ഛാന്ദോഗ്യോപനിഷത്ത്
സാമവേദീയമായ ഒരു ബ്രഹ്മവിദ്യാഗ്രന്ഥം. എട്ടധ്യായങ്ങളും 154 ഖണ്ഡങ്ങളും 667 മന്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഇത് വലുപ്പം കൊണ്ട് ഉപനിഷത്തുകളില്‍ രണ്ടാമത്തേതാണ്. എന്നാല്‍ പ്രതിപാദ്യത്തിന്റെ വൈവിധ്യവും വൈചിത്യ്രവും നിമിത്തം ഒന്നാംസ്ഥാനത്തു നില്ക്കുന്ന ബൃഹദാരണ്യകത്തോടു കിടപിടിക്കുന്നതുമാണുതാനും. 'ആപ്യായന്തു മമാങ്ഗാനി' എന്ന ശാന്തിമന്ത്രം കൊണ്ട് ആരംഭിക്കുന്ന ഇതിന്റെ ആദ്യത്തെ രണ്ടധ്യായങ്ങളില്‍ ഉദ്ഗീഥം, സാമം എന്നിവയുടെ സ്വരൂപവും ഉപാസനയും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ പ്രണവാക്ഷരത്തിന്റെ ഉത്പത്തിയും ആശ്രമത്രൈവിധ്യവും പരാമര്‍ശവിഷയമാകുന്നുണ്ട്. സന്ന്യാസാശ്രമം അതില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. മൂന്നാമധ്യായത്തില്‍ ബ്രഹ്മം ആദിത്യനാണെന്നും പ്രത്യക്ഷനായ ആദിത്യന്‍ ബ്രഹ്മാദിത്യ സമുത്പന്നനാണെന്നും അതിനാല്‍ ആദിത്യോപാസന പ്രധാനമാണെന്നും വ്യക്തമാകുന്നു. സംവര്‍ഗവിദ്യയും പ്രാണാദ്യുപാസനയും സത്യകാമജാബാലോപാഖ്യാനവും മറ്റുമാണ് നാലാമധ്യായത്തിലെ പ്രതിപാദ്യവിഷയം. അഞ്ചാമധ്യായം പുനര്‍ജന്മവിഷയകമൃത്താന്തവും ദ്വൈതാത്മക ജഗത്തിന്റെ പ്രതിഭാസികത്വസമര്‍ഥനവും മറ്റും ഉള്‍ക്കൊള്ളുന്നു. ആറാമധ്യായത്തില്‍ ഉത്പത്തിക്കു മുമ്പ് ഏകവും അദ്വിതീയവുമായ സത്തുമാത്രമായിരുന്നു ഈ പ്രപഞ്ചമെന്നും അതാണ് തേജോബന്നങ്ങളെ (തേജസ്, അപ് (ജലം), അന്നം) സൃഷ്ടിച്ച് ജീവാത്മാവായി അതില്‍ കടന്ന് ത്രിവൃത്കരിച്ച് നാമരൂപാത്മക പ്രപഞ്ചത്തെ വ്യക്തമാക്കിയതെന്നും 'തത്ത്വമസി'-ജീവബ്രഹ്മൈക്യമാണ് സത്യമെന്നും വാഗാലംബനമായ വികാരം അസത്യമാണെന്നും മറ്റും പ്രതിപാദിക്കുന്നു. പ്രതീകോപാസനയും നാമാദ്യുപാസനയും മറ്റുമാണ് ഏഴാമധ്യായത്തിലെ വിഷയം. എട്ടാമധ്യായത്തില്‍ വിശ്വവ്യാപിയും അന്തര്‍യാമിയുമായ ആത്മാവിന്റെ അധിഗമത്തിനുള്ള ഉപായം വിവരിച്ചിട്ടുണ്ട്. ജാഗ്രത്സ്വപ്നസുഷുപ്തിരൂപമായ അവസ്ഥാത്രയത്തില്‍ സുഷുപ്തിയില്‍ മാത്രമാണ് ആത്മസ്വരൂപം പ്രകാശിക്കുന്നതെന്നും വിശദമാക്കുന്നു.
(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)
No comments:
Post a Comment