Wednesday, March 28, 2018

ഏഴാം അനുവാകം 
അന്നം ന നിന്ദ്യാത്തദ് വ്രതം പ്രാണോ വാ അന്നം. ശരീരമന്നാദം. പ്രാണ ശരീരം പ്രതിഷ്ഠിതം. 
ശരീരേ പ്രാണ: പ്രതിഷ്ഠിത: തദേതദന്നമന്നേ പ്രതിഷ്ഠിതം
അന്നത്തെ നിന്ദിക്കരുത്. അത് വൃതമാകുന്നു. പ്രാണന്‍ അന്നമാകുന്നു. ശരീരം അന്നത്തെ അദിക്കുന്നതാകുന്നു. ശരീരം പ്രാണനില്‍ പ്രതിഷ്ഠിതമാണ്, പ്രാണന് ശരീരത്തിലും. അതിനാല്‍ ശരീര പ്രാണന്മാരാകുന്ന രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ്. അന്നം വഴിയാണ് ബ്രഹ്മത്തെ അറിഞ്ഞത് അതിനാല്‍ ഗുരുവിനെ എന്നപോലെ അന്നത്തെയും നിന്ദിക്കാതിരിക്കണം. ഇത് ബ്രഹ്മത്തെ അറിഞ്ഞ ആളുടെ വ്രതമായി ഉപദേശിക്കുന്നു. ഈ വ്രതം ഉപദേശിക്കുന്നത് അന്നത്തെ സ്തുതിക്കാനാണ്. ബ്രഹ്മത്തെ അറിയാനുള്ള ഉപായമാണത്.  അന്നമാണ് ശരീരത്തെ നിലനിര്‍ത്തുന്നത്. ആ ശരീരത്തിലിരുന്നാണ് നാം ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നത്. ആത്മ സാക്ഷാത്കാരത്തിനു സഹായിക്കുന്ന അന്നത്തെ നാം നിന്ദിക്കരുത്. അതൊരു വ്രതമായി സാധകന്മാര്‍ സ്വീകരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നിലനിര്‍ത്തുന്നതിനാല്‍ ശരീരവും പ്രാണനും അന്നമാണ്. ഒന്ന് അന്നമാകുമ്പോള്‍ മറ്റേത് കഴിക്കുന്നതാകുന്നു. (അന്നവും അന്നാദവുമാകുന്നു).
സ യ ഏതദന്നമന്നെ പ്രതിഷ്ഠിതം 
വേദ പ്രതിതിഷ്ഠതി അന്നവാനന്നാദോ ഭവതി.മഹാന്‍ ഭവതി പ്രജയാ 
പശുഭിര്‍ ബ്രഹ്മവര്‍ചസേന 
മഹാന്‍ കീര്‍ത്ത്യാ  
ആരാണോ അന്നത്തില്‍ പ്രതിഷ്ഠിതമായ ഈ അന്നത്തെ അറിയുന്നത് അയാള്‍ അന്നത്തിന്റെയും അന്നാദത്തിന്റെയും രൂപത്തില്‍ പ്രതിഷ്ഠയെ നേടുന്നു. വളരെ അന്നമുള്ളവനായും അന്നാദനായും തീരുന്നു. പ്രജകളെയും പശുക്കളെയും ബ്രഹ്മതേജസ്സിനെയും കീര്‍ത്തിയേയും നേടി മഹാനാകുന്നു. ഫലശ്രുതി പറഞ്ഞത് അന്നത്തെ പുകഴ്ത്താനും അന്നത്തിന്റെ മാഹാത്മ്യത്തെ കാണിക്കാനുമാണ്. അന്നം എന്താണോ കിട്ടുന്നത് അതുകൊണ്ടു തൃപ്തിപ്പെടണം. കഴിക്കാനിരിക്കുമ്പോള്‍ അന്നത്തെ നിന്ദിക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കല്‍, അവിടെ നിന്നും എഴുനേല്‍ക്കല്‍, താന്‍ കഴിച്ച കൈകൊണ്ടു (എച്ചിലായ) വിളമ്പാനുള്ളവ എടുക്കല്‍, കഴിച്ചതിന്റെയും കുടിച്ചതിന്റെയും ബാക്കി മറ്റൊരാള്‍ക്ക് കൊടുക്കല്‍ തുടങ്ങിയവ അരുതെന്ന് നമ്മുടെ ആഹാര ശീലത്തില്‍ പറയുന്നു. ഇവയൊക്കെ അന്നത്തെ നിന്ദിക്കലാണ്.
അന്നം ന പരിചക്ഷീത തദ് വ്രതം ആപോ വാ അന്നം ജ്യോതിരന്നാദം അപ്‌സുജ്യോതി പ്രതിഷ്ഠിതം ജ്യോതിഷ്യാപ; പ്രതിഷ്ഠിതാ; തദേതദന്നമന്നെപ്രതിഷ്ഠിതം. സ യ ഏതദന്നമന്നെ പ്രതിഷ്ഠിതം വേദ പ്രതിതിഷ്ഠതി അന്നവാനന്നാദോ ഭവതി.മഹാന്‍ ഭവതി പ്രജയാ പശുഭിര്‍ ബ്രഹ്മവര്‍ചസേന മഹാന്‍ കീര്‍ത്ത്യാ 
അന്നത്തെ ഉപേക്ഷിക്കരുത്. അത് വ്രതമാകുന്നു. ജലം അന്നമാണ്. ജ്യോതിസ് അന്നത്തെ കഴിക്കുന്നതാകുന്നു. ജ്യോതിസ് ജലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു, ജലം ജ്യോതിസ്സിലും. ജലവും തേജസ്സും അന്നത്തിലും പ്രതിഷ്ഠിതമാണ്. ഇങ്ങനെ അറിയുന്നയാള്‍ അന്നത്തില്‍ പ്രതിഷ്ഠിതനാകുന്നു അയാള്‍  വളരെ അന്നമുള്ളവനായും അന്നാദനായും തീരും. പ്രജ, പശു, ബ്രഹ്മതേജസ്, കീര്‍ത്തി  എന്നിവയാല്‍ മഹാനായിത്തീരും.
അന്നം കളയരുത്, കൊടുക്കുന്നത് വിലക്കരുത്. ഇവയൊക്കെ അന്നത്തെ നിന്ദിക്കലാണ്. അന്നം ബ്രഹ്മമാണെന്നറിഞ്ഞു അതിനെ ആദരിക്കണമെന്നു പറയുന്നു. ഒരിക്കലും അതിനെ അവഹേളിക്കരുത്...janmabhumi

No comments:

Post a Comment