Sunday, April 29, 2018

 പ്രപഞ്ചത്തിലെ എല്ലാവരും ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നവരാണ്. ദുഃഖങ്ങള്‍ ഇല്ലാതാകാനും സുഖം ലഭിക്കാനും സര്‍വരും തങ്ങളാല്‍ കഴിയുംവിധം പ്രയത്‌നിക്കുന്നു. ചിലര്‍ അതിനായി ജനശക്തിയെ ഉപയോഗിക്കുന്നു; മറ്റു ചിലരാകട്ടെ ധനശക്തി ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ ഋഷിമാര്‍ ദുഃഖങ്ങള്‍ അകറ്റുന്നതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് ചില ധാരണകളില്‍ എത്തിയിട്ടുണ്ട്. മനുഷ്യന്‍ തന്റെ ബുദ്ധി ശുദ്ധവും നിര്‍മലവും ആക്കുകയാണെങ്കില്‍ അവന്റെ പ്രവൃത്തി സാത്ത്വികമായിത്തീരുമെന്നും അതിലൂടെ ആത്മവികാസം നേടാമെന്നും അവര്‍ കണ്ടെത്തി. അതിനുള്ള പ്രേരണയ്ക്കായി അവര്‍ ഉപയോഗിച്ച, ഇന്നും മന്ത്രങ്ങളുടെ മകുടമണിയായി കണക്കാക്കപ്പെടുന്ന വേദങ്ങളിലെ അതിവിശേഷപ്പെട്ട മന്ത്രമാണ് ഗായത്രീമന്ത്രം. വിശ്വാമിത്രന്‍ മന്ത്രഋഷിയും സവിതാവ് ദേവതയും നിചൃദ്ഗായത്രി മന്ത്രത്തിന്റെ ഛന്ദസ്സുമാകുന്നു. 'ഗായന്തം ത്രായതേ' അതായത് ഗാനം ചെയ്യുന്നവനെ രക്ഷിക്കുന്ന മന്ത്രം എന്ന് ഗായത്രിക്ക് അര്‍ഥം. 'പ്രാണനെ രക്ഷിക്കുന്നത്' എന്ന അര്‍ഥവും ഉപനിഷത്തില്‍ കാണാം. സവിതാവിനെ സ്തുതിക്കുന്നതായതിനാല്‍ സാവിത്രീമന്ത്രം എന്നും ഇതറിയപ്പെടുന്നു. വേദങ്ങളില്‍ ഋഗ്വേദത്തില്‍ ഒരിടത്തും (3.62.10), യജുര്‍വേദത്തില്‍ നാലിടങ്ങളിലും (3.35, 22.9, 30.2, 36.3), സാമവേദത്തില്‍ രണ്ടിടങ്ങളിലും (ഉത്തരാര്‍ച്ചികം 1.4,6.2) ഗായത്രീമന്ത്രം കടന്നുവരുന്നുണ്ട്. ഭൂഃ, ഭുവഃ, സ്വഃ എന്നീ മഹാവ്യാഹൃതികളോടൊപ്പം മൂന്നു പാദങ്ങളോടുകൂടിയ ഗായത്രീമന്ത്രം ഉച്ചരിക്കുന്നതാണ് ഭാരതത്തില്‍ ഏറ്റവും പ്രചാരമുള്ള ഗായത്രീമന്ത്രോച്ചാരണരീതി. ഇങ്ങനെ മൂന്നു വ്യാഹൃതികളോടുകൂടിയ ഗായത്രീമന്ത്രം യജുര്‍വേദം 36-ാം അധ്യായത്തിലുള്ളത് താഴെ കൊടുക്കുന്നു:
ഓം ഭൂര്ഭുവഃ സ്വഃ.
തത്സവിതുര്‌വരേണ്യം 
ഭര്‌ഗോ ദേവസ്യ ധീമഹി. 
ധിയോ യോ നഃ പ്രചോദയാത്. (യജുര്‍വേദം 36.3)
അര്‍ഥം: (ഭൂഃ ഭുവഃ സ്വഃ=) ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം എന്നിവയെല്ലാം ആരുടെ മഹിമയാണോ അഥവാ അവയിലെല്ലാം വിശേഷരൂപത്തില്‍ പ്രകടമാകുന്ന (തത് സവിതുഃ ദേവസ്യ=) ആ സൃഷ്ടികര്‍ത്താവും സര്‍വപ്രേരകനുമായ ദേവന്റെ (വരേണ്യം ഭര്ഗഃ=) വരണീയമായ ബ്രഹ്മസ്വരൂപം (ധീമഹി=) ഞങ്ങള്‍ ചിത്തത്തില്‍ ധരിക്കുന്നു. (യഃ നഃ ധിയഃ=) അത് ഞങ്ങളുടെ ബുദ്ധിയെ (പ്രചോദയാത്=) പ്രചോദിപ്പിക്കട്ടെ.
ഗായത്രീഛന്ദസ്സാകുന്ന പുരുഷന്റെ മഹിമയാണ് ഇക്കാണുന്ന ലോകമെല്ലാം എന്ന് ഛാന്ദോഗ്യോപനിഷത്ത് പറയുന്നു. എന്നാല്‍ അതാകട്ടെ ഒരു പാദമേ ആകുന്നുള്ളൂ. മറ്റ് മൂന്നുപാദവും പരമമായ ചിദാകാശത്തില്‍ അമൃതലോകത്ത് ബ്രഹ്മസ്വരൂപമായാണിരിക്കുന്നത് എന്ന് വേദത്തിലെ പുരുഷസൂക്തമന്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഛാന്ദോഗ്യത്തില്‍ പ്രസ്താവിക്കുന്നു. ഈ ബ്രഹ്മസ്വരൂപത്തെയാണ് ഗായത്രീ ഉപാസനയില്‍ നാം ധ്യാനിക്കേണ്ടത്. അതിന് ആദ്യം വേണ്ടത് യോഗ്യനായ ഒരു ഗുരുവില്‍നിന്നും മന്ത്രദീക്ഷ സ്വീകരിക്കുക എന്നതാണ്. 
ഗുരുകടാക്ഷമില്ലാതെ ഒരു ഉപാസനയും ഫലത്തെ പ്രാപിക്കുന്നതല്ല. ഉപാസനാപന്ഥാവില്‍ നമുക്കു വന്നുചേരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നമ്മെ നേരായ രീതിയില്‍ നയിക്കുവാന്‍ ആ വഴിയിലൂടെ മുന്‍പേ നടന്ന ഗുരുവിന് മാത്രമേ സാധിക്കൂ. അങ്ങനെ സത്യം, അഹിംസ, ബ്രഹ്മചര്യം തുടങ്ങിയ വ്രതങ്ങളോടെ ഗായത്രീമന്ത്രജപവും ധ്യാനവും ചെയ്യുന്നവനില്‍ ആ ബ്രഹ്മസ്വരൂപം പതുക്കെപ്പതുക്കെ വിളങ്ങുന്നു. അത് അവന്റെ ബുദ്ധിയെ അതിശയകരമാംവണ്ണം പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുവഴി അവന്റെ ജീവിതത്തിലുടനീളം നേട്ടങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നു. അന്ത്യത്തില്‍, ഉത്തമമായ സൂര്യസ്വരൂപമായ പരമാത്മജ്യോതിസ്സിലേക്കും അത് അവനെ കൈപിടിച്ചുയര്‍ത്തുന്നു. 
മന്ത്രത്തിലെ ഭൂഃ, ഭുവഃ, സ്വഃ എന്നത് പരമമായി ഈശ്വരന്റെ നാമങ്ങളാകുന്നുവെന്ന് മഹര്‍ഷി ദയാനന്ദ സരസ്വതി ചൂണ്ടിക്കാട്ടുന്നു. ഭൂഃ എന്നാല്‍ പ്രാണസ്വരൂപനെന്നും, ഭുവഃ എന്നാല്‍ ദുഃഖവിനാശകനെന്നും, സ്വഃ എന്നാല്‍ സുഖസ്വരൂപനെന്നും അര്‍ഥം. അപ്രകാരം ഗായത്രിയെ ഗാനം ചെയ്യുന്നവനിലും പ്രാണശക്തി വര്‍ധിക്കുകയും, ദുഃഖങ്ങള്‍ നശിക്കുകയും, ആനന്ദം വന്നണയുകയും ചെയ്യുന്നു. പ്രാചീന ആര്‍ഷഗ്രന്ഥങ്ങളെല്ലാംതന്നെ ഗായത്രീമന്ത്രത്തെ പ്രകീര്‍ത്തിക്കുന്നതായി നമുക്ക് കാണാം. വാല്മീകിമഹര്‍ഷിയുടെ രാമായണവും ഗായത്രിയെ വിശേഷരൂപത്തില്‍ വ്യാഖ്യാനം ചെയ്യുന്നു എന്ന് പൂര്‍വാചാര്യന്മാര്‍ പറയുന്നു. 
യാജ്ഞവല്ക്യമഹര്‍ഷി, ഭരദ്വാജമഹര്‍ഷി, അഗസ്ത്യമഹര്‍ഷി, പരാശരമഹര്‍ഷി, സ്‌കന്ദാചാര്യന്‍, രാവണാചാര്യന്‍, ഉവ്വടാചാര്യന്‍,  സായണാചാര്യന്‍, മഹീധരാചാര്യന്‍, ശ്രീശങ്കരഭഗവത്പാദര്‍, വിദ്യാരണ്യസ്വാമികള്‍, ഭട്ടോജി ദീക്ഷിതര്‍, വരദരാജന്‍, മഹര്‍ഷി ദയാനന്ദ സരസ്വതി, ശ്രീ അരബിന്ദോ തുടങ്ങിയ പണ്ഡിതശിരോമണികളെല്ലാം ഗായത്രിക്കു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അതില്‍ ശ്രീ അരബിന്ദോയുടെ യൗഗികമായ ഭാഷ്യത്തെ ഇവിടെ ഉദ്ധരിക്കാം: 'അനുഭൂതികളുടെ ശ്രേണികളിലേക്ക് വിറയാര്‍ന്ന പാദങ്ങള്‍ കയറിച്ചെല്ലുന്നത് ഭാവനാവിഷയമല്ലാത്ത ആനന്ദത്തിന്റെ ഔന്നത്യങ്ങളിലേക്ക്; അവിടെ അസ്തിത്വത്തിന്റെ പരിവേഷം ആനന്ദമായി ജ്വലിക്കുന്നു. ഇവിടെ ശരീരം ഉത്തുംഗതയിലെ പ്രകാശകവചംപോലെ ഒളിവീശിനില്‍ക്കവേ അങ്ങവിടെയതാ തുറക്കുന്നു ഒരു കവാടം; അതിലൂടെ പ്രവഹിക്കുന്ന സൂര്യതേജസ്സമുദ്രത്തില്‍ ഞാന്‍ മുഴുകി ലയിക്കുന്നു!'. ഗായത്രിയുടെ ലോകത്ത് ചെന്ന് ഇപ്രകാരം അനുഭൂതിയുടെ മധുരം നുണയാനും വിശേഷബുദ്ധിയെനേടി ജീവിതത്തെ ദുഃഖവിമുക്തവും ആഹ്ലാദകരവുമാക്കുവാനും ഏവരെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ.
janmbahumi

No comments:

Post a Comment