്നവെന്നുകരുതുക. ഒന്‍പതാം ഭാവാധിപന്‍ ഒന്‍പതില്‍നില്‍ക്കുന്നഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‍ വിധിച്ചിട്ടുള്ളദേവതയായിരിക്കും ആവ്യക്തിയുടെ ഇഷ്ടദേവത. മനസ്, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ടു ചിന്തിച്ചുകഴിഞ്ഞാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട് ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ ഇഷ്ടദേവതയ്ക്ക് നമ്മുടെ മാനസിക ഭാവങ്ങളുമായി എപ്പോഴും ഒരുചേര്‍ച്ചയുണ്ടാവണമല്ലോ? ചിലപണ്ഡിതര്‍ ജാതകം മുഴുവന്‍ പരിശോധിച്ച് അതില്‍ ഏറ്റവും പ്രബലനായ ഗ്രഹത്തിന്റെ ദേവതയെ ഇഷ്ടദേവതയായി സങ്കല്‍പ്പിക്കാറുണ്ട്. ജാതകത്തില്‍ ഏറ്റവും പ്രബലനായ ഗ്രഹം ആവ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നത് സത്യമാണ്. എങ്കിലും വ്യക്തിയുടെ അടിസ്ഥാനംതന്നെ മനസ്സായിരിക്കെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബല ഗ്രഹത്തിന്റെ ദേവതയെത്തന്നെ ഇഷ്ടദേവതയായി തെരഞ്ഞടുക്കുന്നതാണ് ഉത്തമം എന്ന് വരുന്നു. ഉത്തമനായ ഒരു ജ്യോത്സ്യന്‍ ജാതകം മുഴുവന്‍ പഠന വിധേയമാക്കിയശേഷം ഇഷ്ടദേവതാ നിര്‍ണ്ണയം നടത്തുന്നതാണ് അഭികാമ്യം. ഒരുവ്യക്തിയുടെ ജാതകത്തില്‍ ശനിയാണ് ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹമെങ്കില്‍ ആവ്യക്തിയില്‍ താമസഗുണത്തിന് മുന്‍തൂക്കമുണ്ടായിരിക്കും എന്നതാണ് വസ്തുത. ഇതുപൊരുത്തപ്പെടാതെ വന്നാല്‍ അത് ഇഷ്ടദേവതാ നിര്‍ണ്ണയത്തില്‍ പറ്റിയ പാളിച്ചയായി കണക്കാക്കേണ്ടതാണ്. കഴിഞ്ഞജന്മങ്ങളില്‍ ഒരുവ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പ്പങ്ങളില്‍ സംസ്‌കാര രൂപത്തില്‍ നമ്മുടെ അബേധ മനസ്സില്‍ ഉണ്ടാവുമെന്ന ഒരു സിദ്ധാന്തമുണ്ട്. ആദേവതാ സങ്കല്‍പത്തോട് ഈ ജന്മത്തില്‍ ഒരു ചായ്‌വും. ഉണ്ടാവും കഴിഞ്ഞ ജന്മത്തില്‍ ശിവോപാസകനായി കഴിഞ്ഞ ഒരാള്‍ ഈജന്മത്തിലും ശിവ സങ്കല്‍പ്പത്തോട് ആഭിമുഖ്യമുണ്ടായേക്കാം. ജീവിതത്തില്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ നാം അറിയാതെ വിളിച്ചുപോവുന്ന ചില ദേവതാ നാമങ്ങളുണ്ട്. പെട്ടന്ന് ഒരപകടമുണ്ടാവുമ്പോള്‍ 'എന്റെ കൃഷ്ണാ' എന്നായിരിക്കും ചിലര്‍വിളിക്കുക. ചിലര്‍ എന്റെ ദേവീ എന്നു വിളിക്കും. ഇത് ആവ്യക്തിയുടെ ഉപാസനാമൂര്‍ത്തിയായി കഴിഞ്ഞ ജന്മത്തില്‍ ആരാധിച്ചുവന്നതിന്റെ ലക്ഷണം തന്നെയാണ്. സ്വാമിശിവാനന്ദ ഇങ്ങനെ അഭിപ്രായപ്പെടാറുണ്ട്..ഇഷ്ടദേവതയെ നിര്‍ണ്ണയിച്ചടുക്കുന്ന വേളയില്‍ ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുക്കണം.
janmabhumi

No comments:

Post a Comment