Tuesday, April 24, 2018

തമിഴ്‌നാട്ടിലെ ചിങ്കല്‍പേട്ട് ജില്ലയിലെ വില്ലിവാക്കം എന്ന ഗ്രാമത്തിലാണ് കിരാതമാര്‍ജ്ജാരേശ്വര ക്ഷേത്രം. ശിവനാണ് മുഖ്യ പ്രതിഷ്ഠ. ദേവി മുക്താംബിക. പണ്ട് ഈ സ്ഥലം കിരാതമാര്‍ജ്ജാരപുരം എന്നും ഗംഗൈകൊണ്ട ചോഴപുരം എന്നും അറിയപ്പെട്ടിരുന്നു.
ഒരിക്കല്‍ ഗംഗാദേവി ശ്രീപരമശിവനെ തന്റെ സങ്കടം ഉണര്‍ത്തിച്ചു. നിത്യവും എണ്ണമറ്റ ജനങ്ങള്‍ വന്ന് തന്റെ പരിപാവനജലത്തില്‍ മുങ്ങിനിവര്‍ന്ന് അവരുടെ പാപഭാരങ്ങള്‍  മുഴുവന്‍ തന്നില്‍ ലയിപ്പിക്കുക മൂലം തന്നില്‍ അന്യരുടെ പാപഭാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പാപങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒരു പോംവഴി പറഞ്ഞുതരണമെന്നുമായിരുന്നു ആവശ്യം. ഗംഗൈകൊണ്ട ചോഴപുരത്തെ കിരാതമാര്‍ജ്ജാരേശ്വരര്‍ എന്ന ശിവനെ ഭജിച്ചാല്‍ എല്ലാ പാപവും നശിക്കുമെന്നായിരുന്നു ഭഗവാന്റെ മറുപടി. ഭഗവാന്റെ പുതുമയുള്ള പേരുകേട്ട് അദ്ഭുതംകൂറിയ ദേവി പേരിന്റെ പ്രത്യേകതകള്‍ വിശദീകരിക്കാന്‍ ഭഗവാനോട് ആവശ്യപ്പെട്ടു.
 കൈലാസത്തില്‍ നന്ദികേശ്വരന് കാന്ത എന്നും മഹാകാന്ത എന്നും പേരുള്ള രണ്ട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ഒരുനാള്‍ ശിവപൂജയ്ക്ക് പുഷ്പങ്ങള്‍ ശേഖരിക്കാന്‍ നന്ദികേശ്വരന്‍ ഇവരെ നിയോഗിച്ചു. പൂക്കള്‍ ശേഖരിക്കാന്‍ കാട്ടിനകത്തെത്തിയ അവര്‍ അവിടെ ഒരു കുളവും കുളക്കരയില്‍ വെള്ളപ്പൂക്കള്‍ തിങ്ങിനില്‍ക്കുന്ന കൊന്നമരവും കണ്ടു. ആ കാഴ്ച കണ്ട് ആഹ്ലാദചിത്തരായ അവരില്‍ ഒരാള്‍ പൂ പറിക്കാന്‍ മരത്തില്‍ കയറി, മറ്റേയാള്‍ മുകളില്‍നിന്ന് പറിച്ചിടുന്ന പൂക്കള്‍ ശേഖരിക്കാന്‍ മരത്തിനുചുവട്ടില്‍ നില്‍പ് ഉറപ്പിക്കുകയും ചെയ്തു. ചുവട്ടിലേക്കിട്ട പൂക്കളില്‍ ചിലത് കുളത്തിലെ വെള്ളത്തില്‍ വീണു, വീണ ഉടന്‍ അവയെല്ലാം മത്സ്യങ്ങളായി രൂപാന്തരം പ്രാപിച്ചു. കൈയില്‍നിന്ന് വഴുതി മണ്ണില്‍ വീണ പൂക്കളൊക്കെയും തത്തകളായി പരിണമിച്ചു. ഈ നിഗൂഢ സംഭവങ്ങളും അദ്ഭുത പ്രതിഭാസങ്ങളും കണ്ട് പൂ പറിക്കാനെത്തിയ ഇരുവരുടെയും ശ്രദ്ധ മാറിപ്പോയി.
ഒരുവേള തങ്ങള്‍ അവിടെ എത്തിയത് എന്ത് ഉദ്ദേശ്യത്തോടെയാണെന്നുതന്നെ അവര്‍ മറന്നുപോയി.  അങ്ങനെ ശിവപൂജയ്ക്കായുള്ള പൂക്കള്‍ എത്തിക്കുന്നതിലും താമസം നേരിട്ടു. അക്ഷമനായ നന്ദികേശ്വരന്‍ ശിഷ്യന്മാരെ തേടി അവര്‍ പോയ വഴിയേ ഇറങ്ങിത്തിരിച്ചു. സ്വന്തം ചുമതലകള്‍ മറന്ന് പ്രകൃതിയുടെ വിസ്മയങ്ങളില്‍ പകച്ചിരിക്കുന്ന ശിഷ്യരെ കണ്ട നന്ദികേശ്വരന്‍ കോപാവേശത്താല്‍ അവരെ ശപിച്ചു-ഒരാള്‍ വേട്ടക്കാരനാകട്ടെ എന്നും മറ്റേയാള്‍ പൂച്ചയാകട്ടെ എന്നും. ദുഃഖിതരായ ശിഷ്യര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ചു, മാപ്പപേക്ഷിച്ചു, ശാപമോചനം നല്‍കണമെന്നും നന്ദികേശ്വരനോട് അഭ്യര്‍ത്ഥിച്ചു. ശിഷ്യരുടെ പ്രാര്‍ത്ഥനയില്‍ അലിവു തോന്നിയ നന്ദികേശ്വരന്‍ വില്ലിവാക്കം എന്ന സ്ഥലത്തുള്ള ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചാല്‍ ഇരുവര്‍ക്കും ശാപത്തില്‍നിന്ന് മോചനം നേടാന്‍ കഴിയും എന്നറിയിച്ചു.
ശാപഗ്രസ്തരായ അവരിലൊരാള്‍ കിരാതരൂപം പൂണ്ട് അമ്പും വില്ലുമെടുത്ത് വില്ലിവാക്കം എന്ന ദേശം അന്വേഷിച്ചിറങ്ങി. മാര്‍ജ്ജാര രൂപംപൂണ്ട മറ്റേയാളും അതേ ലക്ഷ്യംതേടി ഇറങ്ങി. കാടുകളും ഗ്രാമങ്ങളും  പുണ്യസ്ഥലങ്ങളും താണ്ടി മാര്‍ജ്ജാരന്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വില്ലിവാക്കം ഗ്രാമത്തിലെത്തി, അവിടുത്തെ ശിവക്ഷേത്രത്തില്‍ കയറി. പരസ്പരം അറിയില്ലെങ്കിലും അതേ സമയത്തുതന്നെ കിരാതനും ക്ഷേത്രത്തിനകത്തെത്തി. കിരാതനെ അരികില്‍ കണ്ട് പേടിച്ചുവിറച്ച പൂച്ച ഒറ്റക്കുതിപ്പിന് ചാടി ശിവലിംഗത്തിനെ ആലിംഗനം ചെയ്ത് നില്‍പായി. തനിക്ക് ശിവലിംഗം കാണുവാനും ശ്രദ്ധാപൂര്‍വം ഭജിക്കുവാനും തടസ്സമായ മാര്‍ജ്ജാരനെ അവിടെനിന്ന് അകറ്റുവാന്‍ വേണ്ടി കിരാതന്‍ അമ്പെയ്തു. ശിവലിംഗത്തിന്റെ വലതുവശത്താണ് അമ്പ് കൊണ്ടത്, ആ മാത്രയില്‍ തന്നെ അവിടെ ചോര കിനിയുകയും ചെയ്തു. ചോര കണ്ട ഭീതിയകറ്റാന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങിയ മാര്‍ജ്ജാരന്‍ വെള്ളം കുടിക്കാന്‍ ക്ഷേത്രക്കുളത്തിലെത്തി. തീര്‍ത്ഥജലം സ്പര്‍ശിച്ച ഉടന്‍ മാര്‍ജ്ജാര രൂപം വെടിഞ്ഞ് പഴയ നന്ദിശിഷ്യന്റെ രൂപംകൈവന്നു. മാര്‍ജ്ജാരനെ ലക്ഷ്യം വച്ച അമ്പ് ശിവലിംഗത്തില്‍ തട്ടിയതില്‍ പരിതപിച്ച് പാപമോചനത്തിനായി, തപസ്സാരംഭിക്കുവാന്‍ വേട്ടക്കാരനും തീര്‍ത്ഥക്കുളത്തില്‍ മുങ്ങി. മുങ്ങിയ ഉടന്‍ രൂപമാറ്റം സംഭവിച്ചതില്‍ പരിഭ്രാന്തനായി നിവര്‍ന്ന് ചുറ്റും നോക്കി.
മറുകരയില്‍ തന്റെ ചിരകാല സുഹൃത്ത് അദ്ഭുതം കൂറി നില്‍ക്കുന്നതാണ് അയാള്‍ കണ്ടത്. പുനഃസമാഗമത്തില്‍ ആഹ്ലാദംപൂണ്ട അവര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നു. അവരെ ഇരുവരെയും കണ്ട് സംപ്രീതനായ ഭഗവാന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹിച്ചു. കൈലാസത്തില്‍ ചെന്ന് നന്ദികേശ്വരനോടൊപ്പം കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മടങ്ങിപ്പോകും മുന്‍പ് തങ്ങളുടെ മൂന്ന് ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന വാഗ്ദാനം വേണമെന്നായി നന്ദിശിഷ്യന്മാര്‍. ഒന്ന് ക്ഷേത്രതീര്‍ത്ഥമായ പുണ്ഡരിക പുഷ്‌കരണിയില്‍ മുങ്ങിക്കുളിക്കുന്നവരുടെ മുഴുവന്‍ പാപവും നിര്‍മാര്‍ജനം ചെയ്യണം. രണ്ട്-തങ്ങളുടെ പാപമോചനത്തിലേക്ക് നീണ്ട സംഭവങ്ങളുടെ ഓര്‍മ്മയ്ക്കായി  ഇവിടെ ഭഗവാന്‍ കിരാതമാര്‍ജാരേശ്വരന്‍ എന്നറിയപ്പെടണം. ശ്രീപരമശിവന്‍ പ്രാര്‍ത്ഥനകള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് കാന്തയും മഹാകാന്തയും കൈലാസത്തിലേക്ക് മടങ്ങിപ്പോയി.
ഇതുകേട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ ഗംഗാദേവി മനുഷ്യര്‍ തന്നില്‍ വിലയിപ്പിച്ച പാപഭാരങ്ങള്‍ ഇല്ലാതാക്കുന്നതിനായി വില്ലിവാക്കത്തെത്തി പുണ്ഡരിക പുഷ്‌കരണിയില്‍ പുണ്യസ്‌നാനം നടത്തി. കിരാതമാര്‍ജാരേശ്വരനെ തൊഴുതു മടങ്ങി. ഏതു കൊടും വേനലിലും ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം വറ്റുകയില്ലത്രെ. 
janmabhumi

No comments:

Post a Comment