Saturday, March 24, 2018

പുരാതനമായി നിരവധി കുടിയേറ്റങ്ങൾ നടന്നിട്ടുള്ള ഭൂമിയാണു കേരളം. ഇവിടുത്തെ ആദിമ ഗോത്ര വിഭാഗങ്ങൾ ഒഴികെയുള്ള ഏതാണ്ട് എല്ലാവിഭാഗങ്ങളും പിൽക്കാലത്ത് പലപ്പോഴായി ഇവിടേക്ക് കുടിയേറി പാർത്തവർ തന്നെയാണ്. കാരണം കേരളമെന്ന ദേശം മുമ്പെങ്ങോ ഉണ്ടായ ഒരു ഭൗമ പ്രതിഭാസ്സത്തെ തുടർന്ന് കടൽ പിൻ വലിഞ്ഞ് രൂപപ്പെട്ട കരയാണു എന്നതിനു പല സാഹചര്യ തെളിവുകളും പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും കാര്യമായ മനുഷ്യവാസമൊന്നുമില്ലാതിരുന്ന ഒരു ഭൂമിയിലേക്ക് പല കാലഘട്ടങ്ങളിൽ വന്ന് ചേർന്നവരാണു ഇന്നത്തെ കേരള ജനതയുടെ പൂർവ്വികർ എന്നത് തർക്കമില്ലാത്ത വസ്തുതയാണു. ഇക്കാര്യത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും, അവകാശ വാദങ്ങളും ഉണ്ടാകാം. എന്നാൽ അതൊന്നും കൃത്യമായ തെളിവുകൾ നിരത്തി പറയുക എളുപ്പമല്ല. കാരണം ചരിത്രങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ശീലം അന്നത്തെക്കാലത്ത് ആർക്കും ഉണ്ടായിരുന്നില്ല. പകരം അവർ തന്നെ പ്രചരിപ്പിക്കുന്ന ഐതിഹ്യങ്ങളും, കേട്ട് കേൾവികളും മാത്രമാണ് ഈ കുടിയേറ്റങ്ങളെ പറ്റി മനസിലാക്കുവാൻ നമുക്കാശ്രയിക്കാനുള്ളത്. അതിനാൽ തന്നെ അത്തരം കേട്ടു കേൾവികളെ പാടെ തള്ളിക്കളയുവാനോ, അതേപടി സ്വീകരിക്കുവാനോ കഴിയില്ലെന്ന വലിയൊരു പ്രശ്നം കേരളത്തിന്റെ പ്രാചീന കുടിയേറ്റ ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് മുന്നിൽ വരും. എങ്കിലും പൊതുവിൽ സ്വീകാര്യമായ കേട്ടുകേൾവികളെ ലഭ്യമാകുന്ന തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിൽ അപഗ്രഥിച്ച് പൊതുവിൽ ഒരു അനുമാനത്തിൽ എത്തുക മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ ഒരു ചരിത്രാന്വേഷിക്ക് മുന്നിലുള്ള ഏക ഉപായം.
എന്തൊക്കെയായാലും എഴുതപ്പെട്ട രേഖകളേയും, തെളിവുകളേയും അപേക്ഷിച്ച് കേരള ചരിത്ര പഠനത്തിനുള്ള മുഖ്യ ആശ്രയം പുരാവൃത്തങ്ങളും, ഐതിഹ്യങ്ങളും ഒക്കെ തന്നെയാണ്. ഇന്നാട്ടിലെ സമസ്ത പ്രാചീന സാഹിത്യങ്ങളിലും, വാമൊഴികളിലും എല്ലാം അത് നിറഞ്ഞ് നിൽക്കുന്നു. അത്തരത്തിൽ വീരകൃത്യങ്ങളും, ദൈവീകതയും, അദ്ഭുതങ്ങളും, അൽപ്പം ചരിത്രബോധത്തോടെയുള്ള വിവരണങ്ങളും എല്ലാം ഇഴചേർത്ത് ശക്തമായ പ്രതീകങ്ങളിലൂടെ ഒരു ജനതയുടെയാകെ മനസ്സിൽ ഒരുകൂട്ടം മൂല്യങ്ങളെ പ്രതിഷ്ഠിക്കാൻ പോന്ന തരത്തിൽ സങ്കീർണ്ണവും, ബഹുസ്തരവുമായ ഒരു ഐതിഹ്യമാണു പരശുരാമ കഥയിൽ പൊതിഞ്ഞ് കേരളോൽപ്പത്തിയെക്കുറിച്ച് നമുക്ക് മുന്നിലുള്ളത്. ഈ ഒരു ഐതിഹ്യം പിൽക്കാലത്ത് ജനതയുടെ ആചാര പാരമ്പര്യങ്ങളിൽ രൂഢമൂലമാവുകയും അവിഭാജ്യമായിത്തീരുകയും ചെയ്തു. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണു പ്രൈമറി തലത്തിൽ പോലും സ്‌കൂൾ പാഠ്യപദ്ധതിയിൽ കേരളോൽപ്പത്തിയിലെ ഈ പരശുരാമാഖ്യാനം കയറിക്കൂടിയത്. അതിനാൽ തന്നെ മറ്റ് ഒരു തെളിവും ഇല്ലാതിരിക്കുകയും, കേവലം ഐതിഹ്യബന്ധിതം ആവുകയും ചെയ്ത ഒരു ദേശത്തെക്കുറിച്ച് പഠിക്കുവാൻ മേൽപ്പറഞ്ഞ കെട്ടുകഥകളും, ഐതിഹ്യങ്ങളും മാത്രമാണ് നമുക്ക് ആശ്രയിക്കാൻ ഉള്ള ഏക ടൂൾ. അതിനാൽ തന്നെ കെട്ടുകഥകളാൽ പൊതിഞ്ഞ ആ ഐതിഹ്യ നിർമ്മിതിയുടെ പുറന്തോടുകൾ അഴിച്ച് പരിശോധിച്ച് അതിനകത്തെ ചരിത്രാംശമുള്ള ബീജത്തെ കണ്ടെത്തി, ആ ചരിത്ര ബോധത്തെ ഇഴകീറി പരിശോധിച്ചാൽ കേരളത്തിന്റെ പ്രാഗ് ചരിത്രത്തിന്റെ ഏതാണ്ട് ഒരു ചിത്രം നമുക്ക് കിട്ടിയേക്കും. അതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്നിരിക്കെ അങ്ങിനെ കിട്ടുന്ന വിവരങ്ങളെ മുഖവിലയ്ക്കെടുക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക ഉപായം.
മേൽ പറഞ്ഞ പ്രകാരം പരശുരാമ കഥയ്ക്കപ്പുറം കുറേ അനുമാനങ്ങൾ അല്ലാതെ കേരളത്തിന്റെ ഉദ്ഭവം സംബന്ധിച്ചോ, ഇവിടെ എന്ന് തൊട്ട് മനുഷ്യവാസം ഉടലെടുത്തു എന്നത് സംബന്ധിച്ചോ വ്യക്തമായ ചിത്രമൊന്നും ലഭ്യമായിരുന്നില്ല. അതിനാൽ തന്നെ മുൻകാലങ്ങളിൽ ഈ വിഷയയത്തെ പറ്റിയുള്ള പഠനം അത്യന്തം ക്ലേശകരം തന്നെയായിരുന്നു. എന്നാൽ 1886ൽ അന്നത്തെ മലബാർ പ്രവിശ്യയിലെ കളക്ടർ ആയിരുന്ന വില്ല്യം ലോഗനാണു കേരളത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്തെക്കുറിച്ച് വളരെ ആഴത്തിലും, സമഗ്രവും, കുറ്റമറ്റതുമായ പഠനം നടത്തിയ ആദ്യത്തെ വ്യക്തി എന്ന് നിസ്സംശയം പറയാൻ പറ്റും. അതിന്റെ തെളിവാണ് അദ്ദേഹം രചിച്ച മലബാർ മാന്വൽ എന്ന ലക്ഷണ തികവാർന്ന ചരിത്ര ഗ്രന്ഥം. താരതമ്യേന ഇരുളടഞ്ഞ ചരിത്രമുള്ള വടക്കൻ കേരളത്തെക്കുറിച്ച് സമഗ്രമായൊരു ചിത്രം തന്നെ ആ കൃതി തരുന്നുണ്ട്. പക്ഷെ വില്ല്യ്ം ലോഗനു മുന്നിലും കേരളത്തിന്റെ പുരാതത്വ കഥകൾ വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷെ ചരിത്ര പഠനവും, ആർക്കിയോളജിക്കൽ പഠനവും ഒന്നും ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തും ലോഗൻ പരിമിതികളോട് പടവെട്ടി തന്റെ മഹത്തായ കൃതി രചിച്ചു. അദ്ദേഹം തെളിച്ചിട്ട പാതയാണു പിൽക്കാലത്ത് വന്ന ചരിത്രകാരന്മാർക്കെല്ലാം ഏറെ അശ്വാസദായകമായത് എന്നത് നിസ്തർക്കമായ വസ്തുതയാണു.
പിൽക്കാലത്ത് പുരാവസ്തു പഠനവും, പുരാരേഖാ പഠനവും എല്ലാം വ്യാപകമായതോടെ ചരിത്ര പഠനം കൂടുതൽ സുഗമമായി. കേട്ടുകേൾവികളെക്കാൾ പുരാലിഖിതങ്ങൾ അടങ്ങിയിട്ടുള്ള ശിലാശാസനങ്ങൾ, താമ്രപത്രങ്ങൾ, ചെപ്പേടുകൾ എന്നിവയെല്ലാം അധികരിച്ച് വളരെ ആധികാരിക പഠനങ്ങൾ നടത്താനുള്ള സാധ്യതകൾ വികസിച്ചു. അത് കൊണ്ട് തന്നെ ചരിത്ര പഠനം കൂടുതൽ സുതാര്യവും വസ്തുനിഷ്ഠവും ആയിത്തീർന്നു. എന്തായാലും ഇത്തരത്തിൽ ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ആണ് കേരള കുടിയേറ്റത്തെക്കുറിച്ച് ഇന്ന് ലഭ്യമായിട്ടുള്ള ചരിത്രം.
കേരളത്തിലെ നമ്പൂതിരിമാരുടെ ചരിത്രം അധികമാരും സമഗ്രമായി പഠനവിധേയമാക്കിയിട്ടില്ലാത്ത ഒന്നാണു. ഇനി പഠനം നടത്തിയവരാകട്ടെ നിസ്സംഗമായ വസ്തുതാ ബോധത്തോടെ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടോ എന്നും സംശയമാണു. ഒട്ടുമിക്ക ചരിത്രകാരന്മാരും നിഷ്പക്ഷമായ ചരിത്രബോധത്തോടെയുള്ള അന്വേഷണങ്ങൾ ഈ വിഷയത്തിൽ നടത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കൃത്യമായ മുൻ വിധിയോട് കൂടി മാത്രം ഈ വിഷയത്തെ സമീപിച്ച ചരിത്രകാരന്മാർ വരച്ച് വച്ചത് നമ്പൂതിരിയുടെ വളരെ വികൃതമായ ഒരു ചിത്രമായിരുന്നു എന്നത് ഒരു വസ്തുതയാണു. പ്രമുഖ ചരിത്രകാരനും, സാഹിത്യകാരനും എല്ലാമായിരുന്ന ശ്രീ പി.കെ ബാലകൃഷ്ണൻ “ജാതിവ്യവസ്ഥയും കേരള ചരിത്രവും” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധേയമാണു. “അർഹിക്കാത്ത രീതിയിലും, വിശ്വസിക്കാനാകാത്ത അത്ര വലിയ അളവിലും പൂജയേൽക്കുകകയും പിന്നീട് അർഹിക്കാത്ത അത്ര തന്നെ അപലപനങ്ങൾക്ക് പാത്രമാവുകയും ചെയ്ത ഈ കേരളീയ വർഗ്ഗത്തെ നിസ്സംഗമായ വസ്തുതാ ബോധത്തോടെയും, നിഷ്പക്ഷമായ പരിശോധനാ ബുദ്ധിയോടെയും ചരിത്ര പഠിതാവ് എന്ന നിലയിൽ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണു. മഹാനായ പത്മനാഭ മേനോൻ പോലും ഇവരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളിൽ പലപ്പോഴും ഒരു തരം ധർമ്മരോഷത്തിന്റെ പിടിയിൽ പെടുന്നത് കാണാം” കേരളത്തിലെ നമ്പൂതിരി സമുദായത്തിനു നേരെ പ്രമുഖരായ പത്മനാഭമേനോൻ അടക്കമുള്ള ചരിത്രകാരന്മാർ പോലും വച്ചു പുലർത്തുന്ന, അതിരു കടന്ന് പോകുന്ന വിദ്വേഷത്തിന്റെ നേർ സാക്ഷ്യം ആണ് ശ്രീ പി.കെ ബാലകൃഷ്ണന്റെ ഈ പ്രസ്താവന.
കേരളത്തിലെ ജന സംഖ്യയുടെ കഷ്ടിച്ച് ഒരു ശതമാനത്തോളം മാത്രം വരുന്ന ഈ ഒരു വിഭാഗമായിരുന്നു ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ട് വരെ ഇവിടുത്തെ വലിയൊരു ശതമാനം ഭൂമിയുടേയും ഉടമസ്ഥർ. കേരളോൽപ്പത്തിയും കേരള മാഹാത്മ്യവും പോലുള്ള കൃതികൾ സ്വന്തം പ്രാമാണ്യത്വം ഉറപ്പിക്കാൻ ഇവർ തന്നെ ചമച്ചതാണെന്ന ആരോപണത്തിൽ വലിയൊരളവോളം സത്യം ഉണ്ട് എങ്കിൽ കൂടിയും കേരള ചരിത്രത്തിലും, അതിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വളർച്ചയ്ക്കും ഈ ഒരു സമുദായത്തിന്റെ പങ്ക് അത്ര എളുപ്പമൊന്നും ആർക്കും എഴുതി തള്ളാവുന്ന ഒന്ന് അല്ല. അതിനാൽ തന്നെ നമ്പൂതിരി സമുദായത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള കേരള ചരിത്ര പഠനം അപൂർണ്ണമാവുകയേ ഉള്ളൂ. ഈ സാഹചര്യത്തിൽ തീർത്തും നിഷ്പക്ഷമായതും മുൻവിധി ഏതുമില്ലാത്തതുമായ ഒരു അന്വേഷണ ത്വരത ഈ വിഷയത്തിൽ കാണിക്കേണ്ടതുണ്ടെന്ന് കൂടി ചരിത്ര വിദ്യാർത്ഥികളോടായി പി.കെ ബാലകൃഷ്ണൻ ആവശ്യപ്പെടുന്നുണ്ട്. “നമ്പൂതിരിമാർക്ക് ഉണ്ടായിരുന്ന സാമുദായിക സ്ഥിതിയും, ജീവിത രീതിയും, സ്വഭാവ ഘടനയും രാഷ്ട്രത്തിലും, സമൂഹത്തിലും അവർക്ക് പദവിയും സസൂക്ഷ്മമായി വീക്ഷിച്ചാൽ മാത്രമേ കേരള സമൂഹത്തിന്റെ പരിണാമ ചരിത്രം നമുക്ക് ഇന്ന് ഗ്രഹിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. ഒരു കേരള ചരിത്ര പഠിതാവ് അറിഞ്ഞിരിക്കേണ്ട പരമ പ്രധാന സത്യമതാണു.” എന്നും പി.കെ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
നമ്പൂതിരി നവോദ്ധാന പ്രസ്ഥാനത്തിലെ പി.കെ ആര്യൻ നമ്പൂതിരി “നാലുകെട്ടിൽ നിന്ന് നാട്ടിലേക്ക്” എന്ന തന്റെ കൃതിയിൽ നമ്പൂതിരി സമുദായത്തിനു നേർക്ക് നടക്കുന്ന ആക്ഷേപങ്ങൾക്കെതിരെ നടത്തിയ പ്രതികരണം വളരെ ശ്രദ്ധേയമാണു.”കേരള ബ്രാഹ്മണർക്കെതിരെ നടക്കുന്ന ഈ വാദ കോലാഹലങ്ങളിൽ സ്വന്തം ചേരിപിടിച്ച് ആരും പടവാളുമായി പോർക്കളത്തിലേക്ക് ഇറങ്ങുന്നില്ലെന്നത് പരമാർത്ഥമാണു തന്മൂലം ഈ വാദഗതികൾ തികച്ചും ഏകപക്ഷീയമാണു.”നമ്പൂതിരി നവോദ്ധാന നേതാവും, ഒരു സാമൂഹിക പ്രവർത്തകനും ആയിട്ട് കൂടിയും സ്വസമുദായത്തിനു നേർക്ക് നിരന്തരം ഉണ്ടാകുന്ന അധിക്ഷേപങ്ങൾ അദ്ദേഹത്തിനുണ്ടാക്കുന്ന നൊമ്പരത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണു ഈ പരാമർശം.
(തുടരും..)
©Pudayoor Jayanarayanan

No comments:

Post a Comment