Saturday, April 28, 2018

മനസ്സ് ബുദ്ധി ചിത്തം അഹങ്കാരം എന്നൊക്കെ പറഞ്ഞാലെന്താണ് അര്‍ത്ഥമെന്ന് ഇപ്പോള്‍ അറിയേണ്ടതുണ്ട്. ഒന്നാമതു ചിത്തം എടുക്കുക. അതന്തഃകരണദ്രവ്യമാണ് മഹത്തിന്റെ ഒരംശം. അന്തഃകരണത്തിനുള്ള ജാതിനാമമാണത്: അതിന്റെ പല അവസ്ഥകളെയുമുള്‍ക്കൊള്ളുന്ന പേരും ഇതുതന്നെ. വേനല്ക്കാലത്തന്തിക്ക് അനങ്ങാതെ പരന്നുകിടക്കുന്ന, ഒരലപോലുമില്ലാത്ത, ഒരു തടാകത്തെ സങ്കല്പിക്കുക. അതിലേക്ക് ഒരു കല്ല് എടുത്തിടുന്നു: എന്താണുണ്ടാകുക? ഒന്നാമതൊരു കരണം, വെള്ളത്തിനു കിട്ടിയ ആഘാതം. പിന്നെ വെള്ളം ഉയര്‍ന്നു കല്ലിന്നെതിരായി ഒരു പ്രതികരണമേല്പിക്കുന്നു. ഈ പ്രതികരണം ഒരലയുടെ രൂപത്തിലാണ്. ആദ്യം വെള്ളം സ്വല്പം സ്പന്ദിക്കുന്നു: ഉടനടി, (അത്) അലയുടെ വടിവില്‍, ഒരു പ്രതികരണം മടക്കി അയയ്ക്കുന്നു. ചിത്തത്തെ ഈ തടാകത്തോടുപമിക്കാം. ബാഹ്യ വസ്തുക്കള്‍ അതിലെറിയപ്പെട്ട കല്ലുകള്‍പോലാണ്. ചിത്തം ഇന്ദ്രിയങ്ങള്‍ വഴിയായി ബാഹ്യവിഷയങ്ങളോടു ബന്ധപ്പെടുമ്പോള്‍ – ബാഹ്യവിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്ദ്രിയങ്ങള്‍ കൂടിയേ തീരൂ – ഒരു സ്പന്ദമുണ്ടാകുന്നു. നിശ്ചയാത്മകമല്ലാത്ത ഈ സ്പന്ദമാണ് മനസ്സ്. പിന്നീടു പ്രതികരണമായി: നിശ്ചയിക്കുന്ന ഈ ശക്തിയാണ് ബുദ്ധി. ഈ ബുദ്ധിയോടുകൂടിത്തന്നെ ഞാന്‍ എന്ന ആശയവും ബാഹ്യമായ വിഷയവും പരിസ്ഫുരിക്കുന്നു. എന്റെ കയ്യിന്‌മേല്‍ ഒരു കൊതുക് വന്നിരിക്കുന്നു. ഈ ഐന്ദ്രിയവേദനം എന്റെ ചിത്തത്തിലെത്തുന്നു: ചിത്തം ചെറുതായി സ്പന്ദിക്കുന്നു. മനഃശാസ്ത്രീയമായിപ്പറഞ്ഞാല്‍ ഇതാണ് മനസ്സ്. പിന്നീട് പ്രതികരണം: ഉടനടി, കയ്യിന്‌മേല്‍ ഒരു കൊതുകുണ്ടെന്നും അതിനെ ആട്ടിക്കളയണമെന്നുമുള്ള ആശയം വരുകയായി. അങ്ങനെ തടാകത്തില്‍ ഈ കല്ലുകള്‍ എറിയപ്പെടുന്നു. തടാകത്തെസ്സംബന്ധിച്ചിടത്തോളം അതിനുണ്ടാകുന്ന ആഘാതങ്ങളെല്ലാം ബാഹ്യപ്രപഞ്ചത്തില്‍നിന്നത്രേ വരുന്നത്. മനസ്തടാകത്തിലാകട്ടേ വെളിയിലും ഉള്ളിലുമുള്ള പ്രപഞ്ചങ്ങളില്‍നിന്ന് ആഘാതങ്ങള്‍ ഉണ്ടാകാം. ഈ പരമ്പരയെല്ലാം കൂടിച്ചേര്‍ന്നതാണ് അന്തഃകരണം...Swami Vivekanandan.

No comments:

Post a Comment