ശങ്കരഭഗവല്‍പാദര്‍
ഈ ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശങ്കരഭഗവല്‍പാദരാകുന്നു. തങ്ങളുടെ ആവിര്‍ഭാവത്താല്‍ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ട് അഭിമാനസ്തംഭങ്ങളാണ്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സര്‍വതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും; കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാകും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്. വെറുതെയല്ല അദ്ദേഹത്തെ സര്‍വജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്യേന പുകഴ്ത്തുന്നത്. ശങ്കരന്‍ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കില്‍ അത് ഈ ആകൃതിയില്‍, ഈ പ്രകൃതിയില്‍ത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.
ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍
ഭഗവല്‍പാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാന്‍ തരമില്ലാത്ത നിലയിലാണ് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയില്‍ (1) (വിദ്യാരണ്യന്‍) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികള്‍ക്കാണ് സാമാന്യം പ്രാധാന്യമുള്ളത്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥന്‍ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവില്‍ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണ് ഗൗരീകല്യാണമെന്ന യമകകാവ്യം നിര്‍മ്മിച്ചതെന്നും 28-ആം അധ്യായത്തില്‍ ഉപപാദിക്കും. പൂര്‍വ്വകാലങ്ങളില്‍ ഹിന്ദുക്കള്‍ക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.
ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത
ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്
ദേശം
ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.
‘‘തതോ മഹേശഃ കില കേരളേഷു
ശ്രീമദ്വൃഷാദൗ കരുണാസമുദ്രഃ
പൂര്‍ണ്ണാനദീപുണ്യതടേ സ്വയംഭൂര്‍-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീല്‍’’
ശ്രീമദ്വൃഷാദൗ കരുണാസമുദ്രഃ
പൂര്‍ണ്ണാനദീപുണ്യതടേ സ്വയംഭൂര്‍-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീല്‍’’
എന്നു നവകാളിദാസനും
‘‘അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ
നഗരീ ധനസംവീതാ രാജതേ ജഗതീതലേ’’
നഗരീ ധനസംവീതാ രാജതേ ജഗതീതലേ’’
എന്നു ചിദ്വിലാസനും
‘‘കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ’’
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ’’
എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ട്. ഗോവിന്ദനാഥന്‍
‘‘ദേശേ കാലടിനാമ്നി കേരളധരാ-
ശോഭങ്കരേ സദ്ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ
സര്‍വജ്ഞതാം പ്രാപ്തവാന്‍
ഭൂത്വാ ഷോഡശവത്സരേ യതിവരോ
ഗത്വാ ബദര്യാശ്രമം
കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവി-
ശ്ശ്രീശങ്കരഃ പാതുവഃ’’
ശോഭങ്കരേ സദ്ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ
സര്‍വജ്ഞതാം പ്രാപ്തവാന്‍
ഭൂത്വാ ഷോഡശവത്സരേ യതിവരോ
ഗത്വാ ബദര്യാശ്രമം
കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവി-
ശ്ശ്രീശങ്കരഃ പാതുവഃ’’
എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തില്‍ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറില്‍ കുന്നത്തു നാട്ടു താലൂക്കില്‍ മഞ്ഞപ്ര പകുതിയില്‍പെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണ് ഭഗവല്‍പാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ട്.
No comments:
Post a Comment