Wednesday, April 18, 2018

നാരായണപ്പിഷാരൊടി, കെ.പി. (1909 - 2004)

സംസ്കൃത പണ്ഡിതനും സാഹിത്യകാരനും. പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം പഴയനെല്ലിപ്പുറം തൃക്കോവില്‍ പിഷാരത്ത് 1909 ആഗ. 23-ന് ജനിച്ചു. പിതാവ് പുതിശ്ശേരി മനയ്ക്കല്‍ ഓതിക്കന്‍ നമ്പൂതിരിയും മാതാവ് കൊടിക്കുന്നത്ത് ഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരും. 10 വര്‍ഷത്തോളം ഗുരുകുലവിദ്യാഭ്യാസരീതിയില്‍ വീട്ടില്‍ത്തന്നെ സംസ്കൃതാഭ്യസനം നടത്തിയശേഷം 19-ാം വയസ്സില്‍ അഡ്വാന്‍സ് സംസ്കൃത സ്കൂളില്‍ ചേര്‍ന്ന് അലങ്കാരശാസ്ത്രം പഠിച്ചു. തുടര്‍ന്ന് പുന്നശ്ശേരി നീലകണ്ഠശര്‍മ സാരസ്വതദ്യോതിനി സംസ്കൃത കോളജില്‍ നിന്ന് സാഹിത്യശിരോമണി ബിരുദവും നേടി. 1932-ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന് മലയാളം വിദ്വാന്‍ ബിരുദം സമ്പാദിച്ചു. പിന്നീട് തൃത്താല ഗവ. സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പട്ടാമ്പി, തൃത്താല സംസ്കൃത കോളജുകള്‍, പാവറട്ടി സംസ്കൃത വിദ്യാപീഠം, കോഴിക്കോട് ഗണപത് സ്കൂള്‍, മധുര അമേരിക്കന്‍ കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, തൃശൂര്‍ ചിന്മയാമിഷന്‍ കോളജ്, ബാലുശ്ശേരി ആദര്‍ശ സംസ്കൃത വിദ്യാപീഠം, അരണാട്ടുകര സ്കൂള്‍ ഒഫ് ഡ്രാമ എന്നിങ്ങനെ വിവിധ സാരസ്വതക്ഷേത്രങ്ങളില്‍ അധ്യാപകനായി ഏഴരപ്പതിറ്റാണ്ടു കാലം സേവനമനുഷ്ഠിച്ചു.
ഇദ്ദേഹത്തിന്റെ ജീവിതം നിരന്തര പഠനത്തിന്റെയും മൌലിക ഗവേഷണത്തിന്റെയും സജീവ ചരിത്രമാണ്. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയും ആറ്റൂര്‍കൃഷ്ണപ്പിഷാരൊടിയും ഇദ്ദേഹത്തിന്റെ ആരാധ്യഗുരുനാഥന്മാരായിരുന്നു. വിദേശീയരായ ഒട്ടേറെ പ്രശസ്തവ്യക്തികള്‍ ഇദ്ദേഹത്തിന്റെ സമീപം വന്ന് ഇന്ത്യന്‍ കലകളെയും പാരമ്പര്യത്തെയും കുറിച്ച് പഠിക്കുകയും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു.
സംസ്കൃതത്തിലും മലയാളത്തിലും അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന പിഷാരൊടി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രീകൃഷ്ണവിലാസം കാവ്യമാണ് പ്രഥമകൃതി. മണിദീപം, കുമാരസംഭവം, സുഭദ്രാധനഞ്ജയം, അശോകവനികാങ്കം, ആശ്ചര്യചൂഡാമണി, കൂടിയാട്ടങ്ങള്‍, കല്യാണസൗഗന്ധികം, സ്വപ്നവാസവദത്തം നാടകം, ആറ്റൂര്‍ (ആറ്റൂര്‍ കൃഷ്ണപിഷാരൊടിയുടെ ജീവിതചരിത്രം), കൂത്തമ്പലങ്ങളില്‍, ശ്രുതിമണ്ഡലം, കലാലോകം, കവിഹൃദയങ്ങളിലൂടെ എന്നിവയാണ് പ്രധാനകൃതികള്‍. നാട്യശാസ്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും, കേശവീയം സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്തതും പ്രത്യേകം പ്രസ്താവ്യമാണ്. സംസ്കൃത സാഹിത്യവും മലയാളസാഹിത്യവും കാളിദാസകവിതയും എന്‍.വി. കവിതയും നാട്യശാസ്ത്രവും ആധുനിക നാടകക്കളരിയും തുല്യപ്രാധാന്യത്തോടെ ഒളിമങ്ങാതെ ശോഭിച്ചിരുന്ന മനസ്സിന്റെ ഉടമയായിരുന്നു, ഭാരതത്തിലെ പ്രഥമ പൗരനില്‍ നിന്ന് അതുല്യനായ സംസ്കൃത പണ്ഡിതനെന്ന ബഹുമതി നേടിയ നാരായണപ്പിഷാരൊടി.
1967-ല്‍ കൊച്ചി മഹാരാജാവ് സാഹിത്യ നിപുണനുള്ള സ്വര്‍ണമെഡല്‍ നല്‍കി സമാദരിച്ചു. 1969-ല്‍ ഗുരുവായൂര്‍ ദേവസ്വം പണ്ഡിത തിലകം ബഹുമതിയും 1983-ല്‍ വിശ്വസംസ്കൃത സാഹിത്യ പ്രതിഷ്ഠാന്‍ പണ്ഡിതരത്നവും 1999-ല്‍ നവതിവേളയില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരവും 2001-ല്‍ കാലടി സംസ്കൃത യൂണിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദവും നല്കി. കൂടാതെ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും നിരവധി ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പിഷാരൊടി 2004 മാ. 22-ന് 95-ാമത്തെ വയസ്സില്‍ നിര്യാതനായി.

No comments:

Post a Comment