ധ്യാനയോഗമോ, സാംഖ്യയോഗമോ കര്‍മ്മയോഗമോ അനുഷ്ഠിക്കാന്‍ കഴിയാത്തവരും, പാമരന്മാരുമാണ് ഈ ലോകത്തില്‍ ഇപ്പോഴും ഉള്ളത്. അത്തരക്കാര്‍ക്കും ഭഗവല്ലോകത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം ഭഗവാന്‍ പറയുന്നു. ഭഗവാന്‍ എല്ലാവരുടെയും സുഹൃത്തും, എല്ലാവരോടും കാരുണ്യവും ഉള്ളവനാണല്ലോ- ''സുഹൃദം സര്‍വഭൂതാനാം'' (5-29)
ഏവം അജാനന്തഃ അന്യേതു
മുന്‍പ് പറഞ്ഞ ധ്യാന യോഗ, ജ്ഞാനയോഗ-സാംഖ്യ-കര്‍മ്മാദി യോഗങ്ങളെപ്പറ്റി കേള്‍ക്കാന്‍പോലും അവസരം ലഭിക്കാത്തവരും, അവ പരിശീലിക്കാന്‍ സാമര്‍ത്ഥ്യമില്ലാത്തവരും എങ്ങനെയാണ് ഭഗവാനെ സേവിക്കുന്നത് എന്ന് പറയാം.
അന്യേഭ്യഃ ശ്രുത്വാ- അവര്‍ ഭഗവത്തത്വം യഥാര്‍ത്ഥമായി തന്നെ അറിയുന്ന ഉത്തമാചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ വിടാതെ കേള്‍ക്കും; ശ്രദ്ധയോടെ ചിന്തിക്കും; പ്രവര്‍ത്തിക്കും. ഈ കലിയുഗത്തില്‍ യഥാര്‍ത്ഥ തത്വജ്ഞാനികള്‍ വിരളമാണ്. ആചാര്യപീഠത്തില്‍ ഇരുന്ന് തത്വജ്ഞാനം പ്രഭാഷണം ചെയ്യുന്നവരുണ്ട്. അവര്‍ക്കുതന്നെ തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമുണ്ടോ എന്ന് സംശയമാണ്. ഭഗവാനെപ്പറ്റിയും ഭക്തിയെപ്പറ്റിയും അത്തരക്കാരില്‍നിന്ന് നാം കേള്‍ക്കരുത്. പ്രഭാഷണം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍വികരായ ആചാര്യന്മാരുടെ വാക്കുകള്‍ പ്രമാണമാക്കിതന്നെ പ്രഭാഷണം ചെയ്യണം. ശ്രീശങ്കരാചാര്യര്‍ ഈ വസ്തുത വിശദീകരിക്കുന്നുണ്ട്; നാലാം അധ്യായത്തിലെ 34-ാം ശ്ലോകത്തിലെ
''ജ്ഞാനി നസ്തത്ത്വദര്‍ശിനഃ''
എന്ന ഭാഗത്തിന്റെ ഭാഷ്യം-നോക്കുക:-
''ജ്ഞാനവന്തഃഅപി, കേചിത് യഥാവത്
തത്ത്വദര്‍ശനശീലാഃ; അപരേ ന; അതഃ
വിശിനഷ്ടി തത്ത്വദര്‍ശിനഃ ഇതി
യേ സമ്യഗ്ദര്‍ശിനഃ തൈഃ
ഉപദിഷ്ടം ജ്ഞാനം
കാര്യക്ഷമം ഭവതി, ന ഇതരത്-ഇതി ഭഗവതോമതം''
(=ജ്ഞാനികള്‍ ചിലര്‍ തത്വം യഥാരൂപം അറിയാന്‍ ശീലിച്ചവര്‍ തന്നെയാണ്. മറ്റുചില ജ്ഞാനികള്‍ തത്വം യഥാര്‍ത്ഥമായി അറിയാന്‍ ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് ഭഗവാന്‍ ജ്ഞാനികള്‍ എന്ന പദത്തിന് 'തത്വദര്‍ശിനഃ'-എന്ന വിശേഷണം കൊടുത്തത്. യഥാര്‍ത്ഥ ജ്ഞാനം നേടിയവര്‍ ഉപദേശിച്ച ജ്ഞാനത്തിനു മാത്രമേ അജ്ഞാനം നശിപ്പിക്കാനുള്ള കഴിവുള്ളൂ. മറ്റേ അയഥാര്‍ത്ഥ ജ്ഞാനത്തിന് ആ കഴിവ് ഇല്ല.)
അജ്ഞരായ ആളുകള്‍ യഥാര്‍ത്ഥ ജ്ഞാനികളില്‍നിന്ന് തന്നെ ഭഗവദ്ഗീത, ഭാഗവതം മുതലായ ആത്മീയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ കേള്‍ക്കണം. കബീര്‍ദാസ്, സൂര്‍ദാസ്, തുളസീദാസ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു, അവിടുത്തെ ശിഷ്യന്മാര്‍, തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, വില്വമംഗലം, മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി തുടങ്ങി അനേകം ഭക്തന്മാര്‍ ലളിതമായ ഭാഷയില്‍ ഭക്തിയും ജ്ഞാനവും വിരക്തിയും ഉണ്ടാവുന്ന സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ടല്ലോ. പ്രഭാഷകന്മാര്‍ അവ പഠിച്ച് പ്രഭാഷണം ചെയ്യണം. സാധാരണക്കാരായ ശ്രോതാക്കള്‍ കേട്ടത് അതേപടി സ്വീകരിക്കും. മറ്റൊന്നും ആലോചിക്കുകയില്ല. അത്തരക്കാരെക്കുറിച്ച് ഭഗവാന്‍ പറയുന്നതും നാം ശ്രദ്ധിക്കണം-നോക്കൂ!
''തേ ശ്രുതി പരായണാഃ''
ശ്രീശങ്കരാചാര്യരുടെ വിവരണവും ശ്രദ്ധിക്കൂ!
''തേ ശ്രുതി പരായണാഃ= കേവലപരോപദേശ പ്രമാണാഃ- സ്വയം വിവേകരഹിതാഃ- ഇത്യഭിപ്രായഃ'' (= അവര്‍ പ്രഭാഷകന്മാരുടെ വാക്കുകള്‍ അതേപടി പ്രമാണമായി സ്വീകരിച്ച്, ആചരിക്കുന്നവരാണ്. വിവേകം തീരേ ഇല്ലാത്തവരാണ്) ഒരുഅനുഭവം പറയാം. ഒരാള്‍, ഭാഗവതം, ഗീത ഇവ അതിരാവിലെ തന്നെ വായിക്കണമെന്ന് പ്രഭാഷകന്‍ പറയുന്നതുകേട്ടു. അദ്ദേഹം ഉണര്‍ന്നെഴുന്നേറ്റ ഉടനെ, പല്ലുതേക്കുക പോലും ചെയ്യാതെ നിത്യപാരായണം തുടങ്ങി, ഇങ്ങനെ സംഭവിക്കരുത്'' നമ്മള്‍ ഇത്രയൊന്നും വിഷമിക്കേണ്ടതില്ല...kanapram
No comments:
Post a Comment