Monday, April 23, 2018

'എല്ലാ ശാസ്ത്രങ്ങളും ഗീതയിലുണ്ടെന്നു പറഞ്ഞാല്‍ ശരിയാകുമെന്നുതോന്നുന്നില്ല മുത്തച്ഛാ എത്രയെത്ര ആധുനിക ശാസ്ത്ര ശാഖകളാണ് ഗീതയ്ക്കുശേഷം ലോകത്തില്‍ ഉണ്ടായിട്ടുള്ളത്!'' ഉണ്ണി പറഞ്ഞു. ''ശരിയാണ്. പുഴയ്ക്കുമീതേ ഒരുപാലം പണിയാന്‍ എത്ര സിമിന്റു വേണം, കമ്പിവേണം, പണം വേണംഎന്നു ഗീതയില്‍ പറയുന്നില്ല. '' ചിരിച്ചുകൊണ്ട് മുത്തച്ഛന്‍ പറഞ്ഞു. ''പക്ഷേ മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ പാലം പണിയാന്‍ എന്തൊക്കെ ഗുണം വേണം എന്ന സുചനകള്‍ ഗീതയിലുണ്ട്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളേയും ആവശ്യങ്ങളേയും കുറിച്ചുള്ള ശാസ്ത്രം ഏതുദേശത്തും എക്കാലത്തും ഒരുപോലെയല്ലേ? ശാരീരികവും മാനസികവുമായ ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അവര്‍ക്കുള്ള വഴികളാണ് ഗീതയില്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം ആത്മീയ ഔന്നത്യവും നേടാം. ജനിച്ചവര്‍ക്കെല്ലാം മരിക്കാതെ വയ്യ എന്നു ഗീത ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ദുഃഖിച്ചിട്ടു കാര്യമില്ല. ജീവിതത്തെ ആസുരശക്തികള്‍ക്കു വിടാതെ പൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു തീര്‍ക്കാനാവണം ഏതൊരാളുടേയും ശ്രമം. ഗീത നിഷ്‌ക്കര്‍ഷിക്കുന്നത് അതാണ്. അത്തരമൊരു ശാസ്ത്രീയ പദ്ധതി ഗീതയിലുണ്ട്.'' ''വീണ്ടും മുത്തച്ഛന്‍ ശാസ്ത്രത്തെ പറ്റി പറയുന്നല്ലോ! ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല. ആത്മാവിനേയോ ദൈവത്തിനേയോഞങ്ങള്‍ കാണുന്നില്ല. പിന്നെ എങ്ങനെ വിശ്വസിക്കും?'' ''നിങ്ങള്‍ പഠിക്കുന്ന ശാസ്ത്രങ്ങള്‍ പലതിലും ചുരുങ്ങിയത് രണ്ടു ഘടകങ്ങള്‍ കാണും. ഒന്നു താത്ത്വിക വശവും, രണ്ടു പ്രായോഗികവശവും ഇംഗ്‌ളീഷില്‍ പറഞ്ഞാല്‍ തിയറിയും പ്രാക്റ്റീസും അല്ലേ?'' ''അതേ ഗീതയില്‍ അങ്ങനെയുണ്ടോ?'' ''ഉണ്ടല്ലോ. ബ്രഹ്മപ്രാപ്തിക്കുള്ള വഴികളെപ്പറ്റി ഭഗവാന്‍ പറയുന്നുണ്ട്. മൂന്നാമദ്ധ്യായത്തിലെ മൂന്നാം ശ്ലോകത്തില്‍ ഒന്ന് ജ്ഞാനയോഗവും മറ്റേത് കര്‍മ്മയോഗവുമാണ്. ഇവ നിങ്ങള്‍ പറയുന്ന തിയറിയും പ്രാക്റ്റീസുമല്ലേ? ആധുനികലോകത്തില്‍ രണ്ടും കൂടിയേകഴിയൂ. പക്ഷേ ഗീത പറയുന്നതു ഒരെണ്ണമായാലും മതി എന്നാണ്.-ഫലേച്ഛ കൂടാതുള്ള കര്‍മ്മയോഗം സദാ സത് പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ക്രമേണ ജ്ഞാനികളായും മഹാന്മാരായും അറിയപ്പെടുന്നു'' മുത്തച്ഛന്‍ രണ്ടു മഹാന്മാരെ പറ്റി പറഞ്ഞുവല്ലോ; മഹാത്മാഗാന്ധിയും വിവേകാനന്ദനും'' ഉമ ഓര്‍മ്മപ്പെടുത്തി. '' ഓ! ഭഗവദ്ഗീതയില്‍ നിന്നു മുത്തച്ഛനെ ഗാന്ധിസത്തിലേയ്ക്കുതിരിച്ചു വിടാനാണോ നിന്റെ ശ്രമം? അതുവേണ്ട കെട്ടോ!''ഉണ്ണി പറഞ്ഞു. ''ഏയ് അങ്ങനെ ഭയപ്പെടാനില്ല. ഭഗവദ്ഗീതയും ഗാന്ധിസവും ഏറെകുറെ ഒന്നാണ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഹിമാലയത്തോളം പഴക്കമുള്ള സത്യങ്ങളല്ലാതെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന്, ഇതുനോക്കൂ ഇതാണ് ഗാന്ധിയുടെ കൈപ്പുസ്തകം.'' മുത്തച്ഛന്‍ ഒരു പുസ്തകമെടുത്തു ഉണ്ണിക്കുകൊടുത്തു. ഉണ്ണി അതിന്റെ പുറം കവര്‍ നോക്കി വായിച്ചു- ''അനാസക്തി യോഗംഎന്ന ഭഗവദ് ഗീതാ വ്യാഖ്യാനം.- എം. കെ. ഗാന്ധി'' 1920 ലാണ് അതു പ്രസിദ്ധപ്പെടുത്തിയത്. 12 വര്‍ഷത്തിനുള്ളില്‍ ഹിന്ദിയില്‍ നിന്ന് അതിന്റെ മലയാളം തര്‍ജ്ജമ നമുക്കുകിട്ടി. അമ്പാടി ഇക്കാവമ്മ എന്ന മഹതിയുടെ ശ്രമഫലമാണ് അത്. ഭഗവദ്ഗീതക്ക് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട് കുറെച്ചണ്ണം എന്റെ കൈയിലുണ്ട്. എങ്കിലും എനിക്ക്് ഏറെ പ്രിയപ്പെട്ട വ്യാഖ്യാനം ഗാന്ധിയുടേതാണ്. ഗീതാജ്ഞാനം എങ്ങനെ പ്രായോഗികമാക്കാം എന്നു സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചുവല്ലോ.'' ''എങ്ങനെയൊക്കെയാണത്.''ഉമ ആരാഞ്ഞു. ''വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും രാഷ്ട്രജീവിതത്തിലും ഗാന്ധിജി ഗീതയെ സാര്‍ത്ഥകമാക്കിയിട്ടുണ്ട്. ഏറ്റവും ലളിതമായ ജീവിതവും സാത്ത്വികാഹാരവും ഉയര്‍ന്നചിന്തകളും കൊണ്ട് അദ്ദേഹംവ്യക്തിതലം ശുദ്ധമാക്കി. വര്‍ണവ്യത്യാസമോ, ഉച്ചനീചത്വങ്ങളോ ശ്രദ്ധിക്കാതെ സകല മനുഷ്യരേയും മാത്രമല്ല ജീവജാലങ്ങളേയും സമഭാവനയോടെ അദ്ദേഹം കണ്ടു. കുഷ്ഠരോഗിയേയും അറപ്പില്ലാതെ ശുശ്രൂഷിച്ചു. ശത്രുവിനേയും സ്‌നേഹിച്ചു. രാജ്യം കൈയടക്കിയ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കാതെ യുദ്ധം ചെയ്തു. ഭാരത ജനതയെ സ്വതന്ത്രരാക്കി. മതത്തിന്റെ പേരില്‍ ഭൂമിയേയും മനുഷ്യരേയും വെട്ടിമുറിക്കരുതെന്ന ആവശ്യം ഉയര്‍ത്തി. പണത്തിലോ, പദവികളിലോ അല്‍പവും ആസക്തി പുലര്‍ത്തിയുമില്ല. ഇങ്ങനെ എല്ലാമേഖലയിലും മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധ്യാനംകൊണ്ടും ഭഗവദ്ഗീതയെ ആത്മാവില്‍ അലിയിച്ചെടുത്ത മഹാനായിരുന്നു ഗാന്ധിജി. ആ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനം വായിക്കുന്ന എന്നിലും ഉണ്ടായാല്‍ കൊള്ളാമെന്നുണ്ട്. ശ്രമിക്കുന്നുണ്ട് പക്ഷേ വേണ്ടത്ര വിജയിക്കുന്നില്ല. ഇരുപതുവയസ്സിനു മുമ്പ് ലണ്ടനില്‍ പഠിക്കുന്നകാലത്താണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആദ്യമായി ഗീതയില്‍ ആകൃഷ്ടനാകുന്നത്. അതും ഇംഗ്‌ളീഷില്‍. പിന്നെ ഗുജറാത്തിയിലും ഹന്ദിയിലുമുള്ള ഗീതാവ്യഖ്യാനങ്ങള്‍ വായിച്ചു. ദക്ഷിണാഫ്രിക്കയില്‍വച്ച് ഗീതാശ്ലോകം പഠിക്കാന്‍ ഗാന്ധിജി ഒരു ഉപായം കണ്ടെത്തി. .ഷേവിങ്ങിനുമുന്‍പ് ഭിത്തിയിലെ കണ്ണാടിക്കരികില്‍ ഒന്നു രണ്ടു ശ്ലോകങ്ങള്‍ എഴുതി ഒട്ടിക്കും. ഷേവു തീരുമ്പോള്‍ അവ ഹൃദയത്തില്‍ എഴുതിവച്ചതുപോലെയാകും. എന്തൊരു ജ്ഞാന തൃഷ്ണയാണ്, ശ്രദ്ധയാണ് ഗാന്ധിയുടേതെന്നുനോക്കൂ, ഈ ഇളം പ്രായത്തില്‍ നിങ്ങള്‍ക്കും അങ്ങനെ ശ്രമിച്ചുകൂടെ? ഗീതാമാതാവിനായി സ്വയം സമര്‍പ്പിച്ചു കൂടെ? എങ്കില്‍ ഈരാജ്യത്തിനുമാത്രമല്ല, ലോകത്തിനൊക്കെയും 'യോഗക്ഷേമം'സംഭവിക്കുമെന്നു തീര്‍ച്ച. 
janmabhumi

No comments:

Post a Comment